വാഷിംഗ്ടൺ: സമുദ്രത്തെ ശ്വാസം മുട്ടിച്ച് പ്ലാസ്റ്റിക് മാലിന്യങ്ങളുടെ കലവറ. സമുദ്രത്തിൽ അടിയുന്ന പ്ലാസ്റ്റികിനെ കുറിച്ചുള്ള ഞെട്ടിക്കുന്ന കണക്കുകളാണ് സമുദ്ര സംരക്ഷണ സംഘടനയായ ഓഷ്യാന പുറത്തുവിട്ടിരിക്കുന്നത്. ഓഷ്യാനയുടെ കണക്കനുസരിച്ച് ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന 2,100 കോടി മുതൽ 3,400 കോടിയോളം വരുന്ന പ്ലാസ്റ്റിക്കുകളാണ് സമുദ്രത്തിൽ വന്നടിയുന്നത്. എന്നാൽ ഇതിനു പിന്നിലെ കാരണങ്ങളെ കുറിച്ചും കാരണക്കാരെ കുറിച്ചും പലപ്പോഴും വ്യക്തമാകാറില്ല.
എന്നാൽ ഇപ്പോൾ ബ്രേക്ക് ഫ്രീം ഫ്രം പ്ലാസ്റ്റിക്കിന്റെ നേത്യത്വത്തിൽ നടത്തിയ ഓഡിറ്റ് റിപ്പോർട്ടിൽ സമുദ്രത്തിലടിയുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളുടെ കാരണക്കാരെ സംബന്ധിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നിരിക്കുകയാണ്. വോളണ്ടിയർമാരുടെ സഹായത്തോടെയാണ് ബ്രേക്ക് ഫ്രീം ഫ്രം പ്ലാസ്റ്റിക്കിന്റെ ഗ്ലോബൽ ബ്രാൻഡ് ഓഡിറ്റ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. പ്ലാസ്റ്റിക് മുക്തമായ ലക്ഷ്യമെന്നതിനായി പ്രവർത്തിക്കുന്ന സംഘടനയാണ് ബ്രേക്ക് ഫ്രീ ഫ്രം പ്ലാസ്റ്റിക്. സംഘടനയുടെ നാലാമത് വാർഷിക ഓഡിറ്റ് റിപ്പോർട്ടാണിപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ഈ വർഷം മാത്രം 11,000 െവോളണ്ടിയർമാരുടെ നേതൃത്വത്തിൽ ഏകദേശം 45 രാജ്യങ്ങളിൽ നിന്നുമായി 3.3 ലക്ഷം പ്ലാസ്റ്റിക് മാലിന്യങ്ങളാണ് സംഘടന ശേഖരിച്ചത്. ഇതിൽ 58 ശതമാനവും പ്രമുഖ ബ്രാൻഡുകളുടെ ഉത്പന്നമായിരുന്നുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
സമുദ്രത്തിൽ നിന്നും ശേഖരിച്ച 3.3 ലക്ഷം പ്ലാസ്റ്റിക് മാലിന്യങ്ങളിൽ 20,000 എണ്ണവും കൊക്ക കോളയുടേതായിരുന്നു. ലോകമെമ്പാടും അഞ്ഞൂറോളം ഉത്പന്നങ്ങൾ കൊക്ക കോള പുറത്തിറക്കുന്നുണ്ട്. 2018 ൽ അവരുടെ തന്നെ കണക്കുകൾ പ്രകാരം ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന 11,700 കോടി പ്ലാസ്റ്റിക്ക് കുപ്പികളാണ് കൊക്ക കോള നിർമ്മിച്ചത്. 2018 ൽ കൊക്ക കോള ‘വേൾഡ് വിത്തൗട്ട് വേസ്റ്റ്’ എന്നൊരു കാമ്പയിൻ കൊണ്ടുവരുകയും 2030 വരെ കമ്പനി വിൽക്കുന്ന ഓരോ പ്ലാസ്റ്റിക് കുപ്പികളും ക്യാനുകളും റീസൈക്കിൾ ചെയ്തുപയോഗിക്കുമെന്ന് പ്രതിജ്ഞയും ചെയ്തിരുന്നു. എന്നാൽ സമുദ്രത്തിൽ നിന്നും ലഭിക്കുന്ന ഈ പ്ലാസ്റ്റിക് മാലിന്യങ്ങൾ കൊക്ക കോളുടെ പ്രതിജ്ഞകളൊന്നും പാലിക്കപ്പെടുന്നില്ലെന്നാണ് വ്യക്തമാക്കുന്നത്.
പരിസ്ഥിതിക്ക് ഹാനികരമാകുന്ന തരത്തിലുള്ള പ്ലാസ്റ്റികുകൾ പല കമ്പനികളിലും നിർമ്മിക്കുന്നുണ്ട്. പെപ്‌സികോ, യൂണിലെവർ, നെസ്ലേ, മോറിസ് ഇന്റർനാഷണൽ, മാർസ്, കോൾഗേറ്റ്-പാൽമൊലീവ് എന്നിവയും ഇത്തരത്തിലുള്ള പ്ലാസ്റ്റിക്കുകളുടെ നിർമ്മാണത്തിൽ മുൻനിരയിലുള്ള കമ്പനികളാണ്. എല്ലാ ഉത്പന്നങ്ങളിലും ഉപയോഗിക്കുന്ന വിർജിൻ പ്ലാസ്റ്റിക്കിന്റെ അളവ് കുറയ്ക്കുമെന്നും 2030 ഓടെ 50 ശതമാനം റീസൈക്കിൾഡ് പ്ലാസ്റ്റിക് ഉപയോഗിക്കുമെന്നും പെപ്‌സി അറിയിച്ചിട്ടുണ്ട്. ഉപയോഗിച്ചവ വീണ്ടും ഉപയോഗിക്കുക, കുപ്പികൾ റീഫിൽ ചെയ്യുക എന്നീ മാർഗങ്ങളിലൂടെ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് നിർമ്മാണം നിർത്തണമെന്ന ആവശ്യം പരിസ്ഥിതി സംഘടനയായ ഗ്രീൻപീസ് ഉന്നയിച്ചിരുന്നു.
പ്ലാസ്റ്റിക് ഉപയോഗത്തിൽ ഇനിയും ശ്രദ്ധ ചെലുത്തിയില്ലെങ്കിൽ അടുത്ത 20 വർഷത്തിനുള്ളിൽ പ്ലാസ്റ്റിക് നിർമ്മാണത്തിന്റെ അളവ് ഇരട്ടിയാകുമെന്നാണ് ഗ്ലോബർ ബ്രാൻഡ് ഓഡിറ്റ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്. പ്ലാസ്റ്റിക്ക് മലിനീകരണത്തിന്റെ തോത് കുറയ്ക്കുവാൻ പൊതുജനങ്ങൾക്കും സാധിക്കുമെന്ന് വിദഗ്ധർ പറയുന്നു. ഉത്പന്നങ്ങൾ പൊതിയുമ്പോൾ പ്ലാസ്റ്റിക്ക് ഉപയോഗിക്കുന്നത് അവസാനിപ്പിക്കണമെന്നും പകരം പുനരുപയോഗിക്കാവുന്ന പാക്കിംഗ് രീതി അവലംബിക്കണമെന്നും വിദഗ്ധർ നിർദ്ദേശിച്ചു. കുപ്പികളിൽ വെള്ളം കുടിക്കുന്ന പതിവ് മാറ്റി ടാപ്പുകളെ ആശ്രയിക്കണം. ടാപ്പുകളുടെ ശുചിത്വത്തെ പറ്റി ആശങ്കയുണ്ടെങ്കിൽ നോൺ പ്ലാസ്റ്റിക് വാട്ടർ ഫിൽറ്റർ ഉപയോഗിക്കണമെന്നും പരിസ്ഥിതി വിദഗ്ധർ അഭ്യർത്ഥിച്ചു.

