General (Page 1,290)

കൽപ്പറ്റ: ആദിവാസി കുട്ടികൾക്ക് നല്ല ഭക്ഷണം നൽകാത്ത ഹോസ്റ്റൽ അധികൃതർക്കും ഉദ്യോഗസ്ഥർക്കും താക്കീതുമായി മന്ത്രി കെ രാധാകൃഷ്ണൻ. കുട്ടികൾക്ക് പച്ചരിച്ചോറാണ് നൽകുന്നതെന്ന വിവരം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് അദ്ദേഹത്തിന്റെ നടപടി. ആദിവാസികുട്ടികൾക്കായുള്ള നൂൽപ്പുഴ രാജീവ് ഗാന്ധി മെമ്മോറിയൽ മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ സന്ദർശനം നടത്തവെയാണ് മന്ത്രി ഉദ്യോഗസ്ഥരെ ശാസിച്ചത്.

സന്ദർശന വേളയിൽ കുട്ടികളോട് സംസാരിക്കവെ മന്ത്രി ഭക്ഷണകാര്യങ്ങളെ കുറിച്ച് ചോദിച്ചിരുന്നു. അപ്പോഴാണ് തങ്ങൾക്ക് പച്ചരി ചോറാണ് നൽകുന്നതെന്ന വിവരം കുട്ടികൾ വെളിപ്പെടുത്തിയത്. ഉടൻ മന്ത്രി ഇക്കാര്യം ഉദ്യോഗസ്ഥരോട് ചോദിക്കുകയും ഇനി മുതൽ ഇത് ആവർത്തിക്കരുത് എന്ന് നിർദ്ദേശിക്കുകയും ചെയ്തു. വിളച്ചിലെടുത്താൽ നടപടിയെടുക്കുമെന്ന് ഉദ്യോഗസ്ഥർക്ക് അദ്ദേഹം മുന്നറിയിപ്പ് നൽകുകയും ചെയ്തു.

പല കുട്ടികൾക്കും ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നും മന്ത്രി കണ്ടെത്തി. ഇത്തരത്തിൽ ആരോഗ്യ പ്രശ്‌നങ്ങളുള്ള കുട്ടികളെ ആദ്ദേഹം ആശുപത്രിയിലേക്ക് പറഞ്ഞുവിട്ടു. പല കുട്ടികൾക്കും പോഷാകാഹാരക്കുറവുണ്ട്. നൂൽപ്പുഴ രാജീവ് ഗാന്ധി മെമ്മോറിയൽ മോഡൽ റസിഡൻഷ്യൽ സ്‌കൂളിലെ അടിസ്ഥാന സൗകര്യങ്ങൾ വിലയിരുത്താൻ വേണ്ടിയാണ് മന്ത്രിയെത്തിയത്. ഒരു മണിക്കൂറോളം നേരം അദ്ദേഹം കുട്ടികൾക്കൊപ്പം സ്‌കൂളിൽ ചെലവഴിച്ചു. കുട്ടികൾക്കൊപ്പം മന്ത്രി ഉച്ചഭക്ഷണവും കഴിച്ചു.

കൊല്ലം: തന്നെ അപായപ്പെടുത്താൻ ശ്രമം നടന്നെന്ന വെളിപ്പെടുത്തലുമായി സോളാർ കേസ് പ്രതി സരിത എസ് നായർ. തന്നെ വിഷം നൽകി അപായപ്പെടുത്താൻ ശ്രമം നടത്തിയതായാണ് സരിതയുടെ വെളിപ്പെടുത്തൽ. വിഷം നാഡീ ഞരമ്പുകളുടെ പ്രവർത്തനത്തെ ബാധിച്ചിരുന്നു. വെല്ലൂരും തിരുവനന്തപുരത്തുമായി ഇപ്പോഴും ചികിത്സയിലാണെന്നും സരിത പറയുന്നു.

കഴിഞ്ഞ ദിവസം കൊട്ടാരക്കര കോടതിയിലെത്തിയപ്പോഴാണ് സരിത ഇക്കാര്യം അറിയിച്ചത്. 2015 ലെ കയ്യേറ്റം സംബന്ധിച്ച കേസുമായി ബന്ധപ്പെട്ടായിരുന്നു സരിത കോടതിയിലെത്തിയത്. എന്നാൽ വിഷം നൽകി അപായപ്പെടുത്താൻ ശ്രമിച്ചത് ആരാണെന്നത് സംബന്ധിച്ച വിവരം സരിത പുറത്തു വിട്ടിട്ടില്ല.

രോഗം പൂർണ്ണമായും ഭേദമായ ശേഷം വിഷം നൽകിയത് ആരെന്ന് വെളിപ്പെടുത്തും. കീമോതെറാപ്പി ഉൾപ്പടെയുള്ള ചികിത്സകൾ നിലവിൽ നടക്കുന്നുണ്ടെന്നും സരിത അറിയിച്ചു. ആറ് വർഷത്തെ കഠിന തടവാണ് സോളാർ തട്ടിപ്പ് കേസിൽ കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി സരിത എസ് നായർക്ക് ശിക്ഷയായി വിധിച്ചത്. ബിജു രാധാകൃഷ്ണനും സരിതയുമാണ് കേസിലെ പ്രതികൾ. കോഴിക്കോട്ടെ വ്യവസായിയായ അബ്ദുൾ മജീദിന്റെ വീട്ടിലും ഓഫീസിലും സോളാർ പാനൽ സ്ഥാപിക്കാമെന്നും ടീം സോളാറിന്റെ ഫ്രാഞ്ചൈസി നൽകാമെന്നും വാഗ്ദാനം ചെയ്ത് 42.7 ലക്ഷം രൂപയാണ് സരിത തട്ടിയെടുത്തത്.

കൊച്ചി: സ്വയം നീക്ഷണത്തിൽ കഴിയുന്ന ഹൈ റിസ്‌ക് അല്ലാത്ത രാജ്യത്തിൽ നിന്നും വന്നയാൾക്ക് ഒമിക്രോൺ സ്ഥിരീകരിച്ച സ്ഥിതിക്ക് സ്വയം നിരീക്ഷണത്തിൽ കഴിയുന്നവർ ആരും അലംഭാവം കാണിക്കരുതെന്ന അഭ്യർത്ഥനയുമായി ആരോഗ്യമന്ത്രി വീണാ ജോർജ്. കേന്ദ്ര മാർഗനിർദേശ പ്രകാരം റിസ്‌ക് രാജ്യങ്ങളിൽ നിന്നും വരുന്നവർക്ക് 7 ദിവസം ക്വാറന്റെയ്‌നും 7 ദിവസം സ്വയം നിരീക്ഷണവുമാണ്. അല്ലാത്ത രാജ്യങ്ങളിൽ നിന്നും വരുന്നവർക്ക് 14 ദിവസം സ്വയം നിരീക്ഷണമാണുള്ളത്. ഈ പ്രത്യേക സാഹചര്യത്തിൽ രണ്ട് വിഭാഗക്കാരും ആരോഗ്യ വകുപ്പ് നൽകുന്ന മാർഗനിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു. കഴിഞ്ഞദിവസം ഒമിക്രോൺ സ്ഥിരീകരിച്ച കോംഗോയിൽ നിന്നെത്തിയ എറണാകുളം സ്വദേശിയുടെ റൂട്ട്മാപ്പ് പുറത്തുവിട്ടപ്പോൾ യുവാവ് നിരീക്ഷണം പാലിച്ചിട്ടില്ലെന്ന് വ്യക്തമായിരുന്നു. ഈ സാഹചര്യത്തിലാണ് ആരോഗ്യമന്ത്രിയുടെ മുന്നറിയിപ്പ്.

ഡിസംബർ ഏഴ് മുതൽ 11 വരെയുള്ള റൂട്ട് മാപ്പാണ് ജില്ലാ ഭരണകൂടം പുറത്തുവിട്ടിരിക്കുന്നത്. ഡിസംബർ ഏഴിന് പുലർച്ചെ മൂന്ന് മണിക്കാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയ ഇയാൾ സ്വയം നിരീക്ഷണത്തിൽ പ്രവേശിക്കാതെ ഇത് ലംഘിച്ചുകൊണ്ട് എറണാകുളം ജില്ലയിലെ കലൂർ, പാലാരിവട്ടം, മരട് പ്രദേശങ്ങളിലെ വിവിധ പ്രദേശങ്ങളിൽ സഞ്ചരിച്ചിരുന്നു. ഒൻപതാം തീയതി സ്വന്തം കാറിൽ പുതിയകാവിലെ ആയുർവേദ ആശുപത്രിയിൽ ആർടിപിസിആർ പരിശോധനയ്ക്കായി പോയി. പത്താം തീയതി ഊബർ ടാക്‌സിയിൽ പാലാരിവട്ടത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തി. പിന്നീട് വൈകിട്ട് അഞ്ചു മണിയോടെ അറേബ്യൻ ഡ്രീംസ് ഹോട്ടലിൽ എത്തി ഭക്ഷണം കഴിക്കുകയും പിന്നീട് ഓട്ടോയിൽ കയറി വീട്ടിലെത്തുകയും ചെയ്തു. അന്നുതന്നെ സഹോദരനോടൊപ്പം ബൈക്കിൽ അബാദ് ന്യൂക്ലിയസ് മാളിലെ മാക്‌സ് സ്റ്റോറിലും ഇയാൾ കയറിയിട്ടുണ്ട്. പതിനൊന്നാം തിയതി വീണ്ടും പാലാരിവട്ടത്തെ ആശുപത്രിയിലെത്തിയെന്നും റൂട്ട് മാപ്പിൽ വിശദമാക്കുന്നുണ്ട്.

ഇത്തരമൊരു സാഹചര്യത്തിലാണ് അതിതീവ്ര വ്യാപന ശേഷിയുള്ള വൈറസായതിനാൽ ഹൈ റിസ്‌ക് അല്ലാത്ത രാജ്യങ്ങളിൽ നിന്നും വരുന്നവരും ജാഗ്രത പാലിക്കേണ്ടതാണെന്ന മുന്നറിയിപ്പുമായി ആരോഗ്യ മന്ത്രി രംഗത്തെത്തിയത്. സ്വയം നിരീക്ഷണ വ്യവസ്ഥകൾ കൃത്യമായി പാലിക്കേണ്ടതാണെന്നും മന്ത്രി പറഞ്ഞു. എന്താണ് സ്വയം നിരീക്ഷണമെന്നും മന്ത്രി വിശദമാക്കുന്നു.

എന്താണ് സ്വയം നിരീക്ഷണം?

· വീടുകളിലും പുറത്ത് പോകുമ്പോഴും എൻ 95 മാസ്‌കോ ഡബിൾ മാസ്‌കോ ഉപയോഗിക്കേണ്ടതാണ്.

· ക്വാറന്റൈനിലുള്ള വ്യക്തി വീട്ടിലെ പ്രായമായവരുമായും മറ്റ് രോഗബാധയുള്ള വ്യക്തികളുമായും കുട്ടികളുമായും ഈ ദിവസങ്ങളിൽ അടുത്ത സമ്പർക്കം പുലർത്തരുത്.

· സാമൂഹിക ഇടപെടലുകൾ, ആൾക്കൂട്ടങ്ങളുള്ള സ്ഥലങ്ങൾ, തീയറ്ററുകൾ, മാളുകൾ എന്നിവ സന്ദർശിക്കുന്നത് ഒഴിവാക്കണം.

· ആൾക്കൂട്ടമുള്ള പൊതുപരിപാടികൾ, ചടങ്ങുകൾ, പൊതു ഗതാഗതം എന്നിവ ഒഴിവാക്കണം.

· എല്ലായിടത്തും സാമൂഹിക അകലം പാലിക്കേണ്ടതാണ്.

· കൈകൾ ഇടയ്ക്കിടയ്ക്ക് സോപ്പോ സാനിറ്റൈസറോ ഉപയോഗിച്ച് വൃത്തിയാക്കണം.

· ഷേക്ക് ഹാൻഡ് ഒഴിവാക്കുക.

· രോഗലക്ഷണങ്ങൾ ഉണ്ടോയെന്ന് സ്വയം നിരീക്ഷിക്കണം. എന്തെങ്കിലും രോഗലക്ഷണങ്ങളുണ്ടെങ്കിൽ ഉടൻ ക്വാറന്റൈനിലാകുകയും ആരോഗ്യ പ്രവർത്തകരെ വിവരം അറിയിക്കുകയും വേണം.

സംശയങ്ങൾക്ക് ദിശ 104, 1056, 0471 2552056, 2551056 എന്നീ നമ്പരുകളിൽ വിളിക്കാവുന്നതാണ്.

തൃശൂർ: കോവിഡ് പ്രതിരോധ മരുന്നായ ആയുഷ് ക്വാഥ് ഗുളിക സംസ്ഥാനത്തെ ജനങ്ങൾക്ക് സൗജന്യമായി നൽകണമെന്നാവശ്യപ്പെട്ട് സർക്കാരിന് പദ്ധതി സമർപ്പിച്ച് ഔഷധി. ഔഷധി ചെയർപേഴ്സൺ ശോഭന ജോർജാണ് ഇക്കാര്യം അറിയിച്ചത്. പൊടി രൂപത്തിലാണ് നിലവിൽ ആയുഷ് പ്രതിരോധ മരുന്ന് വിപണിയിലെത്തിക്കുന്നത്. ഈ മരുന്നാണ് ഇപ്പോൾ ആയുഷ് ക്വാഥ് ടാബ്ലറ്റ് ആക്കി മാറ്റിയത്. മുതിർന്നവർ രണ്ടു ടാബ്‌ലെറ്റും കുട്ടികൾ ഒരെണ്ണവും കഴിച്ചാൽ പ്രതിരോധശേഷി ഉണ്ടാകുമെന്ന് ശോഭനാ ജോർജ് അറിയിച്ചു. വിപണിയിലുള്ള ടാബ്ലറ്റുകൾക്ക് ഒരെണ്ണത്തിന് 2.75 മുതൽ മൂന്ന് രൂപ വരെ വിലയുള്ളപ്പോൾ ഔഷധിയുടെ ടാബ്ലറ്റിന് 70 പൈസ മാത്രമാണ് വില ഈടാക്കുന്നത്.

സംസ്ഥാനത്തെ ജനങ്ങൾക്ക് സൗജന്യമായി മരുന്ന് വിതരണം ചെയ്യണമെന്നതാണ് ഔഷധി സർക്കാരിന് നൽകിയിരിക്കുന്ന നിർദ്ദേശം. അതേസമയം സംസ്ഥാനത്ത് വിപുലമായ പ്രവർത്തനങ്ങളാണ് ഔഷധി നടത്തുന്നത്. സൗന്ദര്യ വർദ്ധക വസ്തുക്കളുടെ നിർമ്മാണം നടത്താനും ഔഷധി പദ്ധതിയിടുന്നുണ്ട്. ടൂറിസം മേഖലയിലേക്ക് കടക്കാനുള്ള ശ്രമങ്ങളും ഔഷധിയുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നുണ്ട്.

കുട്ടനെല്ലൂരിലെ ആധുനിക രീതിയിൽ സജ്ജീകരിച്ച ഫാക്ടറിയിൽ ഡോക്ടർമാരുടെയും മറ്റു വിദഗ്ദ്ധരുടെയും മേൽനോട്ടത്തിൽ അഞ്ഞൂറോളം മരുന്നുകളാണ് ഔഷധി നിർമ്മിക്കുന്നതെന്ന് ശോഭനാ ജോർജ് വിശദമാക്കി. ചെയർപേഴ്സൺ എന്ന നിലയ്ക്ക് തൃശൂരിൽ താമസിച്ചു തന്നെ ഔഷധിയുടെ പ്രവർത്തനം മെച്ചപ്പെടുത്താനാണ് ലക്ഷ്യമിടുന്നത്. രണ്ട് വർഷത്തിനുള്ളിൽ ഉത്പാദനത്തിലും വിൽപനയിലും നൂറ് ശതമാനം വർദ്ധന നേടാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ശോഭനാ ജോർജ് കൂട്ടിച്ചേർത്തു.

പാലക്കാട്: സജീവ രാഷ്ട്രീയത്തിലേക്ക് ഇനിയില്ലെന്ന് മെട്രോമാൻ ഇ ശ്രീധരൻ. അതിനുള്ള കാലം കഴിഞ്ഞുവെന്ന് അദ്ദേഹം അറിയിച്ചു. എന്നാൽ രാഷ്ട്രീയം ഉപേക്ഷിക്കുന്നു എന്നല്ല ഇതിനർത്ഥമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പരാജയത്തിൽ നിന്ന് പാഠം പഠിച്ചു. താൻ രാഷ്ട്രീയക്കാരനായിട്ടല്ല രാഷ്ട്രീയത്തിലേക്ക് വന്നത്. ഒരു ബ്യൂറോക്രാറ്റ് ആയിട്ടായിരുന്നു തന്റെ രാഷ്ട്രീയ പ്രവേശനമെന്നും അദ്ദേഹം വിശദമാക്കി. തനിക്കിപ്പോൾ 90 വയസായി. ഈ വയസിലും ഇനി രാഷ്ട്രീയത്തിലേക്ക് കയറി ചെല്ലുന്നത് അപകടകരമായ സ്ഥിതിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

രാഷ്ട്രീയത്തിൽ ചേർന്ന സമയത്ത് നല്ല പ്രതീക്ഷയുണ്ടായിരുന്നു. എന്നാൽ ഇനി രാഷ്ട്രീയത്തിൽ ഒരു മോഹവുമില്ല. സജീവ രാഷ്ട്രീയത്തിൽ ഉണ്ടാകില്ല. നിയമസഭാ തെരഞ്ഞെടുപ്പിൽ ഉണ്ടായ പരാജയത്തിന് പിന്നാലെ വലിയ നിരാശയുണ്ടായെന്നും പിന്നീട് ഇത് മാറിയെന്നും ഇ ശ്രീധരൻ അറിയിച്ചു.

നാടിനെ സേവിക്കാൻ വേണ്ടി രാഷ്ട്രീയം തന്നെ വേണമെന്നില്ല. അല്ലാതെയും നാടിനെ സേവിക്കാം. നിലവിൽ ജനങ്ങളെ സേവിക്കാൻ വേണ്ടി മൂന്ന് ട്രസ്റ്റുകൾ പ്രവർത്തിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കാസർകോട്: സർക്കാരിന് നൽകിയ വഖഫ് ഭൂമി തിരിച്ചു പിടിക്കാനുള്ള നടപടികളുമായി വഖഫ് ബോർഡ്. കാസർകോട് ടാറ്റ കോവിഡ് ആശുപത്രിക്കായി നൽകിയ 1.66 ഏക്കർ തിരിച്ചു പിടിക്കാനാണ് വഖഫ് ബോർഡിന്റെ തീരുമാനം. ആശുപത്രിക്കായി നൽകിയ ഭൂമിക്ക്, പകരം ഭൂമി വഖഫ് ബോർഡിന് നൽകാത്തതിനെ തുടർന്നാണ് ഇത്തരമൊരു നടപടി വഖഫ് ബോർഡിന്റെ സ്ഥാനത്ത് നിന്നും ഉണ്ടായതെന്നാണ് വിവരം. കലക്ടറും വഖഫ് ബോർഡും സമസ്ത പ്രസിഡന്റ് ജിഫ്രി തങ്ങളും തമ്മിലുള്ള കരാറിലൂടെയായിരുന്നു ഭൂമി കൈമാറിയത്. വഖഫിന്റെ സ്വത്തിന് പകരം കൈമാറ്റം ചെയ്യാൻ പാടില്ലെന്നാണ് വഖഫ് നിയമത്തിൽ വ്യക്തമാക്കുന്നത്. ഏത് കാര്യത്തിനാണോ വഖഫ് ചെയ്തത് അതിന് വേണ്ടി ഉപയോഗിക്കണമെന്നാണ് വഖഫിന്റെ ഏറ്റവും അടിസ്ഥാനപരമായ തത്വം.

കാസർകോഡ് കോവിഡ് ചികിത്സക്ക് ആശുപത്രിയില്ലാത്ത സാഹചര്യത്തിലാണ് സമസ്തക്ക് കീഴിലുള്ള വഖഫ് ഭൂമി കരാർ നിബന്ധനകളോടെ സർക്കാരിന് കൈമാറിയത്. കാസർകോട് ജില്ലാ കലക്ടർ സജിത്ത് ബാബു, വഖഫ് ബോർഡ് ചെയർമാൻ, വഖഫ് ട്രസ്റ്റിന്റെ ചെയർമാനും സമസ്ത നേതാവുമായ ജിഫ്രി മുത്തുക്കോയ തങ്ങൾ തുടങ്ങിയവർ ചർച്ച നടത്തിയതിന് ശേഷം ഇപ്പോൾ കൈമാറുന്ന 1.66 ഏക്കർ ഭൂമിക്ക് പകരം ചട്ടഞ്ചാൽ ആശുപത്രിക്ക് സമീപം തെക്കിൽ വില്ലേജിലെ 1.66 ഏക്കർ അളവിലുള്ള മറ്റൊരു സ്ഥലം കൈമാറാമെന്ന കരാറിലായിരുന്നു ഏർപ്പെട്ടിരുന്നത്.

പകരം ഭൂമിയായി പറഞ്ഞ സ്ഥലം ഇതുവരെ കൈമാറിയിരുന്നില്ല. തുടർന്നാണ് ഭൂമി തിരിച്ചുപിടിക്കാനുള്ള നടപടികൾ വഖഫ് ബോർഡ് ആരംഭിച്ചത്. ടാറ്റ നിർമ്മിച്ച ആശുപത്രിക്ക് വേണ്ടി മലബാർ ഇസ്ലാമിക് കോപ്ലക്സിന്റെ വഖഫ് സ്ഥലം ഏറ്റെടുത്ത് കരാർ പ്രകാരം വാഗ്ദാനം ചെയ്ത പകരം സ്ഥലം ഇത് വരെ നൽകാത്ത സർക്കാരിന്റെ നിലപാടിനെതിരെ മുസ്ലീം ലീഗും രംഗത്തെത്തിയിരുന്നു. സർക്കാർ നിലപാട് പ്രതിഷേർഹമാണെന്നാണ് മുസ്ലീം ലീഗ് പറയുന്നത്.

തിരുവനന്തപുരം: ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഷോപ്പിംഗ് മാളുകളിലൊന്നാണ് തിരുവനന്തപുരത്തെ ലുലുമാൾ. 2000 കോടി രൂപ നിക്ഷേപത്തിൽ ഏകദേശം 20 ലക്ഷത്തോളം ചതുരശ്രയടി വിസ്തീർണ്ണത്തിലാണ് ലുലുമാൾ ഒരുക്കിയിരിക്കുന്നത്.

രണ്ടു ലക്ഷം ചതുരശ്രയടി വിസ്തീർണത്തിലുള്ള ലുലു ഹൈപ്പർമാർക്കറ്റാണ് മാളിന്റെ പ്രധാന പ്രത്യേകത. 12 സിനിമാ തിയേറ്ററുകളാണ് മാളിലുള്ളത്. പിവിആർ സിനിമാസ് ഒരുക്കുന്ന 12 മൾട്ടിപ്ലക്‌സ് സ്‌ക്രീനുകളാണ് തിരുവനന്തപുരത്തെ ലുലുമാളിൽ സജ്ജമാക്കിയിരിക്കുന്നത്. 200 ലേറെ അന്താരാഷ്ട്ര ബ്രാന്റുകളും ലുലുമാളിലുണ്ട്. എട്ട് നിലകളിലായുള്ള മൾട്ടിലെവൽ പാർക്കിങ് സംവിധാനമാണ് മാളിന്റെ മറ്റൊരു പ്രധാന ആകർഷണം.

ഇരുചക്ര വാഹനങ്ങളടക്കം 3500 ലേറെ വാഹനങ്ങൾക്ക് പാർക്ക് ചെയ്യാം. ഒരേസമയം 2500 പേർക്ക് ഇരിക്കാവുന്ന ഫുഡ് കോർട്ടും മാളിലുണ്ട്. 80000 സ്‌ക്വയർ ഫീറ്റ് വിസ്തീർണത്തിൽ കുട്ടികൾക്കുള്ള കളിയിടമായി ഫൺട്യൂറ എന്ന എന്റർടൈൻമെന്റ് സെന്ററും മാളിലുണ്ട്.

ലുലു കണക്ട്, ലുലു ഫാഷൻ സ്റ്റോർ, ലുലു സെലിബ്രേറ്റ് തുടങ്ങിയവയും ഉപഭോക്താക്കൾക്ക് മികച്ച ഷോപ്പിംഗ് അനുഭവം നൽകും. വെള്ളിയാഴ്ച്ച മുതൽ മാൾ പൊതുജനങ്ങൾക്കായി തുറന്നു നൽകും.

തിരുവനന്തപുരം: കഴിഞ്ഞ 10 വർഷത്തിനിടെ ഇന്ത്യൻ ബാങ്കുകൾ എഴുതിത്തള്ളിയ കിട്ടാക്കടം 11.68 ലക്ഷം കോടി. മോദി സർക്കാർ അധികാരത്തിൽ വന്ന ശേഷമാണ് ഇത്രയധികം തുക എഴുതിതള്ളിയതെന്നാണ് സിപിഎമ്മിന്റെ ആരോപണം. കഴിഞ്ഞ സാമ്പത്തിക വർഷം രാജ്യത്തെ ബാങ്കുകൾ എഴുതിത്തള്ളിയത് 2.02 ലക്ഷം കോടി രൂപയുടെ കിട്ടാക്കടമാണെന്നും സിപിഎം വ്യക്തമാക്കി. വിവരാവകാശ നിയമപ്രകാരം റിസർവ് ബാങ്ക് നൽകിയ മറുപടിയിലാണ് ഈ കണക്കുകളുള്ളതെന്ന് സി.പി.എം അറിയിച്ചു.

ഭക്ഷ്യ ഇതരമേഖലയിൽ മൊത്തം നൽകിയ വായ്പകളുടെ 10 ശതമാനത്തോളം തുകയാണ് ബാങ്കുകൾ 10 വർഷത്തിനിടെ എഴുതിത്തള്ളിയത്. ഭക്ഷ്യ ഇതര മേഖലയിലെ മൊത്തം വായ്പ 110.79 ലക്ഷം കോടി രൂപയാണ്. നടപ്പുവർഷത്തെ ബഡ്ജറ്റ് പ്രകാരം വിപണിയിൽ നിന്ന് കേന്ദ്രം കടമെടുക്കാൻ ഉദ്ദേശിക്കുന്നത് 12.05 ലക്ഷം കോടി രൂപയാണ്. ഏതാണ്ട് ഇത്രത്തോളം വരുന്ന തുകയാണ് ബാങ്കുകൾ വേണ്ടെന്നുവച്ച് എഴുതിത്തള്ളിയതെന്നും സിപിഎം വ്യക്തമാക്കുന്നു.

ഈ എഴുതിത്തള്ളലിൽ 75 ശതമാനവും നടത്തിയത് പൊതുമേഖലാ ബാങ്കുകളാണ്. 2019-20ൽ 2.34 ലക്ഷം കോടി, 2018-19ൽ 2.36 ലക്ഷം കോടി, 2017-18ൽ 1.61 ലക്ഷം കോടി, 2016-17ൽ 1.08 ലക്ഷം കോടി എന്ന ക്രമത്തിലാണ് = ബാങ്കുകൾ എഴുതിത്തള്ളിയ തുക. കിട്ടാക്കടം വരുത്തിയ കുത്തക കമ്പനികളുടെയോ രാജ്യത്തെ കോടീശ്വരന്മാരുടെയോ പേരുകൾ ബാങ്കുകൾ വെളിപ്പെടുത്തിയിട്ടില്ല. വൻകിട കുത്തകക്കാരാണ് വായ്പ മുടക്കിയവരിൽ ഏറിയപങ്കും. രാജ്യത്തെ പൊതുജനങ്ങളോടും കുത്തകകളോടും രണ്ട് തരം സമീപനമെന്ന നിലയ്ക്കാണ് രാജ്യത്തെ ബാങ്കുകളുടെ പ്രവർത്തനം എന്നത് തെളിയിക്കുന്നതാണ് ഈ കണക്കുകൾ. കോടികൾ ആസ്തി ഉണ്ടായിട്ടും കടം തിരിച്ചടയ്ക്കാത്ത കോർപ്പറേറ്റുകളുടെ കടം എഴുതിത്തള്ളുന്ന സമീപനം രാജ്യത്തെ സാധാരണ പൗരന്മാരോടുള്ള വെല്ലുവിളിയാണെന്നും സിപിഎം കുറ്റപ്പെടുത്തി.

ജോഹന്നാസ്ബർഗ്: ഒമിക്രോൺ വകഭേദവുമായി ബന്ധപ്പെട്ട് നിർണായക കണ്ടെത്തലുമായി ഗവേഷകർ. ഫൈസർ വാക്സിന് ഒമിക്രോണിനെ പ്രതിരോധിക്കാനുളള കഴിവ് കുറവാണെന്നാണ് ഗവേഷകരുടെ കണ്ടെത്തൽ. 33 ശതമാനം മാത്രമാണ് വാക്സിന്റെ പ്രതിരോധശേഷിയെന്നും ഗവേഷകർ വ്യക്തമാക്കുന്നു. ദക്ഷിണാഫ്രിക്കയിലെ ഏറ്റവും വലിയ സ്വകാര്യ ഹെൽത്ത് ഇൻഷ്വർ സ്ഥാപനമായ ഡിസ്‌കവർ ഹെൽത്തും ദക്ഷിണാഫ്രിക്കൻ മെഡിക്കൽ ഗവേഷണ കൗൺസിലും ചേർന്ന് നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

കോവിഡിന്റെ ഏറ്റവും പുതിയ വകഭേദമായ ഒമിക്രോൺ മുൻപ് കണ്ടെത്തിയ ഡെൽറ്റ പോലെയുളള വകഭേദങ്ങളുടെയത്ര മാരകമാവില്ലെന്നും പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു. രാജ്യത്തെ മറ്റ് പകർച്ചാവ്യാധിയെക്കാൾ 90 ശതമാനം വേഗം പടർന്നുപിടിക്കുന്നതാണ് ഒമിക്രോൺ. അതേസമയം ലോകത്ത് പടരുന്നതെന്നാണ് ലോകാരോഗ്യ സംഘടന തലവൻ ടെഡ്രോസ് അദാനം ഗബ്രേയ്സസ് നൽകുന്ന മുന്നറിയിപ്പ്. ഇതുവരെ 77 രാജ്യങ്ങളിലാണ് ഒമിക്രോൺ റിപ്പോർട്ട് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഒമിക്രോണിനെ വിലകുറച്ച് കാണരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു.

കൊച്ചി: വധുവിനായി ആരുടെയും ആവശ്യപ്രകാരമല്ലാതെ വീട്ടുകാർ നൽകുന്ന സമ്മാനങ്ങൾ സ്ത്രീധനത്തിന്റെ പരിധിയിൽ വരില്ലെന്ന് ഹൈക്കോടതി. വധുവിന് നൽകുന്ന സമ്മാനങ്ങൾ മറ്റാരെങ്കിലുമാണ് കൈപ്പറ്റിയതെന്ന് തെളിഞ്ഞാൽ സ്ത്രീധന നിരോധന ഓഫീസർക്ക് ഇടപെടാമെന്നും കോടതി വ്യക്തമാക്കി.

കൊല്ലം സ്ത്രീധന ഓഫീസറുടെ ഉത്തവിനെതിരെ കരുനാഗപ്പള്ളി സ്വദേശി വിഷ്ണു നൽകിയ ഹർജിയിലാണ് കോടതിയുടെ പരാമർശം. വീട്ടുകാർ വധുവിന് നൽകുന്ന ചട്ടപ്രകാരം പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ള സമ്മാന വസ്തുക്കൾ സ്ത്രീധനം ആകില്ലെന്നും ഇവയെ സ്ത്രീധന നിരോധനത്തിന്റെ പരിധിയിൽ ഉൾപ്പടുത്താനാകില്ലെന്നും ഹർജി പരിഗണിച്ച ജസ്റ്റിസ് എം.ആർ. അനിത ചൂണ്ടിക്കാട്ടി.

ഇക്കാര്യത്തിൽ ഒരു പരാതി ലഭിച്ചാൽ തെളിവെടുക്കാനും അന്വേഷണം നടത്താനും സ്ത്രീധന നിരോധന ഓഫീസർക്ക് കഴിയും. വീട്ടുകാർ തനിക്ക് നൽകിയ സ്വർണം ഭർത്താവിന്റെ കൈവശമാണെന്നും അത് തിരിച്ച് വേണമെന്നും ആവശ്യപ്പെട്ട് കൊല്ലം സ്വദേശിനിയായ യുവതി ഭർത്താവ് വിഷ്ണുവിനെതിരെ പരാതി നൽകിയിരുന്നു. സ്വർണം തിരിച്ച് നൽകാൻ സ്ത്രീധന നിരോധന ഓഫീസർ പരാതിക്കാരിയുടെ ഭർത്താവ് വിഷ്ണുവിനോട് നിർദ്ദേശിക്കുകയും ചെയ്തിരുന്നു. ഇതിനെ ചോദ്യം ചെയ്തു കൊണ്ടാണ് വിഷ്ണു ഹൈക്കോടയിൽ ഹർജി സമർപ്പിച്ചത്.

തനിക്ക് 55 പവന്റെ ആഭരണങ്ങളും ഭർത്താവിന് മാലയും നൽകിയെന്നാണ് യുവതി പരാതിയിൽ പറയുന്നത്. എന്നാൽ ഓഫീസറുടെ ഉത്തരവിൽ ആഭരണങ്ങൾ സ്ത്രീധനമായി ലഭിച്ചതാണോ എന്ന് വ്യക്തമല്ലെന്നാണ് കോടതി പറയുന്നത്. സ്ത്രീധനം ആണെന്ന് ഉറപ്പില്ലാതെ തിരിച്ച് നൽകാൻ ആവശ്യപ്പെടാനാകില്ലെന്നും കോടതി വിശദമാക്കി.