കൊച്ചി: മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട് നിർണായക കണ്ടെത്തലുമായി പോലീസ്. കേസിൽ അറസ്റ്റിലായ പ്രതി സൈജു തങ്കച്ചന് ലഹരിമരുന്ന് ഇടപാടുണ്ടെന്ന് പോലീസ് കണ്ടെത്തി. യുവതികൾ സഞ്ചരിച്ച കാർ സൈജു തങ്കച്ചൻ പിന്തുടർന്നിരുന്നുവെന്ന് പോലീസിന് നേരത്തെ വ്യക്തമായിരുന്നു. ദുരുദ്ദേശത്തോടെയാണ് സൈജു കാർ പിന്തുടർന്നത് എന്നതിന് കൃത്യമായ സൂചനകളുള്ള വാട്‌സാപ്പ് സന്ദേശങ്ങളടക്കം പോലീസിന് ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
പോലീസിന്റെ ചോദ്യം ചെയ്യലിൽ നിർണ്ണായകമായ പല വിവരങ്ങളും സൈജു വെളിപ്പെടുത്തി. ഡി ജെ പാർട്ടി നടന്ന ഹോട്ടലിൽ വച്ച് സൈജുവും ഇരുയുവതികളുമായി വാക്കുതർക്കത്തിലേർപ്പെട്ടിരുന്നു. അതിന് ശേഷം സുഹൃത്തുക്കൾക്കൊപ്പം ഹോട്ടലിൽ നിന്ന് ഇറങ്ങിയ യുവതികളെ സൈജു കാറിൽ പിന്തുടർന്നു. കുണ്ടന്നൂരിൽ വച്ച് അവരുടെ കാർ സൈജു തടഞ്ഞുനിർത്തുകയും വാക്കേറ്റം ഉണ്ടാകുകയും ചെയ്തു. പിന്നീടും യുവതികളുടെ കാറിനെ സൈജു പിന്തുടർന്നിരുന്നു. ഇതോടെയാണ് അതിവേഗത്തിൽ കാറോടിച്ചതും അപകടമുണ്ടായതും എന്നാണ് പൊലീസിന്റെ നിഗമനം.
കുണ്ടന്നൂർ വരെ സാധാരണ വേഗതയിലാണ് കാറുകൾ സഞ്ചരിച്ചതെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്നും മനസിലാക്കാൻ കഴിയും. എന്നാൽ സൈജു പിന്തുടരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ കുണ്ടന്നൂരിൽ വെച്ച് മോഡലുകൾ സഞ്ചരിച്ച കാർ ഓടിച്ചിരുന്ന അബ്ദുറഹ്മാൻ കാർ നിർത്തുകയും സൈജുവുമായി തർക്കമുണ്ടാകുകയും ചെയ്തു. ഇതിന് ശേഷമാണ് ഇരുകാറുകളും അമിത വേഗതയിൽ പായുന്നതെന്ന് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. പല തവണ ഇരുകാറുകളും പരസ്പരം ഓവർടേക് ചെയ്തു. ഇതാണ് അപകടത്തിനിടയാക്കിയതെന്നാണ് പോലീസ് ചൂണ്ടിക്കാട്ടുന്നത്.

