ജറുസലേം: ഇന്ത്യയിലെയും ഇസ്രായേലിലെയും ജനസമൂഹങ്ങൾ തമ്മിൽ പൊക്കിൾക്കൊടി ബന്ധമാണുള്ളതെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. ജറുസലേമിൽ ഇന്ത്യൻ ജൂതസമൂഹത്തെ അഭിസംബോധന ചെയ്യവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. എണ്ണൂറ് കൊല്ലമായി ഇരുരാജ്യങ്ങളും തമ്മിലുള്ള ഹൃദയ ബന്ധത്തെ കുറിച്ചും അദ്ദേഹം സൂചിപ്പിച്ചു. കൊച്ചിയിലെ ജൂതപാരമ്പര്യത്തെ കുറിച്ചും അദ്ദേഹം സംസാരിച്ചു.
ഇരുരാജ്യങ്ങളും തമ്മിലുള്ള പൊക്കിൾക്കൊടി ബന്ധമാണ് നൂറ്റാണ്ടുകൾ നീണ്ട സാഹോദര്യത്തെ ഇടമുറിയാതെ നിർത്തുന്നത്. മാലിദ അനുഷ്ഠാനങ്ങളും മംഗളസൂത്രവും മെഹന്തിയും മുല്ലമാലകൾ കൊണ്ട് തോറകൾ അലങ്കരിക്കുന്നതും കൊച്ചിയിലെ ജൂതസമൂഹവുമെല്ലാം ഇസ്രയേലും ഇന്ത്യയും തമ്മിലുള്ള സാംസ്‌കാരിക ഐക്യത്തിന്റെ അടയാളങ്ങളാണ്. ജറുസലേമുമായുള്ള ഇന്ത്യയുടെ ബന്ധം 800 വർഷം പഴക്കമുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.
സൂഫി സംന്യാസിമാരിൽ ഒരാളായ ബാബ ഫരീദ്, ജറുസലേമിലെ നഗര മതിലുകൾക്കുള്ളിലെ ഒരു ഗുഹയിൽ ധ്യാനിച്ചു. ഈ സ്ഥലം പിന്നീട് ഒരു ആരാധനാലയവും തീർത്ഥാടന കേന്ദ്രവുമായി മാറി. സിനഗോഗിൽ പ്രവേശിക്കുന്നതിനു മുമ്പ് ചെരിപ്പ് അഴിച്ചുവയ്ക്കുന്ന ഭാരതീയശൈലി ഇസ്രയേലി ജനത സ്വീകരിച്ചുവെന്നും ഓണം, ഹോളി, ദീപാവലി തുടങ്ങിയ ഉത്സവങ്ങളൊക്കെ ഇസ്രയേലും ആഘോഷിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഭാരതത്തിന്റെ രാഷ്ട്ര നിർമ്മാണ പ്രക്രിയയിൽ ഇന്ത്യൻ ജൂതന്മാരുടെ സംഭാവനകൾ വളരെ വലുതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജറുസലേമിലെ താൽപിയോട്ടിൽ, ഒന്നാം ലോകമഹായുദ്ധത്തിൽ ബലിദാനികളായ ഇന്ത്യൻ സൈനികരുടെ സ്മൃതികുടീരത്തിൽ അദ്ദേഹം പുഷ്പചക്രം അർപ്പിച്ചു.

