തിരുവനന്തപുരം: സിനിമാ ചിത്രീകരണം തടയുന്ന യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിനെതിരെ എതിർപ്പുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. സർഗാത്മക പ്രവർത്തനമാണ് സിനിമയെന്നും കോൺഗ്രസിന് സിനിമയെ സംരക്ഷിക്കാനുളള ബാദ്ധ്യതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കെപിസിസി യോഗത്തിലെ നയമാണ് കെ സുധാകരൻ വ്യക്തമാക്കിയത്. കൊച്ചി ഷേണായീസ് തിയേറ്ററിന് മുന്നിൽ ജോജുവിന്റെ ചിത്രമുളള റീത്ത് വച്ച് യൂത്ത് കോൺഗ്രസ് പ്രതിഷേധം നടത്തിയതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ഷൂട്ടിംഗ് സെറ്റിലേക്കുളള സമരം ശരിയല്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സമരം പിൻവലിക്കാൻ യൂത്ത് കോൺഗ്രസ് നേതൃത്വത്തോട് ആവശ്യപ്പെടുമെന്നും ജോജു സംഭവത്തിൽ നേതാക്കൾക്കെതിരെയെടുത്ത കേസുകൾ നിയമപരമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ധനവില വർദ്ധനയ്ക്കെതിരെ പ്രതിഷേധം ശക്തമാക്കാനാണ് കോൺഗ്രസിന്റെ തീരുമാനം. ഇന്ധനവില വർധനക്കെതിരെ മനുഷ്യചങ്ങല സംഘടിപ്പിക്കാനാണ് കോൺഗ്രസിന്റെ പദ്ധതി. സെക്രട്ടറിയേറ്റ് മുതൽ രാജ്ഭവൻ വരെയാണ് മനുഷ്യചങ്ങല സംഘടിപ്പിക്കുക. ബ്ലോക്ക് തലം മുതൽ വിഷയത്തിൽ പ്രതിഷേധം ശക്തമാക്കാനും കെപിസിസി ഭാരവാഹി യോഗത്തിൽ തീരുമാനമായി.

