General (Page 1,338)

കൊച്ചി: സ്വർണ്ണക്കടത്ത് കേസിൽ ജാമ്യം ലഭിച്ച് ജയിലിൽ നിന്നും പുറത്തിറങ്ങിയ ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിച്ച് സ്വപ്‌നാ സുരേഷ്. മാദ്ധ്യമങ്ങളിൽ നിന്ന് ഒളിച്ചോടില്ലെന്ന് സ്വപ്‌ന വ്യക്തമാക്കി. എല്ലാ സംശയങ്ങൾക്കും മറുപടി ഉണ്ടാകുമെന്നും സ്വപ്‌ന പറഞ്ഞു. കൊച്ചിയിൽ അഭിഭാഷകനെ കാണാൻ എത്തിയപ്പോഴായിരുന്നു സ്വപ്‌നയുടെ പ്രതികരണം.

അമ്മയ്‌ക്കൊപ്പം തിരുവന്തപുരത്ത് മാദ്ധ്യമങ്ങളെ കാണും. നിലവിൽ കേസിന്റെ കാര്യങ്ങൾക്കാണ് മുൻഗണന നൽകുന്നതെന്നും സ്വപ്‌നാ സുരേഷ് കൂട്ടിച്ചേർത്തു. സ്വപ്നയുടെ പ്രതികരണത്തിനായുള്ള കാത്തിരിപ്പിലാണ് മാദ്ധ്യമങ്ങൾ. സ്വപ്ന ഉടൻ മാദ്ധ്യമങ്ങളെ കാണുമെന്ന് കഴിഞ്ഞ ദിവസം അമ്മ പ്രഭ വ്യക്തമാക്കിയിരുന്നു. കേസന്വേഷണവും കസ്റ്റഡിയും ജയിൽവാസവും സ്വപ്നയുടെ ആരോഗ്യസ്ഥിതി വഷളാക്കിയെന്നാണ് പ്രഭ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്.

ജയിൽ ഭക്ഷണത്തോടുള്ള അനിഷ്ടം ആഹാരത്തോട് വെറുപ്പുണ്ടാകാനും ശരീരം ക്ഷീണിക്കാനും കാരണമായെന്നും ജാമ്യം ലഭിക്കാൻ വൈകിയത് മാനസികപിരിമുറുക്കത്തിന് ഇടയാക്കിയെന്നും പ്രഭ വിശദമാക്കി. ഉറക്കകുറവ് ഉൾപ്പെടെയുള്ള പ്രശ്നങ്ങളും സ്വപ്നയ്ക്ക് ഉണ്ടായിരുന്നു. ഇവയ്ക്ക് പരിഹാരം കണ്ടശേഷം മാദ്ധ്യമങ്ങളെ കാണാനാണ് സ്വപ്ന തീരുമാനിച്ചിരിക്കുന്നതെന്നാണ് വിവരം. അതേസമയം അടുത്ത ബന്ധുക്കളിൽ ചിലർ മാത്രമാണ് സ്വപ്നയെ വീട്ടിലെത്തി സന്ദർശിച്ചത്. പുറത്തു നിന്നുള്ളവരുമായി ഇതുവരെ സ്വപ്ന കൂടിക്കാഴ്ചയ്ക്ക് തയ്യാറായിട്ടില്ലെന്നാണ് വിവരം.

കൊച്ചി: ഐജി ലക്ഷ്മണക്കെതിരെ സർക്കാർ നടപടിക്ക് ശുപാർശ. പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൺ മാവുങ്കലുമായി ബന്ധമുണ്ടെന്ന് ആരോപണമുയർന്നതിനാലാണ് ലക്ഷ്മണക്കെതിരെ നടപടിയെടുക്കണമെന്ന ശുപാർശ റിപ്പോർട്ട് ക്രൈം ബ്രാഞ്ച് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറിയത്.

ഐജിയുടെ ഭാഗത്ത് നിന്ന് പോലീസിന്റെ മാന്യതയ്ക്ക് ചേരാത്ത നടപടിയുണ്ടായതായാണ് റിപ്പോർട്ടിൽ വ്യക്തമാക്കിയിരിക്കുന്നത്. മുഖ്യമന്ത്രിയാണ് ഐജി ലക്ഷ്മണയെ സസ്പെൻഡ് ചെയ്യാനുള്ള നടപടിയിൽ അന്തിമ തീരുമാനം സ്വീകരിക്കേണ്ടത്. മോൻസണുമായി ഐജി ലക്ഷ്മണ സംസാരിച്ചതിന്റെ രേഖകൾ ഉൾപ്പെടെ പരിശോധിച്ച ശേഷമാണ് നടപടിക്ക് ശുപാർശ ചെയ്ത് റിപ്പോർട്ട് സമർപ്പിച്ചത്. മറ്റു ചില തട്ടിപ്പു കേസുകളുമായി ബന്ധപ്പെട്ടും ലക്ഷ്മണയ്‌ക്കെതിരെ പരാതി ഉയരുന്നിട്ടുണ്ട്.

rafale

ന്യൂഡൽഹി: വീണ്ടും വിവാദത്തിൽ അകപ്പെട്ട് കോൺഗ്രസ്. റഫാൽ യുദ്ധവിമാനക്കരാർ നേടിയെടുക്കാനായി ഫ്രഞ്ച് കമ്പനിയായ ദസൊ ഏവിയേഷൻ ഇടനിലക്കാരൻ സുഷേൻ ഗുപ്തയ്ക്ക് 65 കോടി രൂപ നൽകിയെന്ന വെളിപ്പെടുത്തലിന് പിന്നാലെയാണ് കോൺഗ്രസ് വീണ്ടും വിവാദത്തിൽ അകപ്പെട്ടത്. ഫ്രഞ്ച് അന്വേഷണപോർട്ടലായ മീഡിയ പാർട്ടാണ് വാർത്ത പുറത്തുവിട്ടത്. ഐ.ടി. സേവന കരാറുകളുടെ മറവിൽ വിദേശത്തെ കടലാസു കമ്പനികളിലൂടെ 2007 മുതൽ 2012 കാലയളവിൽ 65 കോടി രൂപ കൈമാറിയെന്നാണ് വിവരം. കോൺഗ്രസ് നേതൃത്വത്തിലുള്ള യു.പി.എ സർക്കാരിന്റെ ഭരണകാലത്ത് നടന്ന ഈ സംഭവം റഫാൽ രാഷ്ട്രീയ ആയുധമാക്കിയ കോൺഗ്രസിന് വൻ തിരിച്ചടിയാണ് നൽകിയിരിക്കുന്നത്.

അഗസ്തവെസ്റ്റ്‌ലൻഡ് വി.വി.ഐ.പി. ഹെലികോപ്റ്റർ ഇടപാടുകേസിലെ അന്വേഷണത്തിന്റെ ഭാഗമായി സി.ബി.ഐ.ക്കു കിട്ടിയ രേഖകളിലാണ് കൈക്കൂലിയുടെ വിവരമുണ്ടായിരുന്നത്. 2010-ലാണ് അഗസ്തവെസ്റ്റ്‌ലൻഡ് ഇടപാട് നടന്നത്. അതിൽ മൗറീഷ്യസ് ആസ്ഥാനമായുള്ള കടലാസ് കമ്പനിയായ ഇന്റർസ്റ്റെല്ലാർ ടെക്‌നോളജീസ് ലിമിറ്റഡിന്റെയും അതുപോലുള്ള മറ്റ് ഒട്ടേറെ സ്ഥാപനങ്ങളുടെയും മറവിൽ സുഷേൻ ഗുപ്ത കമ്മിഷൻ പറ്റിയതായി എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) ആരോപിച്ചിരുന്നു. 2019 മാർച്ചിലാണ് ഇയാൾ അറസ്റ്റിലായത്. എൻഫോഴ്‌സ്‌മെന്റാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

കോഴിക്കോട്: നിലമ്പൂർ എംഎൽഎ പി.വി.അൻവറിനെതിരെ സമരവുമായി ആദിവാസികളും ഭൂരഹിതരും. സെക്രട്ടറിയേറ്റിന് മുന്നിലാണ് പി വി അൻവറിനെതിരെ സമരം നടക്കുന്നത്. നിയമസഭ തെരഞ്ഞെടുപ്പുകളിൽ താനും കുടുംബവും 207 എക്കറോളം ഭൂമി കൈവശം വെച്ചിട്ടുണ്ടെന്നാണ് സ്വത്ത് വിവരം വെളിപ്പെടുത്തുന്നതിന്റെ ഭാഗമായി അറിയിച്ചിരിക്കുന്നത്. ഇങ്ങനെ അനധികൃതമായി കൈവശം വച്ചിരിക്കുന്ന അധിക ഭൂമി ആറുമാസത്തിനകം തിരിച്ച് ആദിവാസികൾക്കും ഭൂരഹിതർക്കും നൽകണമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. എന്നാൽ ഇത് പാലിക്കാൻ സർക്കാർ ഇതുവരെ തയ്യാറായിട്ടില്ല.

ഇഎംഎസ് നടപ്പാക്കിയ ഭൂപരിഷ്‌ക്കരണ നിയമം പോലും സർക്കാർ കണക്കിലെടുക്കുന്നില്ലെന്നാണ് ആക്ഷേപം. സിപിഎം, ഇടതുപക്ഷ സർക്കാരും കൊണ്ടു വന്ന നിയമമായ ഭൂപരിഷ്‌ക്കരണനിയമം നിലവിലുളളപ്പോളാണ് പി വി അൻവർ ഇത്തരത്തിൽ പരിധിയിൽ കൂടുതൽ സ്വത്ത് കൈവശം വച്ചിരിക്കുന്നത്. സാധരണവ്യക്തിക്കും കുടുംബത്തിനും കൈവശം വെക്കാവുന്ന സ്വത്ത് 15 ഏക്കർ ആണ്. ഒരു എംഎൽഎ 207 ഏക്കറോളം സ്വത്ത് കൈവശം വക്കുക എന്നത് ഭരണഘടന ലംഘനമാണ്. ഒരു പൊതുപ്രവർത്തകൻ തന്നെ നിയമം ലംഘിക്കുമ്പോൾ പൊതുജനത്തെ നിയന്ത്രിക്കാൻ സാധിക്കുമോയെന്ന ചോദ്യം ഉയരുന്നുണ്ട്.

നിലമ്പുരിൽ മാത്രം ധാരാളം ആദിവാസികളാണ് ഭൂരഹിതരായി കഴിയുന്നത്. ഇതൊന്നും മുഖവിലയ്‌ക്കെടുക്കാതെയാണ് സർക്കാരിന്റെ പ്രവൃത്തികൾ. പാവപ്പെട്ട ജനങ്ങളെ വഞ്ചിച്ച് കൊണ്ട് സ്വന്തം എംഎൽഎ സംരക്ഷിക്കുകയാണ് സർക്കാർ ചെയ്യുന്നതെന്നാണ് ആക്ഷേപം. എംഎൽഎ നിയമ വിരുദ്ധമായി കൈവശം വച്ചിരിക്കുന്ന സ്വത്ത് കണ്ടുകെട്ടണമെന്നാവശ്യപ്പെട്ട് ജില്ല വിവരാവകാശ കൂട്ടായ്മ ഗവർണർ, നിയമസഭസ്പീക്കർ, തെരഞ്ഞെടുപ്പ് കമ്മീഷ്ണർ, റവന്യൂമന്ത്രി തുടങ്ങിയവർക്ക് പരാതി നൽകിയിരുന്നു. അതേസമയം രാഷ്ട്രീയ സാമ്പത്തിക അധികാരങ്ങൾ ഉപയോഗിച്ച് പരാതികൾ എല്ലാം തന്നെ ഫയലുകളിൽ ഒതുക്കിയെന്നും വിമർശനം ഉയരുന്നുണ്ട്.

തിരുവനന്തപുരം: കേരള ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ അദ്ധ്യക്ഷ സ്ഥാനം മുഹമ്മദ് ഇക്ബാലിന് നൽകാൻ കേരള കോൺഗ്രസ് (എം). കേരള ഇക്കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ കുറ്റ്യാടിയിൽ നാമനിർദ്ദേശം ചെയ്ത ശേഷം പിൻവലിച്ച സ്ഥാനാർത്ഥിയാണ് മുഹമ്മദ് ഇക്ബാൽ. ന്യൂനപക്ഷ വിഭാഗത്തിനുള്ള സാമ്പത്തിക സഹായങ്ങൾ കൈകാര്യം ചെയ്യുന്ന ധനകാര്യ കോർപ്പറേഷന്റെ അദ്ധ്യക്ഷസ്ഥാനം കേരള കോൺഗ്രസ് എമ്മിന് കൈമാറുന്നത് സംബന്ധിച്ച് വിവാദങ്ങളുയർന്നിരുന്നു. ഈ വിവാദങ്ങൾ ഒഴിവാക്കാനാണ് കേരള കോൺഗ്രസ് എമ്മിന്റെ നീക്കം.

നിലവിൽ ന്യൂനപക്ഷ സാമ്പത്തിക സഹായങ്ങൾ വിതരണം ചെയ്യുന്നത് ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷനാണ്. ഇതുവരെ മുസ്ലീം സമുദായംഗങ്ങളായിരുന്നു ഈ പദവി വഹിച്ചിരുന്നത്. ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ കേരള കോൺഗ്രസ് മാണി വിഭാഗത്തിനു നൽകുന്നതിനെതിരെ ഐ എൻ എൽ പ്രതിഷേധിച്ചിരുന്നു. മുസ്ലീം സംഘടനകളും സംഭവത്തിനെതിരെ വിമർശനവുമായി രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ധനകാര്യ കോർപ്പറേഷൻ അദ്ധ്യക്ഷ സ്ഥാനം കേരള കോൺഗ്രസ് മുഹമ്മദ് ഇഖ്ബാലിന് നൽകാൻ തീരുമാനിച്ചത്.

തിരുവനന്തപുരം: ഇന്ധനവില കുറയ്ക്കുന്ന വിഷയത്തിൽ ശക്തമായ സമരവുമായി മുന്നോട്ട് പോകാനൊരുങ്ങി കോൺഗ്രസ്. സമരത്തിന്റെ അടുത്തഘട്ടം ആലോചിക്കാൻ വേണ്ടി ചൊവ്വാഴ്ച്ച കെപിസിസി അടിയന്തര ഭാരവാഹി യോഗം ചേരും. നടൻ ജോജുവിന്റെ കാർ ആക്രമിച്ച കേസിൽ കോൺഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്തതിന് ശേഷം ആദ്യമായാണ് ഭാരവാഹി യോഗം ചേരുന്നത്. കോൺഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്ത വിഷയത്തിൽ എന്ത് നിലപാട് സ്വീകരിക്കണമെന്ന് ഭാരവാഹി യോഗത്തിൽ ചർച്ച ചെയ്യുമെന്നാണ് വിവരം.

പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ചക്ര സ്തംഭന സമരത്തിൽ പങ്കെടുക്കാത്തതിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരന് അതൃപ്തിയുണ്ട്. റോഡുപരോധിച്ചുള്ള സമരത്തെ അനുകൂലിക്കുന്ന നിലപാടല്ല സതീശന്റേത്. തെരുവിൽ സമരം ശക്തമാക്കാനാണ് സുധാകരന്റെ നീക്കം.

അതേസമയം ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുത്തിയുള്ള സിനിമ ചിത്രീകരണം ഇനി എറണാകുളം ജില്ലയിൽ അനുവദിക്കില്ലെന്ന് യൂത്ത് കോൺഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്. ഗതാഗതം തടഞ്ഞും സർക്കാർ ഓഫീസുകൾ അടക്കമുള്ള സ്ഥാപനങ്ങളുടെ പ്രവർത്തനം തടസ്സപ്പെടുത്തിയുമുള്ള സിനിമാ ചിത്രീകരണം തടയുമെന്നാണ് കോൺഗ്രസ് അറിയിക്കുന്നത്. ജില്ലയിൽ പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിലുള്ള സിനിമ ചിത്രീകരണം മുന്നറിയിപ്പില്ലാതെ തടയുമെന്ന് യൂത്ത് കോൺഗ്രസ് എറണാകുളം ജില്ലാ പ്രസിഡന്റ് ടിറ്റോ ആന്റണി അറിയിച്ചു.

സിനിമ ലൊക്കേഷനുകളിലെ ലഹരി ഉപയോഗത്തിനെതിരെയും യൂത്ത് കോൺഗ്രസ് പ്രചാരണവും പ്രക്ഷോഭവും ആരംഭിക്കും. ലൊക്കേഷനുകളിൽ ബൗൺസർമാരെയും ഗുണ്ടകളെയും അണിനിരത്തിയാണ് പലയിടത്തും ഷൂട്ടിംഗ് നടത്തുന്നതെന്നും ഇവർ ജനങ്ങളെ ആട്ടിയകറ്റുകയാണെന്നും ടിറ്റോ ആന്റണി പറഞ്ഞിരുന്നു. സിനിമാ താരം ജോജു ജോർജുമായി ഉണ്ടായ വിവാദങ്ങൾക്ക് പിന്നാലെയാണ് കോൺഗ്രസിന്റെ നീക്കം.

തിരുവനന്തപുരം: വിയറ്റ്‌നാമും കേരളവുമായുള്ള വ്യവസായ വാണിജ്യ സഹകരണം ശക്തിപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൃഷി, മത്സ്യ വ്യവസായ മേഖലകളിൽ വിപുല സാധ്യതകൾ തുറക്കുന്നതാകും ഈ സഹകരണമെന്നും മുഖ്യമന്ത്രി പറഞ്ഞു. വിയറ്റ്‌നാം – കേരളം സഹകരണം സംബന്ധിച്ചു തിരുവനന്തപുരത്തു സംഘടിപ്പിച്ച ശിൽപ്പശാലയുടെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കാർഷിക രംഗത്തും മത്സ്യബന്ധന, സംസ്‌കരണ രംഗത്തും വിയറ്റ്‌നാമുമായി ഏറെ സാമ്യത പുലർത്തുന്ന സംസ്ഥാനമാണു കേരളമെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. നെല്ല്, കുരുമുളക്, കാപ്പി, റബർ, കശുവണ്ടി തുടങ്ങിയ മേഖലകളിൽ മികച്ച രീതികളും ഉത്പാദനക്ഷമതയും വിയറ്റ്‌നാം വികസിപ്പിച്ചെടുത്തിട്ടുണ്ട്. സമുദ്രോത്പന്ന സംസ്‌കരണം, മൂല്യവർധന എന്നിവയിലും മികവു പുലർത്തുന്നുണ്ട്. ഈ നേട്ടം എങ്ങനെ കൈവരിച്ചുവെന്നതു സംബന്ധിച്ച വിനിമയം ഈ മേഖലകളിലെ ഭാവി വികസനത്തിൽ കേരളത്തിന് വലിയ മുതൽക്കൂട്ടാകും. ഇതിനൊപ്പം ഉന്നത വിദ്യാഭ്യാസം, പ്രൊഫഷണൽ പരിശീലനം, വിവരസാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിൽ വിയറ്റ്‌നാമിനു മികച്ച പിന്തുണ നൽകാൻ കേരളത്തിനും കഴിയും. ഡിജിറ്റൽ വിദ്യാഭ്യാസ മേഖലയിലും ഓൺലൈൻ പഠന രംഗത്തും സഹായം നൽകാനുമാകും. ലോകത്തെ ഏറ്റവും മികച്ച ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നായ കേരളത്തിലേക്കു വിയറ്റ്‌നാമിൽ നിന്നുള്ളവരെ മുഖ്യമന്ത്രി സ്വാഗതം ചെയ്യുകയും ചെയ്തു.

വിയറ്റ്‌നാമുമായി സഹോദര നഗര ബന്ധം വിപുലമാക്കാനുള്ള ആശയം ഏറെ പ്രയോജനകരമാണെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. വിദഗ്ധരുടെ സന്ദർശനങ്ങളിലൂടെയും വെബിനാറുകളിലൂടെയും ഈ ബന്ധം ശക്തിപ്പെടുത്തും. കൃഷി, മത്സ്യബന്ധന മേഖലകളിൽ സംയുക്ത വർക്കിങ് ഗ്രൂപ്പുകളുടെ രൂപീകരണം ഇരു പ്രദേശങ്ങളും തമ്മിലുള്ള സഹകരണത്തിനു പൊതുവേദിയൊരുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

വാണിജ്യ – വ്യവസായ രംഗങ്ങളിൽ കേരളവുമായി വിപുലമായ സഹകരണം സാധ്യമാണെന്നു ശിൽപ്പശാലയിൽ പങ്കെടുത്ത വിയറ്റ്‌നാം അംബാസിഡർ ഫാം സാങ് ചൂ പറഞ്ഞു. വിദ്യാഭ്യാസ, സാംസ്‌കാരിക രംഗങ്ങൽ കേരളത്തിന്റെ പാരമ്പര്യവും മുന്നേറ്റവും പ്രയോജനപ്പെടുത്താൻ കഴിയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കൃഷി, മത്സ്യമേഖല, വിവരസാങ്കേതികവിദ്യ, വ്യവസായം, ഉന്നത വിദ്യാഭ്യാസം തുടങ്ങിയ മേഖലകൾ സംബന്ധിച്ച വിപുലമായ ചർച്ച ശിൽപ്പശാലയിൽ നടന്നു. മന്ത്രിമാരായ പി. രാജീവ്, സജി ചെറിയാൻ, പി. പ്രസാദ്, പ്ലാനിങ് ബോർഡ് വൈസ് ചെയർമാൻ പ്രൊഫ. വി.കെ. രാമചന്ദ്രൻ, ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയി, ഓഫിസർ ഓൺ സ്‌പെഷ്യൽ ഡ്യൂട്ടി(ഫോറിൻ അഫയേഴ്‌സ്) വേണു രാജാമണി, മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി കെ.എം. ഏബ്രഹാം, വിയറ്റ്‌നാം സംഘാംഗങ്ങളായ പൊളിറ്റിക്കൽ കൗൺസിലർ ഗുയെൻ തി നഗോക് ഡൂങ്, കൗൺസിലർ ഗുയെൻ തി താൻസുവാൻ, ട്രേഡ് കൗൺസിലർ ബുയി ട്രങ് തുവാങ്, പ്രസ് അറ്റാഷെ സോൻ ഹോവാങ് മെഡൂങ്, സംസ്ഥാന സർക്കാരിലെ അഡിഷണൽ ചീഫ് സെക്രട്ടറിമാർ, പ്രിൻസിപ്പൽ സെക്രട്ടറിമാർ, സെക്രട്ടറിമാർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

ബെയ്ജിംഗ്: ബെയ്ജിംഗിൽ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ സുപ്രധാന പ്ലീനം ആരംഭിച്ചു. നൂറു വർഷത്തെ പാർട്ടിയുടെ നേട്ടങ്ങൾ വിവരിക്കുന്ന രേഖ ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങാണ് സമ്മേളനത്തിൽ അവതരിപ്പിച്ചത്. വ്യാഴാഴ്ച വരെയാണ് പ്ലീനം നടക്കുന്നത്. ചൈനയുടെ ഭാവി നയം വിശദീകരിക്കുന്ന പ്രമേയം പ്ലീനത്തിൽ അവതരിപ്പിക്കും.

ഷീ ജിൻപിങാണ് പാർട്ടി ജനറൽ സെക്രട്ടറി, രാജ്യത്തിന്റെ പ്രസിഡന്റ്, സെൻട്രൽ മിലിറ്ററി കമ്മീഷൻ മേധാവി എന്നീ മൂന്നു സുപ്രധാന പദവികളും ഇപ്പോഴും വഹിക്കുന്നത്. രണ്ടു തവണകളായി ഷീ ജിൻപിങാണ് രാജ്യത്തെ പ്രസിഡന്റ് പദത്തിൽ അധികാരത്തിലുള്ളത്. ഷീ ജിൻ പിങിന് ഇനിയും അധികാരത്തിൽ തുടരാനുള്ള അനുമതി പാർട്ടി പ്ലീനം നൽകും. മുൻപ് നടന്ന പാർട്ടി സമ്മേളനത്തിൽ തന്നെ ഇതുസംബന്ധിച്ച ധാരണയായിരുന്നു. അടുത്ത വർഷം പാർട്ടിയുടെ പോളിറ്റ് ബ്യുറോയിലെ 12 അംഗങ്ങൾ വിരമിക്കുന്നുണ്ട്. അതിനാൽ തന്നെ വലിയൊരു തലമുറമാറ്റത്തിന് തയ്യാറെടുക്കുകയാണ് ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി.

കൊച്ചി: കൊച്ചി – മംഗളൂരു പ്രകൃതിവാതക (എൽ.എൻ.ജി) പൈപ്പ്ലൈൻ സമ്പൂർണ്ണശേഷിയിലേക്ക്. കേരളത്തിന്റെ സ്വപ്ന പദ്ധതികളിലൊന്നായ കൊച്ചി – മംഗളൂരു പ്രകൃതിവാതക പൈപ്പ്‌ലൈൻ പുതുവർഷത്തിൽ സമ്പൂർണശേഷി കൈവരിക്കും. കാസർകോട് ചന്ദ്രഗിരിപ്പുഴയ്ക്ക് കുറുകെയുള്ള, വ്യാസം കുറഞ്ഞ പൈപ്പ്‌ലൈനിന് പകരം വലുത് സ്ഥാപിക്കുന്നത് ഡിസംബറിൽ പൂർത്തിയാകും. എറണാകുളം മുതൽ കാസർകോട് വരെയുള്ള വടക്കൻ ജില്ലകളിൽ സിറ്റി ഗ്യാസ് പദ്ധതി നടപ്പാക്കാൻ കഴിയും. പ്രധാനമന്ത്രി നരേന്ദ്രമോദികഴിഞ്ഞ ജനുവരി 5 നാണ് പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചത്.

ചന്ദ്രഗിരിപ്പുഴയ്ക്ക് കുറുകെ പാറ തുരക്കുന്നതിനുണ്ടായ തടസം കാരണം താത്കാലികമായി ആറിഞ്ച് വ്യാസമുള്ള പൈപ്പാണ് സ്ഥാപിച്ചിരുന്നത്. തുടർന്ന് 350 മീറ്റർ നീളത്തിൽ ടണൽ നിർമ്മിച്ച്, മറ്റിടങ്ങളിലേതുപോലെ 24 ഇഞ്ച് പൈപ്പ് സ്ഥാപിക്കുകയാണിപ്പോൾ. ഇത് പൂർത്തിയാകുന്നതോടെ ആറിഞ്ച് പൈപ്പ് മാറ്റുമെന്നാണ് അധികൃതർ അറിയിക്കുന്നത്. പുഴയുടെ ഇരുകരകളിലും പൈപ്പുകൾ സ്ഥാപിക്കുന്ന ജോലിയും ഉടൻ ആരംഭിക്കുമെന്നും പുഴയ്ക്ക് കുറുകെയുള്ള പൈപ്പും ഇരുകരകളിലെയും പൈപ്പും തമ്മിൽ ഡിസംബർ അവസാനം ബന്ധിപ്പിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

്‌നിലവിൽ കൊച്ചിയിലെ എൽ.എൻ.ജി ടെർമിനലിൽ നിന്ന് കൊണ്ടുപോകുന്നത് 1.7 ദശലക്ഷം യൂണിറ്റാണ്. ചന്ദ്രഗിരിപ്പുഴയിലെ തടസംനീങ്ങി പൈപ്പ്‌ലൈൻ പൂർണശേഷി കൈവരിക്കുമ്പോൾ 12 ദശലക്ഷം യൂണിറ്റ് കൊണ്ടുപോകാൻ കഴിയും. ജനുവരി ആദ്യം ചന്ദ്രഗിരിപ്പുഴയിലെ 24 ഇഞ്ച് പൈപ്പ്‌ലൈനിലൂടെ എൽ.എൻ.ജി കടത്തിവിടുമെന്നും പൂർണശേഷി നേടുന്നതോടെ മംഗളൂരു വരെ വൻതോതിൽ ഇന്ധനം നൽകാമെന്നും ഗെയിൽ ജനറൽ മാനേജർ ജോസ് തോമസ് അറിയിച്ചു.

തിരുവനന്തപുരം: മെച്ചപ്പെട്ട സീരിയലുകൾ സ്വീകരണ മുറിയിലെത്താൻ ചാനലുകൾ മുൻകൈ എടുക്കണമെന്ന് സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ. തിരുവനന്തപുരം നിശാഗന്ധിയിൽ സംസ്ഥാന ടെലിവിഷൻ പുരസ്‌കാര വിതരണ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

വീടുകളിൽ കുടുംബാംഗങ്ങളെല്ലാവരും ഒരുമിച്ചിരുന്ന് കാണുന്ന സീരിയലുകളുടെ നിലവാരത്തിൽ കൂടുതൽ ഉത്തരവാദിത്തബോധം കാട്ടണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വ്യവസായം എന്ന നിലയിലും ആയിരങ്ങൾക്ക് ജീവനോപാധി എന്ന നിലയിലും നല്ല രീതിയിലെ പ്രോത്സാഹനമാണ് സംസ്ഥാന സർക്കാർ നൽകുന്നത്. സീരിയലുകളുടെ ഉത്തരവാദിത്തപ്പെട്ടവർ ധാർമികമായ സെൻസറിംഗ് സ്വയം നടത്തണമെന്ന് മന്ത്രി പറഞ്ഞു.

2018ലെ പ്രളയകാലത്ത് ചാനലുകൾ സാമൂഹ്യപ്രതിബദ്ധതയോടെയാണ് പ്രവർത്തിച്ചത്. ആ സമയം ദുരന്തനിവാരണ കൺട്രോൾ റൂമുകളായി ചാനലുകൾ പ്രവർത്തിച്ചുവെന്ന് അദ്ദേഹം വ്യക്തമാക്കി. കോവിഡ് ജനജീവിതത്തെ സാരമായി ബാധിച്ച വർഷങ്ങളാണ് പിന്നിട്ടു പോയത്. തിയേറ്ററുകൾ അടച്ചിടേണ്ടി വന്നു. കലാസാംസ്‌കാരിക പരിപാടികൾ നടത്താൻ കഴിയാതെ പോയി. ഇക്കാലയളവിൽ ആശ്വാസമായത് ടെലിവിഷനാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം കേരളത്തിലെ ജനങ്ങളുടെ കൂടുതൽ ശ്രദ്ധയും പങ്കാളിത്തവും ടെലിവിഷൻ പരിപാടികൾക്ക് ലഭിക്കുന്നുണ്ടെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ഭക്ഷ്യ മന്ത്രി അഡ്വ. ജി. ആർ. അനിൽ വിശദീകരിച്ചു. കോവിഡ് കാലത്ത് കേരളത്തിലെ കുടുംബങ്ങളെ സജീവമാക്കാൻ ടെലവിഷനു കഴിഞ്ഞിരുന്നതായി ഗതാഗത മന്ത്രി ആന്റണി രാജുവും പറഞ്ഞു. ടെലിവിഷൻ അവാർഡ് പുസ്തകം ഗതാഗത മന്ത്രി ആന്റണി രാജു വി. കെ. പ്രശാന്ത് എം. എൽ. എയ്ക്ക് നൽകി പ്രകാശനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ്‌കുമാർ, ചലച്ചിത്ര അക്കാഡമി ചെയർമാൻ കമൽ, സെക്രട്ടറി സി. അജോയ്, അക്കാഡമി ജനറൽ കൗൺസിൽ അംഗങ്ങളായ പ്രേം കുമാർ, മധു ജനാർദ്ദനൻ, ടെലിവിഷൻ ജൂറി ചെയർമാൻമാരായ ആർ. ശരത്, സഞ്ജു സുരേന്ദ്രൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു.