കേരള ജനതക്കൊപ്പം; സുരക്ഷിതരായിരിക്കാൻ ജനങ്ങളോട് അഭ്യർത്ഥിച്ച് രാഹുൽ ഗാന്ധി

ന്യൂഡൽഹി: സുരക്ഷിതരായിരിക്കാൻ കേരള ജനതയോട് നിർദ്ദേശിച്ച് രാഹുൽ ഗാന്ധി എംപി. സംസ്ഥാനത്ത് അതിശക്തമായ മഴ അനുഭവപ്പെടുന്ന സാഹചര്യത്തിലാണ് സുരക്ഷിതരായിരിക്കാനും സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കാനും രാഹുൽ ഗാന്ധി ജനങ്ങളോട് നിർദ്ദേശിച്ചത്. തന്റെ മനസ്സ് കേരള ജനതക്കൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

അതേസമയം കേരളത്തിലെ ജനങ്ങൾക്കൊപ്പമാണ് തന്റെ മനസ്സെന്ന് പ്രിയങ്കാ ഗാന്ധിയും അറിയിച്ചു. പ്രളയക്കെടുതിയിൽ ബുദ്ധിമുട്ടുന്നവരെ എല്ലാ വിധത്തിലും സഹായിക്കാൻ കോൺഗ്രസ് പ്രവർത്തകരോട് അഭ്യർത്ഥിക്കുന്നതായും പ്രിയങ്കാ ഗാന്ധി ട്വീറ്റ് ചെയ്തിട്ടുണ്ട്.

കേരളത്തിൽ വെള്ളിയാഴ്ച രാത്രി മുതൽ കനത്ത മഴയാണ് അനുഭവപ്പെടുന്നത്. കോട്ടയം, ഇടുക്കി തുടങ്ങിയ ജില്ലകളിലാണ് മഴക്കെടുതി രൂക്ഷം. ഇടുക്കി ജില്ലയിലെ കൂട്ടിക്കലിലുണ്ടായ ഉരുൾപൊട്ടലിൽ എട്ട് പേർ മരിച്ചു. 19 വരെ മഴ തുടരാമെന്നാണ് കാലാവസ്ഥാ വിദഗ്ധർ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

മഴക്കെടുതിയുടെ സഹചര്യത്തിൽ പ്രശ്‌നബാധിത പ്രദേശങ്ങളിൽ ദുരിതാശ്വാസക്യാമ്പുകൾ ആരംഭിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ക്യാമ്പുകൾ കോവിഡ് മാനദണ്ഡമനുസരിച്ച് പ്രവർത്തിക്കാൻ ബന്ധപ്പെട്ടവർ ശ്രദ്ധിക്കണം. ആവശ്യമായ ശാരീരിക അകലം പാലിക്കാനും മാസ്‌ക് ധരിക്കാനും ക്യാമ്പുകളിൽ കഴിയുന്നവർ തയ്യാറാകണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. ക്യാമ്പുകളിൽ ആളുകൾ കൂട്ടംകൂടി ഇടപഴകാൻ പാടുള്ളതല്ല. ഒരു ക്യാമ്പിൽ എത്ര ആളുകളെ ഉൾക്കൊള്ളാൻ കഴിയുമെന്ന് തിട്ടപ്പെടുത്തണം. കൂടുതൽ ആളുകളെ താമസിപ്പിക്കേണ്ടി വന്നാൽ ക്യാമ്പുകളുടെ എണ്ണം വർദ്ധിപ്പിക്കാം എന്നും കലക്ടർമാർക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.