തിരുവനന്തപുരം: രാജ്യസഭാ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ജോസ് കെ മാണി. രാജ്യസഭാ ഉപതിരഞ്ഞെടുപ്പിൽ സീറ്റ് കേരള കോൺഗ്രസിന് നൽകാൻ എൽ.ഡി.എഫ് തീരുമാനിച്ചു. ഈ മാസം 29 നാണ് തെരഞ്ഞെടുപ്പ് നടക്കുക. ജോസ് കെ. മാണി തന്നെ രാജ്യസഭയിലേക്ക് മത്സരിക്കുമെന്നാണ് വിവരം. യുഡിഎഫ് മുന്നണി വിട്ട് എൽഡിഎഫിലേക്ക് വന്നപ്പോൾ ജോസ് കെ. മാണി രാജിവെച്ചതിനെ തുടർന്ന് ഒഴിവ് വന്ന രാജ്യസഭാ സീറ്റിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. കേരള കോൺഗ്രസ് ഒഴിഞ്ഞ സീറ്റായതിനാലാണ് സീറ്റ് അവർക്ക് തന്നെ നൽകാൻ എൽഡിഎഫ് തീരുമാനിച്ചത്. മുന്നണി യോഗത്തിൽ വിഷയത്തെ കുറിച്ച് കാര്യമായ ചർച്ച നടന്നില്ല.
ബുധനാഴ്ച്ച കോട്ടയത്ത് കേരള കോൺഗ്രസ് യോഗം ചേരുന്നുണ്ട്. ഈ യോഗത്തിൽ രാജ്യസഭാ ഉപതെരഞ്ഞെടുപ്പ് സംബന്ധിച്ച അന്തിമ തീരുമാനം ഉണ്ടാകും. ജോസ് കെ മാണി തന്നെ മത്സരിക്കാനാണ് സാധ്യതയെന്നും കാര്യമായ മാറ്റമുണ്ടാകില്ലെന്നും സ്റ്റീഫൻ ജോർജ് അറിയിച്ചു. മുന്നണി മാറിയതിന് പിന്നാലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പാലാ മണ്ഡലത്തിൽ മത്സരിക്കാനായിരുന്നു ജോസ് കെ മാണി എം.പി സ്ഥാനം രാജിവെച്ചത്. പിന്നീട് പാലാ മണ്ഡലത്തിൽ മാണി സി. കാപ്പനോട് മത്സരിച്ച് ജോസ് കെ. മാണി പരാജയപ്പെടുകയും ചെയ്തിരുന്നു. ഇതോടെയാണ് രാജിവെച്ചൊഴിഞ്ഞ പദവിയിലേക്ക് മടങ്ങാൻ ജോസ് കെ. മാണി വീണ്ടും തയ്യാറെടുക്കുന്നത്.

