ന്യൂഡൽഹി: വീർ ചക്ര ബഹുമതി സ്വീകരിച്ച് ഇന്ത്യൻ വ്യോമസേന വിംഗ് കമാൻഡർ അഭിനന്ദൻ വർദ്ധമാൻ. രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ സൈനിക ബഹുമതിയാണ് വീർ ചക്ര. ബാലാക്കോട്ടിൽ പാകിസ്താന്റെ യുദ്ധവിമാനം എഫ്-16 വെടിവെച്ചിട്ട ശേഷം പാക് സൈന്യത്തിന്റെ പിടിയിലായ വിംഗ് കമാൻഡറാണ് അഭിനന്ദൻ വർധമാൻ. മിഗ് 21 വിമാനത്തിലായിരുന്നു അഭിനന്ദൻ പാക് സേനയെ പ്രതിരോധിച്ചിരുന്നത്. വിമാനം തകർന്നപ്പോൾ പാരച്യൂട്ട് ഉപയോഗിച്ച് താഴേക്ക് ചാടുകയായിരുന്ന അഭിനന്ദനെ പാക് സൈന്യം പിടികൂടി തടവിലാക്കിയിരുന്നു. ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ശക്തമായ ഇടപെടലിനെ തുടർന്നാണ് പാകിസ്താൻ അദ്ദേഹത്തെ വിട്ടയച്ചത്.
അഭിനന്ദൻ വർദ്ധമാന് പുറമേ ജമ്മുകശ്മീരിൽ തീവ്രവാദികളെ തുരത്തിയ സാപ്പർ പ്രകാശ് ജാദവിന് കീർത്തി ചക്ര (മരണാനന്തരം) സമ്മാനിച്ചു. മേജർ വിഭൂതി ശങ്കർ ധൗണ്ടിയാലിന് ശൗര്യ ചക്രയും (മരണാനന്തരം), നായിബ് സുബേദാർ സോംബിറിന് ശൗര്യ ചക്രവും നൽകി. മുൻ കിഴക്കൻ കരസേനാ കമാൻഡർ ലഫ്റ്റനന്റ് ജനറൽ അനിൽ ചൗഹാൻ (റിട്ട.), എൻജിനീയർ ഇൻ ചീഫ് ലഫ്റ്റനന്റ് ജനറൽ ഹർപാൽ സിംഗ്, ദക്ഷിണ നാവികസേനാ കമാൻഡർ വൈസ് അഡ്മിറൽ അനിൽ ചൗള എന്നിവർ പരം വിശിഷ്ട സേവാ മെഡലും ഈസ്റ്റേൺ എയർ കമാൻഡർ എയർ മാർഷൽ ദിലീപ് പട്നായിക്ക് അതിവിശിഷ്ട് സേവാ മെഡലും ഏറ്റുവാങ്ങി.

