General (Page 1,336)

ന്യൂഡൽഹി: കോവിഡ് മഹാമാരിയെ തുടർന്ന് താൽക്കാലികമായി നിർത്തിവച്ച പാർലമെന്റ് അംഗങ്ങളുടെ ലോക്കൽ പ്രാദേശിക വികസന പദ്ധതി (ഏരിയ ഡെവലപ്മെന്റ് സ്‌കീം- എംപിഎൽഎഡിഎസ്) പുനഃസ്ഥാപിക്കുന്നതിനും തുടരുന്നതിനും അംഗീകാരം. കേന്ദ്രമന്ത്രിസഭയാണ് ഇതുസംബന്ധിച്ച അനുമതി നൽകിയത്. 2021-22 സാമ്പത്തിക വർഷത്തിന്റെ ശേഷിക്കുന്ന ഭാഗത്തേക്ക് പദ്ധതി പുനഃസ്ഥാപിച്ചതായി കേന്ദ്രമന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. 2025-26 വരെ ഈ പദ്ധതി തുടരും. വാർത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് താക്കൂറാണ് ഇക്കാര്യം അറിയിച്ചത്.

2021- 22 ലെ ശേഷിക്കുന്ന കാലയളവിലേക്ക് ഒരു എംപിക്ക് രണ്ട് കോടി രൂപ വീതം ഒരു ഗഡുവായി ഫണ്ട് അനുവദിക്കുമെന്നും മന്ത്രി വ്യക്തമാക്കി. 2022-23 മുതൽ 2025-26 വരെ ഓരോ എംപിമാർക്കും 2.5 കോടി രൂപ വീതമുള്ള രണ്ട് ഗഡുക്കളായി പ്രതിവർഷം അഞ്ചു കോടി രൂപ വീതം പദ്ധതിക്ക് കീഴിൽ ഫണ്ട് അനുവദിക്കുമെന്നും അദ്ദേഹം വിശദമാക്കി. നിലവിലെ പദ്ധതി പ്രകാരം, എംപിമാർക്ക് അവരുടെ മണ്ഡലങ്ങളിൽ ഓരോ വർഷവും അഞ്ചു കോടി രൂപ ചെലവിടുന്ന വികസന പരിപാടികൾ ശുപാർശ ചെയ്യാം. കഴിഞ്ഞ വർഷം ഏപ്രിൽ മാസത്തിലാണ് 2020-21, 2021-22 കാലയളവിൽ സർക്കാർ എംപിഎൽഎഡിഎസ് താൽക്കാലികമായി നിർത്തിവച്ചത്. ആരോഗ്യ സേവനങ്ങൾ കൈകാര്യം ചെയ്യുന്നതിനും രാജ്യത്ത് കോവിഡ് മഹാമാരിയുടെ പ്രതികൂല ആഘാതത്തിനും ഈ ഫണ്ട് ഉപയോഗിക്കാനായിരുന്നു തീരുമാനം.

ചെന്നൈ: തെക്കൻ ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട രണ്ടാം ന്യൂനമർദത്തിൽ മുങ്ങി തമിഴ്‌നാട്. ബുധനാഴ്ച ഉച്ചയ്ക്ക് ആരംഭിച്ച മഴ തമിഴ്‌നാട്ടിൽ ഇപ്പോഴും തുടരുകയാണ്. മോശം കാലാവസ്ഥ കാരണം രാജ്യാന്തര സർവീസുകൾ അടക്കം ഉൾപ്പെടെ എട്ടു വിമാനങ്ങൾ റദ്ദാക്കിയിട്ടുണ്ട്. ചെന്നൈ വിമാനത്താവളത്തിൽ വിമാനങ്ങളുടെ ലാൻഡിങും റദ്ദാക്കി. 1.15 മുതൽ 6 മണി വരെ ലാൻഡിങ് അനുവദിക്കില്ല. പുറപ്പെടലുകൾക്കു തടസ്സമില്ലെന്നും ചെന്നൈയിലേക്കുള്ള വിമാനങ്ങൾ ഹൈദരാബാദിലേക്കും ബെംഗളുരുവിലേക്കും വഴിതിരിച്ചു വിടുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.

ചെന്നൈയിലെ വീടുകളിലും കച്ചവട സ്ഥാപനങ്ങളിലും വെള്ളം ഇരച്ചുകയറുകയാണ്. നഗരത്തിലെ 65,000 വീടുകളിൽ വൈദ്യുതി നിലച്ചു. ഇരുചക്ര വാഹനത്തിൽ പുറത്തിറങ്ങുന്നതിനു വിലക്കേർപ്പെടുത്തി. വെള്ളിയാഴ്ചയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചതായി സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ നേരിട്ടാണ് രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. രക്ഷാപ്രവർത്തനത്തിനായി 18 യൂണിറ്റ് ദുരന്തനിവാരണ സേനയെ വിവിധ ജില്ലകളിൽ വിന്യസിച്ചിട്ടുണ്ട്.

ചെന്നൈ അടക്കം 10 ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 12 ആയി. മുന്നൂറോളം വീടുകൾ തകർന്നിട്ടുണ്ട്. വ്യാപക കൃഷിനാശവും ഉണ്ടായി. ശക്തമായ മഴയിൽ നഗരത്തിന്റെ പ്രധാന ഭാഗങ്ങളെല്ലാം വെള്ളത്തിനടിയലായി. വാണിജ്യ കേന്ദ്രങ്ങളായ ടി നഗർ, പാരിസ്, തേനാംപേട്ട്, താമസസ്ഥലങ്ങളായ അണ്ണാനഗർ, കെകെ നഗർ, വ്യവസായ കേന്ദ്രങ്ങളായ ഗിണ്ടി, അമ്പത്തൂർ, ആവടി തുടങ്ങിയ സ്ഥലങ്ങളിലെല്ലാം വെള്ളം കയറിയതോടെ നഗരജീവിതം സ്തംഭിച്ചു. പ്രധാന റോഡുകളും അടിപ്പാതകളും അടച്ചു. പല സ്ഥലങ്ങളും ഒറ്റപ്പെട്ട നിലയിലാണ്. ആശുപത്രികതളിലും വെള്ളം കയറിയിട്ടുണ്ട്.

അതേസമയം വെള്ളക്കെട്ട് രൂപപ്പെട്ടതിനെ തുടർന്നു മറീന ബീച്ചിലേക്കു പൊതുജനങ്ങൾക്ക് പ്രവേശനം നിരോധിച്ചു. ശക്തമായ കാറ്റിൽ തീരത്തേക്ക് അടിച്ചു കയറിയ കടൽജലവും ഒഴുകിയെത്തിയ മഴവെള്ളവും കെട്ടിനിന്ന് മറ്റൊരു കടലിന്റെ രൂപമാണ് ദിവസങ്ങളായി മറീനയിലെ മണൽപ്പരപ്പിന്റേത്. മഴയുടെ തീവ്രത കൂടിയതോടെ നഗരത്തിലെ പ്രധാന പാതകളിലൊന്നായ കാമരാജർ ശാലയിലും (ബീച്ച് റോഡ്) പരിസരത്തുനിന്നുമുള്ള വെള്ളം ഒഴുകിയെത്തി മറീനയിലെ മണൽത്തിട്ട ജലാശയമായി മാറിയിരുന്നു.

തിരുവനന്തപുരം: കൈത്തറി മേഖലയ്ക്ക് കരുത്ത് പകർന്ന് സർക്കാരിന്റെ ബുധനാഴ്ച്ച ചട്ടം. സർക്കാർ ജീവനക്കാർ ബുധനാഴ്ചകളിൽ കൈത്തറിവസ്ത്രം ധരിക്കണമെന്ന സർക്കാർ ഉത്തരവാണ് കോവിഡ്-പ്രളയ പ്രതിസന്ധികളിൽ തളർന്ന കൈത്തറി മേഖലയ്ക്ക് സഹായകമാകുന്നത്. വി.എസ്. അച്യുതാനന്ദൻ സർക്കാരാണ് കൈത്തറി മേഖലയെ പ്രോത്സാഹിപ്പിക്കാൻ സർക്കാർ ജീവനക്കാർ ആഴ്ചയിൽ ഒരുദിവസം കൈത്തറി വസ്ത്രം ധരിക്കണമെന്ന് ആദ്യം ഉത്തരവിട്ടത്. 2019 ൽ പ്രളയവും 2020 ൽ കോവിഡും ഓണം, ക്രിസ്മസ്, വിഷു വിപണികളെ ബാധിച്ചപ്പോൾ കോടികളുടെ നഷ്ടമാണ് കൈത്തറി മേഖല നേരിട്ടത്.

കോവിഡ് തീവ്രത കുറഞ്ഞശേഷം നെയ്ത്ത് സംഘങ്ങളും സൊസൈറ്റികളും വിൽപനശാലകളും സജീവമായതോടെയാണ് കഴിഞ്ഞദിവസംഈ ഉത്തരവ് സർക്കാർ വീണ്ടും ഇറക്കിയത്. കൈത്തറിയെ രക്ഷിക്കാനായി നടപ്പ് അദ്ധ്യയനവർഷം സംസ്ഥാനത്തെ 163 ഉപജില്ലകളിലായി 38.02 ലക്ഷം മീറ്റർ സ്‌കൂൾ യൂണിഫോം തുണി വിതരണം ചെയ്തിട്ടുണ്ട്. ഒന്ന് മുതൽ ഏഴ് വരെ ക്ലാസുകളിലെ കുട്ടികൾക്കുള്ള ഷർട്ട്, നിക്കർ, സ്‌കേർട്ട് തുണിയാണ് നൽകുന്നത്.

നാലാം ക്ലാസ് വരെ എയ്ഡഡ് സ്‌കൂൾ കുട്ടികൾക്കും യൂണിഫോം ലഭിക്കും. 2022-23 അദ്ധ്യയന വർഷത്തേക്ക് 46.5 ലക്ഷം മീറ്റർ കൈത്തറി തുണിയുടെ ഓർഡർ പൊതുവിദ്യാഭ്യാസ വകുപ്പ് നൽകിയിട്ടുണ്ട്. ഇതിനായി 120 കോടി രൂപയാണ് അനുവദിച്ചത്. കുപ്പടം കരമുണ്ട്, ശ്രീകൃഷ്ണപുരം പട്ട്ജീവനക്കാരെ ആകർഷിക്കാൻ പരമ്പരാഗതഖാദിക്കരയായ കുപ്പടം കരപതിച്ച മുണ്ടുമുതൽ ആകർഷകമായ ഡിസൈനുകളിലുള്ള സിൽക്ക് സാരി വരെ ഖാദി, കൈത്തറി സ്റ്റാളുകളിലുണ്ട്. കുപ്പടം സിംഗിൾ, ഡബിൾ എന്നിവയ്ക്ക് യഥാക്രമം 500, 1000 രൂപയാണ് വില. സ്ത്രീകൾക്കുള്ള അനന്തപുരി സിൽക്ക്, പാലക്കാട്ടെ ചിതലിപ്പട്ട്, ശ്രീകൃഷ്ണപുരം പട്ട്, കണ്ണൂരിന്റെ പയ്യന്നൂർ പട്ട് എന്നിവയുമുണ്ട്. 2,000 രൂപയാണ് ഇതിന്റെ വില.

തിരുവനന്തപുരം: രാജ്യത്ത് വാക്സിൻ വിതരണം വേഗത്തിലാക്കാൻ സംസ്ഥാന ആരോഗ്യ മന്ത്രിമാരുടെ യോഗം വിളിച്ച് കേന്ദ്ര സർക്കാർ. കേന്ദ്ര മന്ത്രി മൻസുഖ് മാണ്ഡവ്യയാണ് യോഗം വിളിച്ചു ചേർത്തത്. വ്യാഴാഴ്ച്ചയാണ് യോഗം ചേരുക.

സമയപരിധി അവസാനിച്ചിട്ടും വാക്‌സിൻ രണ്ടാം ഡോസ് എടുക്കാത്തവരിലും ഇനിയും ആദ്യ ഡോസ് വാക്സിൻ സ്വീകരിക്കാത്തവരിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുള്ള നിർദേശങ്ങൾ യോഗത്തിൽ കൈമാറും.

അതേസമയം രണ്ടാം ഡോസ് വാക്സിൻ എടുക്കാത്തവരുടെ എണ്ണം വർധിച്ചുവരുന്നതിലുള്ള ആശങ്കയാണ് യോഗം വിളിക്കാൻ കാരണമെന്നാണ് ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കുന്നത്.

തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ അൽപ്പശി ഉത്സവത്തോടനുബന്ധിച്ചുള്ള ആറാട്ട് വ്യാഴാഴ്ച്ച നടക്കും. ആറാട്ടിന് മുന്നോടിയായുള്ള പള്ളിവേട്ട പത്മനാഭ ക്ഷേത്രത്തിൽ ആരംഭിച്ചു. സുന്ദരവിലാസം കൊട്ടാരത്തിനു മുന്നിൽ പ്രത്യേകം തയ്യാറാക്കിയ വേട്ടക്കാവിൽ ഇലഞ്ഞിക്കു ചുവട്ടിലെ കരിക്കിൽ പ്രതീകാത്മകമായി അമ്പെയ്താണ് പള്ളിവേട്ട ആരംഭിച്ചത്. ക്ഷേത്രംസ്ഥാനി മൂലം തിരുനാൾ രാമവർമ്മ രാത്രി എട്ടരയോടെയാണ് പള്ളിവേട്ട നടത്തിയത്.

ഉത്സവ ശീവേലിക്ക് ശേഷം രാജകുടുംബസ്ഥാനി ക്ഷേത്രത്തിൽ നിന്നും ഉടവാളുമായി പടിഞ്ഞാറെ നടവഴി പുറത്തിറങ്ങി. തുടർന്ന് ശ്രീ പദ്മനാഭസ്വാമിയുടെ വില്ലേന്തിയ വിഗ്രഹം സ്വർണഗരുഡവാഹനത്തിലും തിരുവാമ്പാടി ശ്രീകൃഷ്ണസ്വാമിയെയും നരസിംഹമൂർത്തിയെയും വെള്ളി ഗരുഡവാഹനത്തിലും എഴുന്നള്ളിച്ചു. വാദ്യമേളങ്ങളില്ലാതെ നിശബ്ദ ഘോഷയാത്ര സുന്ദരവിലാസം കൊട്ടാരത്തിന് മുന്നിലെ വേട്ടക്കളത്തിലെത്തി. തന്ത്രി തരണനല്ലൂർ സതീശൻ നമ്പൂതിരി അമ്പും വില്ലും ആവാഹനം കഴിച്ച് രാമവർമ്മക്ക് കൈമാറി. തുടർന്നായിരുന്നു പള്ളിവേട്ട നടന്നത്. വ്യാഴാഴ്ച്ച പുലർച്ചെ കറവപ്പശുവിനെയും കുട്ടിയെയും മണ്ഡപത്തിലെത്തിച്ച് പള്ളിക്കുറുപ്പ് ദർശനം നടത്തും.

ദീപാരാധന കഴിഞ്ഞ് ഗരുഡവാഹനത്തിൽ ശ്രീ പദ്മനാഭസ്വാമിയേയും നരസിംഹമൂർത്തിയെയും ശ്രീകൃഷ്ണസ്വാമിയെയും പുറത്തെഴുന്നള്ളിക്കും. ഇവയ്‌ക്കൊപ്പം ചേരാനായി തിരുവല്ലം പരശുരാമക്ഷേത്രം, വടുവൊത്ത് മഹാവിഷ്ണുക്ഷേത്രം, അരകത്ത് ദേവിക്ഷേത്രം, പാൽക്കുളങ്ങര ചെറിയ ഉദേശ്വരം മഹാവിഷ്ണുക്ഷേത്രം എന്നിവിടങ്ങളിൽ നിന്നുള്ള ആറാട്ട് വിഗ്രഹങ്ങൾ പടിഞ്ഞാറേ നടയിലെത്തും. തുടർന്ന് ഘോഷയാത്ര ശംഖുമുഖത്തേക്ക് പുറപ്പെടും. വള്ളക്കടവിൽ നിന്ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിനകത്ത് കൂടി ശംഖുമുഖത്തെത്തി കൽമണ്ഡപത്തിലിറക്കി വച്ച വാഹനങ്ങളിൽ നിന്ന് വിഗ്രഹങ്ങൾ പൂജകൾക്ക് ശേഷം സമുദ്രത്തിലാറാടിക്കും. ആറാട്ടു കഴിഞ്ഞ് എഴുന്നള്ളത്ത് രാത്രി ക്ഷേത്രത്തിൽ എത്തുന്നതോടെയാണ് ഉത്സവത്തിന് കൊടിയിറങ്ങുക.

ആറാട്ട് ഘോഷയാത്ര കടന്നു പോകുന്നതിനാൽ തിരുവനന്തപുരം വിമാനത്താവളം അഞ്ചു മണിക്കൂർ അടച്ചിടും. കേരള പൊലീസിന്റെയും ഇന്ത്യൻ പട്ടാളത്തിന്റെയും നായർ പടയാളികളുടെയും വാളേന്തിയ തിരുവിതാംകൂർ രാജകുടുംബ അംഗങ്ങളുടെയും അകമ്പടി ഘോഷയാത്രയ്ക്ക് ഉണ്ടാകും. അതേസമയം ഘോഷയാത്രയ്ക്ക് അദാനി ഗ്രൂപ്പ് സ്വീകരണം നൽകും. കോവിഡ് പ്രോട്ടോകോൾ പൂർണ്ണമായും പാലിച്ചായിരിക്കണം ആറാട്ട് നടത്തേണ്ടതെന്ന് ജില്ലാ കളക്ടർ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.

ഇസ്ലാമാബാദ്: പാകിസ്താനിൽ പഞ്ചസാരയുടെ വില കുതിച്ചുയരുന്നു. ഒരു കിലോ പഞ്ചസാരയ്ക്ക് 150 പാക് രൂപയാണ് പാകിസ്താനിലെ വില. പെട്രോളിനേക്കാൾ അധിക വിലയാണ് പാകിസ്താനിൽ പഞ്ചസാരയ്ക്ക് നൽകേണ്ടി വരുന്നത്. ജനരോഷം ഭയന്ന് സ്റ്റോക്കിലുള്ള എല്ലാ പഞ്ചസാരയും വിപണിയിലേക്ക് ഇറക്കാനാണ് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ഉത്തരവിട്ടിരിക്കുന്നത്.

കഴിഞ്ഞ ദിവസം നടന്ന വില നിയന്ത്രണ യോഗത്തിലാണ് പഞ്ചസാരയുടെ വിലക്കയറ്റം പിടിച്ചു നിർത്താനായി ഇമ്രാൻ ഖാൻ ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിച്ചത്. നവംബർ പതിനഞ്ച് മുതൽ പാകിസ്താനിൽ കരിമ്പ് വിളവെടുപ്പ് ആരംഭിക്കും. അതിനാൽ തന്നെ തന്റെ തീരുമാനം ശരിയാകുമെന്നാണ് ഇമ്രാൻ ഖാന്റെ വിലിയിരുത്തൽ.

സിന്ധിലെ മൂന്ന് പഞ്ചസാര മില്ലുകൾ അടച്ചുപൂട്ടിയതാണ് പാകിസ്താനിൽ പഞ്ചസാരയ്ക്ക് വില ഉയരാൻ കാരണമായത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് പാകിസ്താനിൽ പഞ്ചസാര വില പെട്രോൾ വിലയെ മറികടന്നത്. ചിലയിടങ്ങളിൽ കിലോയ്ക്ക് 150 രൂപയ്ക്ക് വരെ പഞ്ചസാര വിൽക്കുമ്പോൾ പെട്രോൾ ലിറ്ററിന് 138.30 രൂപയാണ് നിലവിലെ വില.

തിരുവനന്തപുരം: സംസ്ഥാനത്ത് സിനിമാ ടൂറിസം ആരംഭിക്കുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. കാലം എത്ര കഴിഞ്ഞാലും മനസിൽ നിന്നും മാഞ്ഞ് പോവാത്ത ചില സിനിമാ ഫ്രെയിമുകളുണ്ട്. നമ്മളെ ഏറെ സ്വാധീനിച്ച ചില സിനിമാ രംഗങ്ങൾ. നമ്മുടെ ഇത്തരം സിനിമാ ഗൃഹാതുര ഓർമ്മകൾക്ക് നിറം പകരുന്ന പുതിയ പദ്ധതി ആരംഭിക്കാൻ ടൂറിസം വകുപ്പ് ഒരുങ്ങുകയാണെന്ന് മന്ത്രി പറഞ്ഞു.

കിരീടം സിനിമയിൽ മോഹൻലാലിന്റെ വികാര നിർഭരമായ രംഗങ്ങൾ ചിത്രീകരിച്ച പാലം, ബോംബെ സിനിമയിൽ ഉയിരെ എന്ന ഗാനം ചിത്രീകരിച്ച ബേക്കൽ തുടങ്ങി ഒട്ടേറെ സ്ഥലങ്ങളിൽ ഒരുവട്ടമെങ്കിലും എത്താൻ സഞ്ചാരികളെ ആകർഷിക്കുന്നതാണ് പദ്ധതി. സാംസ്‌കാരിക വകുപ്പും ടൂറിസം വകുപ്പും സംയുക്തമായാണ് പദ്ധതി ഒരുക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

സിനിമാ താരങ്ങളെ കൂടി ഉൾപ്പെടുത്തി സിനിമാടൂറിസം പദ്ധതി മികവുറ്റതാക്കാം എന്നാണ് പ്രതീക്ഷിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് സിനിമാമേഖലയിലെ പ്രമുഖരുമായി ചർച്ച നടത്തുന്നതാണ്. സാംസ്‌കാരിക വകുപ്പ് മന്ത്രി ശ്രീ. സജി ചെറിയാനുമായി നടത്തിയ ചർച്ചയിൽ ഇരു വകുപ്പുകളും ചേർന്ന് ഉടൻ തന്നെ സിനിമാടൂറിസം പദ്ധതി യാഥാർത്ഥ്യമാക്കാൻ തീരുമാനിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൊച്ചി: സിറോ മലബാർ സഭ എറണാകുളം- അങ്കമാലി അതിരൂപതയിലെ ഭൂമി വിൽപനയുമായി ബന്ധപ്പെട്ട് രണ്ട് വൈദികരെ ചോദ്യം ചെയ്ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഭൂമി ഇടപാടിൽ വൻതോതിൽ കള്ളപ്പണ ഇടപാട് നടന്നുവെന്ന കേസിലാണ് രണ്ട് വൈദികരെ എൻഫോഴ്‌മെന്റ് ചോദ്യം ചെയ്തത്. എറണാകുളം- അങ്കമാലി അതിരൂപത മുൻ മോൺസിഞ്ഞോർ ഫാ. സെബാസ്റ്റ്യൻ വടക്കുമ്പാടൻ, മുൻ പ്രോക്യൂറേറ്റർ ഫാദർ ജോഷി പുതുവ എന്നിവരെയാണ് ചോദ്യം ചെയ്ത്. ഇരുവരും എറണാകുളത്ത് ഇ.ഡി ഓഫിസിൽ ചോദ്യം ചെയ്യലിനായി എത്തി.

കർദിനാൾ മാർ ജോർജ് ആലഞ്ചേരി അടക്കം 24 പേരാണ് കേസിലെ പ്രതികൾ. കേസിൽ നേരത്തെ ഇ.ഡി പരാതിക്കാരനായ ആലുവ ചൊവ്വര സ്വദേശി പാപ്പച്ചന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു. പലരും വാങ്ങിയ ഭൂമിക്ക് പണമെത്തിയത് ഒരേ കേന്ദ്രത്തിൽ നിന്നാണെന്നാണ് മൊഴി നൽകിയ ശേഷം പാപ്പച്ചൻ മാദ്ധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. വിവാദമായ ഭൂമി വിൽപ്പനയിൽ ആധാരം വിലകുറച്ചു കാണിച്ച് കോടികളുടെ കള്ളപ്പണ ഇടപാട് നടന്നെന്നായിരുന്നു എൻഫോഴ്‌സ്‌മെന്റിന്റെ കേസ്. ആദായ നികുതി വകുപ്പ് നികുതി വെട്ടിപ്പ് കേസിൽ സഭക്ക് 6.5 കോടി പിഴ ഇട്ടിരുന്നു.

k rail

തിരുവനന്തപുരം: പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കെ റെയിൽ വേണ്ടെന്ന പ്രതിപക്ഷ നിലപാട് ദൗർഭാഗ്യകരമാണെന്ന് അദ്ദേഹം പറഞ്ഞു. കെ റെയിൽ വികസനത്തിന് അനിവാര്യമെന്നും അദ്ദേഹം വ്യക്തമാക്കി. നിയമസഭയിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. അതേസമയം കെ റെയിൽ പോലുള്ള വിനാശപദ്ധതികളാണ് സർക്കാരിനെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കുറ്റപ്പെടുത്തി.

സർക്കാരിന്റെ പോരായ്മ കൊണ്ടല്ല പ്രകൃതി ദുരന്തം ഉണ്ടാകുന്നതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. പരിസ്ഥിതി സംരക്ഷണത്തിൽ വിട്ടുവീഴ്ച ചെയ്യില്ലെന്നും അദ്ദേഹം ഉറപ്പു നൽകി. സിൽവർ ലൈൻ പദ്ധതിക്കായി എസ്റ്റിമേറ്റ് തുകയിൽ നിന്ന് യഥാർത്ഥ തുക കൂടുതലാകുന്ന സാഹചര്യമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 22.5 ടൺ ആക്‌സിൽ ലോഡുള്ള റോറോ ചരക്ക് ട്രെയിനുകൾ ഓടിക്കാൻ കഴിയുന്ന വിധമാണ് സിൽവർ ലൈൻ പദ്ധതി രൂപകൽപ്പന ചെയ്യുന്നതെന്നും സിൽവർ ലൈൻ വഴി ചരക്ക് ഗതാഗതവും സുഗമമായി നടത്താമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രളയം പഠിച്ച സമിതിയുടെ ശുപാർശകളൊന്നും നടപ്പാക്കിയില്ലെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. ദുരന്ത നിവാരണ അതോറിറ്റിയാണ് ഏറ്റവും വലിയ ദുരന്തം. പ്രകൃതിക്ഷോഭമുണ്ടാകുമ്പോൾ പുനരധിവാസത്തിന് അടക്കം പദ്ധതികൾ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തിരുവനന്തപുരം: പൊതുമരാമത്ത് പദ്ധതിയുടെ പുരോഗതി അറിയാനാകുന്ന പ്രൊജക്ട് മാനേജ്‌മെന്റ് സിസ്റ്റം നടപ്പാക്കും. മന്ത്രി പി എ മുഹമ്മദ് റിയാസാണ് ഇക്കാര്യം അറിയിച്ചത്. പ്രവൃത്തികളിൽ സുതാര്യത, വേഗത, എന്നിവ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രൊജക്ട് മാനേജ്‌മെന്റ് സിസ്റ്റം ആരംഭിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

ഒരു പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഇതുവഴി ലഭ്യമാകും. എപ്പോൾ പ്രവൃത്തി തുടങ്ങും, അവസാനിക്കും, എത്ര ശതമാനം പുരോഗമിച്ചു എന്നതെല്ലാം ഈ ഡാഷ് ബോർഡിൽ ലഭ്യമാക്കുമെന്നും ഓരോ ഘട്ടത്തിനും കൃത്യമായ ടൈം ലൈൻ ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. കരാറുകാർക്ക് അവരുടേതായ ആയ പ്രശ്‌നങ്ങൾ റിപ്പോർട്ട് ചെയ്യാനുള്ള അവസരവുമുണ്ട്.

വകുപ്പു മേധാവി, ജില്ലാകളക്ടർ, സ്റ്റേറ്റ് നോഡൽ ഓഫീസർ, ഉദ്യോഗസ്ഥർ തുടങ്ങിയവർക്ക് ബന്ധപ്പെട്ട വിവരങ്ങൾ ഇതിൽ അപ്‌ഡേറ്റ് ചെയ്യാൻ ചെയ്യും. അങ്ങനെ സമഗ്രമായ ഒരു സംവിധാനമാണ് ഉദ്ദേശിക്കുന്നത്. എം എൽ എ മാർക്കും ജനങ്ങൾക്കു എല്ലാം ഇത് പരിശോധിക്കാൻ സംവിധാനം ഒരുക്കുമെന്നും ജനങ്ങൾക്ക് എന്തെങ്കിലും പരാതി ഉണ്ടെങ്കിൽ അത് രേഖപ്പെടുത്താനും സാധിക്കുമെന്നും മന്ത്രി വിശദമാക്കി.