General (Page 1,347)

ന്യൂഡൽഹി: ഗ്ലാസ്ഗോയിൽ നടക്കുന്ന കാലാവസ്ഥ ഉച്ചകോടിയിൽ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. കാലാവസ്ഥ വ്യതിയാനം ഇന്ത്യയ്ക്ക് വെല്ലുവിളിയാണെന്ന് ഉച്ചകോടിയിൽ അദ്ദേഹം പറഞ്ഞു. ആഗോള താപനം ലോകത്തിന് വെല്ലുവിളിയാണെന്ന് അദ്ദേഹം വ്യക്തമാക്കി.

കാലാവസ്ഥ വ്യതിയാനം മൂലം കർഷകർക്ക് സംഭവിക്കുന്ന നഷ്ടം നികത്താൻ സർക്കാർ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഉജ്ജ്വല യോജന, ക്ലീൻ ഇന്ത്യ മിഷൻ തുടങ്ങിയ പദ്ധതികളിലൂടെ രാജ്യത്തെ ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെട്ടെന്നും പ്രധാനമന്ത്രി വിശദമാക്കി. കാലാവസ്ഥ വ്യതിയാനത്തെ നേരിട്ട രീതികൾ സ്‌കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യവും അദ്ദേഹം ഉച്ചകോയിൽ മുന്നോട്ട് വെച്ചു. വരും തലമുറക്ക് കാലാവസ്ഥ വ്യതിയാനത്തെ കുറിച്ചുള്ള അവബോധം ഇതിലൂടെ ഉണ്ടാക്കാൻ കഴിയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അതേസമയം കാലാവസ്ഥാ വ്യതിയാനം ലഘൂകരിക്കുന്നതിന് മറ്റു ലോക നേതാക്കളുമായി ചേർന്നു പ്രവർത്തിക്കുമെന്ന് സമ്മേളനത്തിന് ശേഷം അദ്ദേഹം ട്വീറ്റ് ചെയ്തു. റോമിൽ നടന്ന ജി 20 ഉച്ചകോടിയിൽ പങ്കെടുത്ത ശേഷമാണ് പ്രധാനമന്ത്രി കാലാവസ്ഥ ഉച്ചകോടിയിൽ പങ്കെടുക്കാൻ ഗ്ലാസ്‌ഗോയിൽ എത്തിയത്.

കൊച്ചി: കൊച്ചിയിൽ കോൺഗ്രസ് സമരത്തിനിടെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാക്കൾക്കെതിരെ കേസെടുത്ത് പോലീസ്. ജാമ്യമില്ലാ കുറ്റം ചുമത്തിയാണ് കോൺഗ്രസ് നേതാക്കൾക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്. നടൻ ജോജു ജോർജിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

പിഡിപിപി ആക്ട് സെക്ഷൻ 5 ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രതികൾക്കെതിരെ ചുമത്തിയിട്ടുണ്ട്. മുൻ മേയർ ടോണി ചമ്മിണിയുടെ നേതൃത്വത്തിലുള്ള ഏഴംഗ സംഘമാണ് ജോജുവിനെ വാഹനം തടഞ്ഞ് ആക്രമിച്ചതെന്നാണ് എഫ്‌ഐആറിൽ വ്യക്തമാക്കിയിട്ടുള്ളത്. ചമ്മിണി ഉൾപ്പെടുന്ന സംഘം വാഹനം തടഞ്ഞ ശേഷം ജോജുവിന്റെ ഷർട്ടിന് കുത്തിപ്പിടിച്ച് അസഭ്യം പറഞ്ഞുവെന്നും വാഹനത്തിന്റെ ചില്ല് കല്ലുകൊണ്ട് ഇടിച്ചുതകർത്തുവെന്നും എഫ്.ഐ.ആറിൽ വിശദമാക്കിയിട്ടുണ്ട്. ആറു ലക്ഷം രൂപയുടെ നഷ്ടം വാഹനത്തിനുണ്ടായെന്നും പോലീസ് പറഞ്ഞു.

ഇന്ധനവിലക്കയറ്റത്തിൽ പ്രതിഷേധിച്ച് എറണാകുളത്ത് ഇടപ്പള്ളി – വൈറ്റില ഹൈവേ ഉപരോധിച്ചുകൊണ്ട് കോൺഗ്രസ് നടത്തിയ പ്രതിഷേധ സമരമാണ് അക്രമത്തിൽ കലാശിച്ചത്. സമരത്തിനെതിരെ പ്രതികരിച്ചതിനാണ് ജോജുവിന്റെ കാർ കോൺഗ്രസ് പ്രവർത്തകർ ആക്രമിച്ചത്.

ജനങ്ങളെ ഉപദ്രവിച്ചുകൊണ്ടല്ല സമരം ചെയ്യേണ്ടെന്നായിരുന്നു ജോജു ജോർജിന്റെ പ്രതികരണം. ഒരുദിവസം സമരം ചെയ്താൻ വില കുറയുമോ എന്ന് ചോദിച്ചുകൊണ്ട് അദ്ദേഹം പ്രതിഷേധത്തിനെതിരെ രംഗത്തെത്തി. ജനങ്ങളും അദ്ദേഹത്തോടൊപ്പം അണിചേർന്നു. പ്രതിഷേധക്കാരും ജനങ്ങളുമായി രൂക്ഷമായ വാക്കേറ്റവും ഉണ്ടായി.

പോലീസ് ഇടപെട്ട് ഉപരോധം അവസാനിപ്പിച്ചതിനെ തുടർന്ന് ജോജു ജോർജിന്റെ വാഹനം മുന്നോട്ടെടുക്കവെ കോൺഗ്രസുകാർ വാഹനം തകർക്കുകയായിരുന്നു. ജോജു ജോർജ് മദ്യപിച്ച് ഷോ കാണിക്കുകയായിരുന്നുവെന്നായിരുന്നു കോൺഗ്രസ് ആരോപിച്ചിരുന്നത്. അതേസമയം ജോജു മദ്യപിച്ചിരുന്നില്ലെന്ന് വൈദ്യപരിശോധനയിൽ വ്യക്തമായിട്ടുണ്ട്.

പനാജി: ഗോവയിൽ സ്വാധീനം വർധിപ്പിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ച് ആംആദ്മി പാർട്ടി. നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപിക്കും കോൺഗ്രസിനും വെല്ലുവിളിയാകും എന്ന പ്രഖ്യാപനത്തോടെയാണ് ആംആദ്മി പാർട്ടി ഗോവയിൽ രംഗത്തെത്തുന്നത്. 2017 ൽ മത്സരിച്ച എല്ലാ സീറ്റിലും ഒന്നിലൊഴികെ കെട്ടിവച്ച കാശ് നഷ്ടപ്പെട്ട പാർട്ടിയാണ് ആംആദ്മി പാർട്ടി. എന്നാൽ ഇത്തവണ ദില്ലി മോഡൽ ശക്തമായ പ്രകടനം നടത്തുമെന്നാണ് പാർട്ടി വൃത്തങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്.

ഗോവ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഡൽഹി മുഖ്യമന്ത്രിയും ആംആദ്മി നേതാവുമായ അരവിന്ദ് കെജ്രിവാൾ പനാജിയിൽ സന്ദർശനം നടത്തിയിരുന്നു. ഈ വർഷം തന്നെ ഇത് മൂന്നാം തവണയാണ് അരവിന്ദ് കെജ്രിവാൾ ഗോവയിലെത്തുന്നത്. വലിയ വാഗ്ദാനങ്ങളാണ് അദ്ദേഹം ഗോവയിൽ മുന്നോട്ട് വെയ്ക്കുന്നത്. ആംആദ്മി ഗോവയിൽ അധികാരത്തിൽ വന്നാൽ ഹിന്ദു വിശ്വാസികൾക്ക് അയോധ്യയിലേക്ക് സൗജന്യ യാത്ര ഒരുക്കുമെന്നാണ് വാഗ്ദാനം. ഇത് പോലെ ക്രിസ്ത്യൻ വിശ്വാസികൾക്ക് വേളാങ്കണ്ണിയിലേക്കും മുസ്ലീം വിഭാഗത്തിന് അജ്മീർ ദർഹയിലേക്കും, സായിബാബ വിശ്വാസികൾക്ക് ഷിർദ്ദിയിലേക്കും സൗജന്യ യാത്ര ഒരുക്കുമെന്നും വാഗ്ദാനമുണ്ട്.

ഗോവ ഭരിക്കുന്ന ബിജെപി സർക്കാർ തീർത്തും അഴിമതിയിൽ മുങ്ങിയിരിക്കുകയാണെന്നാണ് അരവിന്ദ് കെജ്രിവാളിന്റെ ആരോപണം. ഇവിടുത്തെ മുൻ ഗവർണർ സത്യപാൽ മാലിക്ക് തന്നെ അഴിമതിയിൽ മുഖ്യമന്ത്രിക്കെതിരെ ആരോപണം ഉന്നയിച്ചു. കോൺഗ്രസ് ഇവിടെ അഴിമതിയിൽ ബിജെപിയുടെ പങ്കാളികളാണെന്നും അദ്ദേഹം ആരോപിക്കുന്നു. ജോലിയും വൈദ്യുതിയും നൽകും എന്ന വാഗ്ദാനവും അദ്ദേഹം മുന്നോട്ട് വെച്ചിട്ടുണ്ട്. ഇതിൽ ജോലി നൽകുന്ന പദ്ധതിക്കായി ഇതിനകം റജിസ്ട്രർ ചെയ്തിരിക്കുന്നത് 1.2 ലക്ഷം പേരാണ്. ഇത് ഗോവയിലെ മൊത്തം കുടുംബങ്ങളുടെ 25-30 ശതമാനം വരും. വൈദ്യുതി പദ്ധതിയിൽ റജിസ്ട്രർ ചെയ്തത് 2.9 ലക്ഷം കുടുംബങ്ങളാണ് ഇത് വലിയൊരു സംഖ്യയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഇതിനുള്ള ഫണ്ട് എവിടുന്ന് എന്ന ചോദ്യത്തിനാണ് ഗോവയിൽ ബിജെപി മുഖ്യമന്ത്രി അടക്കം അഴിമതി നടത്തുന്നുവെന്ന് അദ്ദേഹം ആരോപിച്ചത്. സത്യപാൽ മാലിക്ക് അന്ന് സംസ്ഥാനത്തെ മുഖ്യമന്ത്രിയെ മാത്രമല്ല ചില കേന്ദ്രമന്ത്രിമാർക്കെതിരെയും അഴിമതി ആരോപണം നടത്തിയിരുന്നു. എന്നാൽ മുഖ്യമന്ത്രി ഇപ്പോഴും മോഷണം തുടരുകയാണെന്നും സത്യപാൽ മാലിക്കിനെ ഗോവ ഗവർണർ സ്ഥാനത്ത് നിന്നും മാറ്റിയെന്നും അദ്ദേഹം പറഞ്ഞു.

ഗാസിയാബാദ്: കാർഷിക നിയമം പിൻവലിച്ചില്ലെങ്കിൽ സമരം ശക്തമാക്കുമെന്ന മുന്നറിയിപ്പ് നൽകി ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടിക്കായത്. നവംബർ 26 നുള്ളിൽ കാർഷിക നിയമം കേന്ദ്രം പിൻവലിച്ചില്ലെങ്കിൽ സമരം ശക്തമാക്കുമെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്. ഡൽഹി അതിർത്തികളായ സിംഗു, ടിക്രി, ഗസിപൂർ എന്നിവിടങ്ങളിൽ നടന്നുകൊണ്ടിരിക്കുന്ന കർഷക സമരങ്ങൾ ആരംഭിച്ച് നവംബർ 26 ന് ഒരു വർഷം തികയും.

കർഷക കൂട്ടായ്മയായ സംയുക്ത കിസാൻ മോർച്ചയാണ്( എസ് കെ എം) കാർഷിക നിയമത്തിനെതിരെുള്ള പ്രതിഷേധത്തിന് നേതൃത്വം നൽകുന്നത്. ഡൽഹി ഉത്തർപ്രദേശ് അതിർത്തിയിലെ ഗാസിപൂരിൽ തമ്പടിച്ചിരിക്കുന്ന ഭാരതീയ കിസാൻ യൂണിയനും സംയുക്ത കിസാൻ മോർച്ചയുടെ ഭാഗമായി പ്രവർത്തിക്കുകയാണ്.

കേന്ദ്ര സർക്കാർ പാസാക്കിയ കാർഷിക നിയമങ്ങൾക്കെതിരെ ആയിരത്തോളം കർഷകരാണ് പ്രതിഷേധിക്കുന്നത്.

തിരുവനന്തപുരം: പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിനെതിരെ കേസെടുത്ത് പോലീസ്. നാർക്കോട്ടിക് ജിഹാദ് പരാമാർശത്തിൽ മത സ്പർദ്ധ വളർത്തി എന്നതടക്കമുള്ള കുറ്റങ്ങൾ ചുമത്തിയാണ് ജോസഫ് കല്ലറങ്ങാട്ടിനെതിരെ പൊലീസ് കേസെടുത്തത്. പാലാ മജിസ്ട്രേറ്റ് കോടതി നിർദേശ പ്രകാരമാണ് നടപടി. കുറുവിലങ്ങാട് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. ഓൾ ഇന്ത്യാ ഇമാംസ് കൗൺസിൽ കോട്ടയം ജില്ലാ പ്രസിഡന്റ് അബ്ദുൾ അസീസ് മൗലവി, അഡ്വ. കെ എൻ. പ്രശാന്ത്, അഡ്വ. സി.പി. അജ്മൽ എന്നിവർ നൽകിയ ഹർജിയിലാണ് കേസെടുത്തിരിക്കുന്നത്.

സെപ്റ്റംബർ 8 നാണ് കുറവിലങ്ങാട് മർത്ത് മറിയം ഫൊറോന പള്ളിയിൽ മാർ ജോസഫ് കല്ലറങ്ങാട്ട് വിവാദ പ്രസംഗം നടത്തിയത്. കേരളത്തിൽ നാർക്കോട്ടിക്‌സ് ജിഹാദുണ്ടെന്നായിരുന്നു പാലാ ബിഷപ്പിന്റെ പരാമർശം. കത്തോലിക്കാ യുവാക്കളെയും ഹൈന്ദവ യുവാക്കളെയും ലക്ഷ്യം വെച്ചുകൊണ്ട് മയക്കുമരുന്നിലും മറ്റ് ലഹരിക്കും അടിമയാക്കുന്നതിനുവേണ്ടി പ്രത്യേക സംഘങ്ങൾ കേരളത്തിൽ പലയിടത്തായി പ്രവർത്തിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ആയുധം ഉപയോഗിച്ച് യുദ്ധംചെയ്യാനാവാത്ത സ്ഥലങ്ങളിൽ ഇത്തരത്തിലുള്ള കുതന്ത്രങ്ങളിലൂടെ മറ്റു മതങ്ങളെ നശിപ്പിക്കുക എന്ന ലക്ഷ്യമാണ് ഇക്കൂട്ടർക്കുള്ളതെന്നുമായിരുന്നു ബിഷപ്പ് പറഞ്ഞിരുന്നത്. സെപ്തംബർ 24 നാണ് പാലാ ബിശഷപ്പിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് അബ്ദുൽ അസീസ് മൗലവി കുറവിലങ്ങാട് പൊലിസ് സ്റ്റേഷനിൽ പരാതി നൽകിയത്. എന്നാൽ, പൊലിസ് കേസെടുക്കാൻ തയ്യാറായിരുന്നില്ല. തുടർന്ന് അദ്ദേഹം എസ്. പിക്കും പരാതി നൽകിയിരുന്നു.

ന്യൂഡൽഹി: കോൺഗ്രസിന്റെ ഉപരോധ സമരത്തിനിടെ നടൻ ജോജു ജോർജിന്റെ വാഹനം അടിച്ചു തകർത്ത സംഭവത്തിൽ പ്രതികരണവുമായി എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. സംഭവത്തിൽ പാർട്ടി അന്വേഷണം നടത്തുമെന്ന് അദ്ദേഹം അറിയിച്ചു. ആരെയും ആക്രമിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

സംഭവം പാർട്ടി അന്വേഷിക്കുക തന്നെ ചെയ്യും. പക്ഷെ സമരത്തിന് ആധാരമായ കാര്യമെന്താണെന്ന് മനസിലാക്കണം. ഇന്നും പാചക വാതകത്തിന്റെ വിലകൂട്ടിയെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് കോൺഗ്രസ് ഒരുപാട് സമരങ്ങൾ നടത്തിയിട്ടുണ്ട്. വരുന്ന 14 മുതൽ 29 വരെ ദേശീയ തലത്തിൽ പ്രക്ഷോഭം നടത്തുകയാണ്. പക്ഷെ മോദി സർക്കാർ ഇതൊന്നും കേൾക്കുന്നില്ല. ഓരോ ദിവസവും പെട്രോളിന്റെയും ഡീസലിന്റെയും പാചക വാതകത്തിന്റെയും വില കൂട്ടിക്കൊണ്ടിരിക്കുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അതേക്കുറിച്ച് ചർച്ച വേണ്ടേ സമര മാർഗങ്ങളെക്കുറിച്ച് അഭിപ്രായ വ്യത്യാസമുണ്ടാകാം. പക്ഷെ പ്രതിഷേധ സ്വരങ്ങൾ കേൾക്കാൻ സർക്കാർ തയ്യാറല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അതേസമയം ജോജുവിനെ ക്രിമിനൽ എന്നാണ് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ വിശേഷിപ്പിച്ചത്. സമരക്കാർക്കു നേരെ പാഞ്ഞടുത്ത ജോജുവിനെതിരെ പോലീസ് നടപടി സ്വീകരിക്കണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. മുണ്ടും മാടിക്കെട്ടി സമരക്കാർക്കുനേരെ ഗുണ്ടയെപ്പോലെ പാഞ്ഞടുക്കുകയായിരുന്നു ജോജു ജോർജ്. സ്ത്രീകളോട് അപമര്യാദയായി പെരുമാറിയതിന് ജോജു ജോർജിനെതിരേ പോലീസ് നടപടി സ്വീകരിക്കണം. ആ നടപടി ജനങ്ങളെയും സമൂഹത്തെയും ബോധ്യപ്പെടുത്താൻ സാധിക്കുന്ന നടപടി ആയിരിക്കണം അതെന്നും സുധാകരൻ പറഞ്ഞിരുന്നു. ഇന്ധനവില വർധനവിനെതിരെ കോൺഗ്രസ് നടത്തിയ റോഡ് ഉപരോധ സമരത്തിനെതിരേയായിരുന്നു ജോജു ജോർജ് പ്രതിഷേധവുമായി രംഗത്തെത്തിയത്.

തൃശൂർ: റോഡിന് നടുവിലുള്ള വൈദ്യുതി പോസ്റ്റ് കാണാതെ റോഡ് ടാറിങ് നടത്തിയ സംഭവത്തിൽ ഉദ്യോഗസ്ഥരുടെ കണ്ണുതുറപ്പിച്ച് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. റോഡിന്റെ നടുവിലുണ്ടായിരുന്ന വൈദ്യുതി പോസ്റ്റ് മന്ത്രിയുടെ ഇടപെടലിനെ തുടർന്ന് മാറ്റി. തമ്പുരാൻപടി-കണ്ടുബസാർ റോഡിൽ പുന്നയൂർ പഞ്ചായത്തിലെ ഏരിമ്മൽ ക്ഷേത്രത്തിന് സമീപമാണ് റോഡിന് നടുവിൽ വൈദ്യുതി പോസ്റ്റ് നിന്നത്. രണ്ടു ആഴ്ചയ്ക്ക് മുൻപാണ് റോഡ് ടാർ ചെയ്തത്.

റോഡിന്റെ നടുവിൽ വൈദ്യുതി പോസ്റ്റ് ഉണ്ടെന്ന് ചൂണ്ടിക്കാട്ടി പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയിരുന്നു. എന്നാൽ പോസ്റ്റ് മാറ്റാനുള്ള തുക എസ്റ്റിമേറ്റിൽ ഇല്ലെന്നായിരുന്നു നിർമാണം നടത്തുന്ന നാഷണൽ ഹൈവേ അതോറിറ്റി വിഭാഗം പറഞ്ഞിരുന്നത്.

റോഡിലേക്ക് കയറി നിൽക്കുന്ന 21 പോസ്റ്റുകൾ മാറ്റാൻ 3.10 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കിയെങ്കിലും പോസ്റ്റുകൾ മാറ്റാതെയാണ് ഉദ്യോഗസ്ഥർ റോഡ് ടാർ ചെയ്തത്. ഇക്കാര്യം ചൂണ്ടിക്കാട്ടി പുന്നയൂരിലെ പൊതുപ്രവർത്തകനാണ് മന്ത്രിയ്ക്ക് പരാതി നൽകിയത്. പ്രദേശത്ത് റോഡിലേക്ക് കയറി നിൽക്കുന്ന 20 പോസ്റ്റുകൾ അടുത്ത ദിവസം മാറ്റുമെന്ന് അധികൃതർ അറിയിച്ചു.

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ആരോഗ്യമന്ത്രി വീണാ ജോർജ് മിന്നൽ സന്ദർശനം നടത്തിയതിന് പിന്നാലെ വിമർശനവുമായി ഡോക്ടർമാർ. മെഡിക്കൽ കോളേജിലെ സാഹചര്യം കാലങ്ങളായി ഇങ്ങനെ തന്നെയാണെന്നും, ഇതിന് പരിഹാരമാവശ്യപ്പെട്ട് പലപ്പോഴായി മന്ത്രിയെ തന്നെ സമീപിച്ചിട്ടുണ്ടെന്നുമാണ് പിജി ഡോക്ടർമാരുടെ സംഘടന വ്യക്തമാക്കുന്നത്. മന്ത്രി വലിച്ചു കീറിയ പോസ്റ്റർ തയ്യാറാക്കിയ ഡോക്ടറും വീണാ ജോർജ്ജിനെതിരെ വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്.

വ്യാഴാഴ്ച രാത്രിയാണ് ആരോഗ്യ മന്ത്രി മെഡിക്കൽ കോളേജിൽ മിന്നൽ സന്ദർശനം നടത്തിയത്. ആശുപത്രിയിലെ വീഴ്ച്ചകൾ മന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു. മുതിർന്ന ഡോക്ടർമാർ ആ സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്നില്ല. കൃത്യമായ ഡ്യൂട്ടി ചാർട്ട് ഇല്ലാത്തതും ഉത്തരവാദിത്വപ്പെട്ടവർ സ്ഥലത്തില്ലാത്തതും മന്ത്രി ചൂണ്ടിക്കാട്ടി. മെഡിക്കൽ കോളേജിലെ പരിമിതികൾ സഹിക്കണമെന്ന് ആവശ്യട്ട് വാർഡിന്റെ ഭിത്തിയിൽ പതിച്ചിരുന്ന പോസ്റ്റർ മന്ത്രി നീക്കം ചെയ്യിപ്പിക്കുകയും ചെയ്തു. ഇതിനെതിരെയാണ് പോസ്റ്റർ തയ്യാറാക്കിയ ഡോക്ടർ മുഹമ്മദ് യാസീൻ രംഗത്തെത്തിയത്.

മെഡിക്കൽ കോളേജിൽ ഹൗസ് സർജൻസി ചെയ്യുന്ന സമയത്ത് താനാണ് ആ പോസ്റ്റർ തയ്യാറാക്കി ഒട്ടിച്ചതെന്നാണ് യാസീൻ ഫേസ്ബുക്കിലൂടെ വ്യക്തമാക്കുന്നത്. ഭൗതിക സൗകര്യങ്ങൾ വർദ്ധിപ്പിക്കുകയും കൂടുതൽ ജീവനക്കാരെ നിയമിക്കുകയും ചെയ്തില്ലെങ്കിൽ ഇനിയും ഇത്തരം പോസ്റ്റുകൾ പ്രത്യക്ഷപ്പെടുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇളക്കി മാറ്റിക്കാൻ മന്ത്രിയും ഇളക്കി മാറ്റാൻ സ്റ്റാഫും ഉണ്ടാവും. പക്ഷേ അവിടെ കുറച്ച് സൗകര്യങ്ങളും കുറച്ച് സ്റ്റാഫിനെയും കൂടി കൊടുത്താൽ പോസ്റ്റർ ഒട്ടുന്നത് അങ്ങ് ഒഴിവാക്കാമായിരുന്നുവെന്നും യാസീൻ കൂട്ടിച്ചേർത്തു. പോസ്റ്റർ പതിപ്പിക്കാനുണ്ടായ സാഹചര്യത്തെ കുറിച്ചും യാസീൻ വിശദീകരിക്കുന്നുണ്ട്.

മുംബൈ: മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനെതിരെ ഗുരുതര ആരോപണവുമായി നവാബ് മാലിക്. ഫഡനാവിസിന് മയക്കുമരുന്ന് കച്ചവടക്കാരനുമായി ബന്ധമുണ്ടെന്നാണ് നവാബ് മാലിക്കിന്റെ ആരോപണം. ദേവേന്ദ്ര ഫഡ്നാവിന്റെ ഭാര്യ അമൃതയ്ക്കൊപ്പം നിൽക്കുന്ന മയക്കുമരുന്ന് കച്ചവടക്കാരൻ ജയ്ദീപ് റാണയുടെ ഫോട്ടോ ട്വീറ്റ് ചെയ്തുകൊണ്ടാണ് നവാബ് മാലിക്കിന്റെ പരാമർശം.

2018 ൽ അമൃത ഫഡ്നാവിസിന്റെ ‘റിവർ ആൻന്തം’ പദ്ധതിയുടെ റെക്കോർഡിംഗ് വേളയിലാണ് ഫോട്ടോ എടുത്തിരിക്കുന്നതെന്ന് വ്യക്തമാണെന്ന് മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക് വ്യക്തമാക്കി. റാണയാണ് പദ്ധതിയുടെ ഫിനാൻഷ്യൽ ഹെഡെന്നും അദ്ദേഹം ആരോപിച്ചു. മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് നിലവിൽ ജയിലിൽ കഴിയുകയാണ് ജയ്ദീപ് റാണ. സംസ്ഥാനത്തെ മയക്കുമരുന്ന് ബിസിനസ് ഫഡ്നാവിസിന്റെ ഭരണകാലത്ത് വളർന്നുവെന്നും അദ്ദേഹം ആരോപിച്ചു. ആഢംബര കപ്പലിലെ മയക്കുമരുന്ന് കേസ് വ്യാജമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഷാരൂഖ് ഖാന്റെ മകൻ ഉൾപ്പെട്ട ലഹരി മരുന്ന് കേസിൽ പ്രാധാന്യമുള്ള ഒന്നും തന്നെയില്ല. ഇത് ബിജെപിയുടെ ഗൂഢാലോചനയുടെ ഭാഗമാണ്. ബോളിവുഡിന്റെ കേന്ദ്രം മുംബൈയിൽ നിന്ന് മാറ്റുക എന്നതാണ് അവരുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം നവാബ് മാലിക്കിന്റെ ആരോപണങ്ങളെല്ലാം ദേവേന്ദ്ര ഫഡ്നാവിസ് നിഷേധിച്ചു. ഈ വ്യക്തി താനും ഭാര്യയും ഉൾപ്പടെ എല്ലാവർക്കുമൊപ്പം ഫോട്ടോയെടുത്തിരുന്നുവെന്നും മാലിക്കിനാണ് ഇവരൊക്കെയായിട്ട് ബന്ധമുള്ളതെന്നും ഫഡ്‌നാവിസ് തിരിച്ചടിച്ചു. അധോലോകവുമായുള്ള മാലിക്കിന്റെ ബന്ധം ഉടൻ തുറന്നുകാട്ടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ന്യൂഡൽഹി: രാഷ്ട്രീയ പാർട്ടികൾക്ക് ലഭിക്കുന്ന സംഭാവന കണക്കുകൾ പുറത്ത്. ഇന്ത്യയിൽ ഏറ്റവും അധികം പണം നേരിട്ട് സംഭാവനയായി സ്വീകരിച്ച പ്രാദേശിക രാഷ്ട്രീയ പാർട്ടി മുസ്ലീംലീഗാണ്. വിവിധ സംസ്ഥാനങ്ങളിലായി ഭരണത്തിലുള്ള ഡിഎംകെ, ആംആദ്മി പാർട്ടി, ബിജു ജനതാദൾ, ശിവസേന, ജെഡിയു തുടങ്ങിയ പാർട്ടികളെല്ലാം ഇക്കാര്യത്തിൽ ലീഗിന് പിന്നിലാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. എഐഡിഎംകെ, ജെഡിഎസ് എന്നിവർ ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിലെ പ്രധാന പ്രതിപക്ഷ കക്ഷികളേക്കാളും മുൻനിരയിലാണ് ലീഗിന്റെ സ്ഥാനം.

4.63 കോടി രൂപയാണ് 2019-20 സാമ്പത്തിക വർഷത്തിൽ ലീഗിന് നേരിട്ട് പണമായി ലഭിച്ച സംഭാവന. 8.18 കോടി രൂപയാണ് ആകെ പാർട്ടിയ്ക്ക് സംഭാവനയായി ലഭിച്ചത്. അതേസമയം ഏറ്റവും ഉയർന്ന സംഭാവന ലഭിക്കുന്നത് ശിവസേനയ്ക്കാണ്. കഴിഞ്ഞ വർഷം 62.85 കോടി രൂപയാണ് ശിവസേനയ്ക്ക് സംഭാവനയായി കിട്ടിയത്. എഐഎഡിഎംകെ ആപ്പ് എന്നിവർക്ക് യഥാക്രമം 52.17, 37.37 കോടി രൂപ വീതവും ലഭ്യമായിട്ടുണ്ട്.. അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് നടത്തിയ പഠനത്തിലാണ് പ്രദേശിക പാർട്ടികളുടെ സംഭാവനകളെ കുറിച്ചുള്ള വിവരം പുറത്തുവന്നത്.