General (Page 1,365)

തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതിയെ തുടർന്നുണ്ടായത് 200 കോടി രൂപയുടെ കൃഷിനാശം. കൃഷിമന്ത്രി പി പ്രസാദാണ് ഇക്കാര്യം അറിയിച്ചത് കുട്ടനാട്ടിൽ മാത്രം 18 കോടിയുടെ നഷ്ടമുണ്ടായതെന്ന് അദ്ദേഹം പറഞ്ഞു. കൃഷിനാശത്തിന്റെ പരിഹാരമായി പ്രത്യേക കാർഷിക പാക്കേജ് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇപ്പോൾ ദുരന്തമുണ്ടായ പ്രദേശങ്ങളിൽ കൃഷിസ്ഥലങ്ങളുണ്ടെന്നും ഇവിടങ്ങളിൽ കൃത്യമായ കണക്കെടുപ്പ് സാദ്ധ്യമായിട്ടില്ലെന്നും അദ്ദേഹം വിശദമാക്കി. മഴ ശമിച്ച ശേഷം നഷ്ടമുണ്ടായ തോത് കണക്കാക്കാനും അറിയിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം കോട്ടയം ജില്ലയിൽ 33 ഇടങ്ങളിൽ മണ്ണിടിച്ചിൽ സാദ്ധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇതിൽ കൂടുതലും കൂട്ടിക്കൽ, തലനാട്, തീക്കോയി വില്ലേജുകളിലാണ്. ഇവിടങ്ങളിൽ 20 മുതൽ മഴയുണ്ടാകുമ്പോൾ വീണ്ടും മണ്ണിടിച്ചിൽ സാദ്ധ്യതയുളളതിനാൽ ജനങ്ങളെ ഒഴിപ്പിക്കാനാണ് സർക്കാരിന്റെ തീരുമാനം.

അഹമ്മദാബാദ്: വൃക്കയിലെ കല്ലുകൾ നീക്കം ചെയ്യുന്നതിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം രോഗിയുടെ വൃക്ക നീക്കം ചെയ്ത സംഭവത്തിൽ ആശുപത്രി നഷ്ടപരിഹാരം നൽകണമെന്ന് കോടതി. രോഗിയുടെ ബന്ധുവിന് 11.23 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനാണ് കോടതി ഉത്തരവ്. ഗുജറാത്ത് സംസ്ഥാന ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനാണ് വിധി പുറപ്പെടുവിച്ചത്.

വൃക്ക നീക്കം ചെയ്ത രോഗി ശസ്ത്രക്രിയയ്ക്ക് നാല് മാസങ്ങൾക്ക് ശേഷം മരണപ്പെടുകയായിരുന്നു. 2012 ലായിരുന്നു രോഗി മരണപ്പെട്ടത്. 2012 മുതൽ 7.5% പലിശ സഹിതം നഷ്ടപരിഹാരം നൽകാനാണ് കോടതി ആശുപത്രിയ്ക്ക് നൽകിയ നിർദ്ദേശം. ഗുജറാത്തിലെ ഖേഡ ജില്ലയിലെ വാൻഗ്രോളി ഗ്രാമത്തിലെ ദേവേന്ദ്രഭായ് റാവലിന്റെ വൃക്കയാണ് ആശുപത്രി അധികൃതർ നീക്കം ചെയ്തത്.

കടുത്ത നടുവേദനയും മൂത്രമൊഴിക്കുന്നതിൽ ബുദ്ധിമുട്ടും നേരിട്ടതോടെയാണ് ബാലസിനോർ ടൗണിലെ കെഎംജി ജനറൽ ഹോസ്പിറ്റലിലെ ഡോക്ടർ ശിവുഭായ് പട്ടേലിന്റെ അടുത്ത് ദേവേന്ദ്രഭായ് ചികിത്സയ്‌ക്കെത്തിയത്. 2011 മേയിൽ നടത്തിയ പരിശോധനയിൽ ദേവേന്ദ്രഭായ് റാവലിന്റെ ഇടത് വൃക്കയിൽ 14 എംഎം കല്ല് കണ്ടെത്തിയിരുന്നു. തുടർന്ന് 2011 സെപ്തംബർ മൂന്നിനാണ് ശസ്ത്രക്രിയ നടത്തി കല്ല് നീക്കം ചെയ്യാൻ തീരുമാനിച്ചത്.

എന്നാൽ ശസ്ത്രക്രിയയ്ക്ക് ശേഷം കല്ലിന് പകരം വൃക്ക നീക്കം ചെയ്യുന്നതാണ് നല്ലതെന്ന് ഡോക്ടർ അദ്ദേഹത്തെ അറിയിക്കുകയായിരുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷവും ആരോഗ്യ പ്രശ്‌നങ്ങൾ നേരിട്ടതോടെ അദ്ദേഹം അഹമ്മദാബാദിലെ ഒരു ആശുപത്രിയിൽ ചികിത്സ തേടുകയും ഇവിടെ വച്ച് മരണപ്പെടുകയും ചെയ്തു. തുടർന്ന് ദേവേന്ദ്രഭായിയുടെ ഭാര്യ മിനാബെൻ നാദിയാഡിലെ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനെ സമീപിച്ചു. കല്ല് നീക്കം ചെയ്യുന്നതിന് മാത്രം സമ്മതം വാങ്ങിയ ശേഷം വൃക്ക നീക്കം ചെയ്തത് തെറ്റാണെന്ന് കോടതി ചൂണ്ടിക്കാട്ടി. തുടർന്നാണ് വലിയ തുക പിഴയായി ചുമത്തിയത്.

കോഴിക്കോട്: പ്രകൃതി ദുരന്തങ്ങളിൽ നിന്നും പാഠം പഠിക്കാതെ സർക്കാർ. അനധികൃത ക്വാറികളും മണ്ണെടുപ്പും കേരളത്തിന് ദുരന്തകാലം സമ്മാനിക്കുന്നത് തുടരുമ്പോഴും സംസ്ഥാനത്ത് ഇനിയും ക്വാറികൾക്കായി സ്ഥലം കണ്ടെത്താൻ നിർദ്ദേശിച്ചിരിക്കുകയാണ് സർക്കാർ. റവന്യൂപുറമ്പോക്ക് ഭൂമിയിൽ ക്വാറികൾക്ക് അനുയോജ്യമായ സ്ഥലം കണ്ടെത്തണമെന്നും ടെൻഡർ നടപടികൾ മുന്നോട്ട് പോയാൽ ഉടൻ ക്വാറികൾക്ക് അനുമതി നൽകണമെന്നും ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ ഇറക്കിയ സർക്കുലർ പുറത്തു വന്നു.

ഈ വർഷം ജൂലൈ രണ്ടാംതീയതിയാണ് ഉത്തരവിറങ്ങിയിരിക്കുന്നത്. ലാൻഡ് റവന്യൂ കമ്മീണറുടെ പേരിലാണ് ഉത്തരവ്. ജില്ലാ കളക്ടർമാർക്ക് ഇതുസംബന്ധിച്ച ഉത്തരവ് നൽകിയിട്ടുണ്ട്. ഓരോ താലൂക്കിലേയും റവന്യൂ ഡിവിഷണൽ ഓഫീസർമാരെ ഉൾപ്പെടുത്തി പ്രത്യേക സംഘത്തെ നിയോഗിച്ച് ഇത്തരത്തിലുള്ള ഭൂമി കണ്ടെത്താനുള്ള നടപടികൾ എടുക്കണമെന്നും ഉത്തരവിൽ നിർദ്ദേശിക്കുന്നു. മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനും സാധ്യതയുള്ള പരിസ്ഥിതി ലോല പ്രദേശങ്ങളെ ഒഴിവാക്കണമെന്ന് സർക്കുലറിൽ നിർദേശമുണ്ടെങ്കിലും കേരളത്തിന്റെ മലയോരങ്ങളെല്ലാം ഉരുൾപൊട്ടൽ മണ്ണിടിച്ചൽ ഭീഷണിയിലാണുള്ളത്. അതുകൊണ്ട് തന്നെ പുതിയ ക്വാറികൾ ഇനിയും കേരളത്തിലുണ്ടായാൽ ദുരന്തങ്ങൾ ആവർത്തിക്കപ്പെടുമെന്നാണ് വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്. ചെറുതും വലുതുമായി അയ്യായിരത്തിലധികം ക്വാറികളാണ് സംസ്ഥാനത്തുള്ളത്. ഇതിന് പുറമെയാണ് റവന്യൂ പുറമ്പോക്കിൽ പുതിയ ക്വാറികൾ കണ്ടെത്തണമെന്ന നിർദ്ദേശം. ഇത്തരത്തിൽ ഏകദേശം 2500 ഓളം സ്ഥലങ്ങൾ കണ്ടെത്തുകയും ചെയ്തിട്ടുണ്ടെന്നാണ് വിവരം.

ഹെക്ടറിന് വർഷത്തിൽ പത്ത് ലക്ഷം രൂപ നിരക്കിൽ 12 ത്തേക്കാണ് ക്വാറി നടത്താൻ അനുമതി നൽകേണ്ടതെന്ന് റിപ്പോർട്ടിൽ പറയുന്നു. ഒരു ഹെക്ടറിന് താഴെയാണ് ഭൂമിയെങ്കിൽ ഫീസ് നിശ്ചയിച്ച് ക്വാറി പെർമിറ്റ് നൽകും. പരിസ്ഥിതി ദുർബല പ്രദേശങ്ങൾ, റെഡ് സോണുകൾ എന്നിവിടങ്ങളിലൊന്നും സ്ഥലം കണ്ടെത്തേണ്ടെന്ന് പറയുന്നുണ്ടെങ്കിലും ഈ വർഷം ഡിസംബർ 15 ന് ഉള്ളിൽ എൻ.ഒ.സി നടപടി പൂർത്തീകരിക്കണമെന്ന് ജില്ലാ കളക്ടർമാർക്ക് നിർദ്ദേശം നൽകി കൊണ്ടാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി ഇടതുപക്ഷ സഹയാത്രികനായ ചെറിയാൻ ഫിലിപ്പ്. ഭരണാധികാരികൾ ദുരന്തനിവാരണത്തിന് വേണ്ടത്ര ശ്രദ്ധിക്കാതെ ദുരന്തം വന്നതിനു ശേഷം ദുരിതാശ്വാസ ക്യാമ്പിൽ കണ്ണീർ പൊഴിക്കുകയും വിലാപകാവ്യം രചിക്കുകയും ചെയ്യുന്നത് ജനവഞ്ചനയാണെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

2018,19 എന്നീ വർഷങ്ങളിലെ പ്രളയത്തിൽ നിന്നും ഒട്ടേറെ പാഠങ്ങൾ നാം പഠിച്ചതാണ്. നെതർലണ്ട് മാതൃകയെക്കുറിച്ച് അവിടെ പോയി പഠിച്ചു. തുടർ നടപടിയെക്കുറിച്ച് ഇപ്പോഴും ആർക്കുമറിയില്ലെന്ന് അദ്ദേഹം വിമർശിച്ചു.

കാലാവസ്ഥാ വ്യതിയാനം, പരിസ്ഥിതി ആഘാതം എന്നിവ മൂലം കേരളത്തിൽ എപ്പോൾ വേണമെങ്കിലും പ്രളയവും വരൾച്ചയും പ്രതീക്ഷിക്കാം. ഭൂമിയിൽ മഴവെള്ളം കെട്ടിക്കിടക്കാൻ ഇടമുണ്ടായാൽ മാത്രമേ പ്രളയത്തേയും വരൾച്ചയേയും പ്രതിരോധിക്കാനാവൂ. രണ്ടിനേയും നേരിടാൻ ദീർഘകാല പദ്ധതികൾ സർക്കാർ ആവിഷ്‌ക്കരിക്കണം. വെള്ളം കെട്ടിക്കിടക്കാൻ ചതുപ്പുനിലങ്ങളോ വയലുകളോ ഇല്ലെങ്കിൽ മഴവെള്ളം കരഭൂമിയിലേക്ക് പ്രവേശിക്കും. നദികളിൽ മണ്ണ് നിറഞ്ഞ് ആഴമില്ലാതായതോടെയാണ് കരകവിഞ്ഞ് ഒഴുകാൻ തുടങ്ങിയത്. മഴവെള്ളം ഭൂഗർഭത്തിലേക്ക് കിനിഞ്ഞിറങ്ങിയാൽ മാത്രമേ കിണറുകളിലെയും കുളങ്ങളിലേയും വെള്ളം വറ്റാതിരിക്കൂ. ഭൂഗർഭ ജലമില്ലെങ്കിൽ ജലക്ഷാമം രൂക്ഷമാകും. സ്ഥല- ജല മാനേജ്‌മെൻറിലൂടെ മാത്രമേ രണ്ടു വിപത്തുകളെയും നേരിടാനാകൂവെന്ന് അദ്ദേഹം വ്യക്തമാക്കി.

അറബിക്കടലിലെ ന്യൂനമർദ്ദം കുറയുകയും മഴ ശമിക്കുകയും ചെയ്യാതിരുന്നെങ്കിൽ പെരുമഴയോടൊപ്പം എല്ലാ ഡാമുകളും തുറന്നു വിടുന്ന സാഹചര്യത്തിൽ കേരളത്തിലെ പല ജില്ലകളും വെള്ളത്തിനടിയിൽ ആകുമായിരുന്നു. മഹാഭാഗ്യം എന്നു പറഞ്ഞാൽ മതി. പശ്ചിമഘട്ട നിരയിലെ മനുഷ്യന്റെ ബലാൽക്കാരവും ചൂഷണവും അവസാനിപ്പിച്ചില്ലെങ്കിൽ മഴയോടൊപ്പം ഉരുൾപൊട്ടലും ഒരു സ്ഥിരം പ്രതിഭാസമായി തീരും. പ്രകൃതിയെയും പരിസ്ഥിതിയേയും കൊല്ലുന്നവർ മനുഷ്യക്കുരുതിക്കും വഴി തുറക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

pinarayi

തിരുവനന്തപുരം: നിലവിൽ കോൺഗ്രസ് നശിച്ച് നാമാവിശേഷമാകുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോൺഗ്രസ് ഒരിക്കലും ബി.ജെ.പിക്ക് ബദൽ അല്ലെന്നും അദ്ദേഹം പറഞ്ഞു. ചിന്ത വാരികയിലെഴുതിയ ലേഖനത്തിലാണ് കോൺഗ്രസ് സഖ്യത്തോടുള്ള സംസ്ഥാന ഘടകത്തിന്റെ നിലപാട് മുഖ്യമന്ത്രി വ്യക്തമാക്കിയത്. സംസ്ഥാനങ്ങളിലെ സ്ഥിതി അനുസരിച്ച് ദേശീയതലത്തിൽ നിലപാടെന്ന രീതിയിലാണ് സി.പി.എമ്മിൽ ചർച്ചകൾ നടക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.

സ്വാതന്ത്ര്യസമര കാലം മുതൽ ജനങ്ങളുടെ പ്രശ്നങ്ങളിൽ ഇടപെട്ടിരുന്ന പാർട്ടിയാണ് കോൺഗ്രസ്. എന്നാൽ ഇപ്പോൾ സ്വയം നശിക്കാൻ അവർ തീരുമാനിച്ച സ്ഥിതിയാണുള്ളത്. ഇതിൽ നിന്ന് അവരെ രക്ഷിക്കാൻ മറ്റാർക്കും കഴിയില്ല. രൂപീകരിക്കപ്പെട്ടപ്പോൾ മുതൽ മതേതരത്വത്തിന്റെ അംശമുള്ള പാർട്ടിയായിരുന്നെങ്കിലും ഇപ്പോൾ അങ്ങനെയല്ലെന്ന സ്ഥിതി ആശങ്കയുണ്ടാക്കുന്നതും ഖേദകരവുമാണ്. ജനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങളിൽ ഇടപെടാൻ കോൺഗ്രസിന് കഴിയുന്നില്ലെന്നത് അവരുടെ നേതാക്കൾ പരസ്യമായി പറയുകയാണെന്നും അദ്ദേഹം വിമർശിച്ചു. സമീപകാല രാഷ്ട്രീയത്തിൽ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന നേതാക്കളെ ഉദാഹരണ സഹിതം മുഖ്യമന്ത്രി ചൂണ്ടിക്കാട്ടുകയും ചെയ്യുന്നുണ്ട്.

അധികാരത്തിന് വേണ്ടി മറുപക്ഷത്ത് ചാടി പാർട്ടി ഭരണത്തെ അട്ടിമറിച്ച ചരിത്രമാണ് കോൺഗ്രസിലെ പല നേതാക്കൾക്കും. കോൺഗ്രസ് പാർട്ടിയിൽ മുഖ്യമന്ത്രിമാരും കേന്ദ്രമന്ത്രിമാരുമായിരുന്നവർ പോലും പാർട്ടി വിട്ട് ബി.ജെ.പിയിൽ ചേരുന്നു. കർണാടകയിൽ റിസോർട്ടിലേക്ക് മാറ്റിയ പല കോൺഗ്രസ് എം.എൽ.എമാരും ഇന്ന് ബി.ജെ.പി എംഎൽഎമാരാണ്. രാഹുൽ ഗാന്ധിയുടെ വിശ്വസ്തനും ഒരു ഘട്ടത്തിൽ കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് പോലും പരിഗണിക്കപ്പെട്ടിരുന്ന നേതാവുമായ ജ്യോതിരാദിത്യ സിന്ധ്യ മുതൽ നിരവധി നേതാക്കളുടെ പേരെടുത്ത് പരാമർശിച്ചുള്ളതാണ് മുഖ്യമന്ത്രിയുടെ ലേഖനം. എന്നാൽ കേരളത്തിലെ സ്ഥിതി വ്യത്യസ്തമാണ്. കോൺഗ്രസ് വിടുന്ന നേതാക്കൾ തിരഞ്ഞെടുക്കുന്നത് ബി.ജെ.പി അല്ലെന്നും മതനിരപേക്ഷതയെ അനുകൂലിക്കുന്ന നേതാക്കൾ ഇടത്പക്ഷത്തേക്ക് വരികയാണെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസിന് അസ്ഥിത്വം നഷ്ടപ്പെട്ടു സംസ്ഥാനത്ത് പാർട്ടി തലപ്പത്തുള്ള പലരും സംഘപരിവാർ മനസ്സുള്ളവരാണ്. അടുത്തിടെ പാർട്ടി വിട്ട് സിപിഎമ്മിനൊപ്പം ചേർന്ന കെ.പി അനിൽ കുമാർ പറഞ്ഞതിനെ കുറിച്ചും മുഖ്യമന്ത്രി ലേഖനത്തിൽ പരാമർശിക്കുന്നുണ്ട്. കെ.പി.സി.സി സെക്രട്ടറിമാരുൾപ്പെടെ കോൺഗ്രസ് വിട്ട് സിപിഎമ്മിലേക്കെത്തി. ദേശീയതലത്തിൽ പ്രവർത്തിച്ചിരുന്ന മുതിർന്ന നേതാക്കൾ പോലും കോൺഗ്രസ് വിട്ട ശേഷം കേരളത്തിൽ ഇടത് മുന്നണിക്ക് ഒപ്പമാണ്. കോൺഗ്രസ് പാർട്ടിയുടെ അവസ്ഥയിൽ മുതിർന്ന നേതാക്കൾ പരിതപിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കോൺഗ്രസ് പാർട്ടിയിൽ ജനാധിപത്യമില്ലെന്ന് ആരോപിച്ച് എ.കെ. ആന്റണി, ഉമ്മൻ ചാണ്ടി തുടങ്ങിയ നേതാക്കൾ ഇടതുപക്ഷത്തിനൊപ്പം നിലനിന്നിരുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

വാഷിംഗ്ടൺ: കോവിഡ് വാക്‌സിനേഷനുമായി ബന്ധപ്പെട്ട് നിർണായക പഠനം പുറത്തുവിട്ട് ഗവേഷകർ. സാർസ്‌കോവ്-2 വൈറസിനെതിരെ കുത്തിവെയ്ക്കുന്ന വാക്‌സിനുകളും കോവിഡ് രോഗബാധയും സമാനമായ കൊറോണ വൈറസുകൾക്കെതിരെ വിശാലമായ പ്രതിരോധം തീർക്കുമെന്നാണ് പഠനത്തിൽ വ്യക്തമാക്കിയിരിക്കുന്നത്. നോർത്ത് വെസ്റ്റേൺ സർവകലാശാല ഫെയ്ൻബർഗ് സ്‌കൂൾ ഓഫ് മെഡിസിനിലെ ശാസ്ത്രജ്ഞരാണ് ഗവേഷണം നടത്തി പഠന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. ഭാവിയിലെ മഹാമാരികൾക്കെതിരെ ഫലപ്രദമായ സാർവത്രിക കോവിഡ് വൈറസ് വാക്‌സിൻ എന്ന സാധ്യതകളിലേക്കാണ് പഠനം വിരൽചൂണ്ടുന്നത്.

മനുഷ്യരിൽ രോഗങ്ങൾ പരത്തുന്നത് മൂന്ന് കുടുംബങ്ങളിൽപ്പെട്ട കോവിഡ് വൈറസുകളാണ് ഗവേഷകർ പറയുന്നു. ഇതിൽ ആദ്യത്തേത് സാർസ്‌കോവ്-1, സാർസ്‌കോവ്-2 വകഭേദങ്ങൾ ഉൾപ്പെട്ട സാർബെകോവൈറസ് കുടുംബമാണ്. 2003 ലെ സാർസ് വ്യാപനത്തിനും 2019 ലെ കോവിഡ് മഹാമാരിക്കും കാരണമായത് ഈ രണ്ട് വൈറസ് വകഭേദങ്ങളാണ്. രണ്ടാമത്തെ കുടുംബം ജലദോഷപ്പനി പരത്തുന്ന എംബെകോവൈറസ്( ഒസി43 ) ആണ്. 2012 ൽ ആദ്യം റിപ്പോർട്ട് ചെയ്യപ്പെട്ട മിഡിൽ ഈസ്റ്റ് റെസ്പിറേറ്ററി സിൻഡ്രോം(മെർസ്) പരത്തുന്ന മെർബെകോവൈറസ് ആണ് മൂന്നാമത്തെ കൊറോണ വൈറസ് കുടുംബം. സാർസ് കോവ്-2 വൈറസിനെതിരെ വാക്‌സിൻ എടുത്തവരുടെ രക്തത്തിൽ സാർസ്‌കോവ്-1 നും ഒസി 43 യ്ക്കും എതിരെ പ്രവർത്തിക്കാൻ സാധിക്കുന്ന ആന്റിബോഡികളുടെ സാന്നിദ്ധ്യം ഗവേഷകർ കണ്ടെത്തി. സാർസ്‌കോവ്-1 വാക്‌സിൻ കുത്തിവയ്‌പ്പെടുത്ത എലികൾക്ക് സാർസ്‌കോവ്-2നെതിരായി സംരക്ഷണം ലഭിക്കുന്നതായും ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. മുൻപ് കൊറോണ വൈറസ് ബാധിതരായവർക്ക് മറ്റ് കൊറോണ വൈറസ് കുടുംബങ്ങൾ മൂലമുണ്ടാകുന്ന അണുബാധയ്‌ക്കെതിരെ സംരക്ഷണം ലഭിക്കുന്നതായി ഗവേഷണത്തിൽ തെളിഞ്ഞുവെന്നും ഗവേഷകർ വ്യക്തമാക്കി.

കോവിഡ്-19 വാക്‌സിൻ എടുത്ത എലികളെ ജലദോഷ പനി പരത്തുന്ന എച്ച്‌സിഒവി-ഒസി43 കൊറോണ വൈറസിന് വിധേയരാക്കിയപ്പോൾ ഭാഗികമായ സംരക്ഷണം മാത്രമേ അവർക്ക് ലഭിച്ചുള്ളൂവെന്നും ഗവേഷകർ കണ്ടെത്തി. സാർസ് കോവ്-1, സാർസ്‌കോവ്-2 വൈറസുകൾ തമ്മിലുള്ള ജനിതകപരമായ സാദൃശ്യം സാർബെകോവൈറസും എംബെകോവൈറസും തമ്മിൽ ഇല്ലാത്തത് കാരണമാണ് ഇങ്ങനെ സംഭവിക്കുന്നതെന്നും പഠനത്തിൽ പറയുന്നു. കൊറോണ വൈറസുകൾ 70 ശതമാനത്തിലധികം സമാനതകൾ ഉള്ളവരായിരിക്കുമ്പോൾ ലഭിക്കുന്ന അത്ര ശക്തമായ സംരക്ഷണം വ്യത്യസ്ത കുടുംബത്തിൽപ്പെട്ട കൊറോണ വൈറസിനെതിരെ വാക്‌സിനുകൾ നൽകിയേക്കില്ലെന്നും പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു.

death

മഴക്കെടുതിയിൽ സംസ്ഥാനത്ത് 27 മരണം റിപ്പോർട്ട് ചെയ്തു. കോട്ടയത്ത് 14, ഇടുക്കി 10, തിരുവനന്തപുരം ഒന്ന്, തൃശൂർ ഒന്ന്, കോഴിക്കോട് ഒന്ന് മരണമാണ് റിപ്പോർട്ട് ചെയ്തത്. കോട്ടയം കാഞ്ഞിരപ്പള്ളി കൂട്ടിക്കൽ പ്ളാപ്പള്ളിയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ 13 പേരുടെ മൃതദേഹം കണ്ടെടുത്തു. ഇതിൽ ഒരാൾ ഇടുക്കി സ്വദേശിയാണ്. ഏറ്റുമാനൂർ സ്വദേശിയായ സൈനികൾ ജോൺസൻ സെബാസ്റ്റിയൻ (35 വയസ്) ഏറ്റുമാനൂർ ചെറുവണ്ടൂർ പാടശേഖരത്തിലെ വെള്ളക്കെട്ടിൽ മുങ്ങി മരിച്ചു.

ഇടുക്കി പീരുമേട് കൊക്കയാറിൽ ഉണ്ടായ ഉരുൾ പൊട്ടലിൽ നാലു വീടുകൾ പൂർണമായി ഒലിച്ചുപോയി. അഞ്ച് കുട്ടികളും രണ്ടു മുതിർന്നവരും ഉൾപ്പെടെ ഏഴു പേരാണ് മരണമടഞ്ഞത്. ഇടുക്കിയിൽ ഒഴുക്കിൽപെട്ട് കാണാതായ ആൻസിയെ (52) കണ്ടെത്താനുള്ള തിരച്ചിൽ തുടരുന്നു.

തിരുവനന്തപുരം കല്ലാറിൽ അഭിലാഷ് (23) മുങ്ങിമരിച്ചതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തിരുവനന്തപുരം താലൂക്കിൽ ജാർഖണ്ഡ് സ്വദേശിയെ ആമയിഴനുാൻ തോടിൽ കാണാതായിട്ടുണ്ട്. തൃശൂർ ജില്ലയിൽ തലപ്പിള്ളി തെക്കുംകര ജോസഫിനെ (72 വയസ്) വീടിനടുത്തുള്ള തോട്ടിൽ വീണ് മരണമടഞ്ഞു.

സംസ്ഥാനത്ത് 247 ദുരിതാശ്വാസ ക്യാമ്പുകളിലായി 2619 കുടുംബങ്ങളെ താമസിപ്പിച്ചിട്ടുണ്ട്. 9422 പേരാണ് ക്യാമ്പുകളിൽ ആകെയുള്ളത്. ഇടുക്കി ഡാം ചൊവ്വാഴ്ച രാവിലെ 11ന് തുറക്കുമെന്ന് അറിയിച്ചിട്ടുണ്ട്. പമ്പ, ഇടമലയാർ ഡാമുകളും നാളെ തുറക്കും. പത്തനംതിട്ട ജില്ലയിൽ കക്കി ആനത്തോട് ഡാമിന്റെ ഷട്ടറുകൾ തുറന്നു. മൂഴിയാർ, മണിയാർ ഡാമുകളും തുറന്നിട്ടുണ്ട്. തൃശൂർ ജില്ലയിലെ പീച്ചി, ചിമ്മിനി, പൂമല, അസുരൻകുണ്ട്, പത്താഴക്കുണ്ട്, വാഴാനി ഡാമുകൾ തുറന്നിട്ടുണ്ട്. പാലക്കാട് ജില്ലയിൽ ചുള്ളിയാർ ഡാം, മംഗലം, മലമ്പുഴ, കാഞ്ഞിരപ്പുഴ, ശിരുവാണി ഡാമുകൾ തുറന്നിട്ടുണ്ട്. നദീതീരമേഖലകളിൽ ജാഗ്രതാ നിർദ്ദേശം നൽകി.

pinarayi

വെള്ളം തുറന്നു വിടാൻ തീരുമാനിച്ച ഡാമുകൾക്ക് ചുറ്റുമുള്ള പ്രദേശങ്ങളിലെ ജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർത്ഥിച്ചു. അണക്കെട്ടുകളിലെ ജലനിരപ്പ് നിരീക്ഷിക്കുന്നതിന് സർക്കാർ നിയോഗിച്ച കമ്മിറ്റി തീരുമാനപ്രകാരമാണ് മൂന്ന് ഡാമുകളിലെ വെള്ളം തുറന്നു വിടുന്നത്.

ഡാമുകൾ തുറക്കുമ്പോൾ വേണ്ട ജാഗ്രത നിർദേശം എല്ലായിടത്തും നൽകിയിട്ടുണ്ട്. ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാനുള്ള നടപടി പുരോഗമിക്കുകയാണ്. അധികൃതർ നൽകുന്ന നിർദേശങ്ങൾ അനുസരിക്കാനും അതീവ ജാഗ്രത പാലിക്കാനും എല്ലാവരും തയ്യാറാവണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. സംസ്ഥാനത്ത് ഇപ്പോൾ 240 ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ട്. അവയിൽ 2541 കുടുംബങ്ങളിലെ 9081 പേരാണുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ശ്രീനഗർ: കശ്മീരിലെ വിവിധയിടങ്ങളിൽ മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ താൽകാലികമായി നിർത്തലാക്കി അധികൃതർ. ശ്രീനഗറിലെ അഞ്ചാർ, ഈദ്ഗാഹ്, ഖമർവാരി, സൗറ, എംആർ ഗങ്, നൗഹത്ത, സഫകടൽ, ബാഗ്യാസ്, കുൽഗാമിലെ വാപോഹ്, ഖൈമ, പുൽവാമയിലെ ലിറ്റർ എന്നിവിടങ്ങളിലാണ് ഇന്റർനെറ്റ് സേവനങ്ങൾ നിർത്തലാക്കിയത്. മുൻകരുതൽ നടപടികളുടെ ഭാഗമായാണ് തീരുമാനം.

ജമ്മു കശ്മീരിൽ സമീപകാലത്തുണ്ടായ അക്രമങ്ങൾ കണക്കിലെടുത്താണ് നടപടി. കഴിഞ്ഞ രണ്ടാഴ്ച്ചക്കിടെ ഇതര സംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെ 11 നാട്ടുകാരാണ് കശ്മീരിലെ വിവിധ പ്രദേശങ്ങളിലായി ഭീകരർ കൊലപ്പെടുത്തിയത്. കശ്മീരിൽ അതീവ ജാഗ്രതാ നിർദ്ദേശമാണ് അധികൃതർ പുറപ്പെടുവിച്ചിരിക്കുന്നത്.

രണ്ടാഴ്ച്ചക്കിടെ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഒമ്പതിലധികം തവണയാണ് ഏറ്റുമുട്ടിയത്. 13 ഭീകരവാദികളെ ഏറ്റമുട്ടലിൽ വധിക്കുകയും ചെയ്തു. അതേസമയം സംഘർഷത്തിനിടെ മലയാളി ഉൾപ്പെടെയുള്ള 9 സൈനികർ വീരമൃത്യു വരിച്ചു.

കാസർകോട്: വരും ദിവസങ്ങളിൽ മഴ ശക്തമാകുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ അതീവ ജാഗ്രത തുടർന്ന് സംസ്ഥാനം. വടക്കൻ കേരളത്തിലാകെ തെളിഞ്ഞ കാലാവസ്ഥയാണ് അനുഭവപ്പെടുന്നതെങ്കിലും ജാഗ്രത തുടരാനാണ് അധികൃതരുടെ തീരുമാനം. പാലക്കാട് മലമ്പുഴ ഉൾപ്പടെ വടക്കൻ കേരളത്തിലെ ആറ് ഡാമുകളുടെ ഷട്ടറുകൾ ഉയർത്തിയ നിലയിലാണ്. പാലക്കാട് ജില്ലയിൽ നിലവിൽ ഒരു ദുരിതാശ്വാസ ക്യാമ്പാണ് പ്രവർത്തിക്കുന്നത്. കോഴിക്കോട് താലൂക്ക് അടിസ്ഥാനത്തിൽ കൺട്രോൾ റൂം തുറങ്ങിയിട്ടുണ്ട്. ജില്ലയിൽ ഫയർഫോഴ്‌സിന്റെ ഒൻപത് യൂണിറ്റുകളും സജ്ജമാണ്. ആവശ്യമെങ്കിൽ സൈന്യത്തിന്റെ സേവനവും തേടും. വയനാട്ടിൽ ഉരുൾപൊട്ടൽ സാധ്യതാ മേഖലയിൽ പ്രത്യേക ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. വയനാട്ടിൽ സൈന്യം ക്യാമ്പ് ചെയ്യുന്നുണ്ട്.

അതേസമയം നിലവിൽ അണക്കെട്ടുകൾ നദികൾ എന്നിവയിലെ വെള്ളത്തിന്റെ നിരപ്പ് നിലവിൽ അപകടാവസ്ഥയിലല്ല. ബാണാസുര, കാരാപ്പുഴ ഡാമുകളിൽ ജലനിരപ്പ് സാധാരണ അവസ്ഥയിലാണ്. മഴ മുന്നറിയിപ്പിനെ തുടർന്ന് പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളെല്ലാം അടച്ചു. കണ്ണൂരിൽ മലയോര മേഖയിലുള്ളവർക്കും പുഴയോരത്തുള്ളവർക്കും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.

ദേശീയ ദുരന്ത നിവാരണ സേനയുടെ ഒരു സംഘം കണ്ണൂരിൽ ക്യാമ്പ് ചെയ്യുന്നുണ്ട്. മലപ്പുറത്ത് മൂന്ന് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. കാസർകോടും കനത്ത ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. വടക്കൻ ജില്ലകളിൽ ആവശ്യമെങ്കിൽ കൂടുതൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കാൻ സൗകര്യം ഒരുക്കിയിട്ടുണ്ട്.