കേരളത്തിന് ആവശ്യമായ സഹായങ്ങളെത്തിക്കും; ഉറപ്പു നൽകി ആഭ്യന്തര മന്ത്രി അമിത് ഷാ

ന്യൂഡൽഹി: കേരളത്തിന് ആവശ്യമായ സഹായങ്ങളെത്തിക്കുമെന്ന് ഉറപ്പു നൽകി ആഭ്യന്തര മന്ത്രി അമിത് ഷാ. അതിശക്തമായ മഴയും വെള്ളപ്പൊക്കവും തുടരുന്നതിന്റെ പശ്ചാത്തലത്തിൽ കേരളത്തിലെ സാഹചര്യം കൃത്യമായി നിരീക്ഷിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. രക്ഷാപ്രവർത്തനങ്ങൾക്കായി എൻഡിആർഎഫ് സംഘങ്ങളെ വിനിയേഗിച്ചിട്ടുണ്ട്. ആവശ്യമെങ്കിൽ കൂടുതൽ എൻഡിആർഎഫ് സംഘത്തെ അയയ്ക്കുമെന്നും അദ്ദേഹം അറിയിച്ചു.

ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യങ്ങൾ അറിയിച്ചത്. ജനങ്ങൾക്കാവശ്യമായ എല്ലാ പിന്തുണയും നൽകും. എല്ലാവരുടെയും സുരക്ഷയ്ക്കായി പ്രാർത്ഥിക്കുന്നുവെന്നും അമിത് ഷാ ട്വിറ്ററിൽ കുറിച്ചു.

ആഭ്യന്തര മന്ത്രാലയം, ഭൗമമന്ത്രാലയം, ജലവിഭവ മന്ത്രാലയം എന്നിവർ ചേർന്നാണ് കേരളത്തിലെ സാഹചര്യങ്ങൾ നിരീക്ഷിക്കുന്നത്. ജലനിരപ്പ്, കാലാവസ്ഥ, ദുരന്ത സാഹചര്യം എന്നിവയെല്ലാം നിരീക്ഷിക്കുന്നുണ്ട്. അതേസമയം നിലവിൽ ഡാമുകൾ തുറക്കേണ്ട സാഹചര്യം സംസ്ഥാനത്തില്ലെന്ന് കേന്ദ്ര ജലകമ്മിഷൻ അറിയിച്ചു. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് നദികളിൽ ജലനിരപ്പ് കുറയുകയാണെന്നാണ് വിലയിരുത്തൽ. രണ്ടു ദിവസങ്ങളായി അനുഭവപ്പെടുന്ന കനത്ത മഴയെ തുടർന്ന് വ്യാപക നാശനഷ്ടങ്ങളാണ് സംസ്ഥാനത്ത് ഉണ്ടായിരിക്കുന്നത്. നവംബർ 19 വരെ മഴ തുടരുമെന്നാണ് കാലാവസ്ഥാ വിദഗ്ധരുടെ പ്രവചനം.