General (Page 1,345)

ന്യൂഡൽഹി: ഇന്ത്യൻ എയർഫോഴ്‌സ് വിങ് കമാൻഡർ അഭിനന്ദൻ വർധമാന് ഗ്രൂപ്പ് ക്യാപ്റ്റനായി സ്ഥാനക്കയറ്റം നൽകി ഇന്ത്യൻ വ്യോമസേന. ദേശീയ മാദ്ധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. ഉടൻ തന്നെ അദ്ദേഹം പുതിയ റാങ്കിൽ പ്രവേശിക്കുമെന്നാണ് വിവരം. ഇന്ത്യൻ സൈന്യത്തിൽ സേനാധിപന് സമാനമായ സ്ഥാനമാണ് ഗ്രൂപ്പ് ക്യാപ്റ്റന്റേത്.

ബാലാക്കോട്ടിൽ പാകിസ്താന്റെ യുദ്ധവിമാനം എഫ്-16 വെടിവെച്ചിട്ട ശേഷം പാക് സൈന്യത്തിന്റെ പിടിയിലായ വിംഗ് കമാൻഡറാണ് അഭിനന്ദൻ വർധമാൻ. മിഗ് 21 വിമാനത്തിലായിരുന്നു അഭിനന്ദൻ പാക് സേനയെ പ്രതിരോധിച്ചിരുന്നത്. വിമാനം തകർന്നപ്പോൾ പാരച്യൂട്ട് ഉപയോഗിച്ച് താഴേക്ക് ചാടുകയായിരുന്ന അഭിനന്ദനെ പാക് സൈന്യം പിടികൂടി തടവിലാക്കിയിരുന്നു. ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ശക്തമായ ഇടപെടലിനെ തുടർന്നാണ് പാകിസ്താൻ അദ്ദേഹത്തെ വിട്ടയച്ചത്.

ബലാകോട്ട് ആക്രമണത്തിന് ശേഷമുണ്ടായ പാക് വ്യോമാക്രമണത്തെ പ്രതിരോധിക്കുകയും പാകിസ്താന്റെ എഫ് 16 വിമാനം വെടിവെച്ചിടുകയും ചെയ്ത അഭിനന്ദൻ വർധമാന് രാജ്യം വീർചക്ര ബഹുമതി നൽകി ആദരിച്ചിരുന്നു.

തിരുവനന്തപുരം: ഡിസിസി പുനസംഘടന നടത്താൻ തീരുമാനിച്ച് കെപിസിസി നിർവ്വാഹക സമിതി. പുനസംഘടന നിർത്തിവയ്ക്കാനുള്ള ഗ്രൂപ്പുകളുടെ ആവശ്യം കെപിസിസി നിർവ്വാഹക സമിതി തള്ളി. സംഘടനാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ പുനസംഘടന വേണ്ടെന്നായിരുന്നു ഗ്രൂപ്പ് നേതാക്കൾ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ ബ്ലോക്ക് തലം വരെ പുനസംഘടിപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. അംഗത്വ വിതരണം യൂണിറ്റ് തലത്തിൽ തടത്താനും തീരുമാനമായി.

അംഗത്വ വിതരണം ബൂത്ത് തലത്തിൽ നടത്തണമെന്ന ഗ്രൂപ്പ് നേതാക്കളുടെ ആവശ്യവും കെപിസിസി നിർവ്വാഹക സമിതി തള്ളി. 11 ഡിസിസി പ്രിസിഡന്റുമാർ പൂർണ്ണ പുനസംഘടനയെ പിന്തുണച്ചു. ആലപ്പുഴ കോട്ടയം മലപ്പുറം ഡിസിസി പ്രസിഡന്റുമാർ ഒഴിവുകൾ നികത്തിയിൽ മതിയെന്ന നിർദ്ദേശമാണ് മുന്നോട്ട് വെച്ചത്. കെ സുധാകരനും ഗ്രൂപ്പ് നേതാക്കളും നേർക്കുനേർ കഴിഞ്ഞ ദിവസം തർക്കമുണ്ടായിരുന്നു. സംഘടനാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് എഐ ഗ്രൂപ്പുകൾ കൈകോർത്തായിരുന്നു കെ സുധാകരനെ കടന്നാക്രമിച്ചത്. പ്രസിഡന്റ് തന്നെ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇനി പുനസംഘടന വേണ്ടെന്ന് പറഞ്ഞായിരുന്നു തർക്കം ആരംഭിച്ചത്.

എന്നാൽ ഇത് നിയമസഭയോ പാർലമെന്റോ അല്ലെന്നും ഇവിടെ സംസാരിക്കാൻ ചില രീതികളുണ്ടെന്നും കെ സുധാകരൻ പറഞ്ഞു. യൂണിറ്റ് കമ്മറ്റികൾ പരിശീലന കേന്ദ്രങ്ങൾ മാത്രമാണെന്നും അവിടെ ജനപ്രതിനിധികളാരും സംസാരിക്കാറില്ല. പുനസംഘടന നിർത്തിവയ്ക്കുന്നതിനെക്കുറിച്ച് ഹൈക്കമാൻഡ് തീരുമാനിക്കട്ടെയെന്നും സുധാകരൻ മറുപടി നൽകി. താരീഖ് അൻവറിന്റെയും കെ സി വേണുഗോപാലിന്റെയും സാന്നിധ്യത്തിലായിരുന്നു തർക്കം ഉണ്ടായത്.

തിരുവനന്തപുരം: പെട്രോളിനും ഡീസലിനും എക്സൈസ് തീരുവയിൽ കേന്ദ്ര സർക്കാർ ഇളവ് പ്രഖ്യാപിച്ചതിൽ പ്രതികരണവുമായി കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ. ഇന്ധനവിലർധനവിനെതിരെ രാജ്യവ്യാപകമായി കോൺഗ്രസ് നടത്തിയ ചെറു സമരങ്ങൾ ഫലം കണ്ടതായി അദ്ദേഹം പറഞ്ഞു. ഇന്ധനവിലയിൽ ജനത്തിന് താൽക്കാലിക ആശ്വാസമാണ് ലഭിച്ചതെന്നും കോൺഗ്രസിന്റെ സമരത്തെ തകർക്കാൻ ശ്രമിച്ചവർക്കും നാളെ മുതൽ കുറഞ്ഞ വിലയിൽ ഇന്ധനം ലഭ്യമാകുമെന്നും സുധാകരൻ അഭിപ്രായപ്പെട്ടു.

കൊച്ചിയിൽ ഇന്ധന വില വർധനവിനെതിരെ റോഡ് ഉപരോധിച്ച് കോൺഗ്രസ് നടത്തിയ സമരത്തിനെതിരെ പ്രതിഷേധവുമായി നടൻ ജോജു ജോര്ജ് രംഗത്തെത്തിയിരുന്നു. തുടർന്ന് നടന്ന വാക്കേറ്റത്തിനിടെ ജോജുവിന്റെ വാഹനം കോൺഗ്രസ് പ്രവർത്തകർ തല്ലി തകർക്കുകയും ചെയ്തിരുന്നു. തുടർന്ന് നടന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് സുധാകരന്റെ പ്രതികരണം.

ഇന്ധന വില ഇനിയും കുറയേണ്ടതുണ്ടെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അവകാശ സമരങ്ങളെ അടിച്ചമർത്താൻ ഏത് തമ്പുരാൻ വന്നാലും അതിന് വഴങ്ങി കൊടുക്കാൻ കോൺഗ്രസിന് സൗകര്യമില്ലെന്നും കരുത്തുറ്റ പ്രതിഷേധങ്ങളുമായി കോൺഗ്രസ് ജനങ്ങൾക്കൊപ്പം തെരുവിലുണ്ടാകുമെന്നും സുധാകരൻ കൂട്ടിച്ചേർത്തു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

എക്സൈസ് തീരുവയിൽ പെട്രോളിന് ലിറ്ററിന് അഞ്ചു രൂപയും ഡീസലിന് പത്ത് രൂപയുമാണ് കേന്ദ്ര സർക്കാർ ഇളവ് വരുത്തിയത്. വ്യാഴാഴ്ച്ച മുതൽ ഇളവുകൾ പ്രാബല്യത്തിൽ വരും.

കൊല്ലം: സംഘപരിവാറിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ ആക്ഷേപിക്കാനും സവർക്കറെ സ്വാതന്ത്ര്യസമര സേനാനിയാക്കാനും സംഘപരിവാർ വലിയ ശ്രമം നടത്തുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഡിവൈഎഫ്ഐ കൊല്ലം ജില്ലാ കമ്മിറ്റി നിർമ്മിച്ച യൂത്ത് സെന്ററിന്റെ ഉദ്ഘാടനം നിർവ്വഹിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

സ്വാതന്ത്ര്യസമരത്തിൽ ഒരു പങ്കുമില്ലാത്തവരാണ് സംഘപരിവാറെന്നും തങ്ങളുടെ പിന്തുണ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന് ആണെന്ന് വൈസ്രോയിക്ക് എഴുതിക്കൊടുത്തവരാണ് ആർഎസ്എസുകാരെന്നും അദ്ദേഹം വിമർശിച്ചു. അതുകൊണ്ടാണ് ഒരു മടിയുമില്ലാതെ ആന്തമാൻ ജയിലിൽ സവർക്കർ മാപ്പ് എഴുതിക്കൊടുക്കാൻ തയ്യാറായത്. എന്നിട്ടും സവർക്കറെ ആദരിക്കാൻ ആർഎസ്എസ് വഴിവിട്ട മാർഗങ്ങൾ സ്വീകരിക്കുന്നു. ഇതിനായി കേന്ദ്ര സർക്കാരിനെയും ആർഎസ്എസ് ആയുധമാക്കുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഗാന്ധിജി ഉപദേശിച്ചതിനാലാണ് സവർക്കർ മാപ്പ് എഴുതിക്കൊടുത്തതെന്ന പച്ചനുണയും പ്രചരിപ്പിക്കുന്നുവെന്നും സംഘപരിവാർ ഗാന്ധിജിയെ ആക്ഷേപിച്ചപ്പോൾ പ്രതികരിക്കാൻ പല മാദ്ധ്യമങ്ങളും മുന്നോട്ടു വന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.

മതാധിഷ്ഠിത രാജ്യമായി ഇന്ത്യയെ മാറ്റുകയാണ് ആർഎസ്എസിന്റെ ആഗ്രഹം. പൗരത്വ നിയമ ഭേദഗതി. ഇതിന്റെ തെളിവാണ്. മതാടിസ്ഥാനത്തിൽ ജനങ്ങളെ ഭിന്നിപ്പിക്കുന്നതാണ് പൗരത്വ നിയമ ഭേദഗതിയെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിനെതിരെയും മുഖ്യമന്ത്രി വിമർശനം ഉന്നയിച്ചു. രാജ്യത്തിന്റെ സമ്പദ്ഘടന തകർത്ത ആഗോളവൽക്കരണ- ഉദാരവൽക്കരണ നയം ആദ്യം നടപ്പാക്കിയത് കോൺഗ്രസ് ആണ്. അത് തീവ്രമായി നടപ്പാക്കുകയാണ് ബിജെപി സർക്കാർ. എന്നാൽ, തങ്ങൾ ചെയ്തത് തെറ്റായിപ്പോയി എന്നു പറയാൻ കോൺഗ്രസ് തയ്യാറാകുന്നില്ല. ഭരണമുള്ള സംസ്ഥാനങ്ങളിൽ കോൺഗ്രസും കേന്ദ്രത്തിൽ ബിജെപി സർക്കാരും നടപ്പാക്കുന്നത് ഒരേ സാമ്പത്തിക നയമാണ്. കേരളത്തിലെ എൽഡിഎഫ് സർക്കാറിന്റേത് ബദൽ നയമാണ്. വർഗീയതയെ എതിർക്കാനും തുറന്നുകാട്ടാനും വിട്ടുവീഴ്ചയില്ലാതെ എക്കാലവും ഡിവൈഎഫ്ഐ മുന്നോട്ടുവന്നിട്ടുണ്ടെന്നും വ്യത്യസ്ത മാതൃകകൾ തീർത്ത പ്രവർത്തനങ്ങളാൽ സമൂഹം ഡിവൈഎഫ്ഐയെ അംഗീകരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ന്യൂഡൽഹി: പെട്രോളിനും ഡീസലിനും എക്സൈസ് തീരുവയിൽ ഇളവ് പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. ദീപാവലി ആഘോഷത്തിന്റെ തലേദിവസമാണ് കേന്ദ്ര സർക്കാർ നിർണായക പ്രഖ്യാപനം നടത്തിയത്.

എക്സൈസ് തീരുവയിൽ പെട്രോളിന് ലിറ്ററിന് അഞ്ചു രൂപയും ഡീസലിന് പത്ത് രൂപയും ഇളവ് വരുത്തി. വ്യാഴാഴ്ച്ച മുതൽ ഇളവുകൾ പ്രാബല്യത്തിൽ വരും. ഇന്ധന വില ക്രമാതീതമായി കുതിച്ചുയരുന്നതിൽ കേന്ദ്ര സർക്കാരിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നിരുന്നു ഈ സാഹചര്യത്തിലാണ് നടപടി.

തിരുവനന്തപുരം: പബ്ലിക് അഫയേർസ് സെന്റർ പ്രസിദ്ധീകരിച്ച പബ്ലിക് അഫയേർസ് ഇൻഡക്‌സ് 2021 ൽ നിർണായക നേട്ടം കരസ്ഥമാക്കി കേരളം. ഇൻഡെക്‌സിൽ മികച്ച ഭരണം കാഴ്ചവെച്ച സംസ്ഥാനം എന്ന നേട്ടമാണ് കേരളം കരസ്ഥമാക്കിയത്. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. സമത്വം, വളർച്ച, സുസ്ഥിരത എന്നീ മൂന്നു മാനകങ്ങളെ അടിസ്ഥാനമാക്കിയുള്ള ഇൻഡക്‌സിലാണ് കേരളം ഒന്നാം സ്ഥാനം നേടിയത്. ദേശീയ തൊഴിലുറപ്പു പദ്ധതിയും നാഷണൽ ഹെൽത്ത് മിഷനും പോലുള്ള പദ്ധതികളുടെ നടത്തിപ്പും കോവിഡ് പ്രതിരോധവും ഉൾപ്പെടെയുള്ള നിരവധി മേഖലകളിൽ എത്രമാത്രം മികവ് പുലർത്തി എന്നതും പഠന വിധേയമാക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

അടിസ്ഥാന സൗകര്യവികസനം, വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ, പ്രകൃതിസൗഹൃദവും സർവതല സ്പർശിയുമായ വികസനം തുടങ്ങി നിരവധി പ്രധാന സൂചകങ്ങളിൽ കേരളം മികച്ച പ്രവർത്തനം കാഴ്ചവച്ചതായാണ് പഠനത്തിൽ കണ്ടെത്തിയിട്ടുള്ളതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഇടതുപക്ഷ സർക്കാറിനൊപ്പം അണിനിരന്ന കേരളത്തിനൊന്നാകെ അഭിമാനിക്കാവുന്ന നേട്ടമാണിത്. കൂടുതൽ മികവിലേയ്ക്കുയരാൻ ഇത് നമുക്ക് പ്രചോദനമാകണം. കേരളത്തിന്റെ നന്മയ്ക്കും പുരോഗതിയ്ക്കുമായി കൈകൾ കോർത്ത് മുന്നോട്ടു പോകാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:

കേരളം വീണ്ടും ഒന്നാമത്. പബ്ലിക് അഫയേർസ് സെന്റർ പ്രസിദ്ധീകരിച്ച പബ്ലിക് അഫയേർസ് ഇൻഡക്‌സ് 2021 (PAI) -ൽ വലിയ സംസ്ഥാനങ്ങളിൽ ഏറ്റവും മികച്ച ഭരണം കാഴ്ചവച്ച സംസ്ഥാനമായി കേരളം തെരഞ്ഞെടുക്കപ്പെട്ടു. സമത്വം, വളർച്ച, സുസ്ഥിരത എന്നീ മൂന്നു മാനകങ്ങളെ അടിസ്ഥാനമാക്കിയാണ് പബ്ലിക് അഫയേർസ് ഇൻഡക്‌സ് തയ്യാറാക്കിയിട്ടുള്ളത്. ദേശീയ തൊഴിലുറപ്പു പദ്ധതിയും നാഷണൽ ഹെൽത്ത് മിഷനും പോലുള്ള പദ്ധതികളുടെ നടത്തിപ്പും കോവിഡ് പ്രതിരോധവും ഉൾപ്പെടെയുള്ള നിരവധി മേഖലകളിൽ എത്രമാത്രം മികവ് പുലർത്തി എന്നതും പഠന വിധേയമാക്കിയിട്ടുണ്ട്.

അടിസ്ഥാന സൗകര്യവികസനം, വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ, പ്രകൃതിസൗഹൃദവും സർവതലസ്പർശിയുമായ വികസനം തുടങ്ങി നിരവധി പ്രധാന സൂചകങ്ങളിൽ കേരളം മികച്ച പ്രവർത്തനം കാഴ്ചവച്ചതായാണ് പഠനത്തിൽ കണ്ടെത്തിയിട്ടുള്ളത്. ഇടതുപക്ഷ സർക്കാറിനൊപ്പം അണിനിരന്ന കേരളത്തിനൊന്നാകെ അഭിമാനിക്കാവുന്ന നേട്ടമാണിത്. കൂടുതൽ മികവിലേയ്ക്കുയരാൻ ഇത് നമുക്ക് പ്രചോദനമാകണം. കേരളത്തിന്റെ നന്മയ്ക്കും പുരോഗതിയ്ക്കുമായി കൈകൾ കോർത്ത് മുന്നോട്ടു പോകാം.

ന്യൂഡൽഹി: ദീപാവലി ആഘോഷിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി കശ്മീരിലേക്ക് പോകും. ജമ്മു കശ്മീരിലെ രജൗരിയിലെ അതിർത്തി ഔട്ട്പോസ്റ്റുകളിൽ സൈനികർക്കൊപ്പമാണ് അദ്ദേഹം ദീപാവലി ആഘോഷിക്കുന്നത്. നവംബർ നാല് വ്യാഴാഴ്ചയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കശ്മീരിലേക്ക് പോകുന്നത്. പ്രധാനമന്ത്രിയെ വരവേൽക്കുവാനായി രജൗരിയിലെ നൗഷേര സെക്ടറിന്റെ ഫോർവേഡ് തയ്യാറെടുക്കുന്നതായാണ് വിവരം.

അതിർത്തിയിലെ ഔട്ട്പോസ്റ്റുകൾ പ്രധാനമന്ത്രി സന്ദർശിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. വിദേശപര്യടനം കഴിഞ്ഞ് ബുധനാഴ്ച്ചയാണ് ജി 20, കാലാവസ്ഥ ഉച്ചകോടി തുടങ്ങിയവയിൽ പങ്കെടുത്ത ശേഷമാണ് അദ്ദേഹം രാജ്യത്തേക്ക് തിരിച്ചെത്തിയത്. 2014 ൽ പ്രധാനമന്ത്രിയായി അധികാരമേറ്റ സമയം മുതൽ പ്രധാനമന്ത്രി അതിർത്തിയിലെ സൈനികർക്കൊപ്പമാണ് ദീപാവലി ആഘോഷിക്കുന്നത്. ജവാന്മാർക്ക് മധുരപലഹാരങ്ങളും മറ്റ് സമ്മാനങ്ങളുമായിട്ടാണ് അദ്ദേഹത്തിന്റെ സന്ദർശനം. 2019 ലും അദ്ദേഹം രജൗരിയിലാണ് ദീപാവലി ആഘോഷിച്ചത്.

അതേസമയം പ്രധാനമന്ത്രി സന്ദർശനം നടത്തുമെന്ന റിപ്പോർട്ടുകൾ വരുമ്പോഴും പൂഞ്ച്, രജൗരി വനമേഖലകളിൽ ഭീകരർക്കായി സൈന്യം തെരച്ചിൽ തുടരുകയാണ്.

vaccine

ന്യൂഡൽഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കോവിഡ് വാക്‌സിനായ കോവാക്‌സിന് അംഗീകാരം നൽകി ലോകാരോഗ്യ സംഘടന. 18 വയസ്സിനു മുകളിലുള്ളവർക്ക് കോവാക്സീൻ ഉപയോഗിക്കാനാണ് ലോകാരോഗ്യ സംഘടന അനുമതി നൽകിയിരിക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ സ്വതന്ത്ര ഉപദേശക സമിതിയായ ടെക്‌നിക്കൽ അഡ്വൈസറി ഗ്രൂപ്പാണ് കോവാക്‌സിന്റെ എമർജൻസി യൂസേജ് ലിസ്റ്റിങ് സംബന്ധിച്ച് അന്തിമ തീരുമാനം കൈക്കൊണ്ടത്.

കോവാക്‌സിന് അനുമതിക്കായി ലഭിക്കുന്നതിനായി ഭാരത് ബയോടെക് ലോകാരോഗ്യ സംഘടനയ്ക്ക് അപേക്ഷ സമർപ്പിച്ചത് ഏപ്രിൽ 19 നാണ്. യുഎസ് വാക്‌സീനുകളായ ഫൈസർ, മൊഡേണ, ജോൺസൺ ആൻഡ് ജോൺസൺ, ഓക്‌സ്ഫഡ് വികസിപ്പിച്ച കോവിഷീൽഡ്, വാക്‌സെവിരിയ, ചൈനയുടെ സിനോവാക് എന്നീ വാക്‌സീനുകൾക്കു മാത്രമാണ് നിലവിൽ ലോകാരോഗ്യ സംഘടനയുടെ അംഗീകാരമുള്ളത്.

ചൈനയുടെ തദ്ദേശീയ വാക്‌സീന് പോലും അംഗീകാരം നൽകിയിട്ടും കോവാക്‌സിന് അനുമതി നൽകാതിരുന്നതിന് നേരത്തെ പ്രതിഷേധം ഉയർന്നിരുന്നു. വാക്‌സിന് അംഗീകാരം ലഭിച്ചത് വിദേശയാത്രയ്ക്ക് തയ്യാറെടുക്കുന്നവർക്കാണ് ഏറെ പ്രയോജനപ്പെടുന്നത്. ഇറാൻ, ഗയാന, മൗറീഷ്യസ്, മെക്‌സിക്കോ, നേപ്പാൾ, പരാഗ്വേ, ഫിലിപ്പൈൻസ്, സിംബാബ്‌വെ എന്നീ രാജ്യങ്ങളാണ് കോവാക്‌സിന് നേരത്തെ അടിയന്തര ഉപയോഗാനുമതി നൽകിയത്. രാജ്യാന്തര യാത്രാ നിയന്ത്രണങ്ങൾ നീക്കുന്നതിന്റെ ഭാഗമായി അടുത്തിടെ ഒമാൻ, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളും കൊവാക്‌സിന് അംഗീകാരം നൽകിയിരുന്നു. അമേരിക്കയിലും യൂറോപ്യൻ രാജ്യങ്ങളിലും കോവാക്‌സിന് അംഗീകാരമില്ലാതിരുന്നത് വലിയ പ്രതിസന്ധികൾ സൃഷ്ടിച്ചിരുന്നത്.

ന്യൂഡൽഹി: ആധാർ നിയമലംഘനങ്ങളിൽ നടപടിയെടുക്കാൻ യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റിക്ക് അധികാരം. ഇതിന് അനുമതി നൽകുന്ന ചട്ടം സർക്കാർ വിജ്ഞാപനം ചെയ്തു. ആധാർ നിയമ ലംഘനങ്ങൾക്ക് ഇനി ഒരു കോടി രൂപവരെ പിഴ ലഭിക്കാം. ചട്ടം നിലവിൽ വന്നതോടെ നിയമലംഘനങ്ങൾ നിരീക്ഷിക്കാൻ ഉദ്യോഗസ്ഥരെ നിയമിക്കാനും അതോറിറ്റിക്ക് കഴിയും.

ഉദ്യോഗസ്ഥരുടെ തീരുമാനത്തിന് എതിരായ അപ്പീലുകൾ ഡിസ്പ്യൂട്‌സ് സെറ്റിൽമെന്റ് ആൻഡ് അപ്ലേറ്റ് ട്രൈബ്യൂണലിൽ നൽകണം. ലംഘനങ്ങളിൽ നടപടിയെടുക്കാനും പരാതി പരിഹാരത്തിനും കേന്ദ്രസർക്കാരിലെ ജോയിൻറ് സെക്രട്ടറി തസ്തികയിലുള്ള ഉദ്യോഗസ്ഥനെ നിയമിക്കുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.

പരാതി പരിഹാര ഉദ്യോഗസ്ഥന് പത്ത് വർഷത്തെയെങ്കിലും സർവീസ് ഉണ്ടായിരിക്കണമെന്നും നിർദ്ദേശമുണ്ട്. നിയമം, മാനേജ്‌മെന്റ് ഐടി, വാണിജ്യം എന്നീ വിഷയങ്ങളിലൊന്നിലെങ്കിലും മൂന്നു വർഷത്തെ വിദഗ്ധ പരിചയം പരാതി പരിഹാര ഉദ്യോഗസ്ഥന് ഉണ്ടായിരിക്കണം. പിഴ അടയ്ക്കാത്തവരുടെ സ്വത്ത് കണ്ടുകെട്ടാനും നിർദ്ദേശം നൽകാം. നടപടിക്ക് മുൻപ് കാരണം കാണിക്കൽ നോട്ടിസ് നൽകുകയും ആരോപണവിധേയർക്ക് വിശദീകരണം നൽകാൻ അവസരം നൽകുകയും വേണമെന്നും ചട്ടത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ആധാർ വിവരങ്ങൾ ഹാക്ക് ചെയ്യുന്നതും മറ്റൊരാളുടെ ബയോമെട്രിക് വിവരങ്ങൾ നൽകുന്നതും കുറ്റകരമാണ്. 2019 ൽ പാർലമെന്റ് പാസാക്കിയ ആധാർ നിയമം അനുസരിച്ചാണ് ഐടി മന്ത്രാലയം ചട്ടങ്ങൾ വിജ്ഞാപനം ചെയ്തിരിക്കുന്നത്.

ബംഗളൂരു: കേരളത്തിലെയും കർണാടകയിലെയും വിനോദ സഞ്ചാരികളെ ലക്ഷ്യമിട്ട് കേരള ആർ.ടി.സിയും കർണാടക ആർ.ടി.സിയും സംയുക്തമായി അന്തർ സംസ്ഥാന ടൂർ പാക്കേജ് ആരംഭിക്കാനൊരുങ്ങുന്നു. ഇക്കാര്യം അധികൃതരുടെ പരിഗണനയിലാണ്. ഇക്കാര്യം സംബന്ധിച്ച് കേരള ആർ.ടി.സി എം.ഡി ബിജു പ്രഭാകർ കർണാടക ആർ.ടി.സി എം.ഡി ശിവയോഗി കലസദുമായി ചർച്ച നടത്തി. ബംഗളൂരുവിലെ കർണാടക ആർ.ടി.സിയുടെ സെൻട്രൽ ഓഫിസിലായിരുന്നു ചർച്ച നടന്നത്. രാത്രിയിൽ സുൽത്താൻ ബത്തേരി വഴി കൂടുതൽ ബസ് സർവിസുകൾ ആരംഭിക്കുന്ന കാര്യവും ഇരു ആർ.ടി.സി.കളും പുതിയ റൂട്ടുകളിൽ സർവിസ് ആരംഭിക്കുന്നത് സംബന്ധിച്ചും ഇരുവരും ചർച്ച ചെയ്തു. അന്തർസംസ്ഥാന കരാറിനെ കുറിച്ചും ഇരുവരും സംസാരിച്ചു.

ഇക്കാര്യങ്ങളിൽ തുടർനടപടികൾ സ്വീകരിക്കാൻ കേരളത്തിൽനിന്നുള്ള ഉദ്യോഗസ്ഥ സംഘത്തെ വീണ്ടും ബംഗളൂരുവിലേക്ക് അയക്കും. ബിജു പ്രഭാകർ കർണാടക അധികൃതരോട് ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. മലക്കപാറയിലേക്കും കേരളത്തിലെ മറ്റിടങ്ങളിലേക്കും ടൂർ പാക്കേജായി നിലവിൽ കേരള ആർ.ടി.സി ബസ് സർവിസുകൾ ആരംഭിച്ചതിന് വലിയ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്.

ജോഗ് വെള്ളച്ചാട്ടം, ഹംപി തുടങ്ങിയ കർണാടകയിലെ വിവിധ സ്ഥലങ്ങളിലേക്ക് കർണാടക ആർ.ടി.സിയും ടൂർ പാക്കേജ് നടത്തുന്നുണ്ട്. ഇത് കണക്കിലെടുത്താണ് അന്തർ സംസ്ഥാന ടൂർ പാക്കേജ് സർവിസുകളുടെ സാധ്യത തേടിക്കൊണ്ട് ഇരു സംസ്ഥാനങ്ങളും ചർച്ച നടത്തിയത്.