മഴക്കെടുതി; സംസ്ഥാന വ്യാപകമായി ദേശീയ ദുരന്ത പ്രതികരണ സേനയെ വിന്യസിക്കുമെന്ന് മന്ത്രി കെ രാജൻ

തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി ദേശീയ ദുരന്ത പ്രതികരണ സേനയെ വിന്യസിക്കുമെന്ന് റവന്യൂ മന്ത്രി കെ. രാജൻ. കനത്ത മഴയും വെള്ളപ്പൊക്കവും ഉരുൾപൊട്ടലുമുണ്ടായ സാഹചര്യത്തിലാണ് ദുരന്ത നിവാരണ സേനയെ വിന്യസിക്കുക. നിലവിൽ 11 സംഘങ്ങളാണ് സംസ്ഥാനത്തുള്ളത്. അതിൽ ആദ്യഘട്ടം എന്ന നിലയിൽ പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശ്ശൂർ, മലപ്പുറം ജില്ലകളിൽ ഓരോ സംഘങ്ങളെ വിന്യസിച്ചിരുന്നു.

കേന്ദ്ര സർക്കാരുമായി പുതുതായി നടന്ന ചർച്ചയുടെ ഫലമായി അഞ്ചു ടീമുകൾ കൂടി ലഭ്യമായിട്ടുണ്ട്. ഇതിൽ ഒരു ടീമിനെ ഇടുക്കിയിലും മറ്റൊരു ടീമിനെ കോട്ടയത്തും നിയോഗിച്ചു. കൊല്ലം, പാലക്കാട്, കണ്ണൂർ ജില്ലകളിലും ഓരോ ടീമുകളെ നിയോഗിച്ചിട്ടുണ്ട്.

അതേസമയം റവന്യു മന്ത്രി കെ രാജൻ കൂട്ടിക്കൽ പഞ്ചായത്തിലെ ഉരുൾപൊട്ടലുണ്ടായ കാവാലിയിൽ സന്ദർശിച്ചു. മന്ത്രിമാരായ വി എൻ വാസവൻ, റോഷി അഗസ്റ്റിൻ എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. അതേസമയം അടുത്ത 3 മണിക്കൂറിൽ കേരളത്തിൽ കാസർഗോഡ് ജില്ലയിൽ ഇടിയോട് കൂടിയ അതിശക്തമായ മഴക്കും മണിക്കൂറിൽ 41 മുതൽ 61 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകിയിരിക്കുന്ന മുന്നറിയിപ്പ്.