അരുണാചൽ പ്രദേശിൽ യഥാർത്ഥ നിയന്ത്രണ രേഖയ്ക്കു സമീപം ചൈന ഗ്രാമം; പ്രതികരണവുമായി ഇന്ത്യ

ന്യൂഡൽഹി: അരുണാചൽ പ്രദേശിൽ യഥാർത്ഥ നിയന്ത്രണ രേഖയ്ക്കു സമീപം ചൈന 100 വീടുകളുള്ള ഗ്രാമം നിർമ്മിച്ചെന്ന യുഎസ് പ്രതിരോധ റിപ്പോർട്ടിൽ പ്രതികരണവുമായി ഇന്ത്യ. അപ്പർ സുബാൻസിരി ജില്ലയിലുള്ള ഗ്രാമം ചൈനീസ് നിയന്ത്രണ പ്രദേശത്തുള്ളതാണെന്നു സുരക്ഷാസേനയോട് അടുത്തു നിൽക്കുന്ന വൃത്തങ്ങൾ സൂചിപ്പിച്ചതായാണ് റിപ്പോർട്ടുകൾ.

യഥാർത്ഥ നിയന്ത്രണരേഖയോടു ചേർന്ന ഇന്ത്യൻ മണ്ണിൽ അവകാശവാദമുന്നയിക്കാൻ ചൈന തന്ത്രപരമായി നീങ്ങുകയാണെന്നാണ് യു.എസ്. റിപ്പോർട്ട്. ഇതിനോടാണ് ഇന്ത്യ പ്രതികരിച്ചത്. ഇന്ത്യൻ അതിർത്തിക്കുള്ളിൽ അരുണാചൽ പ്രദേശിൽ ചൈന നിർമ്മിച്ചതായി പറയുന്ന 100 വീടുകൾ അടങ്ങുന്ന ഗ്രാമം ചൈനീസ് നിയന്ത്രണത്തിലള്ള പ്രദേശത്താണെന്നാണ് ഇന്ത്യൻ സുരക്ഷാ ഏജൻസികൾ വ്യക്തമാക്കുന്നത്. ആറു പതിറ്റാണ്ടുകൾക്കു മുൻപു ചൈന കയ്യടക്കിയ ഭൂമിയിലാണ് ഗ്രാമം നിർമ്മിച്ചിരിക്കുന്നതെന്നും കാലങ്ങളായി മേഖലയിൽ ചൈനീസ് ആർമി പോസ്റ്റ് ഉണ്ടെന്നും ഇന്ത്യൻ സുരക്ഷാ സേന വൃത്തങ്ങൾ അറിയിച്ചതായാണ് വിവരം.

അപ്പർ സുബൻസിരി ജില്ലയിലെ തർക്ക പ്രദേശത്തുള്ള ഗ്രാമം ചൈനയുടെ നിയന്ത്രണത്തിലുള്ള പ്രദേശത്താണ്. നാല് വർഷങ്ങളായി ചൈന മേഖലയിൽ ഒരു സൈനിക പോസ്റ്റ് നിലനിർത്തുന്നുണ്ട്. അടുത്ത സമയത്ത് നിർമ്മാണങ്ങൾ ഒന്നും നടന്നിട്ടില്ല. ആറ് പതിറ്റാണ്ട് മുൻപ് ചൈന കൈയടക്കിയ പ്രദേശത്താണ് ഗ്രാമം നിർമ്മിച്ചിരിക്കുന്നതെന്നും സുരക്ഷാ വൃത്തങ്ങൾ അറിയിച്ചുവെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

യുഎസ് പ്രതിരോധ വിഭാഗം സമർപ്പിച്ച വാർഷിക റിപ്പോർട്ടിലാണ് സൈനിക സുരക്ഷ സംബന്ധിച്ചുള്ള വിഷയങ്ങളെക്കുറിച്ച് വിശദമാക്കിയിരിക്കുന്നത്. സ്വതന്ത്രഭരണ പ്രദേശമായ ടിബറ്റിനും ഇന്ത്യയ്ക്കു കീഴിലുള്ള അരുണാചൽ പ്രദേശിനും ഇടയിലുള്ള തർക്കഭൂമിയിൽ ചൈന ഗ്രാമം നിർമ്മിച്ചതായാണ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നത്. 2020-ൽ ഇന്ത്യയിലെ അരുണാചൽ പ്രദേശിനും ടിബറ്റ് സ്വയംഭരണമേഖലയ്ക്കുമിടയിലുള്ള തർക്കപ്രദേശത്ത് ചൈന നൂറോളം വീടുകളുണ്ടാക്കിയെന്നും ഇന്ത്യ-ചൈന സംഘർഷത്തിനിടെ യഥാർഥ നിയന്ത്രണ രേഖയ്ക്കടുത്ത് ചൈന ഒപ്റ്റിക്കൽ ഫൈബർ ശൃംഖല സ്ഥാപിച്ചുവെന്നും പെന്റഗൺ സൂചിപ്പിച്ചിരുന്നു. ഇന്ത്യയുമായി സൈനിക, നയതന്ത്ര ചർച്ചകൾ നടത്തുന്നതിനിടയിലും ചൈന, അതിർത്തി മേഖലയിൽ കടന്നുകയറ്റ നീക്കങ്ങൾ സജീവമാക്കുകയാണെന്നും റിപ്പോർട്ടിൽ വിശദമാക്കിയിട്ടുണ്ട്.