തിരുവന്തപുരം: അനുപമയുടെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ പോലീസിന് റിപ്പോർട്ട് നൽകി ശിശുക്ഷേമ സമിതി. ദത്ത് നടപടികൾ പൂർണമായും നിയമപരമായാണ് നടന്നതെന്നും അതിനാൽ ഈ വിവരങ്ങൾ വെളിപ്പെടുത്താനാകില്ലെന്നുമാണ് സമിതി വ്യക്തമാക്കിയിരിക്കുന്നത്. കുഞ്ഞിനെ ആർക്ക് നൽകി എപ്പോൾ നൽകി തുടങ്ങിയ രേഖകൾ വെളിപ്പെടുത്താൻ സാദ്ധ്യമല്ലെന്നും റിപ്പോർട്ടിൽ വിശദമാക്കുന്നു.
കുട്ടി ശിശുക്ഷേമസമിതിയിൽ എങ്ങനെയാണ് എത്തി എന്നതിൽ വ്യക്തത വരുത്തണമെന്ന് കോടതി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. പരാതിയിൽ വ്യക്തത വരുത്താൻ ഡിഎൻഎ പരിശോധന വരെ നടത്താൻ ചൈൽഡ് വെൽഫയർ കമ്മിറ്റിക്ക് അധികാരമുണ്ട്. അതിനാൽ വ്യക്തമായ അന്വേഷണം നടത്തി ഈ മാസം 20 ന് റിപ്പോർട്ട് നൽകണമെന്നുമാണ് കോടതി നിർദ്ദേശിച്ചിരുന്നത്. ശിശുക്ഷേമ സമിതിക്കെതിരെ കോടതി രൂക്ഷ വിമർശനവും ഉന്നയിച്ചിരുന്നു. സമിതി ഹാജരാക്കിയ ലൈസൻസ് ജൂൺ 30 ന് അവസാനിച്ചതാണ്.
ലൈസൻസ് പുതുക്കൽ നടപടികൾ നടന്നുവരികയാണെന്ന് ശിശുക്ഷേമ സമിതിയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ലൈസൻസ് പുതുക്കൽ നടപടി ഉൾപ്പെടെ എല്ലാ കാര്യങ്ങളും വിശദമാക്കി സത്യവാങ്മൂലം നൽകണമെന്നാണ് ശിശുക്ഷേമ സമിതിക്ക് കോടതി നൽകിയിരിക്കുന്ന നിർദ്ദേശം.

