അമരാവതി: സംസ്ഥാനത്തിന് മൂന്ന് തലസ്ഥാനമെന്ന ബില്ല് റദ്ദാക്കി ആന്ധ്രാപ്രദേശ് . ഇനി അമരാവതിയായിരിക്കും ആന്ധ്രപ്രദേശിന്റെ സ്ഥിരം തലസ്ഥാനമെന്ന് സർക്കാർ അറിയിച്ചു. മൂന്ന് തലസ്ഥാനമെന്ന ബില്ല് മന്ത്രിസഭാ റദ്ദാക്കിയതായി സർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കി.
ആന്ധ്രാപ്രദേശിന് നിയമനിർമ്മാണ തലസ്ഥാനമായി അമരാവതിയും ഭരണനിർവ്വഹണ തലസ്ഥാനമായി വിശാഖപട്ടണവും നീതിന്യായ തലസ്ഥാനമായി കർണൂലുമാണ് നേരത്തെ നിശ്ചയിച്ചിരുന്നത്. ആന്ധ്രാപ്രദേശ് വികേന്ദ്രീകൃത- സംയുക്ത വികസന മേഖലാ ബിൽ, ആന്ധ്രാപ്രദേശ് തലസ്ഥാന വികസന അതോറിറ്റി (പിൻവലിക്കൽ) ബിൽ 2020 എന്നിവയുടെ അടിസ്ഥാനത്തിലായിരുന്നു ഇത്തരത്തിലൊരു തീരുമാനം. ഈ ബില്ലാണ് ഇപ്പോൾ റദ്ദാക്കിയത്.
വിശാഖപട്ടണത്ത് പുതിയ സെക്രട്ടറിയേറ്റും നിയമസഭയും നിർമ്മിക്കാനുള്ള നീക്കം ജഗ്ഗൻമോഹൻ റെഡ്ഢി സർക്കാർ ആരംഭിച്ചിരുന്നു. അമരാവതിയിൽ ടിഡിപി നിർമ്മിച്ച സമുചയങ്ങൾ പോലും ഏറ്റെടുക്കില്ലെന്ന് പ്രഖ്യാപിച്ചായിരുന്നു നീക്കം. വിശാഖപട്ടണം കേന്ദ്രീകരിച്ചുള്ള വികസന നീക്കങ്ങൾക്ക് എതിരെ പ്രതിപക്ഷം വ്യാപക പ്രതിഷേധമാണ് നടത്തിയിരുന്നത്. സ്ഥലം ഏറ്റെടുക്കലിന് എതിരെ കർഷകർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
വെഎസ്ആർ സി സർക്കാരായിരുന്നു മൂന്ന് തലസ്ഥാനമെന്ന ബില്ല് കൊണ്ടുവന്നത്. തീരുമാനത്തിനെതിരെ അമരാവതിയിലെ കർഷകർ കോടതിയെ സമീപിച്ചിരുന്നു. ബില്ലിൽ ചില സാങ്കേതിക തടസമുണ്ടെന്നാണ് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈഎസ് ജഗമോഹൻ റെഡ്ഡി വിശദമാക്കിയത്.

