പാർട്ടിയിൽ അച്ചടക്കവും ആത്മനിയന്ത്രണവും ആവശ്യമാണ്; ജി-23 നേതാക്കൾക്കെതിരെ വിമർശനവുമായി സോണിയാ ഗാന്ധി

ന്യൂഡൽഹി: ജി-23 നേതാക്കൾക്കെതിരെ വിമർശനവുമായി കോൺഗ്രസ് താത്ക്കാലിക അദ്ധ്യക്ഷ സോണിയാ ഗാന്ധി. കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിലാണ് സോണിയാ ഗാന്ധി ജി-23 നേതാക്കൾക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചത്. പാർട്ടിയിൽ അച്ചടക്കവും ആത്മനിയന്ത്രണവും ആവശ്യമാണെന്ന് സോണിയാ ഗാന്ധി പറഞ്ഞു.

തന്നോട് പറയാനുള്ള കാര്യങ്ങൾ നേരിട്ട് പറയണം. മാദ്ധ്യമങ്ങളിലൂടെയല്ല ഇക്കാര്യങ്ങൾ അറിയിക്കേണ്ടത്. കോൺഗ്രസിന്റെ മുഴുവൻ സമയ പ്രസിഡന്റാണെന്നും പാർട്ടിയുടെ കടിഞ്ഞാൽ തന്റെ കൈയിലാണെന്നും സോണിയാ ഗാന്ധി അഭിപ്രായപ്പെട്ടു.

നേതാക്കൾ ഒന്നടങ്കം പാർട്ടിയുടെ പുനഃസംഘടന ആവശ്യപ്പെടുന്നുണ്ട്. എന്നാൽ പുനഃസംഘടന സാധ്യമാകണമെങ്കിൽ ഐക്യം വേണം. സത്യന്ധവും സ്വതന്ത്രവുമായ ചർച്ചകളാണ് നടക്കേണ്ടത്. പ്രവർത്തക സമിതിയിലുണ്ടായ തീരുമാനമോ, ധാരണയോ ആയിരിക്കണം പാർട്ടിക്ക് പുറത്ത് പറയേണ്ടത്. അല്ലാതെ നേതാക്കൾ തോന്നുപടിയുള്ള പ്രതികരണങ്ങൾ നടത്തരുത്. പാർട്ടിയുടെ ഇടക്കാല അധ്യക്ഷയാണെങ്കിലും മുഴുവൻ സമയ അധ്യക്ഷയായാണ് പ്രവർത്തിക്കുന്നത്. പാർട്ടിക്ക് ഒരു അധ്യക്ഷൻ വേണമെന്ന് പലനേതാക്കളും ആഗ്രഹിക്കുന്നുണ്ട്. അക്കാര്യത്തിൽ തീരുമാനം ഉടൻ ഉണ്ടാകുമെന്നും സോണിയാ ഗാന്ധി അറിയിച്ചു.