കോഴിക്കോട്: നിലമ്പൂർ എംഎൽഎ പി.വി.അൻവറിനെതിരെ സമരവുമായി ആദിവാസികളും ഭൂരഹിതരും. സെക്രട്ടറിയേറ്റിന് മുന്നിലാണ് പി വി അൻവറിനെതിരെ സമരം നടക്കുന്നത്. നിയമസഭ തെരഞ്ഞെടുപ്പുകളിൽ താനും കുടുംബവും 207 എക്കറോളം ഭൂമി കൈവശം വെച്ചിട്ടുണ്ടെന്നാണ് സ്വത്ത് വിവരം വെളിപ്പെടുത്തുന്നതിന്റെ ഭാഗമായി അറിയിച്ചിരിക്കുന്നത്. ഇങ്ങനെ അനധികൃതമായി കൈവശം വച്ചിരിക്കുന്ന അധിക ഭൂമി ആറുമാസത്തിനകം തിരിച്ച് ആദിവാസികൾക്കും ഭൂരഹിതർക്കും നൽകണമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. എന്നാൽ ഇത് പാലിക്കാൻ സർക്കാർ ഇതുവരെ തയ്യാറായിട്ടില്ല.
ഇഎംഎസ് നടപ്പാക്കിയ ഭൂപരിഷ്‌ക്കരണ നിയമം പോലും സർക്കാർ കണക്കിലെടുക്കുന്നില്ലെന്നാണ് ആക്ഷേപം. സിപിഎം, ഇടതുപക്ഷ സർക്കാരും കൊണ്ടു വന്ന നിയമമായ ഭൂപരിഷ്‌ക്കരണനിയമം നിലവിലുളളപ്പോളാണ് പി വി അൻവർ ഇത്തരത്തിൽ പരിധിയിൽ കൂടുതൽ സ്വത്ത് കൈവശം വച്ചിരിക്കുന്നത്. സാധരണവ്യക്തിക്കും കുടുംബത്തിനും കൈവശം വെക്കാവുന്ന സ്വത്ത് 15 ഏക്കർ ആണ്. ഒരു എംഎൽഎ 207 ഏക്കറോളം സ്വത്ത് കൈവശം വക്കുക എന്നത് ഭരണഘടന ലംഘനമാണ്. ഒരു പൊതുപ്രവർത്തകൻ തന്നെ നിയമം ലംഘിക്കുമ്പോൾ പൊതുജനത്തെ നിയന്ത്രിക്കാൻ സാധിക്കുമോയെന്ന ചോദ്യം ഉയരുന്നുണ്ട്.
നിലമ്പുരിൽ മാത്രം ധാരാളം ആദിവാസികളാണ് ഭൂരഹിതരായി കഴിയുന്നത്. ഇതൊന്നും മുഖവിലയ്‌ക്കെടുക്കാതെയാണ് സർക്കാരിന്റെ പ്രവൃത്തികൾ. പാവപ്പെട്ട ജനങ്ങളെ വഞ്ചിച്ച് കൊണ്ട് സ്വന്തം എംഎൽഎ സംരക്ഷിക്കുകയാണ് സർക്കാർ ചെയ്യുന്നതെന്നാണ് ആക്ഷേപം. എംഎൽഎ നിയമ വിരുദ്ധമായി കൈവശം വച്ചിരിക്കുന്ന സ്വത്ത് കണ്ടുകെട്ടണമെന്നാവശ്യപ്പെട്ട് ജില്ല വിവരാവകാശ കൂട്ടായ്മ ഗവർണർ, നിയമസഭസ്പീക്കർ, തെരഞ്ഞെടുപ്പ് കമ്മീഷ്ണർ, റവന്യൂമന്ത്രി തുടങ്ങിയവർക്ക് പരാതി നൽകിയിരുന്നു. അതേസമയം രാഷ്ട്രീയ സാമ്പത്തിക അധികാരങ്ങൾ ഉപയോഗിച്ച് പരാതികൾ എല്ലാം തന്നെ ഫയലുകളിൽ ഒതുക്കിയെന്നും വിമർശനം ഉയരുന്നുണ്ട്.

