തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ബസ്സുകൾ അനിശ്ചിത കാലത്തേക്ക് സർവ്വീസ് നിർത്തിവെയ്ക്കുന്നു. നവംബർ 9 മുതലാണ് സർവ്വീസുകൾ നിർത്തിവെയ്ക്കുന്നത്. ബസ് ഓണേഴ്‌സ് കോർഡിനേഷൻ കമ്മറ്റി ഗതാഗത മന്ത്രിക്ക് സമരത്തിന് നോട്ടീസ് നൽകി കഴിഞ്ഞു. ഇന്ധന വില വർദ്ധിക്കുന്ന സാഹചര്യത്തിൽ യാത്രാനിരക്ക് വർദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് സ്വകാര്യ ബസുടമകൾ സമരം ചെയ്യാനൊരുങ്ങുന്നത്. ബസ് ചാർജ് 12 രൂപയാക്കണമെന്നാണ് സ്വകാര്യ ബസുടമകൾ മുന്നോട്ട് വെയ്ക്കുന്ന ആവശ്യം. നവംബർ 9 മുതൽ അനിശ്ചിത കാലത്തേക്ക് സർവ്വീസുകൾ നിർത്തിവെയ്ക്കാനാണ് ഉടമകളുടെ തീരുമാനം.
വിദ്യാർത്ഥികളുടെ മിനിമം ചാർജ്ജ് 6 രൂപയാക്കണം, കി.മീ. 1 രൂപയായി വർദ്ധിപ്പിക്കണം, തുടർന്നുള്ള ചാർജ് യാത്ര നിരക്കിന്റെ 50 ശതമാനമാക്കണം എന്നിവയാണ് ബസുടമകൾ മുന്നോട്ട് വെയ്ക്കുന്ന മറ്റ് ആവശ്യങ്ങൾ. ബസ്സുടമ സംയുക്ത സമിതിയാണ് സമരം പ്രഖ്യാപിച്ചത്. കോവിഡ് കാലം കഴിയുന്നത് വരെ വാഹന നികുതി ഒഴിവാക്കണമെന്നും ബസ്സുടമകളുടെ സംയുക്ത സമിതി ആവശ്യപ്പെട്ടു. ബസ് ഉടമകളുടെ ആവശ്യം ന്യായമാണെന്നായിരുന്നു നേരത്തെ ഗതാതഗമന്ത്രി വ്യക്തമാക്കിയിരുന്നത്.
എന്നാൽ കോവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ചാർജ്ജ് വർധന എന്ന ആവശ്യം എത്രത്തോളം നടപ്പാക്കാൻ കഴിയുമെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. 2018 ൽ ഡീസലിന് 62 രൂപയുള്ളപ്പോഴുള്ള നിരക്കാണ് ഇപ്പോഴും തുടരുന്നതെന്നാണ് ബസ്സുടമകൾ വ്യക്തമാക്കുന്നത്.

