സ്‌കൂൾ വിദ്യാർത്ഥികൾക്ക് ഹോമിയോപ്പതി ഇമ്യൂണിറ്റി ബൂസ്റ്റർ മരുന്ന്; പരസ്പരം പോരടിച്ച് ഹോമിയോ – മോഡേൺ മെഡിസിൻ ഡോക്ടർമാർ

തിരുവനന്തപുരം: സ്‌കൂൾ വിദ്യാർത്ഥികൾക്ക് ഹോമിയോപ്പതി ഇമ്യൂണിറ്റി ബൂസ്റ്റർ മരുന്ന് വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഹോമിയോ – മോഡേൺ മെഡിസിൻ ഡോക്ടർമാരുടെ പോര് കടുക്കുന്നു. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിന്റെ തീരുമാനത്തിനെതിരെ മോഡേൺ മെഡിസിൻ ഡോക്ടർമാർ കോടതിയെ സമീപിച്ചിരിക്കുകയാണ്. ഹോമിയോ പ്രതിരോധ മരുന്നിനെതിരെ ശിശുരോഗ വിദഗ്ധരുടെ സംഘടനയും രംഗത്തെത്തിയിട്ടുണ്ട്. യാതൊരു വിധ ശാസ്ത്രീയ പിന്തുണയുമില്ലാത്ത മരുന്ന് കുട്ടികളുടെ മേൽ അടിച്ചേൽപ്പിക്കുകയാണെന്നാണ് പ്രധാനമായും ഉയരുന്ന ആരോപണം. അതേസമയം ഈ ആരോപണങ്ങളെല്ലാം ഹോമിയോക്കെതിരായ കുപ്രചാരണങ്ങളാണെന്നും മരുന്ന് സുരക്ഷിതമാണെന്നുമെന്നുമാണ് ഹോമിയോ ഡോക്ടർമാർ പറയുന്നത്.

ആർസെനികം ആൽബം എന്ന മരുന്ന് കോവിഡിനെിതിരെ ഫലപ്രദമാണെന്ന് ഇത് വരെ തെളിയിക്കപ്പെടാത്തതാണെന്നാണ് മോഡേൺ മെഡിസിൻ ഡോക്ടർമാർ പറയുന്നത്. കുട്ടികളെ കോവിഡ് സാരമായി ബാധിക്കില്ലെന്നാണ് ഇത് വരെയുള്ള പഠനങ്ങൾ സൂചിപ്പിക്കുന്നത്. അതിനാൽ കുട്ടികളെ കോവിഡ് പ്രതിരോധ ശീലങ്ങൾ പഠിപ്പിക്കുകയാണ് വേണ്ടതെന്നും ഇത്തരം മരുന്നുകൾ നൽകുകയല്ല വേണ്ടതെന്നും ഐഎംഎയും വ്യക്തമാക്കുന്നുണ്ട്.

ഹോമിയോ മരുന്നിൽ ആർസെനിക് സാന്നിദ്ധ്യമുണ്ടെന്നും ഇത് ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും മോഡേൺ മെഡിസിൻ ഡോക്ടമാർ ആരോപിക്കുന്നു. സ്വകാര്യ ലാബിൽ നടത്തിയ പരിശോധനാ റിപ്പോർട്ടാണ് ഇതിന് തെളിവായി കാണിക്കുന്നത്. ഇത് വരെ ഒരാളിൽ പോലും പരീക്ഷിച്ച് ഗുണനിലവാരം ഉറപ്പിക്കാത്ത മരുന്നാണ് ആർസനികം ആൽബുമമെന്നും സ്‌കൂൾ വിദ്യാർത്ഥികൾക്ക് ഒരു കാരണവശാലും ഈ മരുന്ന് നൽകരുതെന്നും മോഡേൺ മെഡിസിൻ ഡോക്ടർമാർ ആവശ്യപ്പെടുന്നു.

മരുന്ന് പരീക്ഷിച്ചിട്ടുണ്ടെന്നും ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്നുമാണ് ഹോമിയോ ഡോക്ടർമാർ പറയുന്നത്. ഏതെങ്കിലും സ്വകാര്യ ലാബിൽ നടത്തിയ പരിശോധന റിപ്പോർട്ട് വിശ്വാസയോഗ്യമല്ല. ആർസനിക് ആൽബം സുരക്ഷിതമാണ്. വർഷങ്ങളായി ഉപയോഗിക്കുന്ന മരുന്നാണിത്. അത് കുട്ടികൾക്ക് കൊടുക്കുന്നത് കൊണ്ട് യാതൊരു ദോഷവുമില്ല. ഹോമിയോയ്ക്ക് എതിരായ കുപ്രചരണം മാത്രമാണ് ഐഎംഎ ഉൾപ്പെടെ നടത്തുന്നതെന്നും ഹോമിയോ ഡോക്ടർമാർ അറിയിച്ചു.

കോവിഡ് ലക്ഷണങ്ങളായ പനിയ്ക്കും ചുമയ്ക്കുമെല്ലാം നൽകുന്ന മരുന്നാണാണിത്. രോഗ തീവ്ര അനുസരിച്ച് മരുന്ന് മാറ്റി നൽകുകയാണ് ചെയ്യുന്നത്. സിസിആർഎച്ച് 6,25,000 പേരിൽ പഠനം നടത്തിയിട്ടുണ്ട്. മരുന്ന് 99.3 ശതമാനം ഫലപ്രദമാമെന്ന് കണ്ടെത്തിയെന്നും ഹോമിയോ ഡോക്ടർ വ്യക്തമാക്കി.