General (Page 1,311)

ന്യൂഡൽഹി: കോവിഡ് മരണവുമായി ബന്ധപ്പെട്ട ധനസഹായ വിതരണത്തിൽ കേരളത്തിനെതിരെ കേന്ദ്ര സർക്കാർ. കോവിഡ് ബാധിച്ച് മരിച്ചവരുടെ ബന്ധുക്കൾക്കുള്ള 50,000 രൂപയുടെ സാമ്പത്തിക സഹായം കേരളം ഇതുവരെയും വിതരണം ചെയ്തിട്ടില്ലെന്നാണ് കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചത്. സാമ്പത്തിക സഹായത്തിന് സംസ്ഥാനത്ത് 6116 പേർ അപേക്ഷ നൽകിയിട്ടുണ്ടെന്നും എന്നാൽ മരിച്ചവരുടെ അടുത്ത ബന്ധുക്കളെ സംബന്ധിച്ച് വ്യക്തത ഇല്ലാത്തതിനാൽ സാമ്പത്തിക സഹായം വിതരണം ചെയ്തിട്ടില്ലെന്ന് കേരളം അറിയിച്ചതായും കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ വ്യക്തമാക്കി.

2021 നവംബർ 26 വരെ സംസ്ഥാനത്ത് 38737 കോവിഡ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. സംസ്ഥാന അഡീഷണൽ ചീഫ് സെക്രട്ടറി കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്ക് അയച്ച കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 6116 പേരുടെ ബന്ധുക്കളാണ് സാമ്പത്തിക സഹായത്തിന് സർക്കാർ പോർട്ടലിലൂടെ അപേക്ഷ നൽകിയത്. നഷ്ടപരിഹാരത്തിന് അർഹതയുള്ള ബന്ധുക്കൾ ആരെന്നത് സംബന്ധിച്ച് വ്യക്തത വരുത്തിക്കൊണ്ട് പുതിയ ഉത്തരവ് ഇറക്കിയതായി സംസ്ഥാന സർക്കാർ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തോട് വിശദമാക്കി.

അധികം വൈകാതെ സാമ്പത്തിക സഹായം വിതരണം ചെയ്യാൻ ആരംഭിക്കുമെന്ന് കേരളം അറിയിച്ചതായി കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ ഫയൽചെയ്ത സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ഐസിഎംആർ മാർഗരേഖ പ്രകാരം കോവിഡ് ബാധിച്ച് മരിച്ചവരുടെ സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള നടപടി ആരംഭിച്ചതായും സംസ്ഥാന സർക്കാർ കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. ഡൽഹി സർക്കാരാണ് കോവിഡ് മരണത്തിൽ ഏറ്റവും കൂടുതൽ സാമ്പത്തിക സഹായം വിതരണം ചെയ്തത്. ലഭിച്ച 25358 അപേക്ഷകളിൽ 19926 പേർക്കായി 99.63 കോടി രൂപയാണ് ഇതുവരെ ഡൽഹി സർക്കാർ വിതരണം ചെയ്തത്. രാജ്യത്ത് ഏറ്റവും അധികം മരണങ്ങൾ റിപ്പോർട്ട് മഹാരാഷ്ട്രയിൽ ഇതുവരെ സാമ്പത്തിക സഹായം നൽകുന്നതിനുള്ള അപേക്ഷ സ്വീകരിച്ചു തുടങ്ങിയിട്ടില്ലെന്നും കേന്ദ്രസർക്കാർ അറിയിച്ചു.

കോട്ടയം: ഹലാൽ വിഷയത്തിൽ മുഖ്യമന്ത്രി കക്ഷിയായതോടെ പോപ്പുലർ ഫ്രണ്ടിന്റെ അജണ്ട ഇടതുസർക്കാരിന്റെ സഹായത്തോടെയാണ് സംസ്ഥാനത്ത് നടപ്പാകുന്നതെന്ന് വ്യക്തമായതായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കോട്ടയത്ത് നടന്ന സംസ്ഥാന കോർ ഗ്രൂപ്പ് യോഗത്തിന്റെ തീരുമാനം മാദ്ധ്യമങ്ങളോട് വിശദീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹലാൽ പ്രശ്‌നമുണ്ടാക്കുന്ന വർഗീയ ശക്തികളെ കാണാതിരിക്കുകയും വോട്ട്ബാങ്ക് രാഷ്ട്രീയത്തിന് വേണ്ടി ജനങ്ങളെ ഭിന്നിപ്പിക്കുകയുമാണ് മുഖ്യമന്ത്രി ചെയ്യുന്നത്. മുഖ്യമന്ത്രി സ്ഥാനത്തിന് നിരക്കാത്ത പ്രസ്താവനയാണ് അദ്ദേഹം നടത്തിയത്. ഏകപക്ഷീയവും തീവ്രവാദികളെ സഹായിക്കുന്നതുമായ നിലപാടാണതെന്നും അദ്ദേഹം വ്യക്തമാക്കി.

ഹലാൽ എന്നത് ഭക്ഷണത്തിന്റെ മാത്രം പ്രശ്‌നമല്ല. മറിച്ച് അതൊരു ഭീകരവാദ അജണ്ടയാണ്. എല്ലാ കാര്യത്തിലും ഹലാൽ ഒളിച്ചു കടത്തുന്നുണ്ട്. പോപ്പുലർ ഫ്രണ്ടും ജമാഅത്തെ ഇസ്ലാമിയും പോലെയുള്ള ഇസ്ലാമിക തീവ്രവാദികളാണ് ഇതിന് പിന്നിൽ. ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിക്ക് ഇതെല്ലാം അറിയാം. മുഖ്യമന്ത്രിയുടേയും സർക്കാരിന്റെയും പരസ്യമായ പിന്തുണയോടെയാണ് തീവ്രവാദികൾ പ്രവർത്തിക്കുന്നത്. സഞ്ജിത്തിന്റെ കൊലപാതക കേസ് എൻഐഎക്ക് കൈമാറണമെന്ന ആവശ്യവും ഹലാൽ വിഷയത്തിൽ സിപിഎമ്മിന്റെ നിലപാടും ഉന്നയിച്ച് ഡിസംബർ 13 ന് മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് ബിജെപി മാർച്ച് നടത്തും. പാർട്ടിയുടെ മുതിർന്ന നേതാക്കൾ മുഖ്യമന്ത്രിയുടെ വീടിന് മുമ്പിൽ സത്യാഗ്രഹം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന സർക്കാരിന്റെ വർഗീയ പ്രീണനത്തിനും അഴിമതിക്കുമെതിരെ ബിജെപി ശക്തമായ സമരം തുടരും. അട്ടപ്പാടിയിൽ ശിശുമരണങ്ങൾ ആവർത്തിക്കാൻ കാരണം ശതകോടികളുടെ അഴിമതിയാണ്. അട്ടപ്പാടിയിലെ ആദിവാസി വിഭാഗങ്ങൾക്കുള്ള കേന്ദ്രഫണ്ട് വകമാറ്റിയതും അഴിമതിയും പാർട്ടി അന്വേഷിക്കും. ഇതിന് വേണ്ടി റിട്ട.ജഡ്ജിമാരും ഐപിഎസ് ഉദ്യോഗസ്ഥരും അടങ്ങിയ സമിതി രൂപീകരിക്കും. മുൻ സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരനും സംസ്ഥാന ജനറൽ സെക്രട്ടറി സി.കൃഷ്ണകുമാറും അടങ്ങിയ സമിതി ഈ ആഴ്ച അവസാനം അട്ടപ്പാടി സന്ദർശിക്കും. ഇന്ധന നികുതി കുറയ്ക്കാത്ത സംസ്ഥാന സർക്കാർ നിലപാട് മനുഷ്യത്വവിരുദ്ധമാണ്. ഇതിനെതിരെ പ്രക്ഷോഭം ശക്തമാക്കും. ഡിസംബർ 7 ന് 280 മണ്ഡലം കേന്ദ്രങ്ങളിലും പ്രക്ഷോഭം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: കോടതിയലക്ഷ്യ കേസുകൾ ഉണ്ടായാൽ അതിന് ഉത്തരവാദികളായ ഉദ്യോഗസ്ഥകർക്കെതിരെ കർശന നടപടി സ്വീകരിക്കാനൊരുങ്ങി സർക്കാർ. ഇത്തരക്കാരെ ഉടൻ സസ്‌പെൻഡ് ചെയ്യാനാണ് സർക്കാരിന്റെ തീരുമാനം. കോടതിയലക്ഷ്യ കേസിൽ ഉദ്യോഗസ്ഥർ സ്വന്തം ചെലവിൽ അഭിഭാഷകനെ വയ്ക്കണമെന്നായിരുന്നു ഹൈക്കോടതിയുടെ നിർദ്ദേശം.

തുടർന്ന് ചീഫ് സെക്രട്ടറി വിളിച്ചു ചേർത്ത യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം ഉണ്ടായത്. പൊതുഭരണ സെക്രട്ടറി ഇക്കാര്യം ഉന്നത ഉദ്യോഗസ്ഥരെ അറിയിക്കുകയും ചെയ്തു. ഉദ്യോഗസ്ഥർ കോടതി വിധി നടപ്പിലാക്കാത്തതുകൊണ്ട് കോടതിയലക്ഷ്യ കേസുകൾ ഉണ്ടാകുന്നതായി അദ്ദേഹം പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു.

കോടതി വിധികൾ എത്രയും പെട്ടെന്നു നടപ്പിലാക്കണമെന്നും അപ്പീൽ കൊടുക്കേണ്ടതുണ്ടെങ്കിൽ സമയബന്ധിതമായി നൽകണമെന്നും കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. പ്ലീഡർമാരും സെക്ഷൻ ഓഫിസർമാരും അസിസ്റ്റന്റുമാരുമാണ് വീഴ്ചയ്ക്കു പ്രധാന കാരണക്കാർ. വീഴ്ചകൾക്ക് ഇനി മുതൽ ഇവർ ഉത്തരവാദികളായിരിക്കുമെന്നും അദ്ദേഹം വിശദമാക്കി.

തിരുവനന്തപുരം: രാജ്യസഭാ ഉപതെരഞ്ഞെടുപ്പിൽ ജോസ് മാണിയ്ക്ക് ജയം. എൽഡിഎഫിന്റെ സ്ഥാനാർത്ഥിയായാണ് ജോസ് കെ മാണി മത്സരിച്ചത്. ആകെ പോൾ ചെയ്ത 137 വോട്ടുകളിൽ 96 എണ്ണമാണ് ജോസ് കെ. മാണി നേടിയത്. ജോസ് കെ മാണിയുടെ എതിരാളിയായിരുന്ന യുഡിഎഫ് സ്ഥാനാർത്ഥി ശൂരനാട് രാജശേഖരന് 40 വോട്ട് ലഭിച്ചു. എൽഡിഎഫിന്റെ ഒരു വോട്ടിന്റെ പേരിൽ യുഡിഎഫ് തർക്കമുന്നയിച്ചിരുന്നു. സ്ഥാനാർത്ഥിയ്ക്ക് വോട്ട് രേഖപ്പെടുത്തുമ്പോൾ ആദ്യം പിന്തുണയ്ക്കുന്നയാൾക്ക് നേരെ ഒന്ന് എന്ന് രേഖപ്പെടുത്തേണ്ടിയിരുന്നു. ഇത് രേഖപ്പെടുത്താത്ത വോട്ട് അസാധുവാക്കണമെന്ന് മാത്യു കുഴൽനാടനും എൻ. ഷംസുദ്ദീനും തർക്കമുന്നയിച്ചു. തുടർന്ന് ആ വോട്ട് അസാധുവായി പ്രഖ്യാപിച്ചു.

പുതിയ രാജ്യസഭാംഗത്തിന് കാലാവധി 2024 വരെയാണ്. അതേസമയം പി.ടി തോമസ് ചികിത്സയിലായതിനാൽ വോട്ട് ചെയ്യാനെത്തിയിരുന്നില്ല. എന്നാൽ കോവിഡ് ബാധിതനായിരുന്നെങ്കിലും മാണി.സി കാപ്പൻ പിപിഇ കിറ്റ് ധരിച്ച് വോട്ട് ചെയ്യാനെത്തി. ടി.പി രാമകൃഷ്ണൻ, പി.മമ്മിക്കുട്ടി എന്നിവരും കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നതിനാൽ വോട്ട് ചെയ്യാൻ വേണ്ടി എത്തിയില്ല.

ദുബായ്: രാജ്യത്തെ നിയമങ്ങളിൽ വലിയ പരിഷ്‌ക്കരണവുമായി യുഎഇ. സിവിൽ, ക്രിമിനൽ നിയമങ്ങളിൽ 50 വർഷത്തെ ചരിത്രത്തിലെ ഏറ്റവും വലിയ നിയമ പരിഷ്‌ക്കരണത്തിനാണ് യുഎഇ പ്രസിഡന്റ് ശെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ അംഗീകാരം നൽകിയത്. പുതിയ പരിഷ്‌ക്കരണങ്ങൾ അനുസരിച്ച് യുഎഇയിൽ വിവാഹേതര ലൈംഗിക ബന്ധത്തിനുണ്ടായിരുന്ന വിലക്ക് ഇനി കുറ്റകരമല്ല. 18 വയസ്സിന് മുകളിലുള്ളവരുമായി പരസ്പര സമ്മതത്തോടെ വിവാഹേതര ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് കുറ്റകരമല്ലെന്നാണ് പുതിയ നിയമത്തിൽ വ്യക്തമാക്കുന്നത്. എന്നാൽ ഭർത്താവോ, ഭാര്യയോ, രക്ഷിതാവോ പരാതിപ്പെടുന്ന പക്ഷം ഇത് കുറ്റകരമാകും. ഇത്തരം സന്ദർഭങ്ങളിൽ ആറു മാസത്തിൽ കുറയാത്ത തടവ് ശിക്ഷ ലഭിക്കാമെന്നാണ് നിയമത്തിൽ വ്യവസ്ഥ ചെയ്യുന്നത്.

പ്രതിക്കെതിരായ ശിക്ഷ വേണ്ടെന്നു വയ്ക്കാൻ ഭാര്യയ്ക്കും ഭർത്താവിനും രക്ഷിതാക്കൾക്കും അധികാരമുണ്ടെന്നും പുതിയ നിയമത്തിൽ വ്യക്തമാക്കുന്നു. വിവാഹേതര ലൈംഗിക ബന്ധത്തിൽ ജനിക്കുന്ന കുട്ടികൾക്ക് സംരക്ഷണം നൽകുമെന്നും പുതിയ നിയമത്തിൽ പറയുന്നുണ്ട്. ബലാത്സംഗത്തിനും അനുവാദത്തോടെയല്ലാത്ത ലൈംഗിക ബന്ധത്തിനും ജീവപര്യന്തം തടവു ശിക്ഷയാണ് ലഭിക്കുക. 18 വയസ്സിന് താഴെയുള്ളവരോ ഭിന്നശേഷിക്കാരോ ചെറുത്തുനിൽക്കാൻ കഴിവില്ലാത്തവരോ ആണ് ബലാത്സംഗത്തിന് ഇരയായതെങ്കിൽ വധശിക്ഷ വരെ ലഭിക്കാനിടയുണ്ട്. ആളുകളോട് സഭ്യേതരമായി പെരുമാറിയാൽ 10,000 ദിർഹം പിഴയും തടവും ശിക്ഷയായി ലഭിക്കും. കുറ്റകൃത്യത്തിനിടയിൽ ഭീഷണിയോ ശക്തിയോ ഉപയോഗിച്ചിട്ടുണ്ടെങ്കിൽ 20 വർഷം വരെ തടവ് ലഭിക്കാൻ സാധ്യതയുണ്ട്.

സ്വകാര്യ ഇടങ്ങളിലെ മദ്യപാനം ഇനി മുതൽ കുറ്റകരമല്ല. പൊതു ഇടങ്ങളിലും മറ്റ് നിയമം മൂലം അനുവദിക്കപ്പെട്ട ഇടങ്ങളിലും വച്ച് മദ്യപാനം നടത്തുന്നത് കുറ്റകരമാണ്. 21 വയസ്സിൽ താഴെയുള്ളവർക്ക് മദ്യം നൽകുന്നതും, അവരെ അത് ഉപയോഗിക്കാൻ പ്രേരിപ്പിക്കുന്നതും ശിക്ഷാർഹമായ കുറ്റമാണ്. സാമൂഹിക മാദ്ധ്യമങ്ങൾ വഴി ഉൾപ്പെടെ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നതും കുറ്റമാണ്. തെറ്റായ പരസ്യങ്ങൾ, ഇല്ലാത്ത പ്രൊമോഷനുകൾ, ലൈസൻസില്ലാതെയും ക്രിപ്റ്റോ കറൻസികളുടെയും മെഡിക്കൽ ഉപകരണങ്ങളുടെയും വിൽപ്പന തുടങ്ങിയവയെല്ലാം നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുന്നവയാണ്.

കൊച്ചി: പിങ്ക് പോലീസിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. ആറ്റിങ്ങലിൽ പെൺകുട്ടിയെയും പിതാവിനെയും പിങ്ക് പോലീസ് അപമാനിച്ച വിഷയവുമായി ബന്ധപ്പെട്ടാണ് ഹൈക്കോടതിയുടെ വിമർശനം. കരയുന്ന പെൺകുട്ടിയെ പോലീസുകാരി കെട്ടിപ്പിടിച്ച് ആശ്വസിപ്പിച്ചിരുന്നെങ്കിൽ തീരാമായിരുന്ന പ്രശ്നമായിരുന്നു ഇതെന്നാണ് കോടതി പറയുന്നത്. പോലീസ് പെൺകുട്ടിയോട് ക്ഷമ ചോദിക്കണമായിരുന്നു. പക്ഷെ കാക്കിയുടെ ഈഗോ അതിന് അനുവദിച്ചില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

കരയുന്ന പെൺകുട്ടിയെ എന്തുകൊണ്ട് വനിതാ പോലീസ് ഉദ്യോഗസ്ഥയ്ക്ക് ചേർത്തുപിടിച്ച് ആശ്വസിപ്പിക്കാൻ കഴിഞ്ഞില്ലെന്നാണ് കോടതി ഉന്നയിക്കുന്ന ചോദ്യം. പോലീസിന്റെ കാക്കിയുടെ ഈഗോയാണ് അത് അനുവദിക്കാതിരുന്നതെന്നും ഒരു മാപ്പ് പറഞ്ഞാൽ തീരുമായിരുന്ന വിഷയത്തെയാണ് ഈ രീതിയിൽ എത്തിച്ചതെന്നും കോടതി വ്യക്തമാക്കി. സംഭവം തുടങ്ങിയപ്പോൾ മുതൽ പെൺകുട്ടി കരയുന്നുണ്ടായിരുന്നു. ആ കുട്ടിയുടെ മാനസികാവസ്ഥയെ കുറിച്ച് ഓർക്കണമായിരുന്നു. ജീവിതത്തിൽ ഒരിക്കലും ആ കുട്ടിക്ക് പോലീസിനെ സംരക്ഷകരായി കാണാൻ കഴിയില്ലെന്നും നിരീക്ഷിച്ചു. അത്തരത്തിലേക്കാണ് കുട്ടിയുടെ ചെറുപ്പകാലത്തുണ്ടായ ഈ അനുഭവം മാറ്റുന്നത്. വിഷയത്തെ ഈ രീതിയിൽ ആയിരുന്നില്ല കൈകാര്യം ചെയ്യേണ്ടിയിരുന്നതെന്നും കോടതി പറഞ്ഞു. പെൺകുട്ടി പൊട്ടിക്കരഞ്ഞിട്ടും എന്തുകൊണ്ട് പോലീസിന്റെ മനസ്സ് അലിഞ്ഞില്ലെന്നും ഇത് എന്ത് പിങ്ക് പോലീസ് ആണെന്നും ഹൈക്കോടതി ചോദിക്കുന്നു.

അതേസമയം പിങ്ക് പോലീസുകാരിക്കെതിരായ നടപടി സ്ഥലംമാറ്റത്തിൽ ഒതുക്കിയതിനെതിരെയും കോടതി വിമർശനം ഉന്നയിച്ചു. വിഷയത്തിൽ കോടതി വിശദമായ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് ഡിജിപിയ്ക്ക് കോടതി നൽകിയിരിക്കുന്ന നിർദ്ദേശം. സംഭവത്തിന്റെ ദൃശ്യങ്ങളും കോടതി ഇന്ന് വിശദമായി കണ്ടിരുന്നു. മനസ്സിനെ അസ്വസ്ഥമാക്കുന്ന ദൃശ്യങ്ങളാണിതെന്നാണ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അഭിപ്രായപ്പെട്ടത്. പോലീസ് ഉദ്യോഗസ്ഥയ്ക്കൊപ്പം ഉണ്ടായിരുന്ന മറ്റ് ഉദ്യോഗസ്ഥർക്കും ഈ കുട്ടിയെ ആശ്വസിപ്പിക്കാൻ കഴിഞ്ഞില്ലെന്നും കോടതി വ്യക്തമാക്കി.

കൊച്ചി: മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട് നിർണായക കണ്ടെത്തലുമായി പോലീസ്. കേസിൽ അറസ്റ്റിലായ പ്രതി സൈജു തങ്കച്ചന് ലഹരിമരുന്ന് ഇടപാടുണ്ടെന്ന് പോലീസ് കണ്ടെത്തി. യുവതികൾ സഞ്ചരിച്ച കാർ സൈജു തങ്കച്ചൻ പിന്തുടർന്നിരുന്നുവെന്ന് പോലീസിന് നേരത്തെ വ്യക്തമായിരുന്നു. ദുരുദ്ദേശത്തോടെയാണ് സൈജു കാർ പിന്തുടർന്നത് എന്നതിന് കൃത്യമായ സൂചനകളുള്ള വാട്‌സാപ്പ് സന്ദേശങ്ങളടക്കം പോലീസിന് ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

പോലീസിന്റെ ചോദ്യം ചെയ്യലിൽ നിർണ്ണായകമായ പല വിവരങ്ങളും സൈജു വെളിപ്പെടുത്തി. ഡി ജെ പാർട്ടി നടന്ന ഹോട്ടലിൽ വച്ച് സൈജുവും ഇരുയുവതികളുമായി വാക്കുതർക്കത്തിലേർപ്പെട്ടിരുന്നു. അതിന് ശേഷം സുഹൃത്തുക്കൾക്കൊപ്പം ഹോട്ടലിൽ നിന്ന് ഇറങ്ങിയ യുവതികളെ സൈജു കാറിൽ പിന്തുടർന്നു. കുണ്ടന്നൂരിൽ വച്ച് അവരുടെ കാർ സൈജു തടഞ്ഞുനിർത്തുകയും വാക്കേറ്റം ഉണ്ടാകുകയും ചെയ്തു. പിന്നീടും യുവതികളുടെ കാറിനെ സൈജു പിന്തുടർന്നിരുന്നു. ഇതോടെയാണ് അതിവേഗത്തിൽ കാറോടിച്ചതും അപകടമുണ്ടായതും എന്നാണ് പൊലീസിന്റെ നിഗമനം.

കുണ്ടന്നൂർ വരെ സാധാരണ വേഗതയിലാണ് കാറുകൾ സഞ്ചരിച്ചതെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്നും മനസിലാക്കാൻ കഴിയും. എന്നാൽ സൈജു പിന്തുടരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ കുണ്ടന്നൂരിൽ വെച്ച് മോഡലുകൾ സഞ്ചരിച്ച കാർ ഓടിച്ചിരുന്ന അബ്ദുറഹ്മാൻ കാർ നിർത്തുകയും സൈജുവുമായി തർക്കമുണ്ടാകുകയും ചെയ്തു. ഇതിന് ശേഷമാണ് ഇരുകാറുകളും അമിത വേഗതയിൽ പായുന്നതെന്ന് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. പല തവണ ഇരുകാറുകളും പരസ്പരം ഓവർടേക് ചെയ്തു. ഇതാണ് അപകടത്തിനിടയാക്കിയതെന്നാണ് പോലീസ് ചൂണ്ടിക്കാട്ടുന്നത്.

തിരുവനന്തപുരം: കെ റെയിലിനെതിരെ സംസ്ഥാന വ്യാപക സമരം നടത്താനൊരുങ്ങി യുഡിഎഫ്. കെ റെയിൽ കടന്നുപോകുന്ന സ്ഥലങ്ങൾ കേന്ദ്രീകരിച്ച് സമരം നടത്താനാണ് യുഡിഎഫ് പദ്ധതിയിടുന്നത്. 18 ന് സെക്രട്ടേറിയറ്റിലും ജില്ലാ കേന്ദ്രങ്ങളിലും സമരം നടത്താനാണ് യുഡിഎഫിന്റെ തീരുമാനം.

കേരള സർക്കാരിന്റെ സ്വപ്‌ന പദ്ധതിയായ കെ റെയിൽ നടപ്പാക്കുന്ന അർധ അതിവേഗ പാതയായ സിൽവർലൈൻ പദ്ധതി ജനവിരുദ്ധമാണെന്നാണ് പ്രതിപക്ഷനേതാവ് വി ഡി സതീശൻ അറിയിച്ചിരുന്നത്. പദ്ധതിയെ എതിർക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.അട്ടപ്പാടി ശിശുമരണവുമായി ബന്ധപ്പെട്ടും സമരം ശക്തമാക്കാനാണ് യുഡിഎഫിന്റെ നീക്കം.

അതേസമയം യുഡിഎഫിൽ അഭിപ്രായ ഭിന്നതകൾ നിലനിൽക്കുകയാണ്. യുഡിഎഫ് യോഗത്തിൽ നിന്ന് മുതിർന്ന നേതാക്കളായ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും വിട്ടുനിന്നു. പുതിയ നേതൃത്വം വന്നതിന് പിന്നാലെ ഇരുനേതാക്കളും പലഘട്ടത്തിലും തങ്ങളുടെ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇരുനേതാക്കളും തിരുവനന്തപുരത്ത് ഉണ്ടായിട്ടും യോഗത്തിൽ പങ്കെടുക്കാതിരുന്നത്.

കെപിസിസി നേതൃത്വത്തിന്റെ ഏകപക്ഷീയ നിലപാടിൽ ഉമ്മൻ ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും അതൃപ്തിയുണ്ടെന്നും ഹൈക്കമാൻഡ് ഇടപെട്ടിട്ടും കൂടിയാലോചന നടത്തുന്നില്ലെന്ന വിമർശനവും ഉയരുന്നുണ്ട്. രാഷ്ട്രീയകാര്യ സമിതി വിളിക്കുന്നില്ല. നിയമനങ്ങൾ ഏകപക്ഷീയമായി നടത്തുകയാണെന്നും ജനറൽ സെക്രട്ടറിമാർക്ക് കൂടിയാലോചന ഇല്ലാതെയാണ് ചുമതല നൽകിയതെന്നുമാണ് ആരോപണങ്ങൾ.

കേപ് ടൗൺ: കോവിഡ് വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയതിന്റെ ആശങ്കയിലാണ് ലോകരാജ്യങ്ങൾ. ദക്ഷിണാഫ്രിക്കയിലാണ് ഒമിക്രോൺ എന്ന പുതിയ വകഭേദം ആദ്യമായി കണ്ടെത്തിയത്. ഒമിക്രോണിനെതിരെ ലോകരാജ്യങ്ങൾ ജാഗ്രത പുലർത്തുമ്പോൾ അത്രയ്ക്ക് ഭയക്കേണ്ട ഭീകരനല്ല ഒമിക്രോൺ എന്ന അഭിപ്രായം ഉയർത്തുന്നവരും ഉണ്ട്. ഒമിക്രോൺ വൈറസ് വകഭേദത്തിന് ഗുരുതര രോഗ ലക്ഷണങ്ങൾ ഇല്ലെന്നാണ് ദക്ഷിണാഫ്രിക്കൻ ഡോക്ടർ ആംഗെലിക് കൂറ്റ്സീ പറയുന്നത്.

കഴിഞ്ഞ 10 ദിവസമായി തന്റെ കീഴിൽ ചികിത്സയിലുള്ള 30 ഓളം രോഗികൾക്ക് സാധാരണ ലക്ഷണങ്ങൾ മാത്രമാണ് ഉള്ളതെന്നും പലരും ആശുപത്രിയിൽ കിടക്കാതെ പൂർണ രോഗമുക്തി നേടിയെന്നും കൂറ്റ്‌സീ വ്യക്തമാക്കി. രോഗികളിൽ കൂടുതലും 40 വയസിൽ താഴെയുള്ളവരാണ്. ചെറിയ പേശീവേദന, തൊണ്ടവേദന, വരണ്ട ചുമ എന്നിവ മാത്രമാണ് അവർക്കുണ്ടായത്. ഈ മാസം 18 നാണ് ഡെൽറ്റ വകഭേദമല്ലാത്ത മറ്റൊരു വൈറസിന്റെ സാന്നിധ്യത്തെപ്പറ്റി കൂറ്റ്സി അധികൃതരെ അറിയിച്ചത്. തുടർന്ന് ദക്ഷിണാഫ്രിക്കയിലെ ശാസ്ത്രജ്ഞരാണ് ബി1.1.529 എന്ന വൈറസാണെന്ന് സ്ഥിരീകരിച്ചത്. എത്ര മാരകമാണ് പുതിയ വൈറസ് എന്ന് ഇനിയും തിരിച്ചറിയാത്ത സാഹചര്യത്തിൽ ഇല്ലാത്ത ഭീഷണി കലർത്തി അതിനെ അവതരിപ്പിച്ചത് നിർഭാഗ്യകരമാണെന്നും തങ്ങൾ ഈ രീതിയിൽ ഒമിക്രോണിനെ അവതരിപ്പിച്ചിട്ടില്ലെന്നും കൂറ്റ്‌സി ചൂണ്ടിക്കാട്ടി.

യൂറോപ്പിൽ ഒമിക്രോൺ വകഭേദം നേരത്തെ വ്യാപിച്ചിട്ടുണ്ടാകാമെന്നാണ് ദക്ഷിണാഫ്രിക്കൻ ഡോക്ടർമാർ പറയുന്നത്. അതിനെ തിരിച്ചറിയുന്നതിൽ മറ്റു രാജ്യങ്ങളിലെ ശാസ്ത്രജ്ഞരും ഡോക്ടർമാരും പരാജയപ്പെടുകയായിരുന്നെന്നും ഇവർ വാദിക്കുന്നു. ഒമിക്രോൺ തിരിച്ചറിയുന്നതിൽ മറ്റു രാജ്യങ്ങൾ പരാജയപ്പെട്ടിടത്ത് വിജയിച്ച ദക്ഷിണാഫ്രിക്കയെ ഒറ്റപ്പെടുത്തരുതെന്ന ആവശ്യവും ഡോക്ടർമാർ മുന്നോട്ടുവെയ്ക്കുന്നു.

അതേസമയം കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ ആദ്യമായി കണ്ടെത്തിയതിന്റെ പേരിൽ രാജ്യത്തെ ഒറ്റപ്പെടുത്തരുതെന്നാണ് ദക്ഷിണാഫ്രിക്കയുടെ അഭ്യർത്ഥന. ഒമിക്രോൺ രോഗബാധയുടെ പേരിൽ യാത്രാവിലക്ക് ഏർപ്പെടുത്തുന്നത് തങ്ങളോടുള്ള വിവേചനം ആണെന്നും വിലക്ക് പിൻവലിക്കണമെന്നും ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൾ റാമഫോസ ആവശ്യപ്പെട്ടു. വിവിധ ലോകരാജ്യങ്ങൾ ഒമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആഫ്രിക്കൻ രാജ്യങ്ങൾക്ക് വിലക്കേർപ്പെടുത്തിയിരിക്കുകയാണ്.

പനാജി: ബ്രിക്സ് ചലച്ചിത്ര മേളയുടെ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച നടനായി തമിഴ് നടൻ ധനുഷ് തെരഞ്ഞെടുക്കപ്പെട്ടു. അന്താരാഷ്ട്ര ചലച്ചിത്ര മേളയോട് അനുബന്ധിച്ചാണ് ബ്രിക്‌സ് മേള നടന്നത്. അസുരൻ എന്ന സിനിമയിലെ അഭിനയത്തിനാണ് ധനുഷ് മികച്ച നടനുള്ള പുരസ്‌കാരം ധനുഷ് സ്വന്തമാക്കിയത്. മികച്ച ബ്രിക്‌സ് ചിത്രത്തിനുള്ള പുരസ്‌കാരം ദക്ഷിണാഫ്രിക്കൻ ചിത്രം ബരാകാതും റഷ്യൻ ചിത്രം റഷ്യൻ ചിത്രം ദ സൺ എബൗവ് മി നെവർ സെറ്റ്സും പങ്കിട്ടു.

ബ്രസീൽ സംവിധായിക ലൂസിയ മൊറാദിനാണ് മികച്ച സംവിധാനത്തിനുള്ള പുരസ്‌കാരം ലഭിച്ചത്. ബ്രസീലിയൻ ചിത്രം അന്നയിലെ സംവിധാന മികവിനാണ് ലൂസിയ മൊറാദിന് ഈ അംഗീകാരം ലഭിച്ചത്. ലാറ ബൊസോണിയ്ക്ക് മികച്ച നടിക്കുള്ള പുരസ്‌കാരം ലഭിച്ചു. ഓൺ വീൽസ് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ലാറയ്ക്ക് ഇത്തരമൊരു അംഗീകാരം ലഭിച്ചത്. ജൂറിയിലെ ഒരോരുത്തരും ബ്രിക്സ് രാജ്യങ്ങളെയാണ് പ്രതിനിധീകരിക്കുന്നത്. ജൂറി ചെയർപേഴ്സൺ രാഹുൽ റാവയിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്നു.

ബ്രസിലീനെ പ്രതിനിധീകരിക്കുന്ന മരിയ ബ്ലാഞ്ചെ അൽസിന ഡി മെൻഡോണ, ദക്ഷിണാഫ്രിക്കയെ പ്രതിനിധീകരിക്കുന്ന താണ്ടി ഡേവിഡ്സ്, റഷ്യയെ പ്രതിനിധീകരിക്കുന്ന നീന കൊച്ചെലിയേവ, ചൈനയെ പ്രതിനിധീകരിക്കുന്ന ഹൗ കെമിംഗ് തുടങ്ങിയവരാണ് ജൂറിയിലെ മറ്റ് അംഗങ്ങൾ. അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ ബ്രിക്സ് ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നത് ഇതാദ്യമായാണ്.