തിരുവനന്തപുരം: ഐജി ലക്ഷമണയ്‌ക്കെതിരെ നടപടി. പുരാവസ്തു തട്ടിപ്പു കേസിൽ അറസ്റ്റിലായ മോൺസൺ മാവുങ്കലുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനാണ് ഐജി ജി ലക്ഷ്മണയെ സസ്‌പെൻഡ് ചെയ്തത്. പോലീസ് സേനയ്ക്ക് അപമാനകരമായ പെരുമാറ്റമുണ്ടായെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. ചൊവ്വാഴ്ച്ചയാണ് ഐജി ലക്ഷ്മണയുടെ സസ്‌പെൻഷൻ ഉത്തരവിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഒപ്പുവെച്ചത്.
മോൺസണെതിരായ കേസുകൾ അട്ടിമറിക്കാൻ ഇടപെട്ടുവെന്നും ഔദ്യോഗിക വാഹനത്തിൽ പലതവണ തിരുവനന്തപുരത്ത് നിന്ന് ഐജി ലക്ഷ്മണ മോൺസന്റെ വസതിയിൽ എത്തിയെന്നും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. മോൻസണെതിരെ ചേർത്തല പോലീസ് രജിസ്റ്റർ ചെയ്ത കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത് വീണ്ടും ലോക്കൽ പോലീസിനുതന്നെ കൈമാറുന്നതിനായി ലക്ഷ്മൺ ഇടപെട്ടതിന്റെ രേഖകളും പുറത്തുവന്നിരുന്നു. കേസുകൾ ഒതുക്കാനും ലക്ഷ്മണിന്റെ സഹായം കിട്ടിയെന്ന് മോൻസൺ അവകാശപ്പെടുന്ന വീഡിയോ, ഓഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇതെല്ലാം കണക്കിലെടുത്താണ് ലക്ഷ്മണെ സസ്‌പെൻഡ് ചെയ്തത്.
അതേസമയം പുരാവസ്തു വിൽപ്പനയിൽ ഐജി ലക്ഷ്മണ ഇടനിലക്കാരനായിരുന്നെന്ന് സംശയിക്കുന്ന തെളിവുകളും ലഭ്യമായിട്ടുണ്ട്. ഐജി ലക്ഷമണയും മോൻസന്റെ മാനേജരടക്കമുള്ളവരുമായി നടത്തിയ വാട്സാപ്പ് ചാറ്റുകളുടെ വിവരങ്ങളും പുറത്തുവന്നു.

