തിരുവനന്തപുരം: ആവിഷ്‌കാര സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നു കയറ്റത്തെ ശക്തമായി നേരിടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൗരന്മാരുടെ മൗലികാവകാശങ്ങൾ ഭരണഘടനാദത്തമായി അനുവദിക്കപ്പെട്ട നാടാണ് നമ്മുടേതെന്ന് അദ്ദേഹം പറഞ്ഞു. സംസാരിക്കാനും ആശയപ്രകടനത്തിനും സമാധാനപരമായി കൂട്ടംകൂടുവാനും ഇഷ്ടമുള്ള തൊഴിൽ ചെയ്യാനും സ്വാതന്ത്ര്യമുള്ള നാടാണിതെന്ന് അദ്ദേഹം വ്യക്തമാക്കി.
ആ അവകാശത്തിന്മേൽ കടന്നുകയറ്റം ഉണ്ടാകുന്നത് രാജ്യത്തിന്റെ ഭരണഘടനയ്ക്ക് നേരെയുള്ള ആക്രമണമാണ്. ഭരണഘടനാപരമായ ഇത്തരം കാര്യങ്ങൾ പോലും തങ്ങൾക്കു ബാധകമല്ല എന്ന പ്രഖ്യാപനമാണ് ചലച്ചിത്ര പ്രവർത്തകരെ അവരുടെ തൊഴിൽ സ്ഥലത്തു ചെന്ന് ആക്രമിക്കുന്നതിലൂടെ ഉണ്ടായിട്ടുള്ളത്. ഒരു കാരണവശാലും വച്ചു പൊറുപ്പിക്കാൻ പാടില്ലാത്ത ഫാസിസ്റ്റു മനോഭാവമാണിത്.
ഒരു വ്യക്തിയോടുള്ള വിദ്വേഷം മുൻനിർത്തിയുള്ള സംഘടിത നീക്കമായി അതിനെ ചുരുക്കി കാണുന്നത് ശരിയല്ല. അക്രമികളുടെ ഉള്ളിലുള്ള ഫാസിസ്റ്റു പ്രവണതയും അസഹിഷ്ണുതയുമാണ് പ്രകടമായിരിക്കുന്നത്. ജനാധിപത്യത്തിന്റെ കുപ്പായമണിഞ്ഞാണ് ചിലർ ഈ ആക്രമണങ്ങൾക്ക് തുനിഞ്ഞിറങ്ങിയിരിക്കുന്നത് എന്നത് ആശ്ചര്യകരമാണ്. എന്ത് കഴിക്കണം എന്ന് ആജ്ഞാപിക്കുന്നതും ഏതു വസ്ത്രം ധരിക്കണം എന്ന് തിട്ടൂരമിറക്കുന്നതും ഫാസിസ്റ്റു മുറയാണ്. അങ്ങനെ ചെയ്യുന്ന സംഘങ്ങൾ നമ്മുടെ രാജ്യത്തുണ്ട്. അത്തരത്തിലുള്ള അപരിഷ്‌കൃതരായ സാമൂഹ്യവിരുദ്ധരെ പടിക്കു പുറത്ത് നിർത്തിയ ചരിത്രമാണ് ഈ നാടിന്റേത്. അതിനാൽ മനുഷ്യനെ ഭയപ്പാടില്ലാതെയും സ്വതന്ത്രമായും തൊഴിലെടുത്ത് ജീവിക്കാനുള്ള അവകാശത്തെ റദ്ദ് ചെയ്യാനുള്ള ശ്രമം ആരുടെ ഭാഗത്തുനിന്നുണ്ടായാലും ശക്തമായ നടപടി സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാവും. കർക്കശമായ നടപടികൾ സ്വീകരിക്കും. കേരളത്തിന്റെ ജനാധിപത്യമൂല്യങ്ങൾ തച്ചുടയ്ക്കാൻ ഒരു ശക്തിയേയും അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

