General (Page 1,330)

കൊല്ലം: കോവിഡ് വ്യാപനത്തിന്റെ സമയത്ത് ചൈനയിൽ നിന്നും കേരളത്തിലേക്ക് മടങ്ങി എത്തിയ മലയാളി എം.ബി.ബി.എസ് വിദ്യാർത്ഥികൾ തിരികെ പോകാൻ അനുമതി ലഭിക്കാതെ പ്രതിസന്ധിയിൽ. ചൈനയിലേക്ക് മടങ്ങി പോകാൻ സംസ്ഥാന സർക്കാരിനെയും വിദേശകാര്യ മന്ത്രാലയത്തെയും സമീപിച്ചിട്ടും ഇതുവരെ അനൂകൂല നടപടി ലഭിച്ചിട്ടില്ല.

കുറഞ്ഞ ചെലവിൽ എം.ബി.ബി.എസ് നേടാനാണ് കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥികൾ ചൈനയിലെത്തുന്നത്. നീറ്റ് പരീക്ഷയിൽ ഉയർന്ന റാങ്ക് ലഭിച്ചിട്ടും ഇവിടത്തെ മാനേജ്‌മെന്റ് ക്വാട്ടയിൽ ഫീസ് നൽകാനുള്ള ശേഷിയില്ലാത്തതിനാൽ ചൈനയിൽ പോയി പഠിക്കുന്നവരുണ്ട്. ചൈനയിൽ എംബിബിഎസ് പഠനത്തിൽ മൂന്നാം വർഷം മുതൽ ക്ലിനിക്കൽ ക്ലാസുകൾ ആരംഭിക്കും. നാട്ടിലേക്ക് മടങ്ങിയവർക്ക് ഇപ്പോഴും ഓൺലൈൻ ക്ലാസുകൾ ലഭ്യമാകുന്നുണ്ടെങ്കിലും കഴിഞ്ഞ രണ്ട് വർഷമായി ഇവർക്ക് ക്ലിനിക്കൽ ക്ലാസുകളില്ല. ഇവിടെ ക്ലിനിക്കൽ പ്രാക്ടീസിന് അനുമതി തേടിയെങ്കിലും ലഭിച്ചില്ലെന്നാണ് വിദ്യാർത്ഥികൾ പറയുന്നത്.

അതേസമയം കോഴ്‌സ് പൂർത്തിയാക്കിയവർക്ക് രണ്ടു വർഷത്തിനിടെ സർട്ടിഫിക്കറ്റ് ലഭിക്കുകയും ചെയ്തിട്ടില്ല. മറ്റുള്ളവർക്ക് ഇനി ചൈനയിൽ പോയി ക്ലിനിക്കൽ ക്ലാസുകളിൽ പങ്കെടുത്ത് പ്രാക്ടിക്കൽ പരീക്ഷ വിജയിച്ചാലേ എം.ബി.ബി.എസ് പാസാകാൻ കഴിയൂ. അഞ്ചു വർഷം കൊണ്ട് കോഴ്‌സ് പൂർത്തിയാക്കേണ്ടവർക്ക് ഇപ്പോൾത്തന്നെ ഏഴു വർഷം നഷ്ടമായിട്ടുണ്ട്.

ഭൂരിഭാഗം വിദ്യാർത്ഥികളും വിദ്യാഭ്യാസ ലോണെടുത്താണ് പഠനത്തിനായി ചൈനയിലേക്ക് പോയത്. ആറാം വർഷം മുതൽ തിരിച്ചടവ് തുടങ്ങണമെന്നതാണ് വിദ്യാർത്ഥികൾ നേരിടുന്ന വെല്ലുവിളി. 2500 ഓളം മലയാളി വിദ്യാർത്ഥികളാണ് ചൈനയിൽ മെഡിസിന് പഠിക്കുന്നത്. അഞ്ചുവർഷത്തെ ഏറ്റവും കുറഞ്ഞ ഫീസ് 20 ലക്ഷം മുതലാണ്. മികച്ച കോളേജുകളിൽ പരമാവധി 40 ലക്ഷം വരെ ചെലവാകാറുണ്ട്. ചൈന അടക്കമുള്ള വിദേശരാജ്യങ്ങളിൽ എം.ബി.ബി.എസ് പഠനം പൂർത്തിയാക്കുന്നവർക്ക് നാഷണൽ മെഡിക്കൽ കമ്മിഷൻ നടത്തുന്ന ഫോറിൻ മെഡിക്കൽ ഗ്രാജ്വേറ്റ്‌സ് പരീക്ഷ വിജയിച്ച ശേഷം ഒരു വർഷത്തെ ഹൗസ് സർജൻസിയും പൂർത്തിയാക്കിയാലെ രാജ്യത്ത് മെഡിക്കൽ പ്രാക്ടീസ് നടത്താൻ കഴിയൂ.

ന്യൂഡൽഹി: ക്ഷേത്രത്തിലെ ദൈനംദിന ആചാരങ്ങളിൽ ഭരണഘടനാ കോടതിക്ക് ഇടപെടാൻ കഴിയില്ലെന്ന് വ്യക്തമാക്കി സുപ്രീം കോടതി. തിരുപ്പതി തിരുമല ക്ഷേത്രത്തിലെ ആചാരങ്ങളിൽ ക്രമക്കേടുണ്ടെന്ന് ആരോപിച്ച് ഭക്തൻ സമർപ്പിച്ച ഹർജി തീർപ്പാക്കവെയാണ് സുപ്രീം കോടതിയുടെ പരാമർശം. ചീഫ് ജസ്റ്റീസ് അധ്യക്ഷനായ മൂന്നംഗ ബഞ്ചാണ് കേസിൽ വിധി പുറപ്പെടുവിച്ചത്. ക്ഷേത്രഭരണം നിർദിഷ്ട ചട്ടങ്ങളും ചട്ടങ്ങളും പാലിക്കാത്തതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ മാത്രമേ കോടതിയ്ക്ക് പരിശോധിക്കാനാകൂവെന്ന് സുപ്രീം കോടതി അറിയിച്ചു.

ഒരു ക്ഷേത്രത്തിന്റെ ദൈനംദിന കാര്യങ്ങളിൽ ഭരണഘടനാ കോടതിക്ക് ഇടപെടാനാകില്ലെന്ന് നിരീക്ഷിച്ച്, തിരുത്താൻ തിരുമല തിരുപ്പതി ദേവസ്ഥാനത്തിന് നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപര്യ ഹർജി തള്ളിയ ആന്ധ്രാപ്രദേശ് ഹൈക്കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്താണ് ഹർജി സമർപ്പിച്ചിരുന്നത്. ക്ഷേത്രത്തിലെ ശ്രീ വെങ്കിടേശ്വര സ്വാമിക്ക് ആചാരങ്ങളും അനുഷ്ഠാനങ്ങളും നടത്തുന്നതിൽ ക്ഷേത്ര പാരമ്പര്യത്തിൽ നിന്ന് എന്തെങ്കിലും വ്യതിചലനമുണ്ടോ എന്നത് ഉചിതമായ വിചാരണ കോടതിക്ക് മുമ്പാകെ ഫയൽ ചെയ്ത സിവിൽ കേസിൽ മാത്രമേ നിർണ്ണയിക്കാൻ കഴിയൂവെന്ന് കോടതി പറഞ്ഞു. ‘

ഹർജിക്കാരൻ ആവശ്യം ക്ഷേത്രത്തിന്റെ ദൈനംദിന കാര്യങ്ങളിൽ ഇടപെടുന്ന സ്വഭാവമാണ്. അത് ഒരു ഭരണഘടനാ കോടതിക്ക് കടന്നുപോകാൻ കഴിയില്ല. ആചാരമോ സേവയോ സ്ഥാപിത രീതികൾക്കനുസൃതമായി നടത്തുന്നില്ലെങ്കിൽ അത് വസ്തുതകളുടെ ചോദ്യമാണ്. തെളിവുകൾ വിലമതിച്ചാണ് വിചാരണക്കോടതിയിൽ പോയതെന്നും കേസ് തീർപ്പാക്കിയുള്ള സുപ്രീം കോടതി ഉത്തരവിൽ വ്യക്തമാക്കുന്നു. അതേ സമയം ആചാരങ്ങൾ ഒഴികെ, ഭരണസംവിധാനങ്ങൾ ശരിയായി നിർവഹിക്കാത്തതും നിയമങ്ങളും ചട്ടങ്ങളും അവഗണിച്ചതും അല്ലെങ്കിൽ മറ്റേതെങ്കിലും ലംഘനങ്ങളിൽ ഏർപ്പെടുന്നതുമായ മറ്റെന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ, പ്രശ്നങ്ങൾ വ്യക്തമാക്കാൻ കോടതിക്ക് ദേവസ്ഥാനത്തോട് ആവശ്യപ്പെടാൻ കഴിയും. പൂജകളെയും ഉത്സവങ്ങളെയും സംബന്ധിച്ചിടത്തോളം, ഹരജിക്കാരന് ഉചിതമായ ഫോറത്തിൽ അവ തുടരാമെന്നും കോടതി വിശദമാക്കി. ആചാരങ്ങളിൽ ഇടപെടാൻ തുടങ്ങിയാൽ, അത് സാധ്യമാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ശബരിമല കേസിന്റെ ഉൾപ്പെടെ ഭാവിയെ ബാധിക്കുന്ന നിരീക്ഷണമാണ് കോടതി അറിയിച്ചിരിക്കുന്നത്.

ന്യൂഡൽഹി: കോവിഡ് വൈറസ് വ്യാപനത്തിന്റെ രണ്ടാംതരംഗത്തിന് ശേഷം ഇന്ത്യ ശക്തമായ സാമ്പത്തിക വളർച്ചയ്ക്ക് സാക്ഷ്യം വഹിക്കുകയാണെന്ന് ധനമന്ത്രി നിർമ്മലാ സീതാരാമൻ. ഈ വളർച്ച നിലനിർത്താനും സമ്പദ് വ്യവസ്ഥയുടെ ഇരട്ട അക്ക വളർച്ച ഉറപ്പാക്കലുമാണ് നിലവിൽ രാജ്യം നേരിടുന്ന വെല്ലുവിളിയെന്ന് നിർമ്മലാ സീതാരാമൻ വ്യക്തമാക്കി. സംസ്ഥാന മുഖ്യമന്ത്രിമാരുടെയും ധനമന്ത്രിമാരുടെയും യോഗത്തിനുശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

സംസ്ഥാനങ്ങൾക്ക് നൽകുന്ന നികുതി വിഭജനത്തിന്റെ സാധാരണ പ്രതിമാസ ഗഡു വായ 47,541 കോടി രൂപയ്ക്ക് പകരം 47,541 കോടി രൂപ കൂടി അധികം അനുവദിക്കാൻ ധനകാര്യ സെക്രട്ടറിയ്ക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മൊത്തം 95,082 കോടി രൂപ സംസ്ഥാനങ്ങൾക്ക് നൽകുമെന്നും ധനമന്ത്രി പറഞ്ഞു.

രാജ്യത്തിന്റെ വളർച്ചയെ മുന്നോട്ട് കൊണ്ടുപോകുന്നതിനായി സംസ്ഥാനങ്ങളോട് ആശയങ്ങൾ തേടാനാണ് യോഗം വിളിച്ചു ചേർത്തത്. നിർമ്മാണം, വികസനം, നിക്ഷേപം തുടങ്ങിയ പല വിഷയങ്ങളിലും മുൻനിരയിൽ നിന്ന് പ്രവർത്തിക്കുന്നത് സംസ്ഥാനങ്ങളാണ്. കേന്ദ്രത്തിന്റെ പിന്തുണ എപ്പോഴും ഉണ്ടായിരിക്കുമെന്നും യോഗത്തിൽ സംസ്ഥാനങ്ങളുടെ ഭാഗത്തുനിന്ന് വളരെ പ്രധാനപ്പെട്ട ആശയങ്ങളും പൊതുവായ അഭ്യർത്ഥനകളും ഉയർന്നു വന്നുവെന്നും നിർമ്മലാ സീതാരാമൻ വിശദമാക്കി.15 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും മൂന്ന് സംസ്ഥാനങ്ങളിലെ ഉപമുഖ്യമന്ത്രിമാരും മറ്റ് സംസ്ഥാനങ്ങളിലെ ധനമന്ത്രിമാരുമാണ് യോഗത്തിൽ പങ്കെടുത്തത്.

ന്യൂഡൽഹി: ഇനി രാത്രിയിലും പോസ്റ്റുമോർട്ടം നടത്താം. സൂര്യാസ്തമനത്തിന് ശേഷം പോസ്റ്റുമോർട്ടം പാടില്ലെന്ന വ്യവസ്ഥ കേന്ദ്ര സർക്കാർ ഒഴിവാക്കി. മതിയായ അടിസ്ഥാന സൗകര്യങ്ങളുള്ള ആശുപത്രികളിൽ രാത്രിയിൽ പോസ്റ്റ്‌മോർട്ടം അനുവദിക്കുന്നതിനായി ഇത് സംബന്ധിച്ച വ്യവസ്ഥകളിൽ മാറ്റം വരുത്തി കേന്ദ്ര ആരോഗ്യ മന്ത്രാലയം വിജ്ഞാപനം പുറത്തിറക്കി. സൂര്യാസ്തമയത്തിന് ശേഷം പോസ്റ്റ്‌മോർട്ടം പാടില്ലെന്ന ബ്രിട്ടീഷ് കാലത്തെ നിയമത്തിനാണ് ഇതോടെ മാറ്റമുണ്ടാകുന്നത്.

വിഷയത്തിൽ സർക്കാരിന് നിരവധി നിവേദനങ്ങൾ ലഭിച്ചിരുന്നു ഈ സാഹചര്യത്തിലാണ് കേന്ദ്ര സർക്കാരിന്റെ തീരുമാനം. വെളിച്ചത്തിന്റെ ലഭ്യതക്കുറവും തെളിവുകൾ നശിപ്പിക്കപ്പെടാനുള്ള സാധ്യതയും ചൂണ്ടിക്കാട്ടിയായിരുന്നു രാത്രി പോസ്റ്റുമോർട്ടം നടത്താൻ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്. അതേസമയം ഡൽഹി എയിംസ് ഉൾപ്പെടെ രാജ്യത്തെ തിരഞ്ഞെടുത്ത ചില സ്ഥാപനങ്ങളിൽ സൂര്യാസ്തമയത്തിന് ശേഷവും പോസ്റ്റ്‌മോർട്ടം നടത്തിയിരുന്നു.

സംശയാസ്പദ സാഹചര്യത്തിലും കൊലപാതകം, ആത്മഹത്യ, ബലാത്സംഗം എന്നീ കേസുകളിലും മൃതശരീരങ്ങൾ ജീർണിച്ച അവസ്ഥയിലും ക്രമസമാധാന പ്രശ്‌നങ്ങൾ ഇല്ലെങ്കിൽ സൂര്യാസ്തമയത്തിനുശേഷം പോസ്റ്റ്‌മോർട്ടം നടത്തരുതെന്നും പുതുക്കിയ വ്യവസ്ഥയിൽ വ്യക്തമാക്കിയിട്ടുണ്ട്. ആശുപത്രിയുടെ ഫിറ്റ്നസും അടിസ്ഥാന സൗകര്യങ്ങളും ആശുപത്രിയുടെ ചുമതലയുള്ളയാൾ വിലയിരുത്തി തെളിവുകൾ നഷ്ടമാകുന്നില്ലെന്ന് ഉറപ്പാക്കണമെന്നും ഉത്തരവിൽ നിർദ്ദേശിക്കുന്നു. ഭാവിയിൽ സംശയങ്ങൾ ഒഴിവാക്കാൻ രാത്രിയിൽ നടക്കുന്ന പോസ്റ്റ്‌മോർട്ടത്തിന്റെ ദൃശ്യങ്ങൾ ചിത്രീകരിക്കണം. നിയമപരമായ ആവശ്യങ്ങൾക്കായി ഇത് സൂക്ഷിക്കുകയും ചെയ്യണമെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി.

മരണപ്പെട്ടയാളുടെ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കുമുണ്ടാകുന്ന ബുദ്ധിമുട്ടുകൾ കുറക്കാനും അവയവദാനത്തെയും മാറ്റിവയ്ക്കലിനെ പ്രോത്സാഹിപ്പിക്കാനും പുതിയ തീരുമാനം സഹായിക്കുമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

തിരുവനന്തപുരം: സിഎജിയുടെ സ്‌പെഷ്യൽ ഓഡിറ്റ് റിപ്പോർട്ടിൽ വിമർശനം ഉയർന്നു എന്ന വിഷയത്തിൽ മറുപടിയുമായി കിഫ്ബി. സ്‌പെഷ്യൽ ഓഡിറ്റിൽ അന്തിമ റിപ്പോർട്ട് നൽകിയിട്ടില്ലെന്നും സിഎജി നൽകിയ 76 പ്രാഥമിക നിരീക്ഷണങ്ങൾക്ക് മറുപടി നൽകിയെന്നും കിഫ്ബി വിശദമാക്കി. മറുപടി മാറ്റിവെച്ച് സംശയങ്ങളും ചോദ്യങ്ങളും മാത്രമാണ് പുറത്തുവിട്ടതെന്നാണ് കിഫ്ബി പറയുന്നത്.

അതേസമയം സ്‌പെഷ്യൽ ഓഡിറ്റിൽ സിഎജിക്ക് നൽകിയ മറുപടി കിഫ്ബിയും ഇതുവരെ പുറത്തുവിട്ടിട്ടുമില്ല. കിഫ്ബിയുടെ വിശദീകരണത്തിന്മേൽ സിഎജി പരിശോധന നടത്തുകയാണെന്ന് വിവരം. സിഎജി റിപ്പോർട്ടിന് പിന്നാലെ സ്‌പെഷ്യൽ ഓഡിറ്റ് വിവരങ്ങളും പുറത്തുവന്നതോടെ കിഫ്ബി പ്രതിരോധത്തിലായെന്ന റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ഇതിന് പിന്നാലെയാണ് കിഫ്ബി വിശദീകരണവുമായി രംഗത്തെത്തിയത്.

കടമെടുപ്പിലെ പ്രശ്‌നങ്ങളാണ് നിയമസഭയിൽ സമർപ്പിച്ച ഓഡിറ്റ് റിപ്പോർട്ടിൽ വിശദമാക്കിയിരുന്നത്. കിഫ്ബി പദ്ധതികളുടെ കാലതാമസവും ചെലവുകളിലെ വീഴ്ചകളും സ്‌പെഷ്യൽ ഓഡിറ്റ് റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. ഈ വർഷം ഏപ്രിലിൽ റിപ്പോർട്ട് സർക്കാരിനെ കൈമാറിയെങ്കിലും ധനവകുപ്പ് റിപ്പോർട്ട് പുറത്തുവിട്ടിരുന്നില്ല.

മുംബൈ: ടി20 ലോകകപ്പിലെ പ്രകടനത്തിന് ശേഷം ദുബായിയിൽ നിന്നും ഇന്ത്യയിലേക്ക് തിരിച്ചെത്തിയ ക്രിക്കറ്റ് താരം ഹാർദിക് പാണ്ഡ്യയിൽ നിന്ന് അഞ്ച് കോടി രൂപ വിലമതിക്കുന്ന രണ്ട് ആഡംബര വാച്ചുകൾ പിടിച്ചെടുത്തായി റിപ്പോർട്ട്. കസ്റ്റംസ് ഉദ്യോഗസ്ഥരാണ് വാച്ചുകൾ പിടിച്ചെടുത്തത്. അതേസമയം വാർത്തകൾ നിഷേധിച്ച് ഹാർദിക് പാണ്ഡ്യ രംഗത്തെത്തിയിട്ടുണ്ട്. വാച്ചിന്റെ ശരിയായ മൂല്യം 1.5 കോടിയാണെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം.

മൂല്യം നിർണ്ണയിക്കാനായി ഒരു വാച്ച് മാത്രമാണ് ഉദ്യോഗസ്ഥർ എടുത്തതെന്നും അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഐസിസി ടൂർണമെന്റിൽ നിന്ന് പുറത്തായ ഇന്ത്യൻ ക്രിക്കറ്റ് ടീം കഴിഞ്ഞ ദിവസം രാത്രി വൈകിയാണ് ഇന്ത്യയിലേയ്ക്ക് മടങ്ങിയത്. വിമാനത്താവളത്തിലെത്തിയ കസ്റ്റംസ് ഉദ്യോഗസ്ഥർ ഹാർദിക് പാണ്ഡ്യയുടെ കൈവശം അഞ്ച് കോടി രൂപ വിലമതിക്കുന്ന രണ്ട് ആഡംബര വാച്ചുകൾ കണ്ടെത്തുകയായിരുന്നുവെന്നായിരുന്നു ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നത്. വാച്ചുകളുടെ ഇൻവോയ്സുകൾ ഹാർദികിന്റെ പക്കൽ ഇല്ലായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.

കസ്റ്റംസ് തീരുവ അടയ്ക്കാനായി താൻ സ്വമേധയാ കൗണ്ടറിൽ പോകുകയായിരുന്നുവെന്ന് ഹാർദിക് പാണ്ഡെ വ്യക്തമാക്കി. രാജ്യത്തെ നിയമം അനുസരിക്കുന്ന പൗരനാണ്. എല്ലാ കേന്ദ്ര ഏജൻസികളെയും ബഹുമാനിക്കുന്നു. വിഷയം പരിഹിക്കുന്നതിന് ആവശ്യമായ എല്ലാ രേഖകളും കസ്റ്റംസിന് നൽകുമെന്നും നിയമം ലംഘിച്ചുവെന്ന തരത്തിൽ തനിക്കെതിരെ ഉയർന്ന ആരോപണങ്ങളെല്ലാം അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

ന്യൂഡൽഹി: കെ.പി.സി.സി. പുനഃസംഘടന നിർത്തിവെപ്പിക്കാൻ വേണ്ടി ഉമ്മൻ ചാണ്ടി സമ്മർദ തന്ത്രം പയറ്റുന്നതായി റിപ്പോർട്ട്. ബുധനാഴ്ച്ച ഉമ്മൻ ചാണ്ടി സോണിയാ ഗാന്ധിയുമായി ചർച്ച നടത്തും. എ.ഐ.സി.സി. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ വിപുലമായ പുനഃസംഘടന ഒഴിവാക്കണമെന്ന് ഉമ്മൻ ചാണ്ടി സോണിയാഗാന്ധിയോട് ആവശ്യപ്പെടുമെന്നാണ് റിപ്പോർട്ടുകൾ.

വിപുലമായ കെ.പി.സി.സി. പുനഃസംഘടന പാടില്ലെന്നാണ് എ, ഐ ഗ്രൂപ്പുകളുടെ നിലപാട്. നവംബർ രണ്ടിന് ചേർന്ന കെ.പി.സി.സി. നേതൃയോഗത്തിൽ നേതാക്കൾ ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തിരുന്നു. കേരളത്തിലെ പല മുതിർന്ന നേതാക്കളും സംഘടനാ തിരഞ്ഞെടുപ്പുമായി മുന്നോട്ടുപോകരുതെന്ന നിർദേശം മുന്നോട്ട് വെച്ചിരുന്നെങ്കിലും കെ.പി.സി.സി. അധ്യക്ഷൻ കെ. സുധാകരൻ ഇത് തള്ളിയിരുന്നു. ഭൂരിഭാഗം ഡി.സി.സികളും പുനഃസംഘടനയുമായി മുന്നോട്ടു പോകാൻ അനുകൂലമായിരുന്നുവെന്നാണ് സുധാകരൻ പറഞ്ഞത്. എന്നാൽ എ, ഐ ഗ്രൂപ്പുകൾ സുധാകരന്റെ നീക്കത്തിനെതിരെ ശക്തമായ എതിർപ്പുമായി രംഗത്തെത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് ഉമ്മൻ ചാണ്ടിയുടെ ഡൽഹി സന്ദർശനമെന്നാണ് വിവരം.

എ.ഐ.സി.സി. ദേശീയ തലത്തിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ കേരളത്തിൽ കെ.പി.സി.സി. പുനഃസംഘടന വിപുലമായ തരത്തിൽ പാടില്ലെന്ന നിർദ്ദേശം ഉമ്മൻചാണ്ടി മുന്നോട്ടുവെക്കും. മാർച്ച് വരെയാണ് മെമ്പർഷിപ്പ് ക്യാമ്പയിനുകൾ നടക്കുക. സ്വാഭാവികമായും എ.ഐ.സി.സി. തലത്തിലേക്ക് തിരഞ്ഞെടുപ്പിന് പോകേണ്ടതുണ്ട്. കെ.പി.സി.സി. അധ്യക്ഷനെ ഉൾപ്പെടെ തിരഞ്ഞെടുപ്പിലൂടെ കണ്ടെത്തണമെന്നാണ് എ.ഐ.സി.സി. നിർദേശിച്ചിരിക്കുന്നത്. അതിനാൽ നിലവിലെ പുനഃസംഘടന നിർത്തിവെക്കണമെന്ന് ഉമ്മൻ ചാണ്ടി സോണിയാ ഗാന്ധിയോട് ആവശ്യപ്പെടുമെന്നാണ് സൂചന.

കെ.പി.സി.സി. സെക്രട്ടറിമാരെ തീരുമാനിക്കാനുള്ള ചർച്ചകൾ തടയണമെന്ന ആവശ്യവും ഉമ്മൻ ചാണ്ടി മുന്നോട്ടുവെക്കും. കുറച്ചുനാൾ മുൻപ് രമേശ് ചെന്നിത്തല ഡൽഹിയിലെത്തി ഹൈക്കമാൻഡുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാൽ ഹൈക്കമാൻഡിന്റെ ഭാഗത്തുനിന്ന് വിഷയത്തിൽ ഏതെങ്കിലും വിധത്തിലുള്ള നിർദേശമോ അറിയിപ്പോ അദ്ദേഹത്തിന് ലഭിച്ചിരുന്നില്ല.

തിരുവനന്തപുരം: മുല്ലപ്പെരിയാർ ബേബി ഡാമിലെ മരംമുറിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. കേരളത്തിന്റെ താൽപ്പര്യങ്ങൾ തമിഴ്‌നാടിന് അടിയറവ് വച്ചിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ നീണ്ട മൗനംപാലിക്കുന്നത് കേരളത്തോട് കാട്ടിയ കൊടിയ വഞ്ചനയെ ന്യായീകരിക്കാൻ ഒരു വഴിയും കാണാത്തതിനാലാണെന്ന് അദ്ദേഹം പറഞ്ഞു. ജീവനും സ്വത്തിനും ഭീഷണി നേരിടുന്ന കേരളത്തിലെ നാല് ജില്ലകളിലെ ജനങ്ങളോടും കേരളീയ സമൂഹത്തോടും മുഖ്യമന്ത്രിയും മന്ത്രിമാരും കാട്ടിയ കൊടിയ വഞ്ചനയുടെ ചുരുളാണ് ദിവസേന നിവരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

മുല്ലപ്പെരിയാറിലെ ബേബി ഡാം ബലപ്പെടുത്തുന്നതിന് മരം മുറിക്കാനുള്ള അനുമതി നൽകാൻ സെപ്റ്റംബർ 17-നു ചേർന്ന സെക്രട്ടറിതല യോഗത്തിൽ തീരുമാനം എടുക്കുകയും അക്കാര്യം ഒക്ടോബർ 27-ന് കേരളത്തിന്റെ സ്റ്റാൻഡിംഗ് കൗൺസിൽ ജി പ്രകാശ് കോടതിയെ അറിയിക്കുകയും ചെയ്തിട്ടുള്ളതാണ്. മരംമുരി വേഗത്തിലാക്കാൻ വനം പ്രിൻസിപ്പൽ സെക്രട്ടറി അയച്ച മൂന്നു കത്തുകളും പുറത്തുവന്നിട്ടുണ്ട്. എന്നാൽ, നവംബർ ആറിന് തമിഴ്‌നാട് മുഖ്യമന്ത്രി നന്ദി പ്രകാശിപ്പിപ്പോൾ മാത്രമാണ് കേരളം ഇക്കാര്യം അറിയുന്നതെന്നും അതുവരെ മുഖ്യമന്ത്രിയും ബന്ധപ്പെട്ട മന്ത്രിമാരും ഇതു മറച്ചുവച്ചുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയുടെ ചുമതലയിലുള്ളതാണ് അന്തർ നദീജല വിഷയങ്ങൾ എന്ന വസ്തുത കണക്കിലെടുക്കുമ്പോൾ അദ്ദേഹം അറിയാതെ ഈ വിഷയത്തിൽ ഇലപോലും അനങ്ങില്ല എന്നതാണ് വാസ്തവമെന്നും അദ്ദേഹം അറിയിച്ചു.

മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 152 അടിയാക്കാൻ വ്യക്തമായ ആസൂത്രണമാണ് തമിഴ്‌നാട് നടത്തുന്നത്. അതിന്റെ ഭാഗമാണ് ബേബിഡാം ബലപ്പെടുത്തലെന്നും തമിഴ്‌നാടുമായി ബന്ധപ്പെട്ട് പല സാമ്പത്തിക, രാഷ്ട്രീയ ആരോപണങ്ങളും ഉയർന്നുവരുന്നുണ്ടെന്നും സുധാകരൻ ആരോപിച്ചു. നിയമസഭയിൽ യുഡിഎഫ് അംഗങ്ങൾ തുടർച്ചയായി ഈ വിഷയം ഉയർത്തിയെങ്കിലും മുഖ്യമന്ത്രി വാതുറന്നില്ല. മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട് ദുരൂഹതകൾ ഏറുകയാണ്. കനത്ത മഴയിൽ ജനങ്ങളുടെ ആശങ്കയും ഉയരുന്നു. സംഭവത്തിൽ സത്യം പുറത്തു വരണമെങ്കിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ ഗുരുതര ആരോപണങ്ങളുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കിഫ്ബിയുടെ പ്രവർത്തനങ്ങളെ സംബന്ധിച്ച അക്കൗണ്ടന്റ് ജനറലിന്റെ ലോക്കൽ ഓഡിറ്റ് റിപ്പോർട്ടിലെ കണ്ടെത്തലുകൾ ഗൗരവതരമാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. സർക്കാരിന്റെ അവകാശവാദങ്ങളുടെ പൊള്ളത്തരം വെളിവാക്കുന്നത് കൂടിയാണ് ഈ കണ്ടെത്തലുകളെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കിഫ്ബിയിലെ ക്രമവിരുദ്ധ നടപടികളെ സംബന്ധിച്ച് പ്രതിപക്ഷം ഉയർത്തിയ ആരോപണങ്ങളെല്ലാം സത്യമാണെന്നാണ് ഇതോടെ തെളിഞ്ഞിരിക്കുന്നത്. കൊള്ളപ്പലിശ നൽകി മസാലബോണ്ടിലൂടെ സമാഹരിച്ച ഫണ്ടിന്റെ തെറ്റായ രീതിയുള്ള നിക്ഷേപത്തെത്തുടർന്ന് കോടിക്കണക്കിന് രൂപ പലിശ ഇനത്തിൽ മാത്രം നഷ്ടം സംഭവിച്ചതായി ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നുണ്ടെന്നും ഇതു സംബന്ധിച്ച് പ്രതിപക്ഷം മുൻപ് ആക്ഷേപം ഉന്നയിച്ചപ്പോൾ പ്രതിപക്ഷത്തെ അപഹസിക്കുന്ന സമീപനമാണ് മുൻ ധനകാര്യമന്ത്രിയും കിഫ്ബി മാനേജ്‌മെന്റും സ്വീകരിച്ചതെന്നും അദ്ദേഹം പരിഹസിച്ചു.

ഇല്ലാത്ത തസ്തികകളിലേക്ക് ഉയർന്ന ശമ്പള സ്‌കെയിലിൽ ഉദ്യോഗസ്ഥരെ നിയമിച്ചത് ഉൾപ്പെടെയുള്ള കാര്യങ്ങളെ കുറിച്ച് റിപ്പോർട്ടിൽ പ്രതിപാദിക്കുന്നുണ്ട്. മസാലബോണ്ടുമായി ബന്ധപ്പെട്ട കാര്യങ്ങളെ സംബന്ധിച്ച റിപ്പോർട്ടിൽ റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് കൃത്യമായി റിപ്പോർട്ട് നൽകുന്നതിലെ പാളിച്ച കാരണം 1 ലക്ഷം രൂപ കിഫ്ബിക്ക് പെനാൽറ്റി നൽകേണ്ടി വന്നതായും വ്യക്തമാക്കുന്നുവെന്ന് അദ്ദേഹം അറിയിച്ചു. സംവരണതത്ത്വങ്ങൾ പാലിക്കാതെയും, സർക്കാരിന്റെ തന്നെ മുൻ മാർഗ്ഗനിർദേശങ്ങൾ അട്ടിമറിച്ചുമാണ് ഈ നിയമനങ്ങൾ നടന്നിരിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

സർക്കാർ ഇനിയും ഉരുണ്ടുകളിക്കാതെ എജിയുടെ കണ്ടെത്തലുകളെ സംബന്ധിച്ച് സമഗ്രമായ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിടണമെന്നാണ് രമേശ് ചെന്നിത്തല ഉന്നയിക്കുന്ന ആവശ്യം. കിഫ്ബി മാനേജ്‌മെന്റിന്റെ കെടുകാര്യസ്ഥതയും, കുത്തഴിഞ്ഞ ധനകാര്യ മാനേജ്‌മെന്റും കാരണം ഖജനാവിന് സംഭവിച്ച നഷ്ടം ബന്ധപ്പെട്ട ഉദ്യോഗസ്ഥരിൽ നിന്നും തിരിച്ചു പിടിക്കണമെന്നും ഇവിടെ നടന്നിട്ടുള്ള എല്ലാ അനധികൃത നിയമനങ്ങളും വിജിലൻസ് അന്വേഷണത്തിന്റെ പരിധിയിൽ കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയ്‌ക്കോ, ധനകാര്യവകുപ്പിനോ പോലും നിയന്ത്രണമില്ലാത്ത സൂപ്പർ ധനകാര്യസ്ഥാപനമെന്ന നിലയിലാണ് കിഫ്ബി മാനേജ്‌മെന്റിന്റെ പ്രവർത്തനം. ഇനിയും കിഫ്ബിയെ ഇങ്ങനെ കയറൂരി വിടുന്നത് കേരളത്തിന്റെ വിശാലതാൽപര്യങ്ങൾക്ക് ഒട്ടും യോജിച്ചതല്ലെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.

പാലക്കാട്: പാലക്കാട്ടെ ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പുന്ന നൗഷാദിന്റെയും, അഭിമന്യുവിന്റെയും കൊലപാതകികൾക്കെതിരെ കാര്യമായ അന്വേഷണം ഉണ്ടായില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. എസ്ഡിപിഐയുമായി തെരഞ്ഞെടുപ്പ് ബന്ധം ഉണ്ടാക്കിയവരാണ് സിപിഎമ്മെന്നാണ് അദ്ദേഹത്തിന്റെ ആരോപണം.

ആർഎസ്എസ് പ്രവർത്തകനായ സഞ്ജിത്തിന്റെ കൊലപാതകം ദൗർഭാഗ്യകരമാണെന്ന് അദ്ദേഹം പറഞ്ഞു. വർഗീയതയുടെ പേരിലുള്ള കൊലപാതകങ്ങൾ വച്ച് പൊറുപ്പിക്കാനാകില്ല. എസ്ഡിപിഐ പ്രതി സ്ഥാനത്തുള്ള കേസിൽ പ്രതികളെ പിടികൂടുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു.

ഇന്ന് രാവിലെയാണ് പാലക്കാട് മാമ്പറത്ത് ആർഎസ്എസ് പ്രവർത്തകനെ പട്ടാപ്പകൽ റോഡിലിട്ട് ഭാര്യയുടെ മുന്നിൽ വെച്ച് വെട്ടിക്കൊന്നത്. എലപ്പുള്ളി സ്വദേശി സഞ്ജിത് ആണ് കൊല്ലപ്പെട്ടത്. ഭാര്യയുമൊത്ത് ബൈക്കിൽ സഞ്ചരിക്കവെയാണ് സഞ്ജിത്തിന് നേരെ ആക്രമണം ഉണ്ടായത്. രാഷ്ട്രീയ വൈര്യാഗ്യമാണ് കൊലപാതകത്തിന്റെ കാരണമെന്നാണ് റിപ്പോർട്ട്. എസ് ഡി പിഐ പ്രവർത്തകരാണ് കൊലപാതകത്തിന് പിന്നിലെന്ന് ബിജെപി ആരോപിക്കുന്നു. അക്രമികളെ കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.