കോഴിക്കോട് കിണറിൽ കോളറ ബാക്ടീരിയയുടെ സാന്നിദ്ധ്യം; ഗൗരവതരമെന്ന് ആരോഗ്യവകുപ്പ്

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ ഭക്ഷ്യവിഷബാധ റിപ്പോർട്ട് ചെയ്ത നാലു സ്ഥലങ്ങളിലെ വെള്ളത്തിൽ കോളറ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി. ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്ത്വത്തിൽ നടത്തിയ പരിശോധനയിലാണ് കോളറ സാന്നിദ്ധ്യം കണ്ടെത്തിയത്. നരിക്കുനിയിലും പെരുമണ്ണയിലുമാണ് ബാക്ടീരിയ സാന്നിധ്യം ലഭിച്ചതെന്ന് അധികൃതർ വ്യക്തമാക്കി. വളരെ ഗൗരവതരമായ സംഭവമാണിതെന്ന് ഡിഎംഒ ഡോ. ഉമർ ഫാറൂഖ് അറിയിച്ചു.

എന്നാൽ, ഭക്ഷ്യവിഷ ബാധയേറ്റ് ചികിത്സയിലായവരിൽ കോളറ ലക്ഷണങ്ങൾ ഇല്ലെന്നാണ് ആശുപത്രി അധികൃതർ വ്യക്തമാക്കുന്നത്. നരിക്കുനിയിലെ മൂന്ന് കിണറുകളിലേയും പെരുമണ്ണയിലെ ഒരു കിണറിലേയും വെള്ളത്തിലാണ് വിബ്രിയോ കോളറെ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയത്. ഡിഎംഒ അടിയന്തരമായി വിളിച്ച് ചേർത്ത ആരോഗ്യ സൂപ്പർ വൈസർമാരുടെ യോഗത്തിൽ കിണറുകൾ സൂപ്പർ ക്ലോറിനേഷൻ നടത്താൻ നിർദ്ദേശിച്ചിട്ടുണ്ട്.

അതേസമയം നരിക്കുനിയിൽ രണ്ടര വയസുകാരന്റെ മരണകാരണം ഭക്ഷ്യവിഷബാധയാണെന്ന് റിപ്പോർട്ടുകളിൽ വ്യക്തമാണ്. പോസ്റ്റുമോർട്ടം റിപ്പോർട്ടിലൂടെ മാത്രമെ ഇക്കാര്യത്തിൽ കൂടുതൽ സ്ഥിരീകരണം ലഭിക്കൂ. റിപ്പോർട്ടിനെ തുടർന്ന് മാത്രമെ ഇതിൽ കൂടുതൽ വ്യക്തത ലഭിക്കു. നിലവിൽ ജില്ലയിൽ ഒരിടത്തും കോളറ സ്ഥിരീകരിച്ചിട്ടില്ല. വരും ദിവസങ്ങളിൽ ജില്ലയിൽ വിവിധ പ്രദേശങ്ങളിലെ കിണറുകളിൽ റാൻഡം പരിശോധന നടത്താനാണ് ആരോഗ്യ വകുപ്പിന്റെ തീരുമാനം.