മരണത്തിലും നാലു പേർക്ക് പുതുജീവിതം നൽകി പുനീത് രാജ്കുമാർ; നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് കണ്ണുകൾ ദാനം ചെയ്തു

ബംഗളൂരു: മരണത്തിലും നാലു പേർക്ക് പുതുജീവിതം നൽകി കന്നട സൂപ്പർതാരം പുനീത് രാജ്കുമാർ. അദ്ദേഹത്തിന്റെ കണ്ണുകൾ ഇനി നാലു പേർക്ക് വെളിച്ചം നൽകും. കർണാടകയിൽ ആദ്യമായാണ് അന്തരിച്ച ഒരു സിനിമാ താരത്തിന്റെ കണ്ണുകളിലൂടെ നാലു പേർ കാഴ്ച്ച ലഭിക്കുന്നത്. ഒരേ ദിവസം തന്നെയാണ് അദ്ദേഹത്തിന്റെ കണ്ണുകൾ നാലു പേർക്കും ദാനം ചെയ്തത്. നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് കണ്ണുകൾ ദാനം ചെയ്തതെന്ന് നാരായണ നേത്രാലയ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ.ഭുജംഗ് ഷെട്ടി അറിയിച്ചു.

രാജ്കുമാർ കുടുംബത്തോടുള്ള ബഹുമാനാർത്ഥം ട്രാൻസ്പ്ലാന്റ് സൗജന്യമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. പുനീത് കുമാറിന്റെ അച്ഛൻ ഡോ. രാജ്കുമാറിന്റെയും അമ്മ പാർവതമ്മയുടെയും പാത പിന്തുടർന്നാണ് പുനീത് രാജ്കുമാറിന്റെ കണ്ണുകളും ദാനം ചെയ്തത്. വെള്ളിയാഴ്ച്ചയാണ് പുനീത് കുമാറിന്റെ കണ്ണുകൾ ശേഖരിച്ചത്. ഓരോ കണ്ണിന്റെയും കോർണിയ പകുത്തെടുത്ത് മുൻഭാഗം ഒരു ഗുണഭോക്താവിനും രണ്ടാമത്തെ ഭാഗം മറ്റൊരു ഗുണഭോക്താവിനും നൽകി. ഇതോടെ നാലു പേർക്ക് ജീവിതത്തിൽ പുതുവെളിച്ചം ലഭിച്ചു. കണ്ണുകൾ നല്ല നിലയിലാണെങ്കിൽ അവ നാല് പേർക്ക് ദാനം ചെയ്യാം. ഗുണഭോക്താക്കളെല്ലാം സുഖമായിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

അഞ്ച് ഡോക്ടർമാരുടെ സംഘമാണ് ട്രാൻസ്പ്ലാന്റ് നടത്തിയത്. രാവിലെ 11ന് ആരംഭിച്ച നടപടിക്രമം വൈകുന്നേരം 5.30 ഓടെ അവസാനിച്ചു. നേത്രദാനം നടത്തുന്നതിനായി മിന്റോ കണ്ണാശുപത്രിയിൽ നിന്നുള്ള സഹായവും തേടിയിരുന്നു.