മഴക്കെടുതി; മുഖ്യമന്ത്രി പിണറായി വിജയനുമായി ഫോണിൽ ബന്ധപ്പെട്ട് പ്രധാനമന്ത്രി

ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയനുമായി ഫോണിൽ ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. കേരളത്തിൽ കനത്ത മഴയെ തുടർന്നുണ്ടായ പ്രളയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനുമായി സംസാരിച്ചുവെന്ന് പ്രധാനമന്ത്രി അറിയിച്ചു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. കേരളത്തിലെ നിലവിലെ സാഹചര്യം വിലയിരുത്തിയെന്നും രക്ഷാപ്രവർത്തനം കാര്യക്ഷമമായി നടക്കുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

കേരളത്തിലെ കനത്ത മഴയുടെയും മണ്ണിടിച്ചിലിന്റെയും പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയനുമായി സ്ഥിതിഗതികൾ ചർച്ച ചെയ്തു. പരിക്കേറ്റവരെയും ദുരിതബാധിതരെയും സഹായിക്കാൻ ഉത്തരവാദപ്പെട്ടവർ പ്രവർത്തിക്കുന്നുണ്ട്. എല്ലാവരുടെയും സുരക്ഷയ്ക്കും ക്ഷേമത്തിനും വേണ്ടി പ്രാർത്ഥിക്കുന്നുവെന്നും അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബത്തെ അനുശോചനം അറിയിക്കുന്നുവെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

അതേസമയം സംസ്ഥാനത്ത് മഴക്കെടുതിയെ തുടർന്നുണ്ടായ മരണസംഖ്യ 23 ആയി. കോട്ടയം കൂട്ടിക്കലിൽ ഇന്നലെയുണ്ടായ ഉരുൾപൊട്ടലിൽ മാത്രം 11 പേരാണ് മരിച്ചത്. കൊക്കയാറിൽ ഉരുൾപൊട്ടിയ പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. ഇവിടെ ആറ് പേരുടെ മൃതദേഹമാണ് കണ്ടെത്തിയത്. കോട്ടയത്ത് മൂന്ന് പേരും ഇടുക്കിയിൽ ഒരാളും ഒഴുക്കിൽപ്പെട്ടു. വടകരയിൽ തോട്ടിൽ വീണ്ട് രണ്ട് വയസ്സുകാരൻ മരിച്ചു. പാലക്കാടും തൃശൂരും മഴ തുടരുകയാണ്. നദികളിലും ജലനിരപ്പ് ഉയരുന്നുണ്ട്്. ബുധനാഴ്ച മുതൽ വീണ്ടും മഴ കനക്കുമെന്നാണ് കാലാവസ്ഥ വിദഗ്ധരുടെ മുന്നറിയിപ്പ്.