General (Page 1,369)

ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയനുമായി ഫോണിൽ ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. കേരളത്തിൽ കനത്ത മഴയെ തുടർന്നുണ്ടായ പ്രളയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനുമായി സംസാരിച്ചുവെന്ന് പ്രധാനമന്ത്രി അറിയിച്ചു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. കേരളത്തിലെ നിലവിലെ സാഹചര്യം വിലയിരുത്തിയെന്നും രക്ഷാപ്രവർത്തനം കാര്യക്ഷമമായി നടക്കുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

കേരളത്തിലെ കനത്ത മഴയുടെയും മണ്ണിടിച്ചിലിന്റെയും പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയനുമായി സ്ഥിതിഗതികൾ ചർച്ച ചെയ്തു. പരിക്കേറ്റവരെയും ദുരിതബാധിതരെയും സഹായിക്കാൻ ഉത്തരവാദപ്പെട്ടവർ പ്രവർത്തിക്കുന്നുണ്ട്. എല്ലാവരുടെയും സുരക്ഷയ്ക്കും ക്ഷേമത്തിനും വേണ്ടി പ്രാർത്ഥിക്കുന്നുവെന്നും അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബത്തെ അനുശോചനം അറിയിക്കുന്നുവെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

അതേസമയം സംസ്ഥാനത്ത് മഴക്കെടുതിയെ തുടർന്നുണ്ടായ മരണസംഖ്യ 23 ആയി. കോട്ടയം കൂട്ടിക്കലിൽ ഇന്നലെയുണ്ടായ ഉരുൾപൊട്ടലിൽ മാത്രം 11 പേരാണ് മരിച്ചത്. കൊക്കയാറിൽ ഉരുൾപൊട്ടിയ പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. ഇവിടെ ആറ് പേരുടെ മൃതദേഹമാണ് കണ്ടെത്തിയത്. കോട്ടയത്ത് മൂന്ന് പേരും ഇടുക്കിയിൽ ഒരാളും ഒഴുക്കിൽപ്പെട്ടു. വടകരയിൽ തോട്ടിൽ വീണ്ട് രണ്ട് വയസ്സുകാരൻ മരിച്ചു. പാലക്കാടും തൃശൂരും മഴ തുടരുകയാണ്. നദികളിലും ജലനിരപ്പ് ഉയരുന്നുണ്ട്്. ബുധനാഴ്ച മുതൽ വീണ്ടും മഴ കനക്കുമെന്നാണ് കാലാവസ്ഥ വിദഗ്ധരുടെ മുന്നറിയിപ്പ്.

തിരുവനന്തപുരം: ഇടുക്കി, ഇടമലയാർ, കക്കി ഡാമുകൾ ഉടൻ തുറക്കില്ല. വൈദ്യുതി മന്ത്രി കൃഷ്ണൻകുട്ടിയുടെ നേതൃത്വത്തിൽ വൈദ്യുതി ബോർഡ് സിഎംഡി വിളിച്ച യോഗത്തിലാണ് ഡാമുകൾ ഉടൻ തുറക്കേണ്ടതില്ലെന്ന വിലയിരുത്തലുണ്ടായത്. വൃഷ്ടിപ്രദേശത്ത് മഴ കുറഞ്ഞതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നാണ് യോഗത്തിലെ വിലയിരുത്തൽ.

കക്കി ഡാമിൽ നിലവിലെ ജലനിരപ്പ് 979 അടിയാണ്. 978 മീറ്റർ ജലനിരപ്പുള്ളപ്പോഴായിരുന്നു റെഡ് അലർട്ട് പ്രഖ്യാപിച്ചത്. എന്നാൽ ഇടുക്കി, ഇടമലയാർ, കക്കി ഡാമുകൾ നിലവിലെ സാഹചര്യത്തിൽ അടിയന്തരമായി തുറക്കേണ്ടതില്ലെന്നാണ് തീരുമാനം. ഉത്പാദനം വർധിപ്പിച്ച് ജലവിതാനം നിയന്ത്രിച്ച് നിർത്താൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നിലവിൽ ഡാമുകളുടെ വൃഷ്ടിപ്രദേശത്ത് നീരൊഴുക്ക് കുറഞ്ഞിട്ടുണ്ട്. ഇന്ന് രാത്രിയുള്ള മഴയുടെ സാഹചര്യം കൂടി കണക്കിലെടുത്തായിരിക്കും ഡാമുകൾ തുറക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക.

അതേസമയം പേമാരിയും പ്രളയവും മൂലം കെ എസ് ഇ ബിക്കുണ്ടായത് 13.67 കോടി രൂപയുടെ നാശനഷ്ടമാണെന്ന് കെ കൃഷ്ണൻകുട്ടി അറിയിച്ചു. അതിവൃഷ്ടിയും തുടർന്നുണ്ടായ പ്രളയവും ഉരുൾപൊട്ടലും കെ എസ് ഇ ബിയുടെ വൈദ്യുതി വിതരണ സംവിധാനത്തിന് സാരമായ നാശനഷ്ടമുണ്ടാക്കി. 60 ഡിസ്ട്രിബ്യൂഷൻ ട്രാൻസ്‌ഫോർമർ തകരാറിലായി. 339 ഹൈ ടെൻഷൻ പോസ്റ്റുകകളും 1398 ലോ ടെൻഷൻ പോസ്റ്റുകളും തകരാറിലായി. ആകെ 4.18 ലക്ഷം കണക്ഷനുകൾ തകരാറിലായെന്നും അദ്ദേഹം അറിയിച്ചു. വൈദ്യുതി പ്രതിഷ്ഠാപനങ്ങൾ യുദ്ധകാല അടിസ്ഥാനത്തിൽ പുനഃസ്ഥാപിക്കുന്നതിന് ചീഫ് എഞ്ചിനീയർ, ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ, എക്‌സിക്യൂട്ടീവ് എഞ്ചിനീയർ (പി.എം.യു) എന്നിവരും എല്ലാ എക്‌സിക്യൂട്ടീവ് എഞ്ചിനീയർമാരും അടങ്ങുന്ന ഒരു ടാസ്‌ക് ഫോഴ്സ് രൂപികരിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.

തിരുവനന്തപുരം: പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. പ്രളയക്കെടുതിയെ തുടർന്ന് ഉടുതുണി പോലും മാറാൻ ഇല്ലാതെ സർവ്വസ്വവും നഷ്ടമായവർക്ക് അടിയന്തര സഹായം എത്തിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്ന് അദ്ദേഹം ആരോപിച്ചു. ശനിയാഴ്ച്ച് ഉച്ചയോടെ വെളളപ്പൊക്കമുണ്ടായിട്ടും ഫയർഫോഴ്‌സ് എത്തുന്നത് വൈകിട്ട് ആറു മണിക്കാണ്. വെളിച്ചക്കുറവിന്റെ പേരിൽ രക്ഷാപ്രവർത്തനം അധികം താമസിക്കാതെ നിർത്തിവെക്കുകയും ചെയ്തുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കോട്ടയം ജില്ലയിൽ സൈന്യം ഇറങ്ങിയ ശേഷമാണ് രക്ഷാപ്രവർത്തനങ്ങൾ വേഗത്തിലായത്. ഇടുക്കിയിലും വൈകുന്നേരം വരെ സർക്കാർ സംവിധാനങ്ങളൊക്കെ നിർജ്ജീവമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. വൈകുന്നേരത്തോടെ ദുരിതത്തിൽ അകപ്പെട്ടവരെ വാർഡ് മെമ്പർമാർ ക്യാമ്പുകളിൽ എത്തിച്ചെങ്കിലും പലയിടത്തും ഭക്ഷണവും വെളിച്ചവും ഇല്ലാത്ത അവസ്ഥയായിരുന്നുവെന്നും അദ്ദേഹം ആരോപി്കുന്നു.

ഇടുക്കിയിലെ പല ക്യാമ്പുകളിലും ഇപ്പോഴും ഭക്ഷണമില്ലാത്ത സാഹചര്യമുണ്ട്. ക്യാമ്പുകളിലേക്ക് സന്നദ്ധസംഘടനാ പ്രവർത്തകർക്ക് എത്തിപ്പെടാൻ സർക്കാർ സൗകര്യം ഒരുക്കണം. നദിക്കരയിലും മലമുകളിലും വീട് വെക്കുന്നവർ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോയെന്ന് സർക്കാർ ഉറപ്പു വരുത്തണം. പ്രളയദുരിതത്തിൽപെട്ട എല്ലാവർക്കും സർക്കാർ ഉടൻ നഷ്ടപരിഹാരം നൽകണമെന്നും കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു. മരണപ്പെട്ടവർക്ക് മാത്രമല്ല വീടും സ്ഥലവും നഷ്ടമായവർക്കും സർക്കാർ ധനസഹായം നൽകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: കേരളത്തിൽ തുടർച്ചയായുണ്ടാകുന്ന പ്രകൃതി ക്ഷോഭങ്ങളെ സർക്കാർ ഗൗരവമായി കാണണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സാധാരണക്കാരായ പാവപ്പെട്ട ജനങ്ങളാണ് ദുരന്തങ്ങൾക്ക് ഇരയാകുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇന്നലെ രാവിലെയുണ്ടായ ദുരന്തത്തിൽ രക്ഷാപ്രവർത്തനങ്ങൾ നടത്താൻ ഏറെ വൈകിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സംസ്ഥാനത്ത് രക്ഷാപ്രവർത്തനങ്ങൾ നടക്കുന്നതിനാൽ കൂടുതൽ വിമർശനങ്ങൾ ഉന്നയിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കൊക്കയാർ സന്ദർശിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവും അദ്ദേഹം ഉന്നയിച്ചു. കഴിഞ്ഞ വർഷം മാത്രം ആയിരത്തോളം ചെറിയ മണ്ണിടിച്ചിലുകളുണ്ടായിട്ടും സർക്കാർ ഒരു നടപടിയുമെടുത്തില്ല. പ്രതിപക്ഷം നിരന്തരമായി ആവശ്യപ്പെട്ട കാര്യങ്ങൾ സർക്കാർ മുഖവിലയ്ക്കെടുക്കുകയും ചെയ്തില്ല. ഇന്നലെ രാവിലെ ഉരുൾപൊട്ടലുണ്ടായിട്ടും തെരച്ചിൽ പ്രവർത്തനം ദുഷ്‌കരമായിരുന്നു. ഇന്നലെ പകൽ സമയത്ത് എന്തുകൊണ്ടാണ് രക്ഷാപ്രവർത്തനം നടത്താത്തത് എന്തുകൊണ്ടെന്ന് ബന്ധപ്പെട്ടവർ വിശദീകരിക്കണം. കൊക്കയാറിൽ മുൻ പഞ്ചായത്ത് മെമ്പർ മാത്രമാണ് ഇന്നലെ വൈകുന്നേരത്തോടെ ജെസിബിയുമായി എത്തിയത്. പൊലീസോ ഫയർഫോഴ്സോ ഒന്നും എത്തിയില്ല. കാലാവസ്ഥ പ്രതികൂലമായതും രക്ഷാപ്രവർത്തനത്തിന് തടസമായെന്ന് അദ്ദേഹം വിമർശിച്ചു.

2018 മുതൽ തുടർച്ചയായി പ്രകൃതിക്ഷോഭം ആവർത്തിക്കുകയാണ്. കൊക്കയാറിൽ മാത്രം ഇത്തവണ നൂറിലധികം വീടുകളാണ് തകർന്നത്. പഞ്ചായത്ത് മെമ്പർ റവന്യൂ ഡിപ്പാർട്ട്മെന്റിനെയും പൊലീസിനെയും നിരന്തരം ബന്ധപ്പെടാൻ ശ്രമിച്ചിട്ടും ആരും എത്തിയില്ല. അത് പരിശോധിക്കണം. ഇപ്പോൾ രക്ഷാപ്രവർത്തനത്തിനാണ് മുൻതൂക്കം. മറ്റ് കാര്യങ്ങൾ പിന്നീട് ചർച്ച ചെയ്യാം. 2018ലെ ദുരന്തത്തിനുശേഷം ഇനിയതാവർത്തിക്കാതിരിക്കാൻ പ്രത്യേകമായ ഒരു നടപടിയും സർക്കാരിൽ നിന്നുണ്ടായിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.

ആലപ്പുഴ: കക്കി ഡാം തുറക്കുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ലെന്ന് മന്ത്രി സജി ചെറിയാൻ. കക്കി ഡാം തുറന്നാൽ ജനങ്ങളെ മാറ്റി പാർപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

താഴ്ന്ന പ്രദേശത്തു നിന്നാണ് ആദ്യം ജനങ്ങളെ മാറ്റുക. പ്രളയ സാധ്യതയില്ലെന്നും പഞ്ചായത്ത് തലത്തിൽ ജനകീയ യോഗങ്ങൾ വിളിക്കുമെന്നും അദ്ദേഹം അറിയിച്ചു. 2018 ലും ഡാം തുറന്നപ്പോൾ അറിയിപ്പ് നൽകിയിരുന്നു. ഇത്തവണയും അതുണ്ടാകും. 2018 ന് സമാനമായ അവസ്ഥയല്ലെന്നും അദ്ദേഹം വിശദീകരിച്ചു.

കേരളത്തിൽ അങ്ങോളമിങ്ങോളം തുടരുന്ന കനത്ത മഴയുടെയും മഴക്കെടുതികളുടെയും പശ്ചാത്തലത്തിൽ ജില്ലയിലെ ജനപ്രതിനിധികളുടെയും വിവിധ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെയും യോഗം ചേർന്നു. വിവിധ നിയമസഭാ മണ്ഡലങ്ങളിലെ സ്ഥിതികൾ വിലയിരുത്തിയെന്നും അടിയന്തിരമായി സ്വീകരിക്കേണ്ട നടപടികൾ ചർച്ച ചെയ്ത് ബന്ധപ്പെട്ട വകുപ്പുകളെ ചുമതലപ്പെടുത്തിയെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രാദേശികതലത്തിൽ അടിയന്തിര സാഹചര്യങ്ങളെ നേരിടുവാൻ സജ്ജമാക്കുവാനായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും ജനപ്രതിനിധികളുടെയും രാഷ്ട്രീയപാർട്ടികളുടെയും അടിയന്തര യോഗം എം എൽ എ മാരുടെ അധ്യക്ഷതയിൽ ചേരും. വില്ലേജ് അടിസ്ഥാനത്തിൽ ജനകീയ കമ്മിറ്റികൾ രൂപീകരിക്കുവാൻ നിർദ്ദേശം നൽകി. തോട്ടപ്പള്ളിയിൽ ഒഴുക്ക് സുഗമമാക്കാൻ വേണ്ട നടപടികൾ സ്വീകരിച്ചു വരുന്നുണ്ട്. മലവെള്ളത്തിൽ ഒഴുകി വരുന്ന മരത്തടികളും മാലിന്യങ്ങളും എക്കലുകളും പാലങ്ങളിൽ കെട്ടിനിന്ന് ഒഴുക്ക് തടസ്സപ്പെടുത്തുന്നത് ഒഴിവാക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

നിലവിൽ 14 ക്യാമ്പുകൾ സജ്ജമാണ്. ആവശ്യം വരികയാണെങ്കിൽ ഉപയോഗിക്കുവാൻ കൂടുതൽ ക്യാമ്പുകൾ തയ്യാറാക്കിയിട്ടുണ്ട്. സാഹചര്യങ്ങൾ വിലയിരുത്തി ആളുകളെ മാറ്റി പാർപ്പിക്കുവാനുള്ള നടപടികൾ നടന്നു വരുന്നു. വെള്ളം കയറുവാൻ സാധ്യതയുള്ള പ്രദേശങ്ങളിലെ ഓൾഡേജ് ഹോമുകളിലെയും പാലിയേറ്റിവ് കെയറുകളിലെയും കോവിഡ് ചികിത്സാ കേന്ദ്രങ്ങളിലെയും ആളുകളെ മാറ്റി പാർപ്പിക്കുവാൻ വേണ്ട നടപടികൾ സ്വീകരിച്ചിട്ടുണ്ട്. കടലിൽ പോകരുത് എന്ന കർശന നിർദേശം തീരപ്രദേശത്ത് നൽകിയിട്ടുണ്ട്. അടിയന്തിര സാഹചര്യങ്ങളിൽ രക്ഷാപ്രവർത്തനത്തിനായി മത്സ്യത്തൊഴിലാളികൾ സജ്ജമാണ്. കുട്ടനാട്, ചെങ്ങന്നൂർ എന്നിവിടങ്ങളിലേക്കായി 10 ഫൈബർ ബോട്ടുകളും തൊഴിലാളികളെയും സജ്ജീകരിച്ചിട്ടുണ്ടെന്ന് അദ്ദേഹം വിശദമാക്കി.

ആവശ്യഘട്ടങ്ങളിൽ ഏത് സാഹചര്യങ്ങളെയും നേരിടാനായി 1000 മത്സ്യത്തൊഴിലാളിസുഹൃത്തുക്കളുടെ സേവനം ഉറപ്പുവരുത്തിയിട്ടുണ്ട്. ആരോഗ്യവകുപ്പിന്റെ സേവനങ്ങൾ 24 മണിക്കൂറും ഉണ്ടാകും. മൊബൈൽ ആംബുലൻസ് സേവനങ്ങൾ സജ്ജമാണ്. നാശനഷ്ടങ്ങൾ വിലയിരുത്തി അടിയന്തിര നടപടികൾ സ്വീകരിക്കുവാനായി താലൂക്ക് ഓഫീസുകളിൽ പ്രത്യേക ടീം രൂപീകരിക്കുവാൻ നിർദ്ദേശം നൽകി. വാട്ടർ അതോറിറ്റി, കെ എസ് ഇ ബി എന്നിവരുടെ പ്രവർത്തനങ്ങൾ സജീവമായി നടക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ന്യൂഡൽഹി: കേരളത്തിന് ആവശ്യമായ സഹായങ്ങളെത്തിക്കുമെന്ന് ഉറപ്പു നൽകി ആഭ്യന്തര മന്ത്രി അമിത് ഷാ. അതിശക്തമായ മഴയും വെള്ളപ്പൊക്കവും തുടരുന്നതിന്റെ പശ്ചാത്തലത്തിൽ കേരളത്തിലെ സാഹചര്യം കൃത്യമായി നിരീക്ഷിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. രക്ഷാപ്രവർത്തനങ്ങൾക്കായി എൻഡിആർഎഫ് സംഘങ്ങളെ വിനിയേഗിച്ചിട്ടുണ്ട്. ആവശ്യമെങ്കിൽ കൂടുതൽ എൻഡിആർഎഫ് സംഘത്തെ അയയ്ക്കുമെന്നും അദ്ദേഹം അറിയിച്ചു.

ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യങ്ങൾ അറിയിച്ചത്. ജനങ്ങൾക്കാവശ്യമായ എല്ലാ പിന്തുണയും നൽകും. എല്ലാവരുടെയും സുരക്ഷയ്ക്കായി പ്രാർത്ഥിക്കുന്നുവെന്നും അമിത് ഷാ ട്വിറ്ററിൽ കുറിച്ചു.

ആഭ്യന്തര മന്ത്രാലയം, ഭൗമമന്ത്രാലയം, ജലവിഭവ മന്ത്രാലയം എന്നിവർ ചേർന്നാണ് കേരളത്തിലെ സാഹചര്യങ്ങൾ നിരീക്ഷിക്കുന്നത്. ജലനിരപ്പ്, കാലാവസ്ഥ, ദുരന്ത സാഹചര്യം എന്നിവയെല്ലാം നിരീക്ഷിക്കുന്നുണ്ട്. അതേസമയം നിലവിൽ ഡാമുകൾ തുറക്കേണ്ട സാഹചര്യം സംസ്ഥാനത്തില്ലെന്ന് കേന്ദ്ര ജലകമ്മിഷൻ അറിയിച്ചു. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് നദികളിൽ ജലനിരപ്പ് കുറയുകയാണെന്നാണ് വിലയിരുത്തൽ. രണ്ടു ദിവസങ്ങളായി അനുഭവപ്പെടുന്ന കനത്ത മഴയെ തുടർന്ന് വ്യാപക നാശനഷ്ടങ്ങളാണ് സംസ്ഥാനത്ത് ഉണ്ടായിരിക്കുന്നത്. നവംബർ 19 വരെ മഴ തുടരുമെന്നാണ് കാലാവസ്ഥാ വിദഗ്ധരുടെ പ്രവചനം.

തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി ദേശീയ ദുരന്ത പ്രതികരണ സേനയെ വിന്യസിക്കുമെന്ന് റവന്യൂ മന്ത്രി കെ. രാജൻ. കനത്ത മഴയും വെള്ളപ്പൊക്കവും ഉരുൾപൊട്ടലുമുണ്ടായ സാഹചര്യത്തിലാണ് ദുരന്ത നിവാരണ സേനയെ വിന്യസിക്കുക. നിലവിൽ 11 സംഘങ്ങളാണ് സംസ്ഥാനത്തുള്ളത്. അതിൽ ആദ്യഘട്ടം എന്ന നിലയിൽ പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശ്ശൂർ, മലപ്പുറം ജില്ലകളിൽ ഓരോ സംഘങ്ങളെ വിന്യസിച്ചിരുന്നു.

കേന്ദ്ര സർക്കാരുമായി പുതുതായി നടന്ന ചർച്ചയുടെ ഫലമായി അഞ്ചു ടീമുകൾ കൂടി ലഭ്യമായിട്ടുണ്ട്. ഇതിൽ ഒരു ടീമിനെ ഇടുക്കിയിലും മറ്റൊരു ടീമിനെ കോട്ടയത്തും നിയോഗിച്ചു. കൊല്ലം, പാലക്കാട്, കണ്ണൂർ ജില്ലകളിലും ഓരോ ടീമുകളെ നിയോഗിച്ചിട്ടുണ്ട്.

അതേസമയം റവന്യു മന്ത്രി കെ രാജൻ കൂട്ടിക്കൽ പഞ്ചായത്തിലെ ഉരുൾപൊട്ടലുണ്ടായ കാവാലിയിൽ സന്ദർശിച്ചു. മന്ത്രിമാരായ വി എൻ വാസവൻ, റോഷി അഗസ്റ്റിൻ എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. അതേസമയം അടുത്ത 3 മണിക്കൂറിൽ കേരളത്തിൽ കാസർഗോഡ് ജില്ലയിൽ ഇടിയോട് കൂടിയ അതിശക്തമായ മഴക്കും മണിക്കൂറിൽ 41 മുതൽ 61 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകിയിരിക്കുന്ന മുന്നറിയിപ്പ്.

ന്യൂഡൽഹി: സുരക്ഷിതരായിരിക്കാൻ കേരള ജനതയോട് നിർദ്ദേശിച്ച് രാഹുൽ ഗാന്ധി എംപി. സംസ്ഥാനത്ത് അതിശക്തമായ മഴ അനുഭവപ്പെടുന്ന സാഹചര്യത്തിലാണ് സുരക്ഷിതരായിരിക്കാനും സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കാനും രാഹുൽ ഗാന്ധി ജനങ്ങളോട് നിർദ്ദേശിച്ചത്. തന്റെ മനസ്സ് കേരള ജനതക്കൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

അതേസമയം കേരളത്തിലെ ജനങ്ങൾക്കൊപ്പമാണ് തന്റെ മനസ്സെന്ന് പ്രിയങ്കാ ഗാന്ധിയും അറിയിച്ചു. പ്രളയക്കെടുതിയിൽ ബുദ്ധിമുട്ടുന്നവരെ എല്ലാ വിധത്തിലും സഹായിക്കാൻ കോൺഗ്രസ് പ്രവർത്തകരോട് അഭ്യർത്ഥിക്കുന്നതായും പ്രിയങ്കാ ഗാന്ധി ട്വീറ്റ് ചെയ്തിട്ടുണ്ട്.

കേരളത്തിൽ വെള്ളിയാഴ്ച രാത്രി മുതൽ കനത്ത മഴയാണ് അനുഭവപ്പെടുന്നത്. കോട്ടയം, ഇടുക്കി തുടങ്ങിയ ജില്ലകളിലാണ് മഴക്കെടുതി രൂക്ഷം. ഇടുക്കി ജില്ലയിലെ കൂട്ടിക്കലിലുണ്ടായ ഉരുൾപൊട്ടലിൽ എട്ട് പേർ മരിച്ചു. 19 വരെ മഴ തുടരാമെന്നാണ് കാലാവസ്ഥാ വിദഗ്ധർ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

മഴക്കെടുതിയുടെ സഹചര്യത്തിൽ പ്രശ്‌നബാധിത പ്രദേശങ്ങളിൽ ദുരിതാശ്വാസക്യാമ്പുകൾ ആരംഭിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ക്യാമ്പുകൾ കോവിഡ് മാനദണ്ഡമനുസരിച്ച് പ്രവർത്തിക്കാൻ ബന്ധപ്പെട്ടവർ ശ്രദ്ധിക്കണം. ആവശ്യമായ ശാരീരിക അകലം പാലിക്കാനും മാസ്‌ക് ധരിക്കാനും ക്യാമ്പുകളിൽ കഴിയുന്നവർ തയ്യാറാകണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. ക്യാമ്പുകളിൽ ആളുകൾ കൂട്ടംകൂടി ഇടപഴകാൻ പാടുള്ളതല്ല. ഒരു ക്യാമ്പിൽ എത്ര ആളുകളെ ഉൾക്കൊള്ളാൻ കഴിയുമെന്ന് തിട്ടപ്പെടുത്തണം. കൂടുതൽ ആളുകളെ താമസിപ്പിക്കേണ്ടി വന്നാൽ ക്യാമ്പുകളുടെ എണ്ണം വർദ്ധിപ്പിക്കാം എന്നും കലക്ടർമാർക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ അനുഭവപ്പെടുന്ന സാഹചര്യത്തിൽ റവന്യു മന്ത്രിയുടെ ഓഫീസിൽ കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചു. കേരളത്തിൽ വെള്ളിയാഴ്ച രാത്രി മുതൽ കനത്ത മഴയാണ് അനുഭവപ്പെടുന്നത്. കോട്ടയം, ഇടുക്കി തുടങ്ങിയ ജില്ലകളിലാണ് മഴക്കെടുതി രൂക്ഷം. ഇടുക്കി ജില്ലയിലെ കൂട്ടിക്കലിലുണ്ടായ ഉരുൾപൊട്ടലിൽ എട്ട് പേർ മരിച്ചു. മഴക്കെടുതികളെ തുടർന്ന് നിരവധി പേരെ കാണാതാകുകയും ചെയ്തു. 19 വരെ മഴ തുടരാമെന്നാണ് കാലാവസ്ഥാ വിദഗ്ധർ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ശക്തമായ മഴയുടെ പശ്ചാത്തലത്തിൽ മഴക്കെടുതി നേരിടുന്ന കോട്ടയം, പത്തനംതിട്ട, തിരുവനന്തപുരം, പാലക്കാട് ജില്ലകളിൽ കൺട്രോൾ റൂമുകൾ ആരംഭിച്ചു.

റവന്യു മന്ത്രിയുടെ ഓഫീസിലെ കൺട്രോൾ റൂം നമ്പറുകൾ

8606883111
9562103902
9447108954
9400006700

ഫോണിലോ വാട്‌സ് ആപ്പ് മുഖേനയോ ഈ നമ്പറിൽ ബന്ധപ്പെടാം.

കോട്ടയം ജില്ലയിലെ ജില്ലാ-താലൂക്ക് കൺട്രോൾ റൂമുകളുടെ നമ്പറുകൾ

ജില്ലാ എമർജൻസി ഓപ്പറേഷൻസ് സെന്റർ – 0481 2565400, 2566300, 9446562236, 9188610017.

താലൂക്ക് കൺട്രോൾ റൂമുകൾ

മീനച്ചിൽ-04822 212325
ചങ്ങനാശേരി-0481 2420037
കോട്ടയം-0481 2568007, 2565007
കാഞ്ഞിരപ്പള്ളി-04828 202331
വൈക്കം-04829 231331

സ്റ്റേഷൻ തിരുവനന്തപുരം ഫയർ ആൻഡ് റെസ്‌ക്യൂ

ടോൾ ഫ്രീ നം: 101
സ്റ്റേഷൻ ഓഫീസർ: 04712333101.

പത്തനംതിട്ട കൺട്രോൾ റൂം:

ടോൾ ഫ്രീ നമ്പർ: 1077
ജില്ലാ എമർജൻസി ഓപ്പറേഷൻസ് സെന്റർ: 04682322515, 9188297112, 8547705557, 8078808915.

താലൂക്ക് കൺട്രോൾ റൂമുകൾ

അടൂർ: 04734224826
കോഴഞ്ചേരി: 04682222221, 2962221.
കോന്നി: 04682240087
റാന്നി: 04735227442
മല്ലപ്പള്ളി: 04692682293
തിരുവല്ല: 04692601303.

ഇടുക്കി കൺട്രോൾ റൂം

ജില്ലാതല കൺട്രോൾ റൂം നമ്പറുകൾ: 04862233111, 04862 233130, 9383463036.

താലൂക്ക് കൺട്രോൾ റൂമുകൾ

പീരുമേട്: 04869 232077
ഉടുമ്പൻചോല: 048868 232050
ദേവികുളം: 04865 264231
ഇടുക്കി: 04862 235361
തൊടുപുഴ: 04862 222503.

വൈദ്യുതി സംബന്ധമായ അപകടമോ അപകട സാധ്യതകളോ ശ്രദ്ധയിൽപ്പെട്ടാൽ വിളിക്കേണ്ട നമ്പർ: 9496010101.

കോട്ടയം: വെള്ളക്കെട്ടിലൂടെ സാഹസികമായി ബസ് ഓടിച്ച കെഎസ്ആർടിസി ഡ്രൈവർക്കെതിരെ നടപടി. ശക്തമായ മഴയെ തുടർന്ന് രൂപപ്പെട്ട വെള്ളക്കെട്ടിലൂടെ സാഹസികമായി ബസ് ഓടിച്ച ഡ്രൈവർ എസ് ജയദീപിനെയാണ് കെഎസ്ആർടിസി സസസ്പെൻഡ് ചെയ്തത്. കോട്ടയം പൂഞ്ഞാർ സെന്റ് മേരീസ് പള്ളിക്കുമുന്നിൽ രൂപപ്പെട്ട വള്ളക്കെട്ടിലൂടെ ജയദീപ് സാഹസികമായി വാഹനം ഓടിച്ചത്. ഈരാറ്റുപേട്ട ഡിപ്പോയിലെ ഡ്രൈവറാണ് ജയദീപ്. ഗതാഗതമന്ത്രി ആന്റണി രാജുവാണ് യാത്രക്കാരുടെ ജീവന് ഭീഷണിയും ബസിന് നാശനഷ്ടവും വരുത്തിയ ഡ്രൈവറെ സസ്പെൻഡ് ചെയ്യാൻ കെഎസ്ആർടി മാനേജിംഗ് ഡയറക്ടർക്ക് നിർദേശം നൽകിയത്.

ഈരാറ്റുപേട്ടയിലേക്ക് പോയ ബസ് പൂഞ്ഞാർ സെന്റ് മേരീസ് പള്ളിയ്ക്ക് മുന്നിലെ വലിയ വെള്ളക്കെട്ട് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് പകുതിയോളം വെള്ളത്തിൽ മുങ്ങിയത്. പ്രദേശവാസികൾ ചേർന്നാണ് ബസിൽ ഉണ്ടായിരുന്നവരെ പുറത്തിറക്കിയത്.