സഭാ തർക്കത്തിൽ ഹിത പരിശോധന നടത്തണം; സർക്കാരിന് റിപ്പോർട്ട് കൈമാറി ജസ്റ്റിസ് കെ ടി തോമസ്

കോട്ടയം: സഭാ തർക്കത്തിൽ ഹിത പരിശോധന നടത്തണമെന്ന് നിയമ പരിഷ്‌കരണ കമ്മിഷൻ അധ്യക്ഷൻ ജസ്റ്റിസ് കെ.ടി. തോമസ്. ഓർത്തഡോക്‌സ് യാക്കോബായ തർക്കമുണ്ടാകുന്ന പള്ളികളിൽ ഹിതപരിശോധന നടത്തണമെന്നാണ് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്. തർക്കമുണ്ടാകുന്ന പള്ളികളിൽ റഫറണ്ടം നടത്തണമെന്ന നിർദേശമടങ്ങിയ റിപ്പോർട്ട് സർക്കാരിന് കൈമാറിയെന്നും അദ്ദേഹം അറിയിച്ചു. സുപ്രീം കോടതി വിധിക്കു ശേഷം ശാശ്വതമായ സമാധാനം ഉണ്ടാകാത്തതിനാലാണു നിയമ നിർമാണം വേണ്ടി വരുന്നതെന്നും നിയമം സർക്കാർ നടപ്പാക്കിയാൽ സംഘർഷങ്ങൾ ഇല്ലാതാകുമെന്നുംഅദ്ദേഹം അഭിപ്രായപ്പെട്ടു.

തർക്കമുണ്ടാകുന്ന പള്ളിയിലെ അംഗങ്ങളിൽ പ്രായപൂർത്തിയായവർക്ക് വോട്ടവകാശം നൽകി അതിലൂടെ പള്ളിയുടെ ഉടമവസ്ഥാവകാശം തീരുമാനിക്കുന്ന രീതിയാണ് സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിൽ നിർദേശിച്ചിരിക്കുന്നത്. മുൻ മാതൃകകളില്ലാതെ വളരെ ശ്രമകരമായാണു റിപ്പോർട്ട് തയാറാക്കിയത്. നിയമം സുപ്രിം കോടതി വിധിയുടെ ലംഘനമല്ല നിയമം. വിധി ശാശ്വത സമാധാനം കൊണ്ടുവന്നില്ല. സുപ്രിം കോടതി വിധി തെറ്റ് എന്നല്ല പൂർണമാകണം എന്നാണ് അഭിപ്രായംമെന്നും ഇന്ത്യൻ ജുഡീഷ്യൽ സിസ്റ്റത്തിൽ പുനഃപരിശോധന എപ്പോഴുമുണ്ടെന്നും അദ്ദേഹം വിശദമാക്കി. മാറ്റങ്ങൾ അനുസരിച്ച് വിധികളിലും മാറ്റങ്ങൾ ഉണ്ടാകും. ഭരണഘടനാ ലംഘനം ഉണ്ടോയെന്നു പരിശോധിക്കേണ്ടതു കോടതികളുടെ കടമയാണെന്നും സർക്കാർ നിയമം നടപ്പാക്കുമെന്നു കരുതുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം ഒത്തുതീർപ്പു ചർച്ചകളുമായി നിയമത്തിനു ബന്ധമില്ല. ബിൽ നിയമ മന്ത്രിക്കു കൈമാറിയിട്ടുണ്ട്. സെമിത്തേരി ബിൽ സർക്കാർ നടപ്പാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളിൽ ശാശ്വതമായ ഒരു പരിഹാരം സെമിത്തേരി ബിൽ വഴി ഉണ്ടായി. തർക്കമുണ്ടെങ്കിൽ മാത്രം റഫറണ്ടം അടക്കമുള്ള നിയമ നടപടികളിലേക്ക് കടന്നാൽ മതി. അല്ലെങ്കിൽ നിലവിലുള്ള സംവിധാനം തുടരാം. ചർച്ച് ആക്ട് സംബന്ധിച്ച റിപ്പോർട്ടും സർക്കാരിന് കൈമാറിയിട്ടുണ്ട്. എല്ലാ സമുദായങ്ങൾക്കും ഭരണഘടന അടിസ്ഥാനത്തിൽ ഇന്ത്യയിൽ നിയമങ്ങളുണ്ട്. ക്രിസ്ത്യൻ സമുദായത്തിനു മാത്രമില്ല. പള്ളിയുടെയും സഭയുടെയും വസ്തുവകകളും സമ്പത്തും സുതാര്യവും ഉത്തരവാദിത്തമുള്ളതുമാകണം എന്നതാണ് ചർച്ച് ആക്ടിന്റെ കാതൽ. അത് ഒരു സഭയ്ക്കും എതിരല്ല. വിമർശനങ്ങൾ ചർച്ച് ആക്ട് വായിക്കാതെയുണ്ടാകുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.