General (Page 1,346)

കോട്ടയം: സഭാ തർക്കത്തിൽ ഹിത പരിശോധന നടത്തണമെന്ന് നിയമ പരിഷ്‌കരണ കമ്മിഷൻ അധ്യക്ഷൻ ജസ്റ്റിസ് കെ.ടി. തോമസ്. ഓർത്തഡോക്‌സ് യാക്കോബായ തർക്കമുണ്ടാകുന്ന പള്ളികളിൽ ഹിതപരിശോധന നടത്തണമെന്നാണ് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്. തർക്കമുണ്ടാകുന്ന പള്ളികളിൽ റഫറണ്ടം നടത്തണമെന്ന നിർദേശമടങ്ങിയ റിപ്പോർട്ട് സർക്കാരിന് കൈമാറിയെന്നും അദ്ദേഹം അറിയിച്ചു. സുപ്രീം കോടതി വിധിക്കു ശേഷം ശാശ്വതമായ സമാധാനം ഉണ്ടാകാത്തതിനാലാണു നിയമ നിർമാണം വേണ്ടി വരുന്നതെന്നും നിയമം സർക്കാർ നടപ്പാക്കിയാൽ സംഘർഷങ്ങൾ ഇല്ലാതാകുമെന്നുംഅദ്ദേഹം അഭിപ്രായപ്പെട്ടു.

തർക്കമുണ്ടാകുന്ന പള്ളിയിലെ അംഗങ്ങളിൽ പ്രായപൂർത്തിയായവർക്ക് വോട്ടവകാശം നൽകി അതിലൂടെ പള്ളിയുടെ ഉടമവസ്ഥാവകാശം തീരുമാനിക്കുന്ന രീതിയാണ് സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിൽ നിർദേശിച്ചിരിക്കുന്നത്. മുൻ മാതൃകകളില്ലാതെ വളരെ ശ്രമകരമായാണു റിപ്പോർട്ട് തയാറാക്കിയത്. നിയമം സുപ്രിം കോടതി വിധിയുടെ ലംഘനമല്ല നിയമം. വിധി ശാശ്വത സമാധാനം കൊണ്ടുവന്നില്ല. സുപ്രിം കോടതി വിധി തെറ്റ് എന്നല്ല പൂർണമാകണം എന്നാണ് അഭിപ്രായംമെന്നും ഇന്ത്യൻ ജുഡീഷ്യൽ സിസ്റ്റത്തിൽ പുനഃപരിശോധന എപ്പോഴുമുണ്ടെന്നും അദ്ദേഹം വിശദമാക്കി. മാറ്റങ്ങൾ അനുസരിച്ച് വിധികളിലും മാറ്റങ്ങൾ ഉണ്ടാകും. ഭരണഘടനാ ലംഘനം ഉണ്ടോയെന്നു പരിശോധിക്കേണ്ടതു കോടതികളുടെ കടമയാണെന്നും സർക്കാർ നിയമം നടപ്പാക്കുമെന്നു കരുതുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം ഒത്തുതീർപ്പു ചർച്ചകളുമായി നിയമത്തിനു ബന്ധമില്ല. ബിൽ നിയമ മന്ത്രിക്കു കൈമാറിയിട്ടുണ്ട്. സെമിത്തേരി ബിൽ സർക്കാർ നടപ്പാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളിൽ ശാശ്വതമായ ഒരു പരിഹാരം സെമിത്തേരി ബിൽ വഴി ഉണ്ടായി. തർക്കമുണ്ടെങ്കിൽ മാത്രം റഫറണ്ടം അടക്കമുള്ള നിയമ നടപടികളിലേക്ക് കടന്നാൽ മതി. അല്ലെങ്കിൽ നിലവിലുള്ള സംവിധാനം തുടരാം. ചർച്ച് ആക്ട് സംബന്ധിച്ച റിപ്പോർട്ടും സർക്കാരിന് കൈമാറിയിട്ടുണ്ട്. എല്ലാ സമുദായങ്ങൾക്കും ഭരണഘടന അടിസ്ഥാനത്തിൽ ഇന്ത്യയിൽ നിയമങ്ങളുണ്ട്. ക്രിസ്ത്യൻ സമുദായത്തിനു മാത്രമില്ല. പള്ളിയുടെയും സഭയുടെയും വസ്തുവകകളും സമ്പത്തും സുതാര്യവും ഉത്തരവാദിത്തമുള്ളതുമാകണം എന്നതാണ് ചർച്ച് ആക്ടിന്റെ കാതൽ. അത് ഒരു സഭയ്ക്കും എതിരല്ല. വിമർശനങ്ങൾ ചർച്ച് ആക്ട് വായിക്കാതെയുണ്ടാകുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ബസ്സുകൾ അനിശ്ചിത കാലത്തേക്ക് സർവ്വീസ് നിർത്തിവെയ്ക്കുന്നു. നവംബർ 9 മുതലാണ് സർവ്വീസുകൾ നിർത്തിവെയ്ക്കുന്നത്. ബസ് ഓണേഴ്‌സ് കോർഡിനേഷൻ കമ്മറ്റി ഗതാഗത മന്ത്രിക്ക് സമരത്തിന് നോട്ടീസ് നൽകി കഴിഞ്ഞു. ഇന്ധന വില വർദ്ധിക്കുന്ന സാഹചര്യത്തിൽ യാത്രാനിരക്ക് വർദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് സ്വകാര്യ ബസുടമകൾ സമരം ചെയ്യാനൊരുങ്ങുന്നത്. ബസ് ചാർജ് 12 രൂപയാക്കണമെന്നാണ് സ്വകാര്യ ബസുടമകൾ മുന്നോട്ട് വെയ്ക്കുന്ന ആവശ്യം. നവംബർ 9 മുതൽ അനിശ്ചിത കാലത്തേക്ക് സർവ്വീസുകൾ നിർത്തിവെയ്ക്കാനാണ് ഉടമകളുടെ തീരുമാനം.

വിദ്യാർത്ഥികളുടെ മിനിമം ചാർജ്ജ് 6 രൂപയാക്കണം, കി.മീ. 1 രൂപയായി വർദ്ധിപ്പിക്കണം, തുടർന്നുള്ള ചാർജ് യാത്ര നിരക്കിന്റെ 50 ശതമാനമാക്കണം എന്നിവയാണ് ബസുടമകൾ മുന്നോട്ട് വെയ്ക്കുന്ന മറ്റ് ആവശ്യങ്ങൾ. ബസ്സുടമ സംയുക്ത സമിതിയാണ് സമരം പ്രഖ്യാപിച്ചത്. കോവിഡ് കാലം കഴിയുന്നത് വരെ വാഹന നികുതി ഒഴിവാക്കണമെന്നും ബസ്സുടമകളുടെ സംയുക്ത സമിതി ആവശ്യപ്പെട്ടു. ബസ് ഉടമകളുടെ ആവശ്യം ന്യായമാണെന്നായിരുന്നു നേരത്തെ ഗതാതഗമന്ത്രി വ്യക്തമാക്കിയിരുന്നത്.

എന്നാൽ കോവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ചാർജ്ജ് വർധന എന്ന ആവശ്യം എത്രത്തോളം നടപ്പാക്കാൻ കഴിയുമെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. 2018 ൽ ഡീസലിന് 62 രൂപയുള്ളപ്പോഴുള്ള നിരക്കാണ് ഇപ്പോഴും തുടരുന്നതെന്നാണ് ബസ്സുടമകൾ വ്യക്തമാക്കുന്നത്.

കാബൂൾ: കാബൂളിലെ സൈനിക ആശുപത്രിയിൽ സ്‌ഫോടനം. 19 പേർ സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോർട്ട്. 50 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ബോംബുമായി എത്തിയ ചാവേർ ആശുപത്രിയുടെ പ്രവേശന കവാടത്തിൽ വെച്ച് പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇതിനു പിന്നാലെ ഒരു സംഘം അക്രമികൾ ആയുധങ്ങളുമായി ആശുപത്രിയിലേക്ക് ഇടിച്ചു കയറി ആക്രമണവും നടത്തി.

അഫ്ഗാന്റെ നിയന്ത്രണം താലിബാൻ പിടിച്ചടക്കിയതിന് പിന്നാലെ നിരവധി സ്‌ഫോടനങ്ങൾക്കും ആക്രമണങ്ങൾക്കുമാണ് രാജ്യം സാക്ഷ്യം വഹിച്ചത്. സൈനിക ആശുപത്രിയിൽ നടന്ന ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഇതുവരെ ആരും രംഗത്തെത്തിയിട്ടില്ല. അതേസമയം, ആശുപത്രിയെ ലക്ഷ്യമിട്ട് രണ്ട് സ്‌ഫോടനങ്ങൾ നടന്നുവെന്നാണ് എഎഫ്പി റിപ്പോർട്ട് ചെയ്യുന്നത്. ആദ്യ സ്‌ഫോടനം നടന്ന് അര മണിക്കൂറിനു ശേഷം വീണ്ടും സ്ഥോടന ശബ്ദം കേട്ടെന്നാണ് വിവരം.

ആശുപത്രിയിലെ ആദ്യ ചെക്ക് പോയിന്റിൽ നിന്ന് വലിയ ശബ്ദം കേട്ടെന്നും തുടർന്ന് സുരക്ഷാമുറികളിലേയ്ക്ക് മാറാൻ നിർദേശം ലഭിക്കുകയായിരുന്നുവെന്നും ആക്രമണം നടന്ന സർദാർ മുഹമ്മദ് ദാവൂദ് ഖാൻ ആശുപത്രിയിലെ ഡോക്ടർ വെളിപ്പെടുത്തി. ആശുപത്രിയ്ക്കുള്ളിൽ നിന്ന് ഇപ്പോഴും വെടിയൊച്ചകൾ കേൾക്കാമെന്നും അക്രമികൾ ആശുപത്രി വിട്ടു പോയിട്ടില്ലെന്നാണ് മനസ്സിലാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ന്യൂഡൽഹി: ഇസ്രയേൽ പ്രധാനമന്ത്രി നഫ്താലി ബെനറ്റുമായി കൂടിക്കാഴ്ച്ച നടത്തി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗ്ലാസ്‌കോയിൽ നടക്കുന്ന സിഒപി 26 കാലാവസ്ഥ ഉച്ചകോടിയിൽ വെച്ചായിരുന്നു കൂടിക്കാഴ്ച്ച. കൂടിക്കാഴ്ച്ചയിലെ വീഡിയോ ദൃശ്യങ്ങൾ ഇതിനോടകം സാമൂഹ്യ മാദ്ധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു. നിങ്ങൾ ഇസ്രയേലിൽ വളരെ പ്രശസ്തനാണെന്നും തന്റെ പാർട്ടിയിൽ ചേരാമോയെന്നും നഫ്താലി ബെനറ്റ് നരേന്ദ്ര മോദിയോട് ചോദിക്കുന്ന വീഡിയോയാണ് സാമൂഹ്യ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്.

ചിരിയോടെ നഫ്താലി ബെനറ്റിന്റെ സംഭാഷണം കേട്ടു നിൽക്കുന്ന നരേന്ദ്ര മോദിയെയാണ് വീഡിയോയിൽ കാണാൻ കഴിയുന്നത്. പ്രധാനമന്ത്രിയ്ക്ക് അദ്ദേഹം നന്ദിയും അറിയിച്ചു. താങ്കളോട് നന്ദി പറയുന്നു, താങ്കളാണ് ഇന്ത്യ ഇസ്രയേൽ ബന്ധം വീണ്ടും നല്ല രീതിയിലാക്കിയതെന്നും ഇസ്രായേൽ പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യ ഇസ്രയേൽ ബന്ധം വളരെ മനോഹരമായ രണ്ട് സംസ്‌കാരങ്ങളായ ഇന്ത്യൻ സംസ്‌കാരവും, ജൂത സംസ്‌കാരവും തമ്മിലുള്ള ഹൃദയകൊണ്ടുള്ള ബന്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇത് താൽപ്പര്യങ്ങൾക്ക് പുറത്തുള്ളതല്ല. താങ്കളുടെ ഇസ്രയേലുമായുള്ള ബന്ധത്തിലെ ദൃഢവിശ്വാസവും, കരുതലും ഞങ്ങളുടെ രാജ്യത്തിന് മനസിലാകും. അതിനാൽ തന്നെ ഇപ്പോൾ ആരംഭിച്ച ഈ പുതിയ ബന്ധത്തിന് എല്ലാ നന്ദിയും ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി മോദിക്കും ഇന്ത്യക്കാർക്കും ദീപാവലി ആശംസകൾ നേരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

ഇസ്രയേലുമായുള്ള ബന്ധത്തിൽ ഇന്ത്യ ഏറെ മൂല്യം നൽകുന്നുണ്ടെന്ന് പ്രധാനമന്ത്രി മോദിയും അറിയിച്ചു. അതേസമയം അടുത്ത വർഷം ഇസ്രയേൽ പ്രധാനമന്ത്രി ഇന്ത്യ സന്ദർശിക്കാനുള്ള സാധ്യതയുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.

ലിസ്ബൻ: ഫേസ്ബുക്ക് സിഇഒ മാർക് സക്കർബർഗിനെതിരെ രൂക്ഷവിമർശനവുമായി മുൻ ജീവനക്കാരി ഫ്രാൻസസ് ഹോഗൻ. ഫേസ്ബുക്കിന്റെ റീബ്രാൻഡിനെതിരെയും ഫ്രാൻസിസ് ഹോഗൻ രൂക്ഷ വിമർശനം ഉന്നയിച്ചു. സുരക്ഷാ പ്രശ്‌നങ്ങൾ പരിഹരിക്കാതെ റീബ്രാൻഡിങ് നടത്തിയിട്ടു കാര്യമില്ലെന്നാണ് ഹോഗന്റെ അഭിപ്രായം. ഫേസ്ബുക്കിന്റെ ആഭ്യന്തര പ്രവർത്തനരീതിയെക്കുറിച്ചുള്ള റിപ്പോർട്ടു പുറത്തുവിട്ടതിനുശേഷം വിസിൽ ബ്ലോവറായ ഹോഗൻ നടത്തുന്ന ആദ്യ പ്രതികരണമാണിത്. പോർച്ചുഗൽ തലസ്ഥാനമായ ലിസ്ബനിൽ നടന്ന വെബ് ഉച്ചകോടിയിലായിരുന്നു ഹോഗന്റെ പരാമർശം.

മാർക്ക് സക്കർബർഗ് രാജിവയ്ക്കുന്നതാണ് കമ്പനിക്കു നല്ലത്. സക്കർബർഗ് സിഇഒയായി ഇരിക്കുന്നിടത്തോളം കമ്പനി ഈ രീതിയിൽ തന്നെയായിരിക്കും പ്രവർത്തിക്കുക. സുരക്ഷയെക്കുറിച്ച് കൂടുതൽ ധാരണയുള്ള ഒരാൾ തലപ്പത്തേയ്ക്ക് എത്തിയാൽ കമ്പനിക്ക് ഗുണമാകുമെന്നും ഹോഗൻ അഭിപ്രായപ്പെട്ടു.

ഫേസ്ബുക്കിന്റെ മാതൃകമ്പനിയുടെ പേര് കഴിഞ്ഞയാഴ്ചയാണ് ‘മെറ്റ’ എന്നാക്കിയത്. ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്‌സാപ് തുടങ്ങിയ ആപ്പുകളുടെ പേരുകൾ മാറില്ല. എന്നാൽ ഇവ ഇനി മെറ്റ എന്ന കമ്പനിയുടെ കീഴിലായിരിക്കും പ്രവർത്തിക്കുന്നത്.

തിരുവനന്തപുരം: നടൻ ജോജു ജോർജിന്റെ വാഹനം അടിച്ചു തകർത്ത വിഷയവുമായി ബന്ധപ്പെട്ട് നിയമസഭയിൽ ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ വാഗ്വാദം. എങ്ങനെ സമരം നടത്തണമെന്ന് തങ്ങളെ ആരും പഠിപ്പിക്കേണ്ടെന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ സഭയിൽ വ്യക്തമാക്കിയത്. ജോജു ജോർജിന് നേരെ കോൺഗ്രസ് അക്രമം നടത്തിയതിനെ കുറിച്ച് ധനമന്ത്രിയിൽ സഭയിൽ ചോദ്യം ഉന്നയിച്ചപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ജോജുവിനെ മർദ്ദിച്ചിട്ടില്ലെന്നും അദ്ദേഹം മദ്യപിച്ചിട്ടുണ്ടെന്ന് ആദ്യം പറഞ്ഞത് പൊലീസാണെന്നും വി ഡി സതീശൻ വ്യക്തമാക്കി.

കൊച്ചിയിൽ കോൺഗ്രസ് നടത്തിയ സമരം എന്തിനാണെന്ന് ജനം വിലയിരുത്തട്ടെ. സിപിഎമ്മിന്റെ സമരത്തിലേക്കാണ് ജോജു വന്നതെങ്കിൽ അനുശോചനം നടത്തേണ്ടി വന്നേനെയെന്നും.അദ്ദേഹം പറഞ്ഞു. ഇന്ധനവില കൂട്ടുമ്പോഴുള്ള അധിക വരുമാനം സബ്സിഡിയായി നൽകണമെന്നും മീൻപിടിത്ത ബോട്ടുകൾ, ഓട്ടോ, ടാക്സി എന്നിവയ്ക്കും ഇളവ് നൽകണമെന്നുമുള്ള ആവശ്യവും അദ്ദേഹം മുന്നോട്ട് വെച്ചു. അതേസമയം ഇന്ധന വില വർധന സഭ നിർത്തിവെച്ച് ചർച്ച ചെയ്യാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.

തിരുവന്തപുരം: അനുപമയുടെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ പോലീസിന് റിപ്പോർട്ട് നൽകി ശിശുക്ഷേമ സമിതി. ദത്ത് നടപടികൾ പൂർണമായും നിയമപരമായാണ് നടന്നതെന്നും അതിനാൽ ഈ വിവരങ്ങൾ വെളിപ്പെടുത്താനാകില്ലെന്നുമാണ് സമിതി വ്യക്തമാക്കിയിരിക്കുന്നത്. കുഞ്ഞിനെ ആർക്ക് നൽകി എപ്പോൾ നൽകി തുടങ്ങിയ രേഖകൾ വെളിപ്പെടുത്താൻ സാദ്ധ്യമല്ലെന്നും റിപ്പോർട്ടിൽ വിശദമാക്കുന്നു.

കുട്ടി ശിശുക്ഷേമസമിതിയിൽ എങ്ങനെയാണ് എത്തി എന്നതിൽ വ്യക്തത വരുത്തണമെന്ന് കോടതി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. പരാതിയിൽ വ്യക്തത വരുത്താൻ ഡിഎൻഎ പരിശോധന വരെ നടത്താൻ ചൈൽഡ് വെൽഫയർ കമ്മിറ്റിക്ക് അധികാരമുണ്ട്. അതിനാൽ വ്യക്തമായ അന്വേഷണം നടത്തി ഈ മാസം 20 ന് റിപ്പോർട്ട് നൽകണമെന്നുമാണ് കോടതി നിർദ്ദേശിച്ചിരുന്നത്. ശിശുക്ഷേമ സമിതിക്കെതിരെ കോടതി രൂക്ഷ വിമർശനവും ഉന്നയിച്ചിരുന്നു. സമിതി ഹാജരാക്കിയ ലൈസൻസ് ജൂൺ 30 ന് അവസാനിച്ചതാണ്.

ലൈസൻസ് പുതുക്കൽ നടപടികൾ നടന്നുവരികയാണെന്ന് ശിശുക്ഷേമ സമിതിയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ലൈസൻസ് പുതുക്കൽ നടപടി ഉൾപ്പെടെ എല്ലാ കാര്യങ്ങളും വിശദമാക്കി സത്യവാങ്മൂലം നൽകണമെന്നാണ് ശിശുക്ഷേമ സമിതിക്ക് കോടതി നൽകിയിരിക്കുന്ന നിർദ്ദേശം.

തിരുവനന്തപുരം: ഇന്ധനവില വർദ്ധനവിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഇന്ധനവില വർധനവ് സ്റ്റേറ്റ് സ്പോൺസേർഡ് നികുതി ഭീകരതയെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. ഇന്ധനവില വർദ്ധനവിൽ കേന്ദ്ര സർക്കാരിനെതിരെ സിപിഎം ഇതുവരെ എന്തെങ്കിലും ചെയ്തിട്ടുണ്ടോയെന്ന് വി ഡി സതീശൻ ചോദിക്കുന്നു.

കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഇന്ധന നികുതിയിനത്തിൽ രണ്ടായിരത്തിലധികം കോടി രൂപയുടെ അധിക വരുമാനം സംസ്ഥാന സർക്കാരിന് കിട്ടുന്നുണ്ടെന്നുണ്ട്. അതുകൊണ്ടുതന്നെ ഉത്പ്പന്നങ്ങൾക്ക് വില കൂടുമ്പോൾ സന്തോഷിക്കുന്നത് സംസ്ഥാന സർക്കാരാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മോദി സർക്കാരിനെ സംരക്ഷിക്കുകയാണ് സംസ്ഥാന സർക്കാർ ചെയ്തുകൊണ്ടിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഒരു ദിവസം സ്‌കൂളിൽ പോകണമെങ്കിൽ 157 രൂപയാണ് ഒരു കുട്ടിക്ക് കൊടുക്കേണ്ടി വരുന്നത്. സാധാരണക്കാർ ബുദ്ധിമുട്ടുമ്പോൾ അവരെ സഹായിക്കാൻ സർക്കാർ ഒന്നും ചെയ്യുന്നില്ല എന്നുള്ളത് സങ്കടകരമായ കാര്യമാണ്. സർക്കാരിന് ഇന്ധനത്തിൽ നിന്ന് ലഭിക്കുന്ന അധിക വരുമാനത്തിൽ നിന്ന് കുട്ടികളെ കൊണ്ടുപോകുന്ന കെഎസ്ആർടിസിക്ക് സബ്സിഡി കൊടുക്കണം. സർക്കാരിന് പലതും ചെയ്യാൻ കഴിയുമെങ്കിലും വിമർശനം ഉന്നയിച്ച് പ്രസംഗിക്കുകയല്ലാതെ മറ്റൊന്നും സർക്കാർ ചെയ്യുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം കേന്ദ്ര സർക്കാരിനെപ്പോലെ തന്നെ സംസ്ഥാന സർക്കാരും ഇന്ധനവില വർദ്ധനവിനെ അനുകൂലിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നാണ് കുഞ്ഞാലിക്കുട്ടിയുടെ ആരോപണം. അധിക നികുതി കിട്ടിയാൽ കൊള്ളാമെന്നുള്ള നിലപാടാണ് സംസ്ഥാന സർക്കാരിനുള്ളതെന്നും ഇത് ജനവിരുദ്ധമാണെന്നും അദ്ദേഹം വിമർശിച്ചു.

ബംഗളൂരു: മരണത്തിലും നാലു പേർക്ക് പുതുജീവിതം നൽകി കന്നട സൂപ്പർതാരം പുനീത് രാജ്കുമാർ. അദ്ദേഹത്തിന്റെ കണ്ണുകൾ ഇനി നാലു പേർക്ക് വെളിച്ചം നൽകും. കർണാടകയിൽ ആദ്യമായാണ് അന്തരിച്ച ഒരു സിനിമാ താരത്തിന്റെ കണ്ണുകളിലൂടെ നാലു പേർ കാഴ്ച്ച ലഭിക്കുന്നത്. ഒരേ ദിവസം തന്നെയാണ് അദ്ദേഹത്തിന്റെ കണ്ണുകൾ നാലു പേർക്കും ദാനം ചെയ്തത്. നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് കണ്ണുകൾ ദാനം ചെയ്തതെന്ന് നാരായണ നേത്രാലയ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ.ഭുജംഗ് ഷെട്ടി അറിയിച്ചു.

രാജ്കുമാർ കുടുംബത്തോടുള്ള ബഹുമാനാർത്ഥം ട്രാൻസ്പ്ലാന്റ് സൗജന്യമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. പുനീത് കുമാറിന്റെ അച്ഛൻ ഡോ. രാജ്കുമാറിന്റെയും അമ്മ പാർവതമ്മയുടെയും പാത പിന്തുടർന്നാണ് പുനീത് രാജ്കുമാറിന്റെ കണ്ണുകളും ദാനം ചെയ്തത്. വെള്ളിയാഴ്ച്ചയാണ് പുനീത് കുമാറിന്റെ കണ്ണുകൾ ശേഖരിച്ചത്. ഓരോ കണ്ണിന്റെയും കോർണിയ പകുത്തെടുത്ത് മുൻഭാഗം ഒരു ഗുണഭോക്താവിനും രണ്ടാമത്തെ ഭാഗം മറ്റൊരു ഗുണഭോക്താവിനും നൽകി. ഇതോടെ നാലു പേർക്ക് ജീവിതത്തിൽ പുതുവെളിച്ചം ലഭിച്ചു. കണ്ണുകൾ നല്ല നിലയിലാണെങ്കിൽ അവ നാല് പേർക്ക് ദാനം ചെയ്യാം. ഗുണഭോക്താക്കളെല്ലാം സുഖമായിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

അഞ്ച് ഡോക്ടർമാരുടെ സംഘമാണ് ട്രാൻസ്പ്ലാന്റ് നടത്തിയത്. രാവിലെ 11ന് ആരംഭിച്ച നടപടിക്രമം വൈകുന്നേരം 5.30 ഓടെ അവസാനിച്ചു. നേത്രദാനം നടത്തുന്നതിനായി മിന്റോ കണ്ണാശുപത്രിയിൽ നിന്നുള്ള സഹായവും തേടിയിരുന്നു.

veena

തിരുവനന്തപുരം: ഈ വർഷത്തെ ദേശീയ ആയുർവേദ ദിനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന്. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജാണ് ഉദ്ഘാടനം നിർവ്വഹിക്കുന്നത്. രാവിലെ 9.30 നാണ് ഉദ്ഘാടന ചടങ്ങ്. ‘പോഷണത്തിന് ആയുർവേദം’ എന്നതാണ് ഇത്തവണത്തെ ആയുർവേദ ദിന സന്ദേശം. വനിതാ ശിശുവികസന വകുപ്പുമായി ചേർന്ന് ആയുഷ് വകുപ്പ് നടത്തുന്ന ശില്പശാലയുടേയും കുട്ടികൾക്കുള്ള സമഗ്ര കോവിഡ് പ്രതിരോധത്തിനുള്ള കിരണം പദ്ധതിയുടേയും ഉദ്ഘാടനവും നടക്കുമെന്ന് അധികൃതർ അറിയിച്ചു.

ആരോഗ്യാവസ്ഥയും രോഗാവസ്ഥയും കണക്കിലെടുത്ത് വേണം ആഹാര പദാർത്ഥങ്ങൾ ഉപയോഗിക്കേണ്ടതെന്ന് ആയുർവേദം പറയുന്നതായി വീണാ ജോർജ് വ്യക്തമാക്കി. നല്ല രീതിയിൽ ഭക്ഷണം കഴിക്കുന്നവരിൽ പോലും പോഷണക്കുറവ് കാണുന്നുണ്ട്. പോഷണം സംബന്ധിച്ച കൃത്യമായ അവബോധം ഇല്ലാത്തതാണ് പോഷണക്കുറവിനുള്ള കാരണം. രക്തത്തിലെ ഹീമോഗ്ലോബിൻ പന്ത്രണ്ടിൽ താഴ്ന്നാൽ ആരോഗ്യകരമായ ജീവിതം പ്രയാസമാണ്. കുട്ടികൾക്കുണ്ടാകുന്ന വിളർച്ചാരോഗം കാരണം രോഗപ്രതിരോധശേഷി, ആരോഗ്യം, ശരീരഭാരം, ബുദ്ധി, ഓർമ്മശക്തി, ഇവ കുറഞ്ഞു പോകുമെന്നതിനാൽ ഈ കോവിഡ് കാലത്ത് പോഷണത്തിന് വലിയ പ്രാധാന്യം നൽകേണ്ടതുണ്ടെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.

ശരിയായ പോഷണമുള്ളവർക്ക് മാത്രമേ ആരോഗ്യത്തിനൊപ്പം രോഗപ്രതിരോധ ശേഷിയും ഗുണകരമായി നിലനിൽക്കൂ. ആഹാരത്തിൽ പച്ചക്കറികൾക്കും പഴങ്ങൾക്കും പ്രാധാന്യം നൽകണമെന്നും മന്ത്രി പറഞ്ഞു. മെച്ചപ്പെട്ട ആരോഗ്യമുണ്ടാകുവാൻ ഭക്ഷണത്തിനും വ്യായാമത്തിനും ഒപ്പം കൃത്യനിഷ്ഠയോടു കൂടിയുള്ള ദിനചര്യകൾ ശീലമാക്കുകയും വേണമെന്നും ആരോഗ്യ മന്ത്രി കൂട്ടിച്ചേർത്തു.