ഇന്ധനവില വർധനവ് സ്റ്റേറ്റ് സ്പോൺസേർഡ് നികുതി ഭീകരത; സംസ്ഥാന സർക്കാരിനെതിരെ പ്രതിപക്ഷം

തിരുവനന്തപുരം: ഇന്ധനവില വർദ്ധനവിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഇന്ധനവില വർധനവ് സ്റ്റേറ്റ് സ്പോൺസേർഡ് നികുതി ഭീകരതയെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. ഇന്ധനവില വർദ്ധനവിൽ കേന്ദ്ര സർക്കാരിനെതിരെ സിപിഎം ഇതുവരെ എന്തെങ്കിലും ചെയ്തിട്ടുണ്ടോയെന്ന് വി ഡി സതീശൻ ചോദിക്കുന്നു.

കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഇന്ധന നികുതിയിനത്തിൽ രണ്ടായിരത്തിലധികം കോടി രൂപയുടെ അധിക വരുമാനം സംസ്ഥാന സർക്കാരിന് കിട്ടുന്നുണ്ടെന്നുണ്ട്. അതുകൊണ്ടുതന്നെ ഉത്പ്പന്നങ്ങൾക്ക് വില കൂടുമ്പോൾ സന്തോഷിക്കുന്നത് സംസ്ഥാന സർക്കാരാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മോദി സർക്കാരിനെ സംരക്ഷിക്കുകയാണ് സംസ്ഥാന സർക്കാർ ചെയ്തുകൊണ്ടിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഒരു ദിവസം സ്‌കൂളിൽ പോകണമെങ്കിൽ 157 രൂപയാണ് ഒരു കുട്ടിക്ക് കൊടുക്കേണ്ടി വരുന്നത്. സാധാരണക്കാർ ബുദ്ധിമുട്ടുമ്പോൾ അവരെ സഹായിക്കാൻ സർക്കാർ ഒന്നും ചെയ്യുന്നില്ല എന്നുള്ളത് സങ്കടകരമായ കാര്യമാണ്. സർക്കാരിന് ഇന്ധനത്തിൽ നിന്ന് ലഭിക്കുന്ന അധിക വരുമാനത്തിൽ നിന്ന് കുട്ടികളെ കൊണ്ടുപോകുന്ന കെഎസ്ആർടിസിക്ക് സബ്സിഡി കൊടുക്കണം. സർക്കാരിന് പലതും ചെയ്യാൻ കഴിയുമെങ്കിലും വിമർശനം ഉന്നയിച്ച് പ്രസംഗിക്കുകയല്ലാതെ മറ്റൊന്നും സർക്കാർ ചെയ്യുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം കേന്ദ്ര സർക്കാരിനെപ്പോലെ തന്നെ സംസ്ഥാന സർക്കാരും ഇന്ധനവില വർദ്ധനവിനെ അനുകൂലിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നാണ് കുഞ്ഞാലിക്കുട്ടിയുടെ ആരോപണം. അധിക നികുതി കിട്ടിയാൽ കൊള്ളാമെന്നുള്ള നിലപാടാണ് സംസ്ഥാന സർക്കാരിനുള്ളതെന്നും ഇത് ജനവിരുദ്ധമാണെന്നും അദ്ദേഹം വിമർശിച്ചു.