ആശങ്കപ്പെടേണ്ട സാഹചര്യമില്ല; ഇടുക്കി, ഇടമലയാർ, കക്കി ഡാമുകൾ ഉടൻ തുറക്കില്ല

തിരുവനന്തപുരം: ഇടുക്കി, ഇടമലയാർ, കക്കി ഡാമുകൾ ഉടൻ തുറക്കില്ല. വൈദ്യുതി മന്ത്രി കൃഷ്ണൻകുട്ടിയുടെ നേതൃത്വത്തിൽ വൈദ്യുതി ബോർഡ് സിഎംഡി വിളിച്ച യോഗത്തിലാണ് ഡാമുകൾ ഉടൻ തുറക്കേണ്ടതില്ലെന്ന വിലയിരുത്തലുണ്ടായത്. വൃഷ്ടിപ്രദേശത്ത് മഴ കുറഞ്ഞതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നാണ് യോഗത്തിലെ വിലയിരുത്തൽ.

കക്കി ഡാമിൽ നിലവിലെ ജലനിരപ്പ് 979 അടിയാണ്. 978 മീറ്റർ ജലനിരപ്പുള്ളപ്പോഴായിരുന്നു റെഡ് അലർട്ട് പ്രഖ്യാപിച്ചത്. എന്നാൽ ഇടുക്കി, ഇടമലയാർ, കക്കി ഡാമുകൾ നിലവിലെ സാഹചര്യത്തിൽ അടിയന്തരമായി തുറക്കേണ്ടതില്ലെന്നാണ് തീരുമാനം. ഉത്പാദനം വർധിപ്പിച്ച് ജലവിതാനം നിയന്ത്രിച്ച് നിർത്താൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നിലവിൽ ഡാമുകളുടെ വൃഷ്ടിപ്രദേശത്ത് നീരൊഴുക്ക് കുറഞ്ഞിട്ടുണ്ട്. ഇന്ന് രാത്രിയുള്ള മഴയുടെ സാഹചര്യം കൂടി കണക്കിലെടുത്തായിരിക്കും ഡാമുകൾ തുറക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക.

അതേസമയം പേമാരിയും പ്രളയവും മൂലം കെ എസ് ഇ ബിക്കുണ്ടായത് 13.67 കോടി രൂപയുടെ നാശനഷ്ടമാണെന്ന് കെ കൃഷ്ണൻകുട്ടി അറിയിച്ചു. അതിവൃഷ്ടിയും തുടർന്നുണ്ടായ പ്രളയവും ഉരുൾപൊട്ടലും കെ എസ് ഇ ബിയുടെ വൈദ്യുതി വിതരണ സംവിധാനത്തിന് സാരമായ നാശനഷ്ടമുണ്ടാക്കി. 60 ഡിസ്ട്രിബ്യൂഷൻ ട്രാൻസ്‌ഫോർമർ തകരാറിലായി. 339 ഹൈ ടെൻഷൻ പോസ്റ്റുകകളും 1398 ലോ ടെൻഷൻ പോസ്റ്റുകളും തകരാറിലായി. ആകെ 4.18 ലക്ഷം കണക്ഷനുകൾ തകരാറിലായെന്നും അദ്ദേഹം അറിയിച്ചു. വൈദ്യുതി പ്രതിഷ്ഠാപനങ്ങൾ യുദ്ധകാല അടിസ്ഥാനത്തിൽ പുനഃസ്ഥാപിക്കുന്നതിന് ചീഫ് എഞ്ചിനീയർ, ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ, എക്‌സിക്യൂട്ടീവ് എഞ്ചിനീയർ (പി.എം.യു) എന്നിവരും എല്ലാ എക്‌സിക്യൂട്ടീവ് എഞ്ചിനീയർമാരും അടങ്ങുന്ന ഒരു ടാസ്‌ക് ഫോഴ്സ് രൂപികരിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.