General (Page 1,320)

തിരുവനന്തപുരം: വിദേശ പൗരനെ കോവളത്തെ ഹോട്ടൽ മുറിയിൽ അവശനിലയിൽ കണ്ടെത്തി. അമേരിക്കൻ പൗരനായ ഇർവിൻ ഫോക്‌സിനെയാണ് ആരോഗ്യനില മോശമായ നിലയിൽ കണ്ടെത്തിയത്. 77 കാരനായ ഇയാളെ നിലവിൽ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഒരാഴ്ച മുൻപാണ് ഇർവിൻ കോവളത്ത് എത്തുന്നത്. ഇവിടെ വച്ച് ഇർവിൻ വീഴുകയും ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു.

സ്വകാര്യ ആശുപത്രിയിലെ ചികിത്സക്കു ശേഷം കോവളത്തെ ഹോട്ടൽ മുറിയിലായിരുന്നു അദ്ദേഹം താമസിച്ചിരുന്നത്. എന്നാൽ പാസ്‌പോർട്ടും രേഖകളുമായി ഇദ്ദേഹത്തിന്റെ ഒപ്പമുണ്ടായിരുന്ന സഹായി ശ്രീലങ്കയിലേക്ക് കടന്നു കളഞ്ഞു. ഇതോടെ ഇദ്ദേഹം ഹോട്ടൽ മുറിയിൽ ഒറ്റപ്പെട്ടു പോയി. ചികിത്സയോ പരിചരണമോ ലഭിക്കാതെ ഇദ്ദേഹം അവശനിലയായി. ബീച്ചിന് സമീപമുള്ള ഹോട്ടൽ മുറിയിൽ എത്തി പരിശോധിക്കുമ്പോൾ അതിദയനീയമായിരുന്നു അദ്ദേഹത്തിന്റെ അവസ്ഥയെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.

പുഴുവരിച്ച നിലയിലായിരുന്നു അദ്ദേഹം. അനങ്ങാൻ പോലുമാകാതെ മലമൂത്ര വിസർജ്ജനം ഉൾപ്പെടെ കിടക്കയിൽ ചെയ്ത അവസ്ഥയിലാണ് ഇർവിനെ കണ്ടെത്തിയതെന്നും പോലീസ് പറഞ്ഞു. അതേസമയം ഇർവിന് ചികിത്സ നൽകാതിരുന്ന ഹോട്ടൽ ഉടമയ്‌ക്കെതിരെയും നിയമനടപടി എടുക്കുന്നതിനെ കുറിച്ച് ആലോചിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

തിരുവനന്തപുരം: ആരോഗ്യ മേഖലയിൽ ഇ ഗവേണൻസ് സേവനങ്ങൾ നൽകുന്നതിനായി ആരോഗ്യവകുപ്പ് രൂപം നൽകിയ ഇ ഹെൽത്ത് വെബ് പോർട്ടൽ (https://ehealth.kerala.gov.in) വഴി ഇ ഹെൽത്ത് നടപ്പിലാക്കിയിട്ടുള്ള ആശുപത്രികളിലെ മുൻകൂട്ടിയുള്ള അപ്പോയ്മെന്റ് എടുക്കാൻ സാധിക്കും. ആരോഗ്യമന്ത്രി വീണാ ജോർജാണ് ഇക്കാര്യം അറിയിച്ചത്. ഇ ഹെൽത്ത് സൗകര്യമുള്ള 300ൽ പരം ആശുപത്രികളിൽ മുൻകൂട്ടിയുള്ള ഓൺലൈൻ ബുക്കിംഗ് വഴി നിശ്ചിത തീയതിയിലും സമയത്തും ഡോക്ടറുടെ സേവനം ലഭിക്കുന്നുവെന്ന് മന്ത്രി പറഞ്ഞു. ഒ.പി ടിക്കറ്റുകൾ, ടോക്കൺ സ്ലിപ്പുകൾ എന്നിവയുടെ ഓൺലൈൻ പ്രിന്റിംഗ് സാധ്യമാകുമെന്നും ആശുപത്രി വഴിയുള്ള അപ്പോയ്മെന്റ് അതുപോലെ തുടരുമെന്നും മന്ത്രി വ്യക്തമാക്കി.

ഒരാളിന്റെ ആരോഗ്യ സംബന്ധമായ എല്ലാ വിവരങ്ങളും ഉൾക്കൊള്ളുന്ന ഒരു ഏകീകൃത തിരിച്ചറിയൽ നമ്പരും (Unique Health ID) ഈ വെബ്പോർട്ടൽ വഴി ലഭ്യമാകും. ആശുപത്രിയെക്കുറിച്ചുള്ള വിവരങ്ങൾ, ലഭ്യമായ സേവനങ്ങൾ, ചികിത്സാ സമയം, ലാബ് ടെസ്റ്റുകളെക്കുറിച്ചുള്ള വിവരങ്ങൾ എന്നിവയും പോർട്ടൽ വഴി അറിയാൻ സാധിക്കുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജ് പോലെയുള്ള റെഫറൽ ആശുപത്രികളിലേക്ക് അപ്പോയ്മെന്റ് എടുക്കുവാൻ റെഫറൻസ് ആവശ്യമാണ്.

എങ്ങനെ യുണിക്ക് ഹെൽത്ത് ഐഡി സൃഷ്ടിക്കും?

ഇ ഹെൽത്ത് വഴിയുള്ള സേവനങ്ങൾ ലഭിക്കുവാൻ ആദ്യമായി തിരിച്ചറിയിൽ നമ്പർ സൃഷ്ടിക്കണം. അതിനായി https://ehealth.kerala.gov.in എന്ന പോർട്ടലിൽ കയറി രജിസ്റ്റർ ലിങ്ക് ക്ലിക്ക് ചെയ്യണം. അതിൽ ആധാർ നമ്പർ നൽകുക. തുടർന്ന് ആധാർ രജിസ്റ്റർ ചെയ്ത നമ്പരിൽ ഒടിപി വരും. ഈ ഒടിപി നൽകി ഓൺലൈൻ വ്യക്തിഗത ആരോഗ്യ തിരിച്ചറിയൽ നമ്പർ ലഭ്യമാകും. ആദ്യതവണ ലോഗിൻ ചെയ്യുമ്പോൾ ഇത്തരത്തിലുള്ള 16 അക്ക വ്യക്തിഗത ആരോഗ്യ തിരിച്ചറിയൽ നമ്പറും പാസ് വേർഡും മൊബൈലിൽ മെസേജായി ലഭിക്കും. ഈ തിരിച്ചറിയൽ നമ്പറും പാസ് വേർഡും ഉപയോഗിച്ച് ആശുപതികളിലേക്കുള്ള നിശ്ചിത തീയതിയിലേക്കും സമയത്തും അപ്പോയ്മെന്റ് എടുക്കാൻ സാധിക്കും.

എങ്ങനെ അപ്പോയ്മെന്റെടുക്കാം?

ഒരു വ്യക്തിക്ക് ലഭിച്ച തിരിച്ചറിയൽ നമ്പരും പാസ് വേർഡും ഉപയോഗിച്ച് പോർട്ടലിൽ ലോഗിൻ ചെയ്ത ശേഷം ന്യൂ അപ്പോയ്മെന്റ് ക്ലിക്ക് ചെയ്യുക. റെഫറൽ ആണെങ്കിൽ ആ വിവരം രേഖപെടുത്തിയ ശേഷം ആശുപത്രി വിവരങ്ങളും ഡിപ്പാർട്ട്മെന്റും തിരഞ്ഞെടുക്കുക. തുടർന്ന് അപ്പോയ്മെന്റ് വേണ്ട തിയതി തെരഞ്ഞെടുക്കുമ്പോൾ ആ ദിവസത്തേക്കുള്ള ടോക്കണുകൾ ദൃശ്യമാകും. രോഗികൾ അവർക്ക് സൗകര്യപ്രദമായ സമയമാനുസരിച്ചുള്ള ടോക്കൺ എടുക്കാവുന്നതാണ്. തുടർന്ന് ടോക്കൺ പ്രിന്റും എടുക്കാവുന്നതാണ്. ടോക്കൺ വിവരങ്ങൾ എസ്.എം.എസ്. ആയും ലഭിക്കുന്നതാണ്. ഇത് ആശുപത്രിയിൽ കാണിച്ചാൽ മതിയാകും.
കേരള സർക്കാർ ആവിഷ്‌കരിച്ച ഇ ഹെൽത്ത് പദ്ധതി വഴി ആരോഗ്യ മേഖലയിലെ സേവനങ്ങൾ നൽകുന്നതിൽ വിവരസാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തുവാൻ പ്രാഥമിക, ദ്വിതീയ, തൃതീയ തലത്തിലുള്ള അമ്പതിനായിരത്തോളം വരുന്ന ഡോക്ടർമാർ, പാരാമെഡിക്കൽ, നോൺ ക്ലിനിക്കൽ സ്റ്റാഫുകൾ എന്നിവർക്കും ഈ സംവിധാനം സഹായകരമാകും.

സംശയങ്ങൾക്ക് ദിശ 104, 1056, 0471 2552056, 2551056 എന്നീ നമ്പരുകളിൽ വിളിക്കാവുന്നതാണ്.

തിരുവനന്തപുരം: ഇ ഹെൽത്ത് പദ്ധതി സംസ്ഥാനത്തെ മുഴുവൻ സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലും നടപ്പാക്കുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തെ 50 ആശുപത്രികളിൽ കൂടി ഇ-ഹെൽത്ത് പദ്ധതി പ്രവർത്തനം ആരംഭിക്കുന്നതിന്റെയും, കെ-ഡിസ്‌കിന്റെ മൂന്നു പദ്ധതികളുടെയും ഉദ്ഘാടനം ഓൺലൈനായി നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

707 സർക്കാർ ആശുപത്രികളിൽ ഇ ഹെൽത്ത് സംവിധാനം ഉടൻ പൂർണമായി ലഭിക്കും. ബാക്കിയുള്ള 577 ആശുപത്രികളിൽ കൂടി ഇ ഹെൽത്ത് സോഫ്റ്റ്വെയർ വികസിപ്പിച്ച് സമ്പൂർണ ഇ ഹെൽത്ത് പദ്ധതി യാഥാർത്ഥ്യമാക്കും. ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങി ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റുക എന്നത് ഉത്തരവാദിത്തമായാണ് സർക്കാർ കാണുന്നത്. ഇതിന്റെ ഭാഗമായാണ് ഇ ഹെൽത്ത് പദ്ധതി വ്യാപിപ്പിക്കുന്നത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ നൂറു കോടി രൂപയാണ് സർക്കാർ പദ്ധതിക്കായി ചെലവഴിച്ചത്. ആശുപത്രികളിലെ തിരക്കു കാരണം രോഗികൾക്ക് ചില സമയങ്ങളിൽ ഡോക്ടറെ കാണാൻ ഏറെ നേരം കാത്തു നിൽക്കേണ്ടി വരുന്നുണ്ട്. പുലരും മുമ്പ് തന്നെ രോഗികൾ വന്ന് ക്യൂ നിൽക്കുന്ന സ്ഥിതിയുണ്ട്. ഇത് ഒഴിവാക്കാൻ ഫലപ്രദമായ ക്യൂ മാനേജ്മെന്റ് സംവിധാനമാണ് ഇ ഹെൽത്ത് പദ്ധതിയിൽ നടപ്പാക്കിയത്. ഇതിലൂടെ ഒ. പിയിലെ തിരക്ക് ഫലപ്രദമായി നിയന്ത്രിക്കാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.

ഒരു ആശുപത്രിയിൽ നിന്ന് മറ്റൊരു ആശുപത്രിയിലേക്ക് റഫർ ചെയ്യുമ്പോൾ മുൻകൂർ ടോക്കൺ ലഭ്യമാക്കാനും കഴിയും. സംസ്ഥാനത്തിന്റെ പ്രത്യേകതയായ മാതൃശിശു സംരക്ഷണം കൂടുതൽ കാര്യക്ഷമമായി ഇ ഹെൽത്ത് പദ്ധതിയിലൂടെ നടപ്പാക്കാനാവും. ഇതിനായി ആരോഗ്യ പ്രവർത്തകർ ഓരോ വീടും സന്ദർശിച്ച് അംഗങ്ങളുടെ വിവരങ്ങൾ ശേഖരിക്കും. ഇതിലൂടെ ജീവിതശൈലീ രോഗങ്ങളെക്കുറിച്ചും മറ്റ് അനാരോഗ്യ സ്വഭാവങ്ങളെക്കുറിച്ചും വ്യക്തമായ രൂപരേഖ ലഭിക്കും. ഇതിലൂടെ രോഗങ്ങൾക്ക് എതിരായ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ സാധിക്കും. ഭാവിയിൽ സമൂഹത്തിൽ ഉണ്ടായേക്കാവുന്ന രോഗങ്ങളെ പ്രതിരോധിക്കാൻ ഇത് സഹായിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇ ഹെൽത്ത് പദ്ധതിയിലൂടെ സംസ്ഥാനത്തെ ഓരോ പൗരനും ഇലക്ട്രോണിക് ഹെൽത്ത് കാർഡ് ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്. സംസ്ഥാനത്തെ ഏതു സർക്കാർ ആശുപത്രിയിലും ഒരു വ്യക്തിയുടെ ചികിത്സാ രേഖ ഇതിലൂടെ ലഭ്യമാകും. ഡയബറ്റിക് റെറ്റിനോപതി, ബ്ളഡ്ബാങ്ക് ട്രെയിസബിലിറ്റിയും അനുബന്ധ രക്ത സംഭരണ കേന്ദ്രങ്ങളും, ബ്ലോക്ക് ചെയിൻ അധിഷ്ഠിത വാക്സിൻ കവറേജ് അനാലിസിസ് സിസ്റ്റം തുടങ്ങിയ പദ്ധതികൾ എമർജിങ് ടെക്നോളജി പ്രോജക്ടിലൂടെ കെഡിസ്‌ക്കിന്റെ നേതൃത്വത്തിൽ തുടക്കം കുറിക്കുകയാണ്. നിർമിത ബുദ്ധി ഉപയോഗിച്ച് റെറ്റിനൽ ഇമേജിന്റെ നിലവാരം അളക്കുന്ന പദ്ധതിയാണ് ഡയബറ്റിക് റെറ്റിനോപതി. തിരുവനന്തപുരം ജില്ലയിലെ 16 കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ നടപ്പാക്കിയ സ്മാർട്ട്‌ഫോൺ അധിഷ്ഠിത റെറ്റിന ഇമേജിംഗ് സംവിധാനമാണ് ഈ പദ്ധതിയിൽ ഉപയോഗിക്കുന്നത്. ബ്ലഡ് ബാങ്ക് ട്രെയ്‌സിബിലിറ്റിയും അനുബന്ധ രക്ത സംഭരണ കേന്ദ്രങ്ങളും പദ്ധതി തിരുവനന്തപുരം ജനറൽ ആശുപത്രിയിലാണ് നടപ്പാക്കുന്നത്. തിരുവനന്തപുരം ജില്ലാ സ്റ്റോറിലും കടകംപള്ളിയിലെ കുടുംബാരോഗ്യ കേന്ദ്രത്തിലും വാക്സിൻ കവറേജ് അനാലിസിസ് സിസ്റ്റം പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആരോഗ്യ മന്ത്രി വീണാ ജോർജാണ് ചടങ്ങിന് അദ്ധ്യക്ഷത വഹിച്ചത്.

കൊച്ചി: കൂടുതൽ മത്സ്യബന്ധന തുറമുഖങ്ങൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തും. കേന്ദ്ര മത്സ്യ ബന്ധന, മൃഗസംരക്ഷണ, ക്ഷീരോത്പാദന, വാർത്താവിതരണ പ്രക്ഷേപണ സഹമന്ത്രി ഡോ. എൽ. മുരുകനാണ് ഇക്കാര്യം അറിയിച്ചത്. കേന്ദ്ര സമുദ്രോല്പന്ന കയറ്റുമതി വികസന അതോറിറ്റിയുടെ (എംപിഇഡിഎ) കൊച്ചി ഓഫീസ് സന്ദർശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എംപിഇഡിഎ ചെയർമാൻ കെ.എസ്. ശ്രീനിവാസ്, ഡയറക്ടർ ഡോ. എം. കാർത്തികേയൻ, ജോയിന്റ് ഡയറക്ടർമാരായ ഡോ. രാം. മോഹൻ എം.കെ., പി. അനിൽ കുമാർ ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥരുമായി അദ്ദേഹം ചർച്ച നടത്തുകയും ചെയ്തിരുന്നു. രാജ്യത്തെ സമുദ്രോത്പന്ന ഭക്ഷ്യ മേഖലയിലെ എംപിഇഡിഎയുടെ നാഴികക്കല്ലുകൾ വ്യക്തമാക്കുന്ന പവർ പോയിന്റ പ്രസന്റേഷനും ഡോ. എൽ. മുരുകൻ വീക്ഷിച്ചു. എംപിഇഡിഎയുടെ ക്വാളിറ്റി കൺട്രോൾ, മൈക്രോ ബയോളജി ലബോറട്ടറികളും സീ ഫുഡ് ഇന്ത്യാ സിഗ്നേച്ചർ സ്റ്റാളിലും അദ്ദേഹം സന്ദർശനം നടത്തി.

ആലപ്പുഴ ജില്ലയിലുള്ള ഏഴുപുന്നയിലെ ആക്സിലറേറ്റഡ് ഫ്രീസ് ഡ്രൈയിംഗ് കമ്പനിയും (എഎഫ്ഡിസി) അദ്ദേഹം സന്ദർശിച്ചു. രാജ്യത്ത് ആകെയുള്ള രണ്ട് ആക്സിലറേറ്റഡ് ഫ്രീസ് ഡ്രൈയിംഗ് സംവിധാനമുള്ള ചെമ്മീൻ സംസ്‌കരണ, കയറ്റുമതി സ്ഥാപനങ്ങളിൽ ഒന്നാണ് ഏഴുപുന്നയിലുള്ളത്. എഎഫ്ഡിസി മാനേജിംഗ് ഡയറക്ടർ എബ്രഹാം ജെ. തരകനുമായി അദ്ദേഹം ചർച്ച നടത്തി. ചെമ്മീൻ സംസ്‌കരണ സംവിധാനങ്ങളുടെയും കയറ്റുമതിക്കാവശ്യമായ കോൾഡ് സ്റ്റോറേജ്, ഡ്രൈയിംഗ് സംവിധാനങ്ങളുടെയും പ്രവർത്തനങ്ങൾ വിലയിരുത്തി.

കാബൂൾ: അഫ്ഗാന്റെ അധികാരം പിടിച്ചെടുത്തതിന് പിന്നാലെ കാടൻ നിയമങ്ങൾ നടപ്പിലാക്കി താലിബാൻ. അഫ്ഗാനിസ്താനിൽ സ്ത്രീകൾ ടി വി സീരിയലുകളിൽ അഭിനയിക്കുന്നത് താലിബാൻ വിലക്കേർപ്പെടുത്തി. താലിബാൻ ഭരണകൂടം പുതുതായി പുറത്തിറക്കിയ എട്ടു മാർഗനിർദേശങ്ങളിലാണ് സ്ത്രീകളെ ടിവി സീരിയലുകളിൽ അഭിനയിക്കുന്നത് വിലക്കിയത്. ടിവി ചാനലുകളിൽ പ്രത്യക്ഷപ്പെടുന്ന വനിതാ മാദ്ധ്യമപ്രവർത്തകരും സ്ത്രീ അവതാരകരും നിർബന്ധമായും മുഖം മറയ്ക്കണമെന്നാണ് താലിബാന്റെ ഉത്തരവ്.

സിനിമകളിലും നാടകങ്ങളിലും ഇനി സ്ത്രീ അഭിനേതാക്കളെ അവതരിപ്പിക്കാൻ കഴിയില്ലെന്നാണ് പുതിയ നിയമത്തിൽ വ്യക്തമാക്കിയിരിക്കുന്നത്. നെഞ്ച് മുതൽ കാൽമുട്ട് വരെ മറയ്ക്കാത്ത പുരുഷന്മാരെ ടിവി ചാനലുകൾ കാണിക്കുന്നതിൽ നിന്നും വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ആക്ഷേപഹാസ്യ പരിപാടികൾ, അല്ലെങ്കിൽ കോമഡി, വിനോദം എന്നിവ കാണിക്കുന്നത് മതത്തെ അപമാനിക്കുന്നതും നിരോധിച്ചു. ‘അധാർമ്മികത’ തടയാനും ശരിഅത്ത് തത്വങ്ങൾക്ക് വിരുദ്ധമായ ദൃശ്യങ്ങൾ തടയാനുമാണ് പുതിയ നിയമങ്ങളെന്നാണ് താലിബാന്റെ വിശദീകരണം.

സ്ത്രീകൾ അഭിനയിക്കുന്നതിന് നിരോധനം ഏർപ്പെടുത്തിയതോടെ ചാനൽ പരിപാടികളെല്ലാം പ്രതിസന്ധിയിലായി. പുതിയ മാർഗനിർദേശങ്ങളിൽ പലതും അവ്യക്തമാണെന്നാണ് ചാനൽ അധികാരികൾ പറയുന്നത്.

ലക്‌നൗ: രാജ്യത്തെ ഏറ്റവും വലിയ ഫിലിം സിറ്റി സ്ഥാപിക്കാനുള്ള നടപടികൾ ആരംഭിച്ചിരിക്കുകയാണ് ഉത്തർപ്രദേശ് സർക്കാർ. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. 1,000 ഏക്കർ സ്ഥലത്ത് ഫിലിം സിറ്റി സ്ഥാപിക്കാനുള്ള നടപടിക്രമങ്ങളാണ് ഉത്തർപ്രദേശിൽ പുരോഗമിക്കുന്നത്. ഫിലിം സിറ്റി നിർമാണത്തിന് ബിഡ്ഡുകൾ ചൊവ്വാഴ്ച്ച മുതൽ സമർപ്പിക്കാമെന്നാണ് യമുന എക്‌സ്പ്രസ്‌വേ ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് അതോറിറ്റി സിഇഒ അരുൺ വീർ സിംഗ് അറിയിച്ചിരിക്കുന്നത്.

1000 ഏക്കർ സ്ഥലത്ത് ആണ് ഫിലിം സിറ്റി നിർമിക്കുക. ഇതിൽ 740 ഏക്കർ സിനിമ ചിത്രീകരണമടക്കമുള്ള നിർമാണ പ്രവർത്തനങ്ങൾക്കാണ്. 40 ഏക്കർ സിനിമ സ്ഥാപനങ്ങൾക്കായാണ് മാറ്റിവെച്ചിരിക്കുന്നത്. കഴിഞ്ഞ വർഷമാണ് ഉത്തർപ്രദേശിൽ ഗൗതം ബുദ്ധ് നഗറിൽ ഫിലിം സിറ്റി സ്ഥാപിക്കുമെന്ന് യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചത്. ഒരാഴ്ചയ്ക്കുള്ളിൽ തന്നെ നിർദിഷ്ട ഫിലിം സിറ്റിക്കായി 1,000 ഏക്കർ ഭൂമി യമുന എക്സ്പ്രസ്വേയോട് അനുബന്ധിച്ച് കണ്ടെത്തുകയും ചെയ്തു. ദഡൽഹിയിൽ നിന്ന് 70 കിലോമീറ്റർ അകലെയാണ് സ്ഥലം. വലിയ സിനിമ വ്യവസായമാണ് ഉത്തർപ്രദേശ് ഫിലിം സിറ്റിയിലൂടെ ലക്ഷ്യമിടുന്നത്.

കോഴിക്കോട്: വഖഫ് ബോർഡ് നിയമനം പിഎസ്‌സിയ്ക്ക് വിട്ട സംസ്ഥാന സർക്കാർ തീരുമാനം റദ്ദാക്കണമെന്ന ആവശ്യവുമായി മുസ്ലീം സംഘടനകൾ രംഗത്ത്. കേന്ദ്ര വഖഫ് ആക്ടിന് വിരുദ്ധമാണ് സംസ്ഥാന സർക്കാർ നിലപാടെന്നാണ് മുസ്ലീം സംഘടനകൾ പറയുന്നത്. എതിർപ്പുകൾക്കിടയിലും തീരുമാനവുമായി സർക്കാർ മുന്നോട്ട് പോയാൽ പ്രക്ഷോഭ പരിപാടികളും നിയമ നടപടികളും സ്വീകരിക്കുമെന്നാണ് കോഴിക്കോട്ട് മുസ്ലീം ലീഗ് വിളിച്ച് ചേർത്ത മതസംഘടനകളുടെ യോഗത്തിൽ സ്വീകരിച്ചിരിക്കുന്ന നിലപാട്.

വഖഫ് നിയമനങ്ങൾ പിഎസ്‌സി വഴിയാക്കിയാൽ അവിശ്വാസികൾ ബോർഡിലെത്തും. മത വിശ്വാസമുള്ളവർ വഖഫ് ബോർഡിൽ വരണമെന്ന് നിർബന്ധമാണ്. സർക്കാർ തീരുമാനം പിൻവലിച്ചില്ലെങ്കിൽ സമരപരിപാടികളിലേക്ക് പോകുമെന്ന് മുസ്ലീം സംഘടനകൾ മുന്നറിയിപ്പ് നൽകി. നിയമനടപടികളെ കുറിച്ചും ചിന്തിക്കുന്നുണ്ടെന്നും യോഗത്തിന് ശേഷം നേതാക്കൾ പറഞ്ഞു.

വഖഫ് സ്വത്ത് ദൈവത്തിന്റെ സ്വത്താണെന്നും അതിന്റെ സംരക്ഷണത്തിന് മതബോധമുള്ളവർ വേണമെന്നുമാണ് മുസ്ലീം സംഘടനകൾ ഒറ്റക്കെട്ടായി സ്വീകരിച്ചിരിക്കുന്ന നിലപാട്. ജമാഅത്തെ ഇസ്ലാമി, മുജാഹിദ്, സമസ്ത ഇ കെ വിഭാഗമടക്കം പ്രധാനപ്പെട്ട 13 മുസ്ലീം സംഘടനകളുടെ പ്രതിനിധികളാണ് മുസ്ലീം ലീഗ് വിളിച്ചു ചേർത്ത യോഗത്തിൽ പങ്കെടുത്തത്. കഴിഞ്ഞ ദിവസമാണ് വഖഫ് ബോർഡിലെ നിയമനങ്ങൾ പിഎസ്‌സിയ്ക്ക് വിടാൻ വ്യവസ്ഥ ചെയ്യുന്ന ബിൽ നിയമസഭ പാസാക്കിയത്. അതേസമയം മുസ്ലിം ലീഗ് ബില്ലിനെ സഭയിൽ എതിർത്തിരുന്നു.

തൃശൂർ: സംസ്ഥാനത്ത് കോവിഡ് പ്രതിരോധത്തിന് ആയുർവേദ ചികിത്സ തേടിയവരിൽ നടത്തിയ പഠനം ലോകപ്രശസ്തമായ ഫ്രന്റിയേഴ്സ് ജേർണലിൽ പ്രസിദ്ധീകരിച്ചതോടെ മറ്റ് രാജ്യങ്ങൾക്കും കേരളം മാതൃകയായിരിക്കുകയാണ്. കഴിഞ്ഞ മാസം 15 -ാം തീയതി ഫ്രണ്ടിയേഴ്‌സ് ജേണലിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ട് എണ്ണായിരത്തിലേറെ പേർ ഡൗൺലോഡ് ചെയ്തു. വുഹാനിൽ കോവിഡ് സ്ഥിരീകരിച്ചതടക്കം ആദ്യം പുറത്തുവിട്ട ഈ ജേർണൽ, ആധികാരികതയിലും സമഗ്രതയിലും ആദ്യസ്ഥാനത്താണ്.

ആയുർവേദത്തിന്റെ ആധികാരികത ശാസ്ത്രീയമായി തെളിയിക്കപ്പെട്ട കേരളത്തിന്റെ പഠനറിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ, മറ്റു രാജ്യങ്ങൾ പകർച്ചവ്യാധി പ്രതിരോധത്തിന് ആയുർവേദത്തെ ആശ്രയിച്ചേക്കുമെന്നാണ് വിവരം. പൊതു-സ്വകാര്യമേഖലയുടെ പങ്കാളിത്തത്തോടെ ഒരു ചികിത്സാരീതിയുടെ ഫലസിദ്ധി കണ്ടെത്തുന്ന രീതി മറ്റു രാജ്യങ്ങൾ മാതൃകയാക്കിയേക്കുമെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

അടിസ്ഥാനസൗകര്യം കുറഞ്ഞാലും സാമൂഹിക പങ്കാളിത്തത്തോടെ നടപ്പാക്കുമ്പോൾ ആയുർവേദം വിപുലമായി സ്വീകരിക്കപ്പെട്ടേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേരളത്തിലെ, മാനവവിഭവശേഷിയും അടിസ്ഥാനസൗകര്യങ്ങളുമുള്ള പൊതുജനാരോഗ്യ സംവിധാനം ഇക്കാര്യങ്ങളെല്ലാം ഫലപ്രദമായി ഉപയോഗിച്ചുവെന്ന് പഠനം തെളിയിക്കുന്നതായും ജേണലിൽ വിശദമാക്കുന്നു. ക്വാറന്റൈനിലിരുന്നവർക്ക് ആയുർവേദമരുന്ന് കഴിച്ച ശേഷം ലഭിച്ച ഫലസിദ്ധി സംബന്ധിച്ച പഠന റിപ്പോർട്ട് ജൂൺ 29 നാണ് സമർപ്പിച്ചത്. സെപ്തംബർ 20 ന് ഫ്രന്റിയേഴ്സ് ഈ റിപ്പോർട്ടിന് അംഗീകാരം നൽകി. https://www.frontiersin.org/articles/10.3389/fpubh.2021.732523/full എന്ന ലിങ്കിലൂടെ റിപ്പോർട്ടിന്റെ പൂർണ്ണരൂപം വായിക്കാം.

ആലപ്പുഴ: മുൻ സ്പീക്കർ പി ശ്രീരാമകൃഷ്ണന്റെ ഗൺമാന്റെ പിസ്റ്റളും തിരകളുമടങ്ങിയ ബാഗ് കാണാതായി. ഗൺമാനായ കെ രാജേഷിന്റെ ബാഗാണ് നഷ്ടപ്പെട്ടത്. എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തേക്കുള്ള ബസ് യാത്രക്കിടെയാണ് ബാഗ് നഷ്ടമായത്. പത്ത് റൗണ്ട് തിരകളാണ് ബാഗിൽ ഉണ്ടായിരുന്നത്. കായംകുളത്ത് എത്തിയപ്പോഴാണ് ബാഗ് നഷ്ടപ്പെട്ടതായി രാജേഷിന് മനസിലായത്.

തുടർന്ന് അദ്ദേഹം കായംകുളം പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. സ്റ്റേഷൻ ഇൻസ്‌പെക്ടർ മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. ബാഗ് യാത്രക്കാരിലാരോ മാറിയെടുത്തതാണെന്നാണ് പൊലീസിന്റെ നിഗമനം.

ശ്രീരാമകൃഷ്ണനെ നെടുമ്പാശേരി വിമാനത്താവളത്തിൽ വിട്ട് തിരികെ തിരുവനന്തപുരത്തിന് മടങ്ങുന്ന വഴിയാണ് ഗൺമാന്റെ ബാഗ് നഷ്ടമായത്. എറണാകുളത്ത് നിന്ന് ഞായറാഴ്ച്ച രാത്രിയാണ് അദ്ദേഹം കെഎസ്ആർടിസി ബസിൽ കയറിയത്.

കണ്ണൂർ: കണ്ണൂരിൽ ബോംബ് സ്‌ഫോടനം. ധർമ്മടത്ത് നരിവയലിലാണ് ബോംബ് സ്‌ഫോടനം ഉണ്ടായത്. സ്‌ഫോടനത്തിൽ പന്ത്രണ്ടു വയസുുകാരന് പരിക്കേറ്റു. കൂട്ടുകാർക്കൊപ്പം കളിക്കുന്നതിനിടെ ഉപേക്ഷിച്ച നിലയിൽ കണ്ട ഐസ്‌ക്രീം ബോൾ എടുത്ത് എറിഞ്ഞപ്പോഴാണ് സ്‌ഫോടനുമുണ്ടായത്.

കുട്ടിയുടെ നെഞ്ചിനും കാലിനുമാണ് പരിക്കേറ്റത്. കുട്ടിയെ തലശേരിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. പ്രദേശത്ത് കൂടുതൽ ബോംബുകൾ ഉണ്ടോ എന്നറിയാൻ പരിശോധന ആരംഭിച്ചു.