ന്യൂഡൽഹി: കോവിഡ് വൈറസ് വ്യാപനത്തെ തുടർന്നുള്ള യാത്രാ നിയന്ത്രണങ്ങൾ മറികടക്കുന്നതിനായി 96 രാജ്യങ്ങളുമായി ധാരണയിലെത്തി ഇന്ത്യ. കേന്ദ്ര ആരോഗ്യ മന്ത്രി മൻസൂഖ് മാണ്ഡവ്യയാണ് ഇക്കാര്യം അറിയിച്ചത്. മറ്റു രാജ്യങ്ങളിലേക്കുള്ള ഇന്ത്യക്കാരുടെ യാത്ര നടപടി സുഗമമാക്കുമെന്ന് മന്ത്രി അറിയിച്ചു.
വാക്‌സിൻ സർട്ടിഫിക്കറ്റുകൾ പരസ്പരം അംഗീകരിക്കുന്നതിന് നിലവിൽ ഇന്ത്യയുമായി 96 രാജ്യങ്ങൾ ധാരണയിലെത്തിയിട്ടുണ്ട്. കോവിഷീൽഡ് വാക്‌സിനും ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ച മറ്റു വാക്‌സിനുകളും എടുത്തവരുടെ സർട്ടിഫിക്കറ്റുകൾ ഈ രാജ്യങ്ങൾ അംഗീകരിച്ചിട്ടുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നത്. ഇന്ത്യ ധാരണയിലെത്തിയ രാജ്യങ്ങളിൽ നിന്നെത്തുന്നവർക്ക് നിലവിലുള്ള കോവിഡ് മാനദണ്ഡങ്ങളിൽ ഇളവുകളും ലഭിക്കും. കോവിൻ പോർട്ടലിൽ നിന്ന് ഡൗൺലോഡ് ചെയ്ത കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കേറ്റ് ഉപയോഗിച്ച് ഈ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാനും കഴിയുമെന്ന് ആരോഗ്യ മന്ത്രാലയം വിശദമാക്കുന്നു.
കാനഡ, യുഎസ്എ, യുകെ, ഫ്രാൻസ്, ജർമനി, ബെൽജിയം, അയർലൻഡ്, നെതർലൻഡ്സ്, സ്പെയ്ൻ, ബംഗ്ലാദേശ്, മാലി, ഘാന, സിയേറലിയോൺ, അംഗോള, നൈജീരിയ, ബെനിൻ, ചാഡ്, ഹംഗറി, സെർബിയ, പോളണ്ട്, സ്ലോവാക്യ, സ്ലോവേനിയ, ക്രൊയേഷ്യ, ബൾഗേറിയ, തുർക്കി, ഗ്രീസ്, ഫിൻലൻഡ്, എസ്റ്റോണിയ, റൊമാനിയ, മോൾഡോവ, അൽബേനിയ, ചെക്ക് റിപബ്ലിക്ക്, സ്വിറ്റ്സർലൻഡ്, ലിച്ചെൻസ്റ്റെയ്ൻ, സ്വീഡൻ, ഓസ്ട്രിയ, മോണ്ടെനെഗ്രോ, ഐസ്ലൻഡ് എന്നീ രാജ്യങ്ങൾ ഉൾപ്പെടെ 96 രാജ്യങ്ങളുമായാണ് ഇന്ത്യ ധാരണയിലെത്തിയത്. ഇന്ത്യയുടെ കോവീഷീൽഡ്, കോവാക്സിൻ എന്നിവ 96 രാജ്യങ്ങൾ അംഗീകരിച്ചിട്ടുണ്ടെന്നും ഈ രാജ്യങ്ങളുടെ പട്ടിക കോവിൻ പോർട്ടലിൽ കാണാനാകുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. അതേസമയം ഇന്ത്യയുടെ കോവാക്സിൻ സർട്ടിഫിക്കറ്റ് കൈവശമുള്ളവരെ നവംബർ 22 ന് ശേഷം ക്വാറന്റെയ്ൻ ഇല്ലാതെ ബ്രിട്ടനിൽ പ്രവേശിക്കാൻ അനുവദിക്കും.

