കക്കി ഡാം തുറന്നാൽ ജനങ്ങളെ മാറ്റി പാർപ്പിക്കും; മന്ത്രി സജി ചെറിയാൻ

ആലപ്പുഴ: കക്കി ഡാം തുറക്കുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ലെന്ന് മന്ത്രി സജി ചെറിയാൻ. കക്കി ഡാം തുറന്നാൽ ജനങ്ങളെ മാറ്റി പാർപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

താഴ്ന്ന പ്രദേശത്തു നിന്നാണ് ആദ്യം ജനങ്ങളെ മാറ്റുക. പ്രളയ സാധ്യതയില്ലെന്നും പഞ്ചായത്ത് തലത്തിൽ ജനകീയ യോഗങ്ങൾ വിളിക്കുമെന്നും അദ്ദേഹം അറിയിച്ചു. 2018 ലും ഡാം തുറന്നപ്പോൾ അറിയിപ്പ് നൽകിയിരുന്നു. ഇത്തവണയും അതുണ്ടാകും. 2018 ന് സമാനമായ അവസ്ഥയല്ലെന്നും അദ്ദേഹം വിശദീകരിച്ചു.

കേരളത്തിൽ അങ്ങോളമിങ്ങോളം തുടരുന്ന കനത്ത മഴയുടെയും മഴക്കെടുതികളുടെയും പശ്ചാത്തലത്തിൽ ജില്ലയിലെ ജനപ്രതിനിധികളുടെയും വിവിധ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെയും യോഗം ചേർന്നു. വിവിധ നിയമസഭാ മണ്ഡലങ്ങളിലെ സ്ഥിതികൾ വിലയിരുത്തിയെന്നും അടിയന്തിരമായി സ്വീകരിക്കേണ്ട നടപടികൾ ചർച്ച ചെയ്ത് ബന്ധപ്പെട്ട വകുപ്പുകളെ ചുമതലപ്പെടുത്തിയെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രാദേശികതലത്തിൽ അടിയന്തിര സാഹചര്യങ്ങളെ നേരിടുവാൻ സജ്ജമാക്കുവാനായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും ജനപ്രതിനിധികളുടെയും രാഷ്ട്രീയപാർട്ടികളുടെയും അടിയന്തര യോഗം എം എൽ എ മാരുടെ അധ്യക്ഷതയിൽ ചേരും. വില്ലേജ് അടിസ്ഥാനത്തിൽ ജനകീയ കമ്മിറ്റികൾ രൂപീകരിക്കുവാൻ നിർദ്ദേശം നൽകി. തോട്ടപ്പള്ളിയിൽ ഒഴുക്ക് സുഗമമാക്കാൻ വേണ്ട നടപടികൾ സ്വീകരിച്ചു വരുന്നുണ്ട്. മലവെള്ളത്തിൽ ഒഴുകി വരുന്ന മരത്തടികളും മാലിന്യങ്ങളും എക്കലുകളും പാലങ്ങളിൽ കെട്ടിനിന്ന് ഒഴുക്ക് തടസ്സപ്പെടുത്തുന്നത് ഒഴിവാക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

നിലവിൽ 14 ക്യാമ്പുകൾ സജ്ജമാണ്. ആവശ്യം വരികയാണെങ്കിൽ ഉപയോഗിക്കുവാൻ കൂടുതൽ ക്യാമ്പുകൾ തയ്യാറാക്കിയിട്ടുണ്ട്. സാഹചര്യങ്ങൾ വിലയിരുത്തി ആളുകളെ മാറ്റി പാർപ്പിക്കുവാനുള്ള നടപടികൾ നടന്നു വരുന്നു. വെള്ളം കയറുവാൻ സാധ്യതയുള്ള പ്രദേശങ്ങളിലെ ഓൾഡേജ് ഹോമുകളിലെയും പാലിയേറ്റിവ് കെയറുകളിലെയും കോവിഡ് ചികിത്സാ കേന്ദ്രങ്ങളിലെയും ആളുകളെ മാറ്റി പാർപ്പിക്കുവാൻ വേണ്ട നടപടികൾ സ്വീകരിച്ചിട്ടുണ്ട്. കടലിൽ പോകരുത് എന്ന കർശന നിർദേശം തീരപ്രദേശത്ത് നൽകിയിട്ടുണ്ട്. അടിയന്തിര സാഹചര്യങ്ങളിൽ രക്ഷാപ്രവർത്തനത്തിനായി മത്സ്യത്തൊഴിലാളികൾ സജ്ജമാണ്. കുട്ടനാട്, ചെങ്ങന്നൂർ എന്നിവിടങ്ങളിലേക്കായി 10 ഫൈബർ ബോട്ടുകളും തൊഴിലാളികളെയും സജ്ജീകരിച്ചിട്ടുണ്ടെന്ന് അദ്ദേഹം വിശദമാക്കി.

ആവശ്യഘട്ടങ്ങളിൽ ഏത് സാഹചര്യങ്ങളെയും നേരിടാനായി 1000 മത്സ്യത്തൊഴിലാളിസുഹൃത്തുക്കളുടെ സേവനം ഉറപ്പുവരുത്തിയിട്ടുണ്ട്. ആരോഗ്യവകുപ്പിന്റെ സേവനങ്ങൾ 24 മണിക്കൂറും ഉണ്ടാകും. മൊബൈൽ ആംബുലൻസ് സേവനങ്ങൾ സജ്ജമാണ്. നാശനഷ്ടങ്ങൾ വിലയിരുത്തി അടിയന്തിര നടപടികൾ സ്വീകരിക്കുവാനായി താലൂക്ക് ഓഫീസുകളിൽ പ്രത്യേക ടീം രൂപീകരിക്കുവാൻ നിർദ്ദേശം നൽകി. വാട്ടർ അതോറിറ്റി, കെ എസ് ഇ ബി എന്നിവരുടെ പ്രവർത്തനങ്ങൾ സജീവമായി നടക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.