വീർ സവർക്കറുടെ സംഭാവനകൾ എക്കാലവും ഓർമിക്കപ്പെടും; അമിത് ഷാ

കൊൽക്കത്ത: സവർക്കറെ പുകഴ്ത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിന് വീർ സവർക്കർ നൽകിയ സംഭാവനകൾ എക്കാലവും ഓർമിക്കപ്പെടുമെന്ന് അമിത് ഷാ വ്യക്തമാക്കി. സവർക്കറുടെ ദേശസ്‌നേഹത്തെ ചിലർ ചോദ്യം ചെയ്യുന്നത് വേദനയുണ്ടാക്കുന്നതാണെന്നും രണ്ട് പ്രാവശ്യം ജീവപര്യന്തം തടവുശിക്ഷ ലഭിച്ച ഒരാളുടെ ദേശസ്‌നേഹത്തെ ചോദ്യം ചെയ്യുന്നത് വേദനാജനകമാണെന്നും അമിത് ഷാ പറഞ്ഞു. ആൻഡമാൻ – നിക്കോബാർ ദ്വീപിലെ ത്രിദിന സന്ദർശത്തിന്റെ ഭാഗമായി പോർട്ട് ബ്ലെയറിലെ സെല്ലുലാർ ജയിലിൽ സംഘടിപ്പിച്ച യോഗത്തിൽ സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

സവർക്കർക്ക് ‘വീർ’ എന്ന വിശേഷണം നൽകിയത് ഒരു സർക്കാരല്ല. സവർക്കറിന്റെ ധീരതയും ദേശസ്‌നേഹവും അംഗീകരിച്ച് രാജ്യത്തെ 131 കോടി ജനങ്ങൾ നൽകിയ പേരാണ് വീർ എന്ന വിശേഷണം. എന്നാൽ ചിലർ അദ്ദേഹത്തിന്റെ ജീവിതത്തെ ചോദ്യം ചെയ്യുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ആൻഡമാനിലെ സെല്ലുലാർ ജയിൽ സവർക്കാർ ‘തീർഥസ്ഥാൻ’ (പുണ്യസ്ഥലം) ആക്കി മാറ്റുകയാണ് ചെയ്തത്. എത്രയൊക്കെ പീഡനങ്ങൾ നൽകിയാലും തന്റെ ജന്മനാടിന്റെ സ്വാതന്ത്ര്യമെന്ന അവകാശം തടയാൻ ഒരാൾക്ക് പോലുമാകില്ലെന്ന സന്ദേശമാണ് സവർക്കർ ലോകത്തിന് നൽകിയതെന്നും ആ ലക്ഷ്യം ഇവിടെവച്ച് അദ്ദേഹം നേടിയെടുക്കുകയും ചെയ്തുവെന്നും അമിത് ഷാ വിശദീകരിച്ചു.

സച്ചിൻ സന്യാലിനെ കുറിച്ചും യോഗത്തിൽ അമിത് ഷാ സംസാരിച്ചു. കാലാപാനിയിലേക്ക് രണ്ടുവട്ടം അയക്കപ്പെട്ട ഏക സ്വാതന്ത്ര്യസമര സേനാനി ആയിരുന്നു സച്ചിൻ സന്യാൽ. അദ്ദേഹത്തെ പാർപ്പിച്ചിരുന്ന സെൽ സന്ദർശിച്ച് അദ്ദേഹത്തിന്റെ ചിത്രത്തിൽ മാല ചാർത്തിയത് തന്നെപ്പോലെ ഒരാളെ സംബന്ധിച്ചടുത്തോളം ഏറെ വൈകാരിക നിമിഷം ആയിരുന്നുവെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.