സംസ്ഥാനത്ത് നാല് പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു; സമ്പർക്കപ്പട്ടിക തിരിച്ചറിഞ്ഞതായി ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് നാല് പേർക്ക് കൂടി കോവിഡിന്റെ ജനിതക വകഭേദമായ ഒമിക്രോൺ സ്ഥിരീകരിച്ചു. എറണാകുളത്ത് മൂന്ന് പേരിലും തിരുവനന്തപുരത്ത് ഒരാളിലുമാണ് രോഗബാധ കണ്ടെത്തിയത്.

സംസ്ഥാനത്ത് ആദ്യം ഒമിക്രോൺ സ്ഥിരീകരിച്ച എറണാകുളം സ്വദേശിയുടെ സമ്പർക്ക പട്ടികയിലുള്ള രണ്ടു പേർക്കും കോംഗോയിൽ നിന്ന് എത്തിയ ഒരാൾക്കും യു.കെയിൽ നിന്നെത്തിയ ഒരാൾക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ആദ്യമായി ഒമിക്രോൺ സ്ഥിരീകരിച്ചയാളുടെ ഭാര്യയ്ക്കും ഭാര്യാമാതാവിനുമാണ് രോഗബാധ കണ്ടെത്തിയിരിക്കുന്നത്.

ഇന്ന് ഒമിക്രോൺ സ്ഥിരീകരിച്ചവരുടെയെല്ലാം സമ്പർക്കപ്പട്ടിക തിരിച്ചറിഞ്ഞതായി ആരോഗ്യ വകുപ്പ് അറിയിച്ചു. വിമാനത്തിൽ ഒപ്പമുണ്ടായിരുന്നവരെ ഉൾപ്പെടെ തിരിച്ചറിഞ്ഞുവെന്നും വേണ്ട ക്രമീകരണം ചെയ്തിട്ടുണ്ടെന്നും ആരോഗ്യ മന്ത്രി വീണാ ജോർജ് വ്യക്തമാക്കി.