കോവിഡ് മരണത്തിൽ കേരളം ഇതുവരെ സാമ്പത്തിക സഹായം വിതരണം ചെയ്തിട്ടില്ലെന്ന് കേന്ദ്രം

ന്യൂഡൽഹി: കോവിഡ് മരണവുമായി ബന്ധപ്പെട്ട ധനസഹായ വിതരണത്തിൽ കേരളത്തിനെതിരെ കേന്ദ്ര സർക്കാർ. കോവിഡ് ബാധിച്ച് മരിച്ചവരുടെ ബന്ധുക്കൾക്കുള്ള 50,000 രൂപയുടെ സാമ്പത്തിക സഹായം കേരളം ഇതുവരെയും വിതരണം ചെയ്തിട്ടില്ലെന്നാണ് കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചത്. സാമ്പത്തിക സഹായത്തിന് സംസ്ഥാനത്ത് 6116 പേർ അപേക്ഷ നൽകിയിട്ടുണ്ടെന്നും എന്നാൽ മരിച്ചവരുടെ അടുത്ത ബന്ധുക്കളെ സംബന്ധിച്ച് വ്യക്തത ഇല്ലാത്തതിനാൽ സാമ്പത്തിക സഹായം വിതരണം ചെയ്തിട്ടില്ലെന്ന് കേരളം അറിയിച്ചതായും കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ വ്യക്തമാക്കി.

2021 നവംബർ 26 വരെ സംസ്ഥാനത്ത് 38737 കോവിഡ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. സംസ്ഥാന അഡീഷണൽ ചീഫ് സെക്രട്ടറി കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്ക് അയച്ച കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 6116 പേരുടെ ബന്ധുക്കളാണ് സാമ്പത്തിക സഹായത്തിന് സർക്കാർ പോർട്ടലിലൂടെ അപേക്ഷ നൽകിയത്. നഷ്ടപരിഹാരത്തിന് അർഹതയുള്ള ബന്ധുക്കൾ ആരെന്നത് സംബന്ധിച്ച് വ്യക്തത വരുത്തിക്കൊണ്ട് പുതിയ ഉത്തരവ് ഇറക്കിയതായി സംസ്ഥാന സർക്കാർ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തോട് വിശദമാക്കി.

അധികം വൈകാതെ സാമ്പത്തിക സഹായം വിതരണം ചെയ്യാൻ ആരംഭിക്കുമെന്ന് കേരളം അറിയിച്ചതായി കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ ഫയൽചെയ്ത സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ഐസിഎംആർ മാർഗരേഖ പ്രകാരം കോവിഡ് ബാധിച്ച് മരിച്ചവരുടെ സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള നടപടി ആരംഭിച്ചതായും സംസ്ഥാന സർക്കാർ കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. ഡൽഹി സർക്കാരാണ് കോവിഡ് മരണത്തിൽ ഏറ്റവും കൂടുതൽ സാമ്പത്തിക സഹായം വിതരണം ചെയ്തത്. ലഭിച്ച 25358 അപേക്ഷകളിൽ 19926 പേർക്കായി 99.63 കോടി രൂപയാണ് ഇതുവരെ ഡൽഹി സർക്കാർ വിതരണം ചെയ്തത്. രാജ്യത്ത് ഏറ്റവും അധികം മരണങ്ങൾ റിപ്പോർട്ട് മഹാരാഷ്ട്രയിൽ ഇതുവരെ സാമ്പത്തിക സഹായം നൽകുന്നതിനുള്ള അപേക്ഷ സ്വീകരിച്ചു തുടങ്ങിയിട്ടില്ലെന്നും കേന്ദ്രസർക്കാർ അറിയിച്ചു.