General (Page 1,337)

തിരുവനന്തപുരം: ഐജി ലക്ഷമണയ്‌ക്കെതിരെ നടപടി. പുരാവസ്തു തട്ടിപ്പു കേസിൽ അറസ്റ്റിലായ മോൺസൺ മാവുങ്കലുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനാണ് ഐജി ജി ലക്ഷ്മണയെ സസ്‌പെൻഡ് ചെയ്തത്. പോലീസ് സേനയ്ക്ക് അപമാനകരമായ പെരുമാറ്റമുണ്ടായെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. ചൊവ്വാഴ്ച്ചയാണ് ഐജി ലക്ഷ്മണയുടെ സസ്‌പെൻഷൻ ഉത്തരവിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഒപ്പുവെച്ചത്.

മോൺസണെതിരായ കേസുകൾ അട്ടിമറിക്കാൻ ഇടപെട്ടുവെന്നും ഔദ്യോഗിക വാഹനത്തിൽ പലതവണ തിരുവനന്തപുരത്ത് നിന്ന് ഐജി ലക്ഷ്മണ മോൺസന്റെ വസതിയിൽ എത്തിയെന്നും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. മോൻസണെതിരെ ചേർത്തല പോലീസ് രജിസ്റ്റർ ചെയ്ത കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത് വീണ്ടും ലോക്കൽ പോലീസിനുതന്നെ കൈമാറുന്നതിനായി ലക്ഷ്മൺ ഇടപെട്ടതിന്റെ രേഖകളും പുറത്തുവന്നിരുന്നു. കേസുകൾ ഒതുക്കാനും ലക്ഷ്മണിന്റെ സഹായം കിട്ടിയെന്ന് മോൻസൺ അവകാശപ്പെടുന്ന വീഡിയോ, ഓഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇതെല്ലാം കണക്കിലെടുത്താണ് ലക്ഷ്മണെ സസ്‌പെൻഡ് ചെയ്തത്.

അതേസമയം പുരാവസ്തു വിൽപ്പനയിൽ ഐജി ലക്ഷ്മണ ഇടനിലക്കാരനായിരുന്നെന്ന് സംശയിക്കുന്ന തെളിവുകളും ലഭ്യമായിട്ടുണ്ട്. ഐജി ലക്ഷമണയും മോൻസന്റെ മാനേജരടക്കമുള്ളവരുമായി നടത്തിയ വാട്സാപ്പ് ചാറ്റുകളുടെ വിവരങ്ങളും പുറത്തുവന്നു.

തിരുവനന്തപുരം: ആവിഷ്‌കാര സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നു കയറ്റത്തെ ശക്തമായി നേരിടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൗരന്മാരുടെ മൗലികാവകാശങ്ങൾ ഭരണഘടനാദത്തമായി അനുവദിക്കപ്പെട്ട നാടാണ് നമ്മുടേതെന്ന് അദ്ദേഹം പറഞ്ഞു. സംസാരിക്കാനും ആശയപ്രകടനത്തിനും സമാധാനപരമായി കൂട്ടംകൂടുവാനും ഇഷ്ടമുള്ള തൊഴിൽ ചെയ്യാനും സ്വാതന്ത്ര്യമുള്ള നാടാണിതെന്ന് അദ്ദേഹം വ്യക്തമാക്കി.

ആ അവകാശത്തിന്മേൽ കടന്നുകയറ്റം ഉണ്ടാകുന്നത് രാജ്യത്തിന്റെ ഭരണഘടനയ്ക്ക് നേരെയുള്ള ആക്രമണമാണ്. ഭരണഘടനാപരമായ ഇത്തരം കാര്യങ്ങൾ പോലും തങ്ങൾക്കു ബാധകമല്ല എന്ന പ്രഖ്യാപനമാണ് ചലച്ചിത്ര പ്രവർത്തകരെ അവരുടെ തൊഴിൽ സ്ഥലത്തു ചെന്ന് ആക്രമിക്കുന്നതിലൂടെ ഉണ്ടായിട്ടുള്ളത്. ഒരു കാരണവശാലും വച്ചു പൊറുപ്പിക്കാൻ പാടില്ലാത്ത ഫാസിസ്റ്റു മനോഭാവമാണിത്.

ഒരു വ്യക്തിയോടുള്ള വിദ്വേഷം മുൻനിർത്തിയുള്ള സംഘടിത നീക്കമായി അതിനെ ചുരുക്കി കാണുന്നത് ശരിയല്ല. അക്രമികളുടെ ഉള്ളിലുള്ള ഫാസിസ്റ്റു പ്രവണതയും അസഹിഷ്ണുതയുമാണ് പ്രകടമായിരിക്കുന്നത്. ജനാധിപത്യത്തിന്റെ കുപ്പായമണിഞ്ഞാണ് ചിലർ ഈ ആക്രമണങ്ങൾക്ക് തുനിഞ്ഞിറങ്ങിയിരിക്കുന്നത് എന്നത് ആശ്ചര്യകരമാണ്. എന്ത് കഴിക്കണം എന്ന് ആജ്ഞാപിക്കുന്നതും ഏതു വസ്ത്രം ധരിക്കണം എന്ന് തിട്ടൂരമിറക്കുന്നതും ഫാസിസ്റ്റു മുറയാണ്. അങ്ങനെ ചെയ്യുന്ന സംഘങ്ങൾ നമ്മുടെ രാജ്യത്തുണ്ട്. അത്തരത്തിലുള്ള അപരിഷ്‌കൃതരായ സാമൂഹ്യവിരുദ്ധരെ പടിക്കു പുറത്ത് നിർത്തിയ ചരിത്രമാണ് ഈ നാടിന്റേത്. അതിനാൽ മനുഷ്യനെ ഭയപ്പാടില്ലാതെയും സ്വതന്ത്രമായും തൊഴിലെടുത്ത് ജീവിക്കാനുള്ള അവകാശത്തെ റദ്ദ് ചെയ്യാനുള്ള ശ്രമം ആരുടെ ഭാഗത്തുനിന്നുണ്ടായാലും ശക്തമായ നടപടി സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാവും. കർക്കശമായ നടപടികൾ സ്വീകരിക്കും. കേരളത്തിന്റെ ജനാധിപത്യമൂല്യങ്ങൾ തച്ചുടയ്ക്കാൻ ഒരു ശക്തിയേയും അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ന്യൂഡൽഹി: അരുണാചൽ പ്രദേശിൽ യഥാർത്ഥ നിയന്ത്രണ രേഖയ്ക്കു സമീപം ചൈന 100 വീടുകളുള്ള ഗ്രാമം നിർമ്മിച്ചെന്ന യുഎസ് പ്രതിരോധ റിപ്പോർട്ടിൽ പ്രതികരണവുമായി ഇന്ത്യ. അപ്പർ സുബാൻസിരി ജില്ലയിലുള്ള ഗ്രാമം ചൈനീസ് നിയന്ത്രണ പ്രദേശത്തുള്ളതാണെന്നു സുരക്ഷാസേനയോട് അടുത്തു നിൽക്കുന്ന വൃത്തങ്ങൾ സൂചിപ്പിച്ചതായാണ് റിപ്പോർട്ടുകൾ.

യഥാർത്ഥ നിയന്ത്രണരേഖയോടു ചേർന്ന ഇന്ത്യൻ മണ്ണിൽ അവകാശവാദമുന്നയിക്കാൻ ചൈന തന്ത്രപരമായി നീങ്ങുകയാണെന്നാണ് യു.എസ്. റിപ്പോർട്ട്. ഇതിനോടാണ് ഇന്ത്യ പ്രതികരിച്ചത്. ഇന്ത്യൻ അതിർത്തിക്കുള്ളിൽ അരുണാചൽ പ്രദേശിൽ ചൈന നിർമ്മിച്ചതായി പറയുന്ന 100 വീടുകൾ അടങ്ങുന്ന ഗ്രാമം ചൈനീസ് നിയന്ത്രണത്തിലള്ള പ്രദേശത്താണെന്നാണ് ഇന്ത്യൻ സുരക്ഷാ ഏജൻസികൾ വ്യക്തമാക്കുന്നത്. ആറു പതിറ്റാണ്ടുകൾക്കു മുൻപു ചൈന കയ്യടക്കിയ ഭൂമിയിലാണ് ഗ്രാമം നിർമ്മിച്ചിരിക്കുന്നതെന്നും കാലങ്ങളായി മേഖലയിൽ ചൈനീസ് ആർമി പോസ്റ്റ് ഉണ്ടെന്നും ഇന്ത്യൻ സുരക്ഷാ സേന വൃത്തങ്ങൾ അറിയിച്ചതായാണ് വിവരം.

അപ്പർ സുബൻസിരി ജില്ലയിലെ തർക്ക പ്രദേശത്തുള്ള ഗ്രാമം ചൈനയുടെ നിയന്ത്രണത്തിലുള്ള പ്രദേശത്താണ്. നാല് വർഷങ്ങളായി ചൈന മേഖലയിൽ ഒരു സൈനിക പോസ്റ്റ് നിലനിർത്തുന്നുണ്ട്. അടുത്ത സമയത്ത് നിർമ്മാണങ്ങൾ ഒന്നും നടന്നിട്ടില്ല. ആറ് പതിറ്റാണ്ട് മുൻപ് ചൈന കൈയടക്കിയ പ്രദേശത്താണ് ഗ്രാമം നിർമ്മിച്ചിരിക്കുന്നതെന്നും സുരക്ഷാ വൃത്തങ്ങൾ അറിയിച്ചുവെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

യുഎസ് പ്രതിരോധ വിഭാഗം സമർപ്പിച്ച വാർഷിക റിപ്പോർട്ടിലാണ് സൈനിക സുരക്ഷ സംബന്ധിച്ചുള്ള വിഷയങ്ങളെക്കുറിച്ച് വിശദമാക്കിയിരിക്കുന്നത്. സ്വതന്ത്രഭരണ പ്രദേശമായ ടിബറ്റിനും ഇന്ത്യയ്ക്കു കീഴിലുള്ള അരുണാചൽ പ്രദേശിനും ഇടയിലുള്ള തർക്കഭൂമിയിൽ ചൈന ഗ്രാമം നിർമ്മിച്ചതായാണ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നത്. 2020-ൽ ഇന്ത്യയിലെ അരുണാചൽ പ്രദേശിനും ടിബറ്റ് സ്വയംഭരണമേഖലയ്ക്കുമിടയിലുള്ള തർക്കപ്രദേശത്ത് ചൈന നൂറോളം വീടുകളുണ്ടാക്കിയെന്നും ഇന്ത്യ-ചൈന സംഘർഷത്തിനിടെ യഥാർഥ നിയന്ത്രണ രേഖയ്ക്കടുത്ത് ചൈന ഒപ്റ്റിക്കൽ ഫൈബർ ശൃംഖല സ്ഥാപിച്ചുവെന്നും പെന്റഗൺ സൂചിപ്പിച്ചിരുന്നു. ഇന്ത്യയുമായി സൈനിക, നയതന്ത്ര ചർച്ചകൾ നടത്തുന്നതിനിടയിലും ചൈന, അതിർത്തി മേഖലയിൽ കടന്നുകയറ്റ നീക്കങ്ങൾ സജീവമാക്കുകയാണെന്നും റിപ്പോർട്ടിൽ വിശദമാക്കിയിട്ടുണ്ട്.

കണ്ണൂർ: മുല്ലപ്പെരിയാർ ബേബി ഡാമിൽ മരം മുറിക്ക് അനുമതി നൽകിയത് മുഖ്യമന്ത്രി അറിഞ്ഞിട്ടുതന്നെയാണെന്ന് കെ മുരളീധരൻ എംപി. വിഷയത്തിൽ മുഖ്യമന്ത്രിക്ക് ഒഴിഞ്ഞുമാറാൻ പറ്റില്ലെന്നും ഒരിക്കലും മുഖ്യമന്ത്രിയോ വകുപ്പ് മന്ത്രിയോ അറിയാതെ ഉദ്യോഗസ്ഥർ ഇത്തരമൊരു നടപടിക്ക് തുനിയില്ലെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരിൽ മാദ്ധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

ഒരു തമിഴ്നാട് മന്ത്രി കേരളവുമായി തങ്ങൾക്ക് സംഘർഷത്തിനു താത്പര്യമില്ലെന്ന് പറയുന്നത് ആദ്യമായാണ്. കേരളത്തിന്റെ വാദങ്ങൾ പൊളിക്കുന്നനിലയിലാണ് ഒരു പ്രശ്നവുമില്ലെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞതെന്നും ഇതിനുപിന്നിൽ ഒത്തുകളിയാണെന്ന കാര്യത്തിൽ സംശയമില്ലെന്നും അദ്ദേഹം ആരോപിച്ചു. കേരളത്തിലെ ജനങ്ങളുടെ സുരക്ഷയാണ് പ്രധാനം നൽകേണ്ടത്. അതിനുവേണ്ടി സംസ്ഥാനത്തിന്റെ അവകാശങ്ങൾ അടിയറവ് വയ്ക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി.

ജോജു ജോർജുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദത്തിലും അദ്ദേഹം പ്രതികരിച്ചു. ജോജു ജോർജ് പങ്കെടുന്ന ഷൂട്ടിങ് സ്ഥലത്ത് എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായാൽ അതിന് കോൺഗ്രസ് ഉത്തരവാദിയല്ല. ആ നടനെ കണ്ടാൽ ആർക്കെങ്കിലും പ്രകോപനമുണ്ടായാൽ തങ്ങളോട് ചോദിക്കരുതെന്നും എന്നാൽ സിനിമാ ചിത്രീകരണങ്ങൾക്കും താരങ്ങൾക്കും കോൺഗ്രസ് എതിരല്ലെന്നും അദ്ദേഹം അറിയിച്ചു. കെപിസിസി പുനഃസംഘടനയിൽ കെപിസിസി പ്രസിഡന്റിനൊപ്പമാണ് താനെന്നും തന്റെ നിലപാടുകൾ നേതൃത്വത്തെ അറിയിക്കുമെന്നും പരസ്യ പ്രതികരണത്തിന് ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: സിനിമാ ചിത്രീകരണം തടയുന്ന യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിനെതിരെ എതിർപ്പുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. സർഗാത്മക പ്രവർത്തനമാണ് സിനിമയെന്നും കോൺഗ്രസിന് സിനിമയെ സംരക്ഷിക്കാനുളള ബാദ്ധ്യതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കെപിസിസി യോഗത്തിലെ നയമാണ് കെ സുധാകരൻ വ്യക്തമാക്കിയത്. കൊച്ചി ഷേണായീസ് തിയേറ്ററിന് മുന്നിൽ ജോജുവിന്റെ ചിത്രമുളള റീത്ത് വച്ച് യൂത്ത് കോൺഗ്രസ് പ്രതിഷേധം നടത്തിയതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഷൂട്ടിംഗ് സെറ്റിലേക്കുളള സമരം ശരിയല്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സമരം പിൻവലിക്കാൻ യൂത്ത് കോൺഗ്രസ് നേതൃത്വത്തോട് ആവശ്യപ്പെടുമെന്നും ജോജു സംഭവത്തിൽ നേതാക്കൾക്കെതിരെയെടുത്ത കേസുകൾ നിയമപരമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ധനവില വർദ്ധനയ്ക്കെതിരെ പ്രതിഷേധം ശക്തമാക്കാനാണ് കോൺഗ്രസിന്റെ തീരുമാനം. ഇന്ധനവില വർധനക്കെതിരെ മനുഷ്യചങ്ങല സംഘടിപ്പിക്കാനാണ് കോൺഗ്രസിന്റെ പദ്ധതി. സെക്രട്ടറിയേറ്റ് മുതൽ രാജ്ഭവൻ വരെയാണ് മനുഷ്യചങ്ങല സംഘടിപ്പിക്കുക. ബ്ലോക്ക് തലം മുതൽ വിഷയത്തിൽ പ്രതിഷേധം ശക്തമാക്കാനും കെപിസിസി ഭാരവാഹി യോഗത്തിൽ തീരുമാനമായി.

തിരുവനന്തപുരം: ദുബായിയിൽ നടക്കുന്ന വേൾഡ് എക്സ്പോയുടെ ഒരുക്കങ്ങൾക്കായി യുഎഇ സന്ദർശിക്കുന്നതിന് വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.കെ. ഇളങ്കോവൻ, ഡയറക്ടർ എസ്. ഹരികിഷോർ എന്നിവർക്ക് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അനുമതി നിഷേധിച്ചു. കേന്ദ്ര നടപടി പ്രതിഷേധാർഹമാണെന്ന് വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു.

എക്സ്പോയിലെ കേരള പവലിയൻ സജ്ജമാക്കുന്നതിനും മുന്നൊരുക്ക പ്രവർത്തനങ്ങൾക്കുമായി നവംബർ 10 മുതൽ 12 വരെ ദുബായ് സന്ദർശിക്കാനാണ് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ യാത്രാനുമതി തേടിയത്. എന്നാൽ ഈ തീയതികളിൽ സന്ദർശനാനുമതി നൽകുന്നില്ലെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം സംസ്ഥാന സർക്കാരിനെ അറിയിച്ചു. കൃത്യമായ കാരണം പറഞ്ഞിട്ടില്ല. ആവശ്യമെങ്കിൽ ഡിസംബർ ആദ്യവാരം സന്ദർശിക്കാമെന്നാണ് മന്ത്രാലയത്തിന്റെ ഉത്തരവിൽ പറയുന്നത്.

കേന്ദ്ര വിദേശകാര്യ മന്ത്രാലയവും വാണിജ്യ വ്യവസായ മന്ത്രാലയവും ചേർന്നാണ് വേൾഡ് എക്സ്പോ സംഘടിപ്പിക്കുന്നത്. ഡിസംബർ 24 മുതൽ ജനുവരി 6 വരെയാണ് കേരള പവലിയൻ ഒരുക്കുന്നത്. ഒക്ടോബറിൽ ആരംഭിച്ച എക്സ്പോ അടുത്ത വർഷം മാർച്ച് 31 നാണ് അവസാനിക്കുക. കേരളത്തിന്റെ വ്യവസായ, ടൂറിസം സാധ്യതകൾ അന്താരാഷ്ട്ര സമൂഹത്തിന് മുന്നിൽ അവതരിപ്പിക്കാനുള്ള അവസരമാണിത്. എക്സ്പോ മികച്ച രീതിയിൽ സംഘടിപ്പിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിക്കുകയും പ്രാരംഭ പ്രവർത്തനങ്ങൾക്ക് വകുപ്പ് മേധാവികളെ അയക്കാൻ ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.

കാബൂൾ: അഫ്ഗാനിൽ അധികാരത്തിലേറിയതിന് പിന്നാലെ സ്വവർഗ്ഗാനുരാഗികളുടെ ‘കൊലപ്പട്ടിക’ തയ്യാറാക്കി താലിബാൻ. അന്താരാഷ്ട്ര മാദ്ധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. താലിബാനെ ഭയന്ന് നിരവധി പേർ ഒളിവിൽ പോയെന്നാണ് വിവരം. ശരിയ നിയമത്തിന്റെ താലിബാൻ വ്യാഖ്യാന പ്രകാരം സ്വവർഗരതി നിരോധിക്കേണ്ട ഒന്നാണ്. ഇത് മരണ ശിക്ഷ അർഹിക്കുന്ന കുറ്റമായാണ് താലിബാൻ പറയുന്നത്. അതിപ്രകൃതമായ രീതിയിലാണ് സ്വവർഗ്ഗാനുരാഗികൾക്ക് താലിബാൻ വധശിക്ഷ വിധിക്കുന്നത്.

അഫ്ഗാനിസ്താനിൽ ജീവിക്കുകയെന്നത് ഇപ്പോൾ മരണ തുല്യമാണെന്നും ശരിക്കും ഭയാനകമായ സമയമാണെന്നും അഫ്ഗാനിലെ ഒരേയൊരു അന്താരാഷ്ട്ര എൽജിബിടി + സംഘടനായ റെയിൻബോ റെയിൽറോഡിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടർ കിമാഹ്ലിയു പവൽ ഫ്രാൻസ് വ്യക്തമാക്കി. തങ്ങൾ കൊല്ലാൻ ആഗ്രഹിക്കുന്ന സ്വവർഗ്ഗാനുരാഗികളുടെ ഒരു ലിസ്റ്റ് താലിബാൻ തയ്യാറാക്കിയതായും അദ്ദേഹം പറഞ്ഞു. യുഎസും സഖ്യസേനയും അഫ്ഗാനിസ്താനിൽ നിന്ന് പിൻവാങ്ങുന്നതിന് ആഴ്ചകൾക്ക് മുമ്പ് വിദേശ അവകാശ സംഘടനകൾ വഴി രക്ഷപ്പെടാൻ ശ്രമിച്ച ആളുകളുടെ പേരുകൾ താലിബാൻ ശ്രദ്ധിച്ചിരിക്കാൻ സാധ്യതയുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. റെയിൻബോ റെയിൽറോഡുമായി ബന്ധമുണ്ടെന്ന് സ്വയം അവകാശപ്പെട്ട ഒരാളിൽ നിന്ന് വ്യക്തിഗത വിവരങ്ങളും പാസ്പോർട്ടും ആവശ്യപ്പെട്ട് നിഗൂഢ ഇമെയിൽ സന്ദേശം സംഘടനയിലെ പലർക്കും ലഭിച്ചതായി നിരവധി പേരാണ് പരാതിപ്പെട്ടതെന്നും റിപ്പോർട്ടുകളുണ്ട്.

അഫ്ഗാനിസ്താനിലെ ഏറ്റവും ദുർബലരായ ആളുകളിൽ പ്രധാനപ്പെട്ട വിഭാഗം എൽജിബിടിയാണ്. പലർക്ക് നേരെയും അക്രമണം ഉണ്ടായതായി റിപ്പോർട്ടുകളുണ്ട്.

ന്യൂഡൽഹി: കാർഷിക നിയമത്തിനെതിരെ സമരം ശക്തമാക്കാനൊരുങ്ങി കർഷക സംഘടനകൾ. നവംബർ 26 മുതൽ കേന്ദ്ര സർക്കാരിനെതിരെ സമരം ശക്തമാക്കാനാണ് കർഷക സംഘടനകളുടെ തീരുമാനം. അഞ്ച് സംസ്ഥാനങ്ങളിൽ നിന്നുള്ള കർഷകർ സമരത്തിനായി ഡൽഹി അതിർത്തികളിലെത്തും. പഞ്ചാബ്, രാജസ്ഥാൻ, യുപി, ഉത്തരാഖണ്ഡ് എന്നി സംസ്ഥാനങ്ങളിലെ കർഷകരാണ് സമരം ചെയ്യാനെത്തുന്നത്. നവംബർ 26 ന് സംസ്ഥാന തല കർഷക റാലി സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.

നവംബർ 28 ന് മുംബൈ ആസാദ് മൈതാനത്ത് കിസാൻ- മസ്ദൂർ മഹാപഞ്ചായത്ത് നടത്തുകയും നവംബർ 29-ന് പാർലമെന്റിലേക്ക് മാർച്ച് നടത്തുകയും ചെയ്യുമെന്ന് കർഷക സംഘടനകൾ അറിയിച്ചു. സംയുക്ത കിസാൻ മോർച്ചയുടെ ഒൻപതംഗ കമ്മിറ്റി ചൊവ്വാഴ്ച്ച യോഗം ചേർന്നിരുന്നു. ഈ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. നവംബർ 27 മുതൽ കർഷകർ ഗ്രാമങ്ങളിൽ നിന്ന് ട്രാക്ടറുകളിൽ ഡൽഹി അതിർത്തികളിലെ സമര സ്ഥലങ്ങളിലെത്തി ശക്തമായ പ്രതിഷേധമുയർത്തുമെന്ന് നേരത്തെ കർഷക നേതാവ് രാകേഷ് ടികായത്ത് മുന്നറിയിപ്പ് നൽകിയരുന്നു.

ന്യൂഡൽഹി: കോവിഡ് വൈറസ് വ്യാപനത്തെ തുടർന്നുള്ള യാത്രാ നിയന്ത്രണങ്ങൾ മറികടക്കുന്നതിനായി 96 രാജ്യങ്ങളുമായി ധാരണയിലെത്തി ഇന്ത്യ. കേന്ദ്ര ആരോഗ്യ മന്ത്രി മൻസൂഖ് മാണ്ഡവ്യയാണ് ഇക്കാര്യം അറിയിച്ചത്. മറ്റു രാജ്യങ്ങളിലേക്കുള്ള ഇന്ത്യക്കാരുടെ യാത്ര നടപടി സുഗമമാക്കുമെന്ന് മന്ത്രി അറിയിച്ചു.

വാക്‌സിൻ സർട്ടിഫിക്കറ്റുകൾ പരസ്പരം അംഗീകരിക്കുന്നതിന് നിലവിൽ ഇന്ത്യയുമായി 96 രാജ്യങ്ങൾ ധാരണയിലെത്തിയിട്ടുണ്ട്. കോവിഷീൽഡ് വാക്‌സിനും ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ച മറ്റു വാക്‌സിനുകളും എടുത്തവരുടെ സർട്ടിഫിക്കറ്റുകൾ ഈ രാജ്യങ്ങൾ അംഗീകരിച്ചിട്ടുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നത്. ഇന്ത്യ ധാരണയിലെത്തിയ രാജ്യങ്ങളിൽ നിന്നെത്തുന്നവർക്ക് നിലവിലുള്ള കോവിഡ് മാനദണ്ഡങ്ങളിൽ ഇളവുകളും ലഭിക്കും. കോവിൻ പോർട്ടലിൽ നിന്ന് ഡൗൺലോഡ് ചെയ്ത കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കേറ്റ് ഉപയോഗിച്ച് ഈ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാനും കഴിയുമെന്ന് ആരോഗ്യ മന്ത്രാലയം വിശദമാക്കുന്നു.

കാനഡ, യുഎസ്എ, യുകെ, ഫ്രാൻസ്, ജർമനി, ബെൽജിയം, അയർലൻഡ്, നെതർലൻഡ്സ്, സ്പെയ്ൻ, ബംഗ്ലാദേശ്, മാലി, ഘാന, സിയേറലിയോൺ, അംഗോള, നൈജീരിയ, ബെനിൻ, ചാഡ്, ഹംഗറി, സെർബിയ, പോളണ്ട്, സ്ലോവാക്യ, സ്ലോവേനിയ, ക്രൊയേഷ്യ, ബൾഗേറിയ, തുർക്കി, ഗ്രീസ്, ഫിൻലൻഡ്, എസ്റ്റോണിയ, റൊമാനിയ, മോൾഡോവ, അൽബേനിയ, ചെക്ക് റിപബ്ലിക്ക്, സ്വിറ്റ്സർലൻഡ്, ലിച്ചെൻസ്റ്റെയ്ൻ, സ്വീഡൻ, ഓസ്ട്രിയ, മോണ്ടെനെഗ്രോ, ഐസ്ലൻഡ് എന്നീ രാജ്യങ്ങൾ ഉൾപ്പെടെ 96 രാജ്യങ്ങളുമായാണ് ഇന്ത്യ ധാരണയിലെത്തിയത്. ഇന്ത്യയുടെ കോവീഷീൽഡ്, കോവാക്സിൻ എന്നിവ 96 രാജ്യങ്ങൾ അംഗീകരിച്ചിട്ടുണ്ടെന്നും ഈ രാജ്യങ്ങളുടെ പട്ടിക കോവിൻ പോർട്ടലിൽ കാണാനാകുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. അതേസമയം ഇന്ത്യയുടെ കോവാക്സിൻ സർട്ടിഫിക്കറ്റ് കൈവശമുള്ളവരെ നവംബർ 22 ന് ശേഷം ക്വാറന്റെയ്ൻ ഇല്ലാതെ ബ്രിട്ടനിൽ പ്രവേശിക്കാൻ അനുവദിക്കും.

തിരുവനന്തപുരം: രാജ്യസഭാ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ജോസ് കെ മാണി. രാജ്യസഭാ ഉപതിരഞ്ഞെടുപ്പിൽ സീറ്റ് കേരള കോൺഗ്രസിന് നൽകാൻ എൽ.ഡി.എഫ് തീരുമാനിച്ചു. ഈ മാസം 29 നാണ് തെരഞ്ഞെടുപ്പ് നടക്കുക. ജോസ് കെ. മാണി തന്നെ രാജ്യസഭയിലേക്ക് മത്സരിക്കുമെന്നാണ് വിവരം. യുഡിഎഫ് മുന്നണി വിട്ട് എൽഡിഎഫിലേക്ക് വന്നപ്പോൾ ജോസ് കെ. മാണി രാജിവെച്ചതിനെ തുടർന്ന് ഒഴിവ് വന്ന രാജ്യസഭാ സീറ്റിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. കേരള കോൺഗ്രസ് ഒഴിഞ്ഞ സീറ്റായതിനാലാണ് സീറ്റ് അവർക്ക് തന്നെ നൽകാൻ എൽഡിഎഫ് തീരുമാനിച്ചത്. മുന്നണി യോഗത്തിൽ വിഷയത്തെ കുറിച്ച് കാര്യമായ ചർച്ച നടന്നില്ല.

ബുധനാഴ്ച്ച കോട്ടയത്ത് കേരള കോൺഗ്രസ് യോഗം ചേരുന്നുണ്ട്. ഈ യോഗത്തിൽ രാജ്യസഭാ ഉപതെരഞ്ഞെടുപ്പ് സംബന്ധിച്ച അന്തിമ തീരുമാനം ഉണ്ടാകും. ജോസ് കെ മാണി തന്നെ മത്സരിക്കാനാണ് സാധ്യതയെന്നും കാര്യമായ മാറ്റമുണ്ടാകില്ലെന്നും സ്റ്റീഫൻ ജോർജ് അറിയിച്ചു. മുന്നണി മാറിയതിന് പിന്നാലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പാലാ മണ്ഡലത്തിൽ മത്സരിക്കാനായിരുന്നു ജോസ് കെ മാണി എം.പി സ്ഥാനം രാജിവെച്ചത്. പിന്നീട് പാലാ മണ്ഡലത്തിൽ മാണി സി. കാപ്പനോട് മത്സരിച്ച് ജോസ് കെ. മാണി പരാജയപ്പെടുകയും ചെയ്തിരുന്നു. ഇതോടെയാണ് രാജിവെച്ചൊഴിഞ്ഞ പദവിയിലേക്ക് മടങ്ങാൻ ജോസ് കെ. മാണി വീണ്ടും തയ്യാറെടുക്കുന്നത്.