കേരളത്തിൽ തുടർച്ചയായുണ്ടാകുന്ന പ്രകൃതി ക്ഷോഭങ്ങളെ സർക്കാർ ഗൗരവമായി കാണണം; വി ഡി സതീശൻ

തിരുവനന്തപുരം: കേരളത്തിൽ തുടർച്ചയായുണ്ടാകുന്ന പ്രകൃതി ക്ഷോഭങ്ങളെ സർക്കാർ ഗൗരവമായി കാണണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സാധാരണക്കാരായ പാവപ്പെട്ട ജനങ്ങളാണ് ദുരന്തങ്ങൾക്ക് ഇരയാകുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇന്നലെ രാവിലെയുണ്ടായ ദുരന്തത്തിൽ രക്ഷാപ്രവർത്തനങ്ങൾ നടത്താൻ ഏറെ വൈകിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സംസ്ഥാനത്ത് രക്ഷാപ്രവർത്തനങ്ങൾ നടക്കുന്നതിനാൽ കൂടുതൽ വിമർശനങ്ങൾ ഉന്നയിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കൊക്കയാർ സന്ദർശിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവും അദ്ദേഹം ഉന്നയിച്ചു. കഴിഞ്ഞ വർഷം മാത്രം ആയിരത്തോളം ചെറിയ മണ്ണിടിച്ചിലുകളുണ്ടായിട്ടും സർക്കാർ ഒരു നടപടിയുമെടുത്തില്ല. പ്രതിപക്ഷം നിരന്തരമായി ആവശ്യപ്പെട്ട കാര്യങ്ങൾ സർക്കാർ മുഖവിലയ്ക്കെടുക്കുകയും ചെയ്തില്ല. ഇന്നലെ രാവിലെ ഉരുൾപൊട്ടലുണ്ടായിട്ടും തെരച്ചിൽ പ്രവർത്തനം ദുഷ്‌കരമായിരുന്നു. ഇന്നലെ പകൽ സമയത്ത് എന്തുകൊണ്ടാണ് രക്ഷാപ്രവർത്തനം നടത്താത്തത് എന്തുകൊണ്ടെന്ന് ബന്ധപ്പെട്ടവർ വിശദീകരിക്കണം. കൊക്കയാറിൽ മുൻ പഞ്ചായത്ത് മെമ്പർ മാത്രമാണ് ഇന്നലെ വൈകുന്നേരത്തോടെ ജെസിബിയുമായി എത്തിയത്. പൊലീസോ ഫയർഫോഴ്സോ ഒന്നും എത്തിയില്ല. കാലാവസ്ഥ പ്രതികൂലമായതും രക്ഷാപ്രവർത്തനത്തിന് തടസമായെന്ന് അദ്ദേഹം വിമർശിച്ചു.

2018 മുതൽ തുടർച്ചയായി പ്രകൃതിക്ഷോഭം ആവർത്തിക്കുകയാണ്. കൊക്കയാറിൽ മാത്രം ഇത്തവണ നൂറിലധികം വീടുകളാണ് തകർന്നത്. പഞ്ചായത്ത് മെമ്പർ റവന്യൂ ഡിപ്പാർട്ട്മെന്റിനെയും പൊലീസിനെയും നിരന്തരം ബന്ധപ്പെടാൻ ശ്രമിച്ചിട്ടും ആരും എത്തിയില്ല. അത് പരിശോധിക്കണം. ഇപ്പോൾ രക്ഷാപ്രവർത്തനത്തിനാണ് മുൻതൂക്കം. മറ്റ് കാര്യങ്ങൾ പിന്നീട് ചർച്ച ചെയ്യാം. 2018ലെ ദുരന്തത്തിനുശേഷം ഇനിയതാവർത്തിക്കാതിരിക്കാൻ പ്രത്യേകമായ ഒരു നടപടിയും സർക്കാരിൽ നിന്നുണ്ടായിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.