ന്യൂഡൽഹി: കാർഷിക നിയമത്തിനെതിരെ സമരം ശക്തമാക്കാനൊരുങ്ങി കർഷക സംഘടനകൾ. നവംബർ 26 മുതൽ കേന്ദ്ര സർക്കാരിനെതിരെ സമരം ശക്തമാക്കാനാണ് കർഷക സംഘടനകളുടെ തീരുമാനം. അഞ്ച് സംസ്ഥാനങ്ങളിൽ നിന്നുള്ള കർഷകർ സമരത്തിനായി ഡൽഹി അതിർത്തികളിലെത്തും. പഞ്ചാബ്, രാജസ്ഥാൻ, യുപി, ഉത്തരാഖണ്ഡ് എന്നി സംസ്ഥാനങ്ങളിലെ കർഷകരാണ് സമരം ചെയ്യാനെത്തുന്നത്. നവംബർ 26 ന് സംസ്ഥാന തല കർഷക റാലി സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.
നവംബർ 28 ന് മുംബൈ ആസാദ് മൈതാനത്ത് കിസാൻ- മസ്ദൂർ മഹാപഞ്ചായത്ത് നടത്തുകയും നവംബർ 29-ന് പാർലമെന്റിലേക്ക് മാർച്ച് നടത്തുകയും ചെയ്യുമെന്ന് കർഷക സംഘടനകൾ അറിയിച്ചു. സംയുക്ത കിസാൻ മോർച്ചയുടെ ഒൻപതംഗ കമ്മിറ്റി ചൊവ്വാഴ്ച്ച യോഗം ചേർന്നിരുന്നു. ഈ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. നവംബർ 27 മുതൽ കർഷകർ ഗ്രാമങ്ങളിൽ നിന്ന് ട്രാക്ടറുകളിൽ ഡൽഹി അതിർത്തികളിലെ സമര സ്ഥലങ്ങളിലെത്തി ശക്തമായ പ്രതിഷേധമുയർത്തുമെന്ന് നേരത്തെ കർഷക നേതാവ് രാകേഷ് ടികായത്ത് മുന്നറിയിപ്പ് നൽകിയരുന്നു.

