കേരളത്തിന്റെ സ്വപ്ന പദ്ധതി; മംഗളൂരു പ്രകൃതിവാതക പൈപ്പ്ലൈൻ സമ്പൂർണ്ണശേഷിയിലേക്ക്

കൊച്ചി: കൊച്ചി – മംഗളൂരു പ്രകൃതിവാതക (എൽ.എൻ.ജി) പൈപ്പ്ലൈൻ സമ്പൂർണ്ണശേഷിയിലേക്ക്. കേരളത്തിന്റെ സ്വപ്ന പദ്ധതികളിലൊന്നായ കൊച്ചി – മംഗളൂരു പ്രകൃതിവാതക പൈപ്പ്‌ലൈൻ പുതുവർഷത്തിൽ സമ്പൂർണശേഷി കൈവരിക്കും. കാസർകോട് ചന്ദ്രഗിരിപ്പുഴയ്ക്ക് കുറുകെയുള്ള, വ്യാസം കുറഞ്ഞ പൈപ്പ്‌ലൈനിന് പകരം വലുത് സ്ഥാപിക്കുന്നത് ഡിസംബറിൽ പൂർത്തിയാകും. എറണാകുളം മുതൽ കാസർകോട് വരെയുള്ള വടക്കൻ ജില്ലകളിൽ സിറ്റി ഗ്യാസ് പദ്ധതി നടപ്പാക്കാൻ കഴിയും. പ്രധാനമന്ത്രി നരേന്ദ്രമോദികഴിഞ്ഞ ജനുവരി 5 നാണ് പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചത്.

ചന്ദ്രഗിരിപ്പുഴയ്ക്ക് കുറുകെ പാറ തുരക്കുന്നതിനുണ്ടായ തടസം കാരണം താത്കാലികമായി ആറിഞ്ച് വ്യാസമുള്ള പൈപ്പാണ് സ്ഥാപിച്ചിരുന്നത്. തുടർന്ന് 350 മീറ്റർ നീളത്തിൽ ടണൽ നിർമ്മിച്ച്, മറ്റിടങ്ങളിലേതുപോലെ 24 ഇഞ്ച് പൈപ്പ് സ്ഥാപിക്കുകയാണിപ്പോൾ. ഇത് പൂർത്തിയാകുന്നതോടെ ആറിഞ്ച് പൈപ്പ് മാറ്റുമെന്നാണ് അധികൃതർ അറിയിക്കുന്നത്. പുഴയുടെ ഇരുകരകളിലും പൈപ്പുകൾ സ്ഥാപിക്കുന്ന ജോലിയും ഉടൻ ആരംഭിക്കുമെന്നും പുഴയ്ക്ക് കുറുകെയുള്ള പൈപ്പും ഇരുകരകളിലെയും പൈപ്പും തമ്മിൽ ഡിസംബർ അവസാനം ബന്ധിപ്പിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

്‌നിലവിൽ കൊച്ചിയിലെ എൽ.എൻ.ജി ടെർമിനലിൽ നിന്ന് കൊണ്ടുപോകുന്നത് 1.7 ദശലക്ഷം യൂണിറ്റാണ്. ചന്ദ്രഗിരിപ്പുഴയിലെ തടസംനീങ്ങി പൈപ്പ്‌ലൈൻ പൂർണശേഷി കൈവരിക്കുമ്പോൾ 12 ദശലക്ഷം യൂണിറ്റ് കൊണ്ടുപോകാൻ കഴിയും. ജനുവരി ആദ്യം ചന്ദ്രഗിരിപ്പുഴയിലെ 24 ഇഞ്ച് പൈപ്പ്‌ലൈനിലൂടെ എൽ.എൻ.ജി കടത്തിവിടുമെന്നും പൂർണശേഷി നേടുന്നതോടെ മംഗളൂരു വരെ വൻതോതിൽ ഇന്ധനം നൽകാമെന്നും ഗെയിൽ ജനറൽ മാനേജർ ജോസ് തോമസ് അറിയിച്ചു.