പരാജയപ്പെട്ടിട്ടും അലക്‌സാണ്ടർ ഗ്രേറ്റ്; അലക്സാണ്ടറിനെ മഹാനെന്ന് വാഴ്ത്തുന്നതിനെതിരെ വിമർശനവുമായി യോഗി ആദിത്യനാഥ്

ലക്‌നൗ: ഗ്രീക്ക് ഭരണാധിപനായ അലക്സാണ്ടറിനെ മഹാനെന്ന് വാഴ്ത്തുന്നതിനെതിരെ വിമർശനവുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അലക്‌സാണ്ടറെ പരാജയപ്പെടുത്തിയ ഇന്ത്യൻ ഭരണാധികാരി ചന്ദ്രഗുപ്ത മൗര്യയെ മഹാനായി വാഴ്ത്തുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ലക്‌നൗവിൽ നടന്ന സാമാജിക് പ്രതിനിധി സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചരിത്രകാരൻമാർ ഇക്കാര്യത്തിൽ മൗനം പാലിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. അലക്‌സാണ്ടറിന്റെ മരണശേഷം, ഗ്രീക്ക് ചക്രവർത്തി ഭരിച്ചിരുന്ന പ്രദേശങ്ങൾ ചന്ദ്രഗുപ്ത മൗര്യൻ ഏറ്റെടുത്തതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

അഫ്ഗാനിസ്ഥാനിലെ ബാമിയാനിലെ 2500 വർഷം പഴക്കമുള്ള ബുദ്ധന്റെ പ്രതിമ താലിബാൻ തകർത്തതിനെ കുറിച്ചും യോഗി ആദിത്യനാഥ് സംസാരിച്ചു. 20 വർഷങ്ങൾക്ക് മുൻപാണ് താലിബാൻ ബുദ്ധന്റെ പ്രതിമ തകർത്തത്. ബുദ്ധൻ ഒരിക്കലും ലോകത്തിന്മേൽ യുദ്ധം അടിച്ചേൽപ്പിച്ചിട്ടില്ലെന്നും എല്ലായ്‌പ്പോഴും മാനവികതയ്ക്ക് പ്രചോദനവും ഭക്തിയുടെ കേന്ദ്രവുമായിരുന്നു അദ്ദേഹമെന്നും യോഗി പറഞ്ഞു. ലോകസമാധാനത്തിനായി നിലകൊള്ളുന്നയാരും ബുദ്ധപ്രതിമ തകർത്ത താലിബാൻ പ്രവൃത്തി മറക്കരുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.