ചെന്നൈ: ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ മഴക്കെടുതി രൂക്ഷം. ആന്ധ്രാപ്രദേശിലും തമിഴ്നാടിന്റെ ചില ജില്ലകളിലും വലിയ നാശനഷ്ടങ്ങളാണ് മഴക്കെടുതിയെ തുടർന്ന് ഉണ്ടായത്. ആന്ധ്രയിലെ നാല് ജില്ലകളിലും തമിഴ്നാട്ടിലെ വെല്ലൂർ, തിരപ്പത്തൂർ, വിഴിപ്പുരം ജില്ലകളിലും ഇപ്പോഴും വെള്ളക്കെട്ട് രൂക്ഷമാണ്. മേഖലകളിൽ മഴ തുടരുന്നത് രക്ഷാപ്രവർത്തനങ്ങൾക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്.
അതേസമയം പ്രളയക്കെടുതിയെ തുടർന്ന് തമിഴ്നാട്, ആന്ധ്രാപ്രദേശ്, പുതുച്ചേരി സംസ്ഥാനങ്ങളിലുണ്ടായ നാശനഷ്ടങ്ങളുടെ പ്രാഥമിക കണക്കുകൾ സർക്കാറുകൾ പുറത്തുവിട്ടു. തമിഴ്നാട്ടിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്ന് മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തു. തിരുവണ്ണാമലെ, കൃഷ്ണഗിരി ജില്ലകളിൽ നിന്നാണ് മരണം റിപ്പോർട്ട് ചെയ്തത്. 34000 പേരാണ് 14 ജില്ലകളിലുള്ള 419 ദുരിതാശ്വാസ ക്യാംപുകളിലായി കഴിയുന്നത്. വിഴിപ്പുരം ജില്ലയിൽ മാത്രം 18500 ഹെക്ടർ സ്ഥലത്തെ കാർഷിക വിളകൾ നശിച്ചുവെന്നാണ് കണക്കുകൽ വ്യക്തമാക്കുന്നത്. കാവേരി ഡൽറ്റ മേഖലയിലെ ജില്ലകൾ, തീരദേശ ജില്ലകൾ എന്നിവയിലെ നാശനഷ്ടങ്ങൾ ഇതുവരെ കണക്കാക്കിയിട്ടില്ല. ഇത്തവണ മൺസൂൺ കാലത്ത് ഇതുവരെ 68 ശതമാനം മഴ അധികമായി ലഭിച്ചു. 518.99 മില്ലി മീറ്റർ മഴയാണ് ഇതുവരെ ലഭിച്ചതെന്ന് റവന്യൂമന്ത്രി കെകെഎസ്എസ്ആർ രാമചന്ദ്രൻ വാർത്താകുറിപ്പിലൂടെ വിശദമാക്കി.
ആന്ധ്രാപ്രദേശിൽ കാലവർഷ കെടുതിയിൽ 24 പേരാണ് മരിച്ചത്. കഴിഞ്ഞ ദിവസം രക്ഷാപ്രവർത്തനത്തിനിടെ ഒരു സംസ്ഥാന ദുരന്ത നിവാരണ സേന അംഗം മുങ്ങി മരിച്ചിരുന്നു. കെല്ല ശ്രീനിവാസ റാവു ആണ് മരിച്ചത്. നെല്ലൂർ ജില്ലയിലെ ധമരമടുഗുവിൽ രക്ഷാപ്രവർത്തനത്തിടെ ഒഴുക്കിൽപ്പെടുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ 172 താലൂക്കുകളിലെ 1316 വില്ലേജുകളിലും നാല് നഗരങ്ങളിലുമാണ് പ്രളയം നാശം വിതച്ചത് . 21 വില്ലേജുകൾ പൂർണമായും വെള്ളത്തിനടിയിലായി. 2037 വീടുകൾ തകർന്നു. 1403 കന്നുകാലികളും 3232 കോഴികളും ചത്തു. 733. 56 ലക്ഷം രൂപയുടെ നഷ്ടമാണ് ഉണ്ടായത്.

