ഹൈക്കോടതിയിൽ കേസുകൾ നേരിട്ട് പരിഗണിക്കും; രണ്ടുഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് പ്രവേശനം

കൊച്ചി: ഹൈക്കോടതിയിൽ തിങ്കൾ മുതൽ കേസുകൾ നേരിട്ട് പരിഗണിക്കും. കോടതി മുറിയിൽ ഒരുസമയം 15 പേരിലധികം അനുവദിക്കില്ലെന്ന് അധികൃതർ അറിയിച്ചു. കോവിഡ് വാക്‌സിൻ രണ്ടുഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് പ്രവേശിക്കാം. വീഡിയോ കോൺഫറൻസിങ്ങിലൂടെ കേസ് നടത്തുന്നതിനുള്ള സൗകര്യം തുടരും. കോവിഡ് അടച്ചുപൂട്ടൽ നിലവിൽവന്നതോടെയാണ് ഹൈക്കോടതി ഓൺലൈനായി കേസുകൾ പരിഗണിക്കാൻ ആരംഭിച്ചത്.

ഫയലുകൾ വയ്ക്കാനും തിരിച്ചെടുക്കാനും കോടതി മുറിയിലെത്താൻ അഭിഭാഷക ക്ലർക്കുമാർക്ക് അനുമതിയുണ്ട്. അഭിഭാഷകരെ കൂടാതെ കക്ഷികൾ, ക്ലർക്കുമാർ എന്നിവരൊഴികെ ആർക്കും കോടതിയുടെ അനുമതിയില്ലാതെ പ്രവേശനമില്ല. വാക്സിൻ സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ കേരള ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ നൽകുന്ന സർട്ടിഫിക്കറ്റും സ്വീകരിക്കുന്നതാണ്.