General (Page 1,291)

ന്യൂഡൽഹി: 2017-18 മുതൽ 2021 ഒക്ടോബർ വരെയുള്ള കാലയളവിൽ എസ്ബിഐ പാവങ്ങളെ പിഴിഞ്ഞ് സമാഹരിച്ചത് 346 കോടി രൂപ. അധിക ചാർജുകൾ ഇല്ലെന്ന് പറയുന്ന ബേസിക് സേവിങ്‌സ് അക്കൗണ്ടുകൾ, ജൻധൻ അക്കൗണ്ട് എന്നിവയിലെ സർവീസ് ചാർജ് ഇനത്തിലാണ് ഇത്രയും തുക ഈടാക്കിയതെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. കേന്ദ്ര ധനമന്ത്രാലയം രാജ്യസഭയിലാണ് ഇക്കാര്യം അറിയിച്ചത്.

എസ്ബിഐ അറിയിച്ചതനുസരിച്ച്, അനുവദനീയമായ മിനിമം സൗജന്യ സേവനങ്ങൾക്കപ്പുറം ഉപഭോക്താക്കൾ ആവശ്യപ്പെടുന്ന അധിക സേവനങ്ങൾ നൽകിയതിന് ആണ് അധിക തുക ഈടാക്കിയിരിക്കുന്നതെന്നാണ് ധനമന്ത്രാലയം പറഞ്ഞത്. ചില ഓൺലൈൻ, ഇലക്ട്രോണിക് ഇടപാടുകൾക്കും ഇത്തരത്തിൽ അധിക ഫീസ് ഈടാക്കിയിട്ടുണ്ട്. പ്രധാനമന്ത്രി ജൻ ധൻ യോജന പദ്ധതി പ്രകാരം ആരംഭിച്ച അക്കൗണ്ടുകൾ ഉൾപ്പെടെയുള്ള അടിസ്ഥാന സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടുകളിൽ മിനിമം ബാലൻസ് നിലനിർത്തേണ്ട ആവശ്യമില്ലെന്നാണ് ആർബിഐ മാർഗ്ഗനിർദ്ദേശങ്ങൾ അറിയിക്കുന്നത്. അടിസ്ഥാന സൗകര്യങ്ങൾ സൗജന്യമായി നൽകേണ്ടതാണെന്നാണ് ആർബിഐ മാർഗനിർദ്ദേശങ്ങളിൽ വിശദമാക്കുന്നുണ്ട്, ഇത്തരം അക്കൗണ്ടുകളിൽ മിനിമം ബാലൻസ് നിലനിർത്താത്തതിന് ഉൾപ്പെടെയാണ് എസ്ബിഐ പിഴ ഈടാക്കിയത്.

അതേസമയം 2020 ജനുവരി ഒന്നിനോ അതിനു ശേഷമോ ഇലക്ട്രോണിക് മോഡുകൾ ഉപയോഗിച്ച് നടത്തിയ ഇടപാടുകൾക്ക് ഈടാക്കിയ ചാർജുകൾ റീഫണ്ട് ചെയ്യണമെന്നാണ് ബാങ്കുകൾക്ക് ലഭിച്ചിരിക്കുന്ന നിർദ്ദേശം. റുപേ ഡെബിറ്റ് കാർഡ്, യുപിഐ, യുപിഐ ക്യുആർ കോഡ്, ഈ മോഡുകളിലൂടെ നടത്തിയ ഇടപാടുകൾക്ക് ഈടാക്കിയ നിരക്ക് എസ്ബിഐ തിരികെ നൽകണമെന്നും ഇനി ഇത്തരം ഇടപാടുകൾ നടത്തുമ്പോൾ നിരക്കുകൾ ചുമത്തരുതെന്നും നിർദ്ദേശമുണ്ട്.

തിരുവനന്തപുരം: സംസ്ഥാനത്ത് നാല് പേർക്ക് കൂടി കോവിഡിന്റെ ജനിതക വകഭേദമായ ഒമിക്രോൺ സ്ഥിരീകരിച്ചു. എറണാകുളത്ത് മൂന്ന് പേരിലും തിരുവനന്തപുരത്ത് ഒരാളിലുമാണ് രോഗബാധ കണ്ടെത്തിയത്.

സംസ്ഥാനത്ത് ആദ്യം ഒമിക്രോൺ സ്ഥിരീകരിച്ച എറണാകുളം സ്വദേശിയുടെ സമ്പർക്ക പട്ടികയിലുള്ള രണ്ടു പേർക്കും കോംഗോയിൽ നിന്ന് എത്തിയ ഒരാൾക്കും യു.കെയിൽ നിന്നെത്തിയ ഒരാൾക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ആദ്യമായി ഒമിക്രോൺ സ്ഥിരീകരിച്ചയാളുടെ ഭാര്യയ്ക്കും ഭാര്യാമാതാവിനുമാണ് രോഗബാധ കണ്ടെത്തിയിരിക്കുന്നത്.

ഇന്ന് ഒമിക്രോൺ സ്ഥിരീകരിച്ചവരുടെയെല്ലാം സമ്പർക്കപ്പട്ടിക തിരിച്ചറിഞ്ഞതായി ആരോഗ്യ വകുപ്പ് അറിയിച്ചു. വിമാനത്തിൽ ഒപ്പമുണ്ടായിരുന്നവരെ ഉൾപ്പെടെ തിരിച്ചറിഞ്ഞുവെന്നും വേണ്ട ക്രമീകരണം ചെയ്തിട്ടുണ്ടെന്നും ആരോഗ്യ മന്ത്രി വീണാ ജോർജ് വ്യക്തമാക്കി.

തിരുവനന്തപുരം: കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനമല്ലെന്ന് പറഞ്ഞാൽ അടുത്ത തലമുറയോട് ചെയ്യുന്ന ഏറ്റവും വലിയ തെറ്റാകുമെന്ന് ലുലു ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ എം.എ. യൂസഫലി. തിരുവനന്തപുരത്ത് ലുലു മാളിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനമല്ലെന്ന് പറയാനാകില്ല. അങ്ങനെ പറഞ്ഞാൽ പഠിച്ചാലും ഇവിടെ ജോലിയില്ലെന്ന് അടുത്ത തലമുറ തെറ്റിദ്ധരിക്കും. കേരളത്തിൽ സംരംഭങ്ങൾ തുടങ്ങുന്നത് നഷ്ടത്തിലാകുമോയെന്ന് പലരും സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാൽ, ലാഭത്തിലായാലും നഷ്ടത്തിലായാലും ജനിച്ച നാട്ടിൽ സംരംഭങ്ങൾ തുടങ്ങുന്നത് മറ്റെവിടെ തുടങ്ങുന്നതിനേക്കാൾ സംതൃപ്തിയുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

ജന്മനാട്ടിൽ സംരംഭങ്ങൾ തുടങ്ങുമ്പോൾ ആയിരക്കണക്കിന് യുവാക്കൾക്ക് ജോലി നൽകാൻ കഴിയും. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അദ്ദേഹം പ്രശംസിച്ചു. നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽ കയറിയ ശേഷം പ്രവാസികൾക്ക് ഇന്ത്യയിൽ സംരംഭങ്ങൾ തുടങ്ങുന്നതിന് നിയമത്തിൽ ഒരുപാട് ഇളവുകൾ നൽകിയിട്ടുണ്ട്. അതിനാലാണ് ഇത്തരത്തിലുള്ള സംരംഭങ്ങൾ തുടങ്ങാനായതെന്ന് അദ്ദേഹം അറിയിച്ചു.

വ്യാഴാഴ്ച്ചയാണ് തിരുവനന്തപുരത്ത് മാളിന്റെ ഉദ്ഘാടനം നടക്കുക. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവ്വഹിക്കും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അധ്യക്ഷനാകുന്ന ചടങ്ങിൽ കേന്ദ്രമന്ത്രി വി. മുരളീധരൻ, സംസ്ഥാന മന്ത്രിമാർ, ശശി തരൂർ എംപി, പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി, ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള പ്രമുഖർ ഉൾപ്പെടെയുള്ള വിശിഷ്ടാതിഥികൾ ചടങ്ങിൽ പങ്കെടുക്കും.

ന്യൂഡൽഹി: മുല്ലപ്പെരിയാർ വിഷയത്തിൽ കേരളത്തിന് തിരിച്ചടി. അണക്കെട്ടിൽ നിന്ന് വെള്ളം തുറന്ന് വിടുന്നത് തീരുമാനിക്കാൻ സംയുക്ത സമിതി രൂപീകരിക്കണമെന്ന കേരളത്തിന്റെ ആവശ്യം സുപ്രീം കോടതി തള്ളി. മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലം തുറന്ന് വിടുന്നതുമായി ബന്ധപ്പെട്ട് എന്തെങ്കിലും പരാതിയുണ്ടെങ്കിൽ ആദ്യം മേൽനോട്ട സമിതിയെ സമീപിക്കാനാണ് കോടതി നൽകിയിരിക്കുന്ന നിർദ്ദേശം. മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്ന് വെള്ളം തുറന്ന് വിടുന്നത് തീരുമാനിക്കാൻ ഇരുസംസ്ഥാനങ്ങളിലെയും അംഗങ്ങൾ ഉൾപ്പെടുന്ന സമിതി രൂപീകരിക്കണമെന്നാണ് കേരളത്തിന് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ ജയ്ദീപ് ഗുപ്ത സുപ്രീം കോടതിയോട് ആവശ്യപ്പെട്ടത്.

കേരളത്തിന്റെ ആവശ്യം സുപ്രീം കോടതി തള്ളി. വെള്ളം തുറന്നു വിടുന്നത് ഉൾപ്പടെയുള്ള വിഷയങ്ങൾ പരിഗണിക്കാൻ മേൽനോട്ട സമിതിയുണ്ടെന്നാണ് കോടതി അറിയിച്ചത്. എന്നാൽ പരാതികൾ ഉന്നയിച്ചാലും മേൽനോട്ട സമിതി നടപടി എടുക്കുന്നില്ലെന്ന് കേരളത്തിന്റെ അഭിഭാഷകൻ അഭിപ്രായപ്പെട്ടു. കേരളത്തിന്റെ പ്രതിനിധി കൂടി ഉൾപെടുന്നതാണെല്ലോ മേൽനോട്ട സമിതിയെന്നായിരുന്നു കോടതി ഇതിന് മറുപടി നൽകിയത്. മേൽനോട്ട സമിതിക്ക് വീഴ്ചയുണ്ടെങ്കിൽ അത് കേരളത്തിന്റെ അംഗത്തിന്റെ കൂടി പരാജയമാണ്. മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നതിന് പകരം സ്വന്തം പ്രതിനിധിയെ കുറ്റപ്പെടുത്തൂവെന്നും കോടതി അറിയിച്ചു.

മുല്ലപെരിയാർ വിഷയത്തിൽ സംസ്ഥാനങ്ങൾക്ക് രാഷ്ട്രീയ സമ്മർദ്ദം ഉണ്ടാകാം. പക്ഷേ രാഷ്ട്രീയം കോടതിക്ക് പുറത്തു മതിയെന്നും കോടതി മുന്നറിയിപ്പ് നൽകി.

കൊച്ചി: നിർബന്ധിത ലിംഗമാറ്റത്തിനെതിരെ കർശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതി. ട്രാൻസ്ജെൻഡർമാരെ ഡോക്ടർമാർ ലിംഗമാറ്റത്തിന് നിർബന്ധിക്കുന്നുവെന്നാരോപിച്ചുള്ള ഹർജി പരിഗണിക്കവെയാണ് കോടതി ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. മലയാളി ട്രാൻസ്‌ജെൻഡേഴ്‌സിനെ പ്രതിനിധീകരിക്കുന്ന ക്വീറല എന്ന സംഘടനയും തൃശൂർ സ്വദേശിയായ ഒരു ട്രാൻസ്‌ജെൻഡറുമാണ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്. സംസ്ഥാനത്ത് ലിംഗമാറ്റത്തിന് സമഗ്ര മാർഗനിർദ്ദേശമുണ്ടാക്കാൻ കോടതി സർക്കാരിന് നിർദ്ദേശം നൽകി.

മാർഗനിർദ്ദേശം തയ്യാറാക്കുമ്പോൾ ഹർജിക്കാരെയും മറ്റു ബന്ധപ്പെട്ടവരെയും കേൾക്കാനും നിർദ്ദേശമുണ്ട്. വിഷയം പഠിക്കാൻ വിദഗ്ധ സമിതി രൂപീകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. റിപ്പോർട്ടിൽ അഞ്ചുമാസത്തിനകം നടപടി സ്വീകരിക്കാനും കോടതി ഉത്തരവിട്ടു.

കൊച്ചി: തലയിൽ ചുമടെടുക്കുന്നത് മാനുഷിക വിരുദ്ധമാണെന്ന നിരീക്ഷണവുമായി കേരളാ ഹൈക്കോടതി. തലച്ചുമടിനെ നിരോധിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. മറ്റ് രാജ്യങ്ങളിൽ തലച്ചുമട് ജോലിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

തലച്ചുമടെടുക്കുന്ന തൊഴിലാളികൾക്ക് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാകുന്നുണ്ടെന്നും കോടതി നിരീക്ഷിച്ചു. ഹെഡ്‌ലോഡഡ് വർ്‌കേഴ്‌സ് ആക്ടുമായി ബന്ധപ്പെട്ട കേസിലായിരുന്നു കോടതിയുടെ പരാമർശം.

യന്ത്രങ്ങൾ ഇല്ലാത്ത കാലത്തേതാണ് തലച്ചുമട് രീതി. ഇനിയും ഇത് തുടരരുത്. വലിയ ഭാരം ശരീരത്തിലോ തലയിലോ ദീർഘകാലം ചുമക്കുന്നത് ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാക്കും. പേശികളെയും അസ്ഥികളെയും വരെ ഇത് ബാധിക്കും. നട്ടെല്ലിന് ക്ഷമുണ്ടാക്കുകയും ചെയ്യും. തൊഴിലാളികളെ സംരക്ഷിക്കേണ്ടതുണ്ടെന്ന് ഈ ഘട്ടത്തിൽ സർക്കാർ വ്യക്തമാക്കി. ചുമട്ട് തൊഴിലാളികൾ അങ്ങിനെ തന്നെ തുടരണമെന്നത് ചിലരുടെ ആഗ്രഹമാണെന്നും ഇതിന് പിന്നിൽ സ്വാർത്ഥതാത്പര്യങ്ങളാണെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വിമർശിച്ചു.

കൊച്ചി: കണ്ണൂർ യൂണിവേഴ്‌സിറ്റി വൈസ് ചാൻസലറുടെ പുനർനിയമനത്തിന് എതിരായി സേവ് യൂണിവേഴ്‌സിറ്റി ക്യാംപെയ്ൻ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജി തള്ളി. സിംഗിൾ ബഞ്ചാണ് ഹർജി തള്ളിയത്. പ്രൊഫസർ ഗോപിനാഥ് രവീന്ദ്രന് കണ്ണൂർ വിസിയായി തുടരാം. ജസ്റ്റിസ് അമിത് റാവലാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. കണ്ണൂർ വിസിയുടെ പുനർനിയമനം റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പെയ്ൻ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്.

പ്രൊഫ. ഗോപിനാഥ് രവീന്ദ്രന് പുനർനിയമനം നൽകിയത് വലിയ രാഷ്ട്രീയവിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. നടപടിക്കെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാനും രംഗത്തെത്തിയിരുന്നു. തനിക്ക് മേൽ കണ്ണൂർ വിസിയെ നിലനിർത്താനായി സമ്മർദ്ദമുണ്ടായെന്ന ഗവർണറുടെ വെളിപ്പെടുത്തൽ ഏറെ ചർച്ചകൾക്ക് ഇടയാക്കിയിരുന്നു.

അതേസമയം കണ്ണൂർ വിസി പുനർനിയമനത്തിന് ശുപാർശ ചെയ്തത് ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവാണെന്നതിന്റെ തെളിവുകൾ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. കണ്ണൂർ സർവകലാശാലയിലെ അക്കാദമിക് മികവ് മുന്നോട്ട് കൊണ്ട് പോകാൻ പുനർ നിയമനം വേണമെന്നും ഗോപിനാഥ് രവീന്ദ്രന്റെ പേര് മുന്നോട്ട് വയ്ക്കുന്നുവെന്നും വ്യക്തമാക്കി മന്ത്രി ഗവർണർക്ക് നൽകിയ കത്താണ് പുറത്തു വന്നത്. ഗോപിനാഥ് രവീന്ദ്രന്റെ പേര് മുന്നോട്ട് വയ്ക്കുന്നത് സെർച്ച് കമ്മിറ്റി ഇല്ലാത്തതിനാലാണെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.

ഗോപിനാഥ് രവീന്ദ്രന്റെ കാലത്ത് കണ്ണൂർ സർവകലാശാല വലിയ മികവാണ് പുലർത്തിയത്. അതിനാൽ വി.സിയെ പുനർ നിയമിക്കണമെന്നും ബിന്ദും കത്തിൽ ഗവർണറോട് ആവശ്യപ്പെട്ടിരുന്നു. വിഷയത്തിൽ പ്രതിപക്ഷത്തിന്റെ വിമർശനം ശക്തമാകുന്നതിനിടയിലാണ് മന്ത്രി ഗവർണറിന് നൽകിയ കത്ത് പുറത്തു വന്നിരിക്കുന്നത്.

തിരുവനന്തപുരം: ബസ് ചാർജ്ജ് വർദ്ധന സംബന്ധിച്ച് ജസ്റ്റിസ് രാമചന്ദ്രൻ കമ്മറ്റിയുമായി ചർച്ച നടത്തി ഗതാഗത മന്ത്രി ആന്റണി രാജു. ബസ് ചാർജ്ജ് വർദ്ധന അനിവാര്യമാണെന്നാണ് ചർച്ചയിൽ പൊതുവായി ഉണ്ടായ ധാരണയെന്ന് അദ്ദേഹം പറഞ്ഞു. രാത്രി കാലത്ത് ബസുകളുടെ കുറവ് മൂലം പൊതുജനങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ പരിഗണിച്ച് രാത്രികാലത്തെ യാത്രാ നിരക്കിൽ വ്യത്യാസം വരുത്തി ബസുകളുടെ കുറവ് പരിഹരിക്കാൻ കഴിയുമോ എന്ന് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വിദ്യാർത്ഥികളുടെ കൺസെഷൻ തുടരണം എന്നാണ് ചർച്ചയിലെ പൊതു അഭിപ്രായം. നിലവിൽ കുടുംബ വരുമാനം നോക്കാതെ എല്ലാ വിഭാഗം വിദ്യാർത്ഥികൾക്കും ഒരു പോലയാണ് കൺസെഷൻ നൽകുന്നത്. കുടുംബ വരുമാനത്തിന്റെ ആനുപാതികമായി നിലവിലുള്ള റേഷൻ കാർഡ് മാനദണ്ഡമാക്കി വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്കിലും മാറ്റം വരുത്തണമെന്ന് നിർദ്ദേശമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കുടുംബ വരുമാനം അടിസ്ഥാനമാക്കി നാല് തരം റേഷൻ കാർഡുകളാണ് നിലവിലുള്ളത്.

ആംബുലൻസുകളുടെ നിരക്ക് ഏകീകരിക്കുന്നത് സംബന്ധിച്ച് റിപ്പോർട്ട് നൽകാൻ ജസ്റ്റിസ് രാമചന്ദ്രൻ കമ്മറ്റിയോട് ആവശ്യപ്പെട്ടു. ചർച്ചയിൽ ഉയർന്നു വന്ന വിവിധ നിർദേശങ്ങളെക്കുറിച്ച് മുഖ്യമന്ത്രിയുമായി ചർച്ച ചെയ്ത ശേം അന്തിമ തീരുമാനമെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ന്യൂഡൽഹി: കേരളത്തെ അറിയിക്കാതെ മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നിട്ടില്ലെന്ന് സുപ്രീം കോടതിയെ അറിയിച്ച് തമിഴ്‌നാട്. സുപ്രീം കോടതിയിൽ കേരളം സമർപ്പിച്ച പരാതിയിൽ മറുപടി നൽകുകയായിരുന്നു തമിഴ്‌നാട്. മുല്ലപ്പെരിയാർ അണക്കെട്ട് മുന്നറിയിപ്പ് നൽകാതെ തുറന്നിട്ടില്ലെന്നും വെള്ളം തുറന്നു വിടുന്നതിന് മുമ്പ് കേരളത്തിന് കൃത്യമായ വിവരം നൽകിയിരുന്നുവെന്നുമാണ് തമിഴ്‌നാടിന്റെ വിശദീകരണം.

മുല്ലപ്പെരിയാറിൽ സംയുക്ത സമിതി രൂപീകരിക്കണമെന്ന കേരളത്തിന്റെ ആവശ്യം തള്ളണമെന്ന് തമിഴ്‌നാട് ആവശ്യപ്പെടുന്നു. മുന്നറിയിപ്പില്ലാതെ വെള്ളം തുറന്നു വിട്ടുവെന്ന കേരളത്തിന്റെ ആരോപണം വസ്തുതാവിരുദ്ധമാണെന്നും അണക്കെട്ടിലെ വെള്ളത്തിന്റെ അളവ് നോക്കിയാണ് അണക്കെട്ട് തുറന്നു വിടുന്നതെന്നും സുപ്രീം കോടതിയിൽ തമിഴ്‌നാട് വിശദമാക്കി. ബുധനാഴ്ച്ച കേസ് വീണ്ടും പരിഗണിക്കും.

കഴിഞ്ഞ ദിവസമാണ് മുല്ലപ്പെരിയാറിൽ നിന്ന് മുന്നറിയിപ്പില്ലാതെ തമിഴ്‌നാട് വെള്ളം തുറന്നുവിടുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് കേരളം സുപ്രീംകോടതിയെ സമീപിച്ചത്. രാത്രികാലങ്ങളിൽ മുന്നറിയിപ്പില്ലാതെ വെള്ളം തുറന്നുവിടുന്നത് മൂലം പെരിയാർ തീരത്തെ വീടുകളിൽ വെള്ളം കയറുന്നുവെന്നായിരുന്നു ഹർജിയിൽ ആരോപിച്ചിരുന്നത്.

തിരുവനന്തപുരം: സർക്കാർ മെഡിക്കൽ കോളേജുകളുടെ സുഗമമായ പ്രവർത്തനം ഉറപ്പാക്കാൻ 307 നോൺ അക്കാഡമിക് റസിഡൻസ്മാരെ (എൻഎജെആർ) നിയമിച്ചു. ആരോഗ്യ മന്ത്രി വീണാ ജോർജാണ് ഇക്കാര്യം അറിയിച്ചത്.

തിരുവനന്തപുരം 50, ആലപ്പുഴ 61, കോഴിക്കോട് 50, കോട്ടയം 56, തൃശൂർ 50, കണ്ണൂർ 33, എറണാകുളം 7 എന്നിങ്ങനെയാണ് മെഡിക്കൽ കോളേജുകളിൽ എൻഎജെആർമാരെ നിയമിച്ചത്. നിയമിച്ചവർ ഉടൻതന്നെ ജോലിയിൽ പ്രവേശിച്ചു തുടങ്ങി. എല്ലാ മെഡിക്കൽ കോളേജുകളിലും ഇന്റർവ്യൂന് ജൂനിയർ ഡോക്ടർമാരുടെ തിരക്കായിരുന്നു. തിരുവനന്തപുരം 50, ആലപ്പുഴ 61, കോഴിക്കോട് 72, കോട്ടയം 75, തൃശൂർ 72, കണ്ണൂർ 36, എറണാകുളം 7, എന്നിങ്ങനെ 373 എൻഎജെആർമാരെ 45,000 രൂപ വേതനത്തിൽ അതത് മെഡിക്കൽ കോളേജുകൾക്ക് നിയമിക്കാനാണ് അനുമതി നൽകിയത്. ബാക്കിയുള്ളവരെ ഉടൻ തന്നെ നിയമിക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

ഡിസംബർ ഏഴിന്റെ ചർച്ചയിൽ പിജി വിദ്യാർത്ഥി സംഘടനാ പ്രതിനിധികളുടെ പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു എൻഎജെആർമാരെ നിയമിക്കണമെന്നത്. അടിയന്തരമായി സർക്കാർ ഇടപെടുകയും രണ്ട് ദിവസത്തിനകം ഡിസംബർ 9ന് ഇവരെ നിയമിക്കാൻ അനുമതി നൽകി ഉത്തരവ് ഇറക്കുകയും ചെയ്തു. ഈ ഉത്തരവിൽ വ്യക്തതയില്ലായെന്നും, എന്ന് നിയമിക്കുമെന്ന് അറിയില്ലായെന്നും പറഞ്ഞാണ് പുതിയ ആൾക്കാർ സമരവുമായി മുന്നോട്ട് പോയത്. എന്നാൽ കൃത്യമായ വ്യക്തത വരുത്തിയാണ് ഇത്രയും കുറഞ്ഞനാൾ കൊണ്ട് അപേക്ഷ വിളിച്ച് ഇത്രയും പേരെ അടിയന്തരമായി നിയമിച്ചതെന്ന് മന്ത്രി പറഞ്ഞു.

എസ്ഇബിസി, ഇഡബ്ല്യുഎസ് സംവരണ വ്യവസ്ഥകളിന്മേലുള്ള ഹർജികൾ സുപ്രീം കോടതിയുടെ പരിഗണനയിലായതിനാലാണ് പിജി പ്രവേശനം വൈകുന്നത്. അതിൽ സർക്കാരിന് ഒന്നും ചെയ്യാൻ കഴിയില്ല. അതിനാലാണ് ഒന്നാം വർഷ പിജി പ്രവേശനം നടക്കുന്നത് വരെ എൻഎജെആർമാരെ നിയമിച്ചത്. സമരക്കാർ ഉന്നയിച്ച പ്രധാന ആവശ്യം പരിഹരിച്ച സ്ഥിതിക്ക് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന സമരത്തിൽ നിന്നും പിൻമാറേണ്ടതാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.