കോടതിയലക്ഷ്യ കേസുകൾ ഉണ്ടായാൽ ഉദ്യോഗസ്ഥകർക്കെതിരെ കർശന നടപടി ; പുതിയ തീരുമാനവുമായി സർക്കാർ

തിരുവനന്തപുരം: കോടതിയലക്ഷ്യ കേസുകൾ ഉണ്ടായാൽ അതിന് ഉത്തരവാദികളായ ഉദ്യോഗസ്ഥകർക്കെതിരെ കർശന നടപടി സ്വീകരിക്കാനൊരുങ്ങി സർക്കാർ. ഇത്തരക്കാരെ ഉടൻ സസ്‌പെൻഡ് ചെയ്യാനാണ് സർക്കാരിന്റെ തീരുമാനം. കോടതിയലക്ഷ്യ കേസിൽ ഉദ്യോഗസ്ഥർ സ്വന്തം ചെലവിൽ അഭിഭാഷകനെ വയ്ക്കണമെന്നായിരുന്നു ഹൈക്കോടതിയുടെ നിർദ്ദേശം.

തുടർന്ന് ചീഫ് സെക്രട്ടറി വിളിച്ചു ചേർത്ത യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം ഉണ്ടായത്. പൊതുഭരണ സെക്രട്ടറി ഇക്കാര്യം ഉന്നത ഉദ്യോഗസ്ഥരെ അറിയിക്കുകയും ചെയ്തു. ഉദ്യോഗസ്ഥർ കോടതി വിധി നടപ്പിലാക്കാത്തതുകൊണ്ട് കോടതിയലക്ഷ്യ കേസുകൾ ഉണ്ടാകുന്നതായി അദ്ദേഹം പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു.

കോടതി വിധികൾ എത്രയും പെട്ടെന്നു നടപ്പിലാക്കണമെന്നും അപ്പീൽ കൊടുക്കേണ്ടതുണ്ടെങ്കിൽ സമയബന്ധിതമായി നൽകണമെന്നും കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. പ്ലീഡർമാരും സെക്ഷൻ ഓഫിസർമാരും അസിസ്റ്റന്റുമാരുമാണ് വീഴ്ചയ്ക്കു പ്രധാന കാരണക്കാർ. വീഴ്ചകൾക്ക് ഇനി മുതൽ ഇവർ ഉത്തരവാദികളായിരിക്കുമെന്നും അദ്ദേഹം വിശദമാക്കി.