കാബൂൾ: അഫ്ഗാനിൽ അധികാരത്തിലേറിയതിന് പിന്നാലെ സ്വവർഗ്ഗാനുരാഗികളുടെ ‘കൊലപ്പട്ടിക’ തയ്യാറാക്കി താലിബാൻ. അന്താരാഷ്ട്ര മാദ്ധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. താലിബാനെ ഭയന്ന് നിരവധി പേർ ഒളിവിൽ പോയെന്നാണ് വിവരം. ശരിയ നിയമത്തിന്റെ താലിബാൻ വ്യാഖ്യാന പ്രകാരം സ്വവർഗരതി നിരോധിക്കേണ്ട ഒന്നാണ്. ഇത് മരണ ശിക്ഷ അർഹിക്കുന്ന കുറ്റമായാണ് താലിബാൻ പറയുന്നത്. അതിപ്രകൃതമായ രീതിയിലാണ് സ്വവർഗ്ഗാനുരാഗികൾക്ക് താലിബാൻ വധശിക്ഷ വിധിക്കുന്നത്.
അഫ്ഗാനിസ്താനിൽ ജീവിക്കുകയെന്നത് ഇപ്പോൾ മരണ തുല്യമാണെന്നും ശരിക്കും ഭയാനകമായ സമയമാണെന്നും അഫ്ഗാനിലെ ഒരേയൊരു അന്താരാഷ്ട്ര എൽജിബിടി + സംഘടനായ റെയിൻബോ റെയിൽറോഡിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടർ കിമാഹ്ലിയു പവൽ ഫ്രാൻസ് വ്യക്തമാക്കി. തങ്ങൾ കൊല്ലാൻ ആഗ്രഹിക്കുന്ന സ്വവർഗ്ഗാനുരാഗികളുടെ ഒരു ലിസ്റ്റ് താലിബാൻ തയ്യാറാക്കിയതായും അദ്ദേഹം പറഞ്ഞു. യുഎസും സഖ്യസേനയും അഫ്ഗാനിസ്താനിൽ നിന്ന് പിൻവാങ്ങുന്നതിന് ആഴ്ചകൾക്ക് മുമ്പ് വിദേശ അവകാശ സംഘടനകൾ വഴി രക്ഷപ്പെടാൻ ശ്രമിച്ച ആളുകളുടെ പേരുകൾ താലിബാൻ ശ്രദ്ധിച്ചിരിക്കാൻ സാധ്യതയുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. റെയിൻബോ റെയിൽറോഡുമായി ബന്ധമുണ്ടെന്ന് സ്വയം അവകാശപ്പെട്ട ഒരാളിൽ നിന്ന് വ്യക്തിഗത വിവരങ്ങളും പാസ്പോർട്ടും ആവശ്യപ്പെട്ട് നിഗൂഢ ഇമെയിൽ സന്ദേശം സംഘടനയിലെ പലർക്കും ലഭിച്ചതായി നിരവധി പേരാണ് പരാതിപ്പെട്ടതെന്നും റിപ്പോർട്ടുകളുണ്ട്.
അഫ്ഗാനിസ്താനിലെ ഏറ്റവും ദുർബലരായ ആളുകളിൽ പ്രധാനപ്പെട്ട വിഭാഗം എൽജിബിടിയാണ്. പലർക്ക് നേരെയും അക്രമണം ഉണ്ടായതായി റിപ്പോർട്ടുകളുണ്ട്.

